സംസ്ഥാന സ്കൂൾ കലോത്സവം: നാടറിയണം ചരിത്രശേഷിപ്പുകൾ

തിരുവനന്തപുരം > "ഞങ്ങളുടെ മക്കളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ലു കിളിർപ്പിക്കും' മഹാത്മാ അയ്യൻകാളിയുടെ വാക്കുകൾ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലും അലയൊലിതീർക്കും. അവസാനമായി 2016ലാണ് തിരുവനന്തപുരത്ത് സംസ്ഥാന കലോത്സവം നടന്നത്. അന്നത്തെ വേദി നാല് വിക്ടോറിയ ജൂബിലി ടൗൺ ഹാളായിരുന്നു. എന്നാൽ 2024-ലെ കലോത്സവത്തിന് ഈ ഹാൾ അറിയപ്പെടുന്നത് അയ്യൻകാളിയുടെ പേരിലാണ്. ഇത്തവണ വേദി 19 ആയാണ് അയ്യൻകാളി ഹാൾ നിശ്ചയിച്ചിട്ടുള്ളത്.
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896ൽ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് വിജെടി ഹാൾ നിർമിച്ചത്. ഇന്ത്യൻ നാട്ടുരാജ്യങ്ങളിൽ ആദ്യമായി നിയമസഭ തുടങ്ങിയത് 1888ൽ തിരുവിതാംകൂറിലാണ്. 1912ൽ അയ്യൻകാളി പുലയ സമുദായത്തിന്റെ പ്രതിനിധിയായി സഭയിലെത്തി. ആദ്യകാലത്ത് സെക്രട്ടറിയറ്റിലെ ദർബാർ ഹാളിലായിരുന്ന യോഗം, ‘പിന്നാക്ക ജാതിക്കാർ’ അംഗങ്ങളായതോടെ വിജെടി ഹാളിലേക്കു മാറ്റി.
അനീതികളിൽനിന്നുള്ള മനുഷ്യവിമോചനത്തിന്റെ സാക്ഷാൽക്കാരത്തിനായി അയ്യൻകാളിയെപ്പോലെ ശക്തമായും ധൈര്യമായും മറ്റാരും ഈ ഹാളിൽ സംസാരിച്ചിട്ടുണ്ടാകില്ല. ഈ പശ്ചാത്തലം മുൻനിർത്തിയാണ്, അയ്യൻകാളിയുടെ സ്മരണ നിറഞ്ഞുനിൽക്കുന്ന വിജെടി ഹാളിന് ‘അയ്യൻകാളി ഹാൾ’ എന്ന് 2019 ആഗസ്ത് 28ന് ഇടതുപക്ഷ സർക്കാർ പുനർനാമകരണം ചെയ്‌തത്.









0 comments