24 ാം പാർടി കോൺഗ്രസ്
ക്ഷേമ പദ്ധതികൾ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നീക്കങ്ങൾക്കെതിരെ പോരാടുക

മധുര: ഭക്ഷണം, പാർപ്പിടം, തൊഴിൽ, പെൻഷൻ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങി സമത്വപൂർണമായി ജീവിക്കാനുള്ള കരുതൽ നിറവേറ്റുന്ന ക്ഷേമ പദ്ധതികൾ ജീവകാരുണ്യ പ്രവർത്തനങ്ങളല്ല, മറിച്ച് ഓരോ പൗരന്റെയും മൗലികാവകാശങ്ങളാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 24-ാം കോൺഗ്രസ് വിലയിരുത്തി. ഇവ കോർപ്പറേറ്റുകൾക്ക് തീറെഴുതാനുള്ള നവലിബറൽ സാമ്പത്തിക നയങ്ങളെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി. കോർപ്പറേറ്റ് ചങ്ങാത്തത്തിന്റെ മറവിൽ ഇവയെ ദുർബലപ്പെടുത്താനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ നീക്കത്തിനെതിരെ പോരാട്ടത്തിന് ആഹ്വാനം ചെയ്തു.
നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിൽ ഈ ആവശ്യങ്ങൾ ലഭിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. സാമൂഹിക പുരോഗതിയിൽ സാമ്പത്തിക അവകാശങ്ങൾ നിർണായക പങ്ക് വഹിക്കുന്നു, ക്ഷേമ പരിപാടികൾ മനുഷ്യ മൂലധനത്തിലെ നിക്ഷേപങ്ങളായി വർത്തിക്കുകയാണ് ചെയ്യുന്നതെന്ന് പാർടി കോൺഗ്രസ് വിലയിരുത്തി.
ഇവ ഉൽപ്പാദനക്ഷമമായ തൊഴിൽ ശക്തി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഗവൺമെന്റുകൾ ഈ മേഖലകളിൽ നിന്ന് പിന്മാറണമെന്ന ആവശ്യം ശക്തമാണ്. കോർപ്പറേറ്റുകളുടെ താൽപ്പര്യാർത്ഥം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ നിന്നും പിൻമാറി നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ പ്രേരിപ്പിക്കയാണ്. സാമൂഹിക മേഖലയ്ക്ക് നേരെ ഇങ്ങനെ പ്രത്യയശാസ്ത്രപരമായി തന്നെ വിനാശകരവുമായ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.
ഈ പദ്ധതികൾ പൊളിച്ചെഴുതാനും സബ്‌സിഡികൾ കുറയ്ക്കാനുമുള്ള ശ്രമങ്ങൾ ബിജെപി നേതൃത്വത്തിലുള്ള മോദി സർക്കാർ ശക്തമാക്കിയത് ഇതിന് ഉദാഹണമാണ്. രാജ്യത്തിന്റെ വികസനത്തിന് ഹാനികരമാകുമെന്ന് തെറ്റായി അവകാശപ്പെട്ടുകൊണ്ട്, അത്തരം സംരംഭങ്ങളെ അനാവശ്യ സൌജന്യങ്ങൾ എന്ന് മുദ്രകുത്തി സാമൂഹിക ക്ഷേമത്തെ അപകീർത്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻപന്തിയിലാണ്.
സബ്സിഡി അധിഷ്ഠിത പദ്ധതികൾക്ക് പകരം മോദി സർക്കാർ അവതരിപ്പിച്ച ചില പണ കൈമാറ്റ പദ്ധതികൾ ഈ നീക്കങ്ങൾക്ക് ഉദാഹരണമാണ്. ഒടുവിൽ അവശ്യ സാമൂഹിക സുരക്ഷാ പദ്ധതികളെ നേർപ്പിക്കുന്നതിനും പിന്നീട് ഇല്ലാതാക്കുന്നതിനും ലക്ഷ്യമായിത്തീരുന്നതാണ് ഇവ. സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളെ എന്നത്തേക്കാളും നിസ്സഹായരാക്കുകയായിരിക്കും ഇതിന്റെ ഫലം.

ജാതി, മത, മറ്റ് വ്യത്യാസങ്ങൾ പരിഗണിക്കാതെ എല്ലാ പൗരന്മാർക്കും മാന്യമായ ജീവിതം ഉറപ്പാക്കാൻ സർക്കാരുകളെ ചുമതലപ്പെടുത്തുന്ന ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങൾക്ക് വിരുദ്ധമാണ് ഈ സമീപനം. നിർഭാഗ്യവശാൽ, ഇവ നിയമപരമായി നടപ്പിലാക്കാൻ കഴിയുന്നതല്ല. എന്നാൽ ഇവയെ പൗരന്മാരുടെ അവകാശങ്ങളാക്കി മാറ്റേണ്ടതിന്റെ ആവശ്യകതയുമുണ്ടെന്ന് പാർടി കോൺഗ്രസ് വിലയിരുത്തുന്നു.
കോർപ്പറേറ്റ് നികുതികൾ തുടർച്ചയായി കുറയ്ക്കുന്നതും കോർപ്പറേറ്റുകളിൽ നിന്ന് നിയമപരമായി ലഭിക്കേണ്ട നികുതികൾ പിരിക്കാൻ വിസമ്മതിക്കുന്നതും കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയത്തിന്റെ ഭാഗമാണ്. അതേ സമയം സാമ്പത്തിക പരിമിതികൾ കാരണം ക്ഷേമ അവകാശങ്ങൾ ഉറപ്പാക്കാൻ കഴിയില്ലെന്ന് പറയുകയും ചെയ്യുന്നു.
ഭക്ഷണം, പാർപ്പിടം, തൊഴിൽ, പെൻഷൻ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കുള്ള അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള പോരാട്ടത്തിനായി രാജ്യത്തെ ജനങ്ങൾ ഒന്നിച്ച് അണിനിരക്കണമെന്ന് സിപിഐ എം 24-ാം കോൺഗ്രസ് ആഹ്വാനം ചെയ്തു. നിലവിലുള്ള വിവിധ ക്ഷേമ പദ്ധതികളെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ ദൃഢനിശ്ചയത്തോടെ ചെറുക്കുന്നതിനിടയിൽ അവ നിലനിർത്താനുള്ള പോരാട്ടവും ഏറ്റെടുക്കേണ്ടതുണ്ട് എന്നും വിലയിരുത്തി.









0 comments