സ്‌ത്രീകൾക്കും കുട്ടികൾക്കും 
നേരെയുള്ള 
ആക്രമണങ്ങൾ 
വർധിച്ചു. പൊതുപ്രവർത്തകർക്കും രക്ഷയില്ല

ത്രിപുര 
അരക്ഷിതം

tripura cpim

ജിതേന്ദ്ര ചൗധരി സിപിഐ എം 
ത്രിപുര സംസ്ഥാന സെക്രട്ടറി

avatar
Sajan Evugen

Published on Apr 05, 2025, 12:11 AM | 2 min read


സീതാറാം യെച്ചൂരി നഗർ : ഏഴുവർഷമായി സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാർ വാഗ്ദാനങ്ങളിൽ ഒരെണ്ണം പോലും നിറവേറ്റിയിട്ടില്ലെന്ന്‌ സിപിഐ എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി. ഇരട്ട എൻജിൻ ഭരണം വന്നാൽ ത്രിപുര കൂടുതൽ മുന്നേറുമെന്ന പ്രചാരണം വഴി ജനങ്ങളിൽ വ്യാമോഹം സൃഷ്ടിച്ചാണ്‌ ബിജെപി ഭരണം പിടിച്ചത്‌. ബിജെപിയുടെ വാഗ്ദാനങ്ങളും യാഥാർഥ്യവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന്‌ ജനങ്ങൾ തിരിച്ചറിയുന്നു. അഴിമതിയും കുറ്റകൃത്യങ്ങളും ലഹരിമരുന്ന്‌ വ്യാപനവും ത്രിപുരയിൽ രൂക്ഷമായി. കോഴ നൽകാതെ സർക്കാർ ഫയൽ നീങ്ങില്ലെന്ന അവസ്ഥയാണ്‌– നിയമസഭയിലെ പ്രതിപക്ഷനേതാവ്‌ കൂടിയായ ജിതേന്ദ്ര ചൗധരി -‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


ദീർഘകാലം ഇടതുമുന്നണി ഭരിച്ച ത്രിപുരയിൽ 2018ലെ തെരഞ്ഞെടുപ്പിൽ ബിജെപി 299 ഇന വികസനരേഖയാണ്‌ അവതരിപ്പിച്ചത്‌. ഇതിൽ ഒന്നുപോലും ഇന്നേവരെ നടപ്പായില്ല. ആദ്യ മന്ത്രിസഭായോഗം അരലക്ഷം തൊഴിൽ സൃഷ്ടിക്കാൻ തീരുമാനം എടുക്കും, ഇരട്ടി വേതനത്തോടെ തൊഴിലുറപ്പ്‌ പദ്ധതിയിൽ 200 തൊഴിൽദിനം, സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ച്‌ ഇരട്ടിയോ അതിലധികമോ ആയി ഉയർത്തും എന്നിവയായിരുന്നു പ്രധാന വാഗ്ദാനങ്ങൾ. കേന്ദ്രം നൽകുന്ന ഫണ്ട്‌ ഇടതുമുന്നണി സർക്കാർ വകമാറ്റി ചെലവിടുന്നതാണ്‌ ജീവനക്കാർക്ക്‌ കേന്ദ്രനിരക്കിൽ ശമ്പളം നൽകാൻ കഴിയാത്തതിനു കാരണമെന്ന്‌ പ്രചരിപ്പിച്ചു. അഞ്ചുവർഷത്തിൽ ഏഴുലക്ഷം തൊഴിൽ സർക്കാർ മേഖലയിൽ സൃഷ്ടിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തു. ഭരണം ഏഴുവർഷം പിന്നിടുമ്പോൾ സർക്കാർ മേഖലയിൽ പുതിയ നിയമനം ഇല്ല. തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു.


നിയമവാഴ്‌ചയും തകർന്നു. സ്‌ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ആക്രമണങ്ങൾ വർധിച്ചു. പൊതുപ്രവർത്തകർക്കും രക്ഷയില്ല. മുൻഎംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ രത്തൻ ദാസ്‌ അടക്കമുള്ള നേതാക്കളെ പട്ടാപ്പകൽ ആക്രമിച്ചു. പ്രതികളെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുന്നില്ല. സിപിഐ എം സംസ്ഥാനസമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനുപോലും അനുമതി നൽകിയില്ല. ജനകീയ പ്രക്ഷോഭങ്ങളെ ബിജെപി ഭയക്കുകയാണ്‌. നിയമസഭയിൽ സർക്കാരിന്റെ പരാജയം തുറന്നുകാട്ടിയ തന്നെ ഒരു മന്ത്രി വംശീയമായി അധിക്ഷേപിച്ചു. ഇടതുമുന്നണി ഭരണകാലത്ത്‌ കോൺഗ്രസിന്റെ അംഗബലം എത്ര കുറവായിരുന്നാലും പ്രതിപക്ഷനേതാവിന്‌ പ്രസംഗിക്കാൻ ഒന്നരമണിക്കൂർ വരെ സമയം നൽകിയിരുന്നു. ഇപ്പോഴത്തെ ബിജെപി മന്ത്രിമാർ മിക്കവരും മുൻ കോൺഗ്രസുകാരാണ്‌. ഇപ്പോഴാകട്ടെ തനിക്ക്‌ സംസാരിക്കാൻ അരമണിക്കൂർ പോലും നൽകുന്നില്ല.


ബിജെപിക്ക്‌ 2018ൽ 51 ശതമാനം വോട്ടാണ്‌ ലഭിച്ചത്‌. വൻതോതിൽ കൃത്രിമവും ആക്രമണവും അരങ്ങേറിയിട്ടും 2023ൽ അവർക്ക്‌ 39 ശതമാനം വോട്ടാണ്‌ കിട്ടിയത്‌. 14 സീറ്റിൽ ബിജെപിയുടെ ഭൂരിപക്ഷം 1000 വോട്ടിൽ താഴെയായിരുന്നു. തിപ്രമോത്തയുടെ തന്ത്രപരമായ നിലപാടാണ്‌ ബിജെപിയെ വീണ്ടും ഭരണത്തിലെത്തിച്ചത്‌. ഇപ്പോൾ സ്വതന്ത്രവും നീതിപൂർവവുമായി തെരഞ്ഞെടുപ്പ്‌ നടന്നാൽ ബിജെപിക്ക്‌ 30 ശതമാനം വോട്ടുപോലും കിട്ടില്ലെന്ന്‌ ജിതേന്ദ്ര ചൗധരി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home