‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് കാലഘട്ടത്തിൽ നിന്ന്‌ അടർത്തിയെടുത്ത മുദ്രാവാക്യം; പാർടി കോൺഗ്രസ്‌

one nation
വെബ് ഡെസ്ക്

Published on Apr 04, 2025, 07:59 PM | 2 min read

മധുര: ബിജെപിയുടെ സങ്കുചിത രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’ ഭരണഘടന ദേദഗതി ബില്ലിനെ മധുരയിൽ നടക്കുന്ന 24ാം പാർടി കോൺഗ്രസ്‌ ശക്തമായി എതിർത്തു. "ഒരു രാഷ്ട്രം, ഒരു മതം, ഒരു ഭാഷ, ഒരു സംസ്കാരം, ഒരു നേതാവ്" എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന്റെ ബാക്കിയാണ്‌ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’. ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് കാലഘട്ടത്തിൽ നിന്നാണ്‌ അവർ ഈ മുദ്രാവാക്യത്തെ ഉയർത്തിക്കൊണ്ടുവന്നത്‌. അതിന്റെ പരിഷ്കരിച്ച രൂപമാണ്‌ ബിജെപി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്‌.


ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നത് ധാരാളം പണം ലാഭിക്കുമെന്നും വികസന പ്രവർത്തനങ്ങൾ ഇടയ്ക്കിടെ തടസപ്പെടുന്നത് തടയുമെന്നുമാണ്‌ ഈ അജണ്ട നടപ്പാക്കുന്നതിനായി ബിജെപി നേതാക്കൾ ഉന്നയിക്കുന്ന കപടവാദങ്ങൾ. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനായി, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പാർലമെന്റ് നൽകിയ ആകെ വിഹിതം 466 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ്‌ മുന്നൊരുക്കങ്ങൾക്കായി സംസ്ഥാനങ്ങൾ കൂടുതൽ തുക ചെലവഴിക്കുന്നു. എന്നാൽ ഇതെല്ലാം വളരെ വലിയ തുകയല്ല.


വികസനത്തെ സംബന്ധിച്ചിടത്തോളം, 1967 മുതൽ ഇന്നുവരെ ഇന്ത്യയിൽ ഇടക്കാല തെരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. അത്‌ വികസനത്തിന്‌ തടയിടാൻ വഴിയൊരുക്കി എന്നതിന്‌ ഒരു തെളിവുമില്ല.


ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് മാതൃക ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളായ- ജനാധിപത്യത്തെയും ഫെഡറലിസത്തെയും - ദുർബലപ്പെടുത്തുന്നു. കേശവാനന്ദ ഭാരതി കേസിലെ സുപ്രീം കോടതി വിധി, ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ പാർലമെന്റിന് അധികാരമില്ലെന്ന് പറയുന്നു. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വന്നതുമുതൽ ഭരണഘടനവിരുദ്ധ നയങ്ങളാണ്‌ മുന്നോട്ട് വക്കുന്നത്‌. 2020 ൽ "ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ചർച്ചാ വിഷയമല്ല, മറിച്ച് ഇന്ത്യയുടെ ആവശ്യകതയാണ്" എന്ന് പ്രഖ്യാപിച്ചു.


ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് നിയമസഭകളുടെ ആയുസ്‌ വെട്ടിച്ചുരുക്കുന്നു. കൂടാതെ ഏതെങ്കിലും സംസ്ഥാന സർക്കാർ വീഴുകയും നിയമസഭ പിരിച്ചുവിടുകയും ചെയ്താൽ, ഇടക്കാല തെരഞ്ഞെടുപ്പ് നിയമസഭയുടെ ശേഷിക്കുന്ന കാലാവധി വരെ മാത്രമായിരിക്കും. ഇതെല്ലാം ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നതുപോലെ അഞ്ച് വർഷത്തേക്ക് തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ലംഘിക്കുന്നു.


എല്ലാ പഞ്ചായത്തുകളിലേക്കും മുനിസിപ്പൽ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തോടെ ഫെഡറലിസത്തിനെതിരായ ആക്രമണം കൂടുതൽ വ്യക്തമാണ്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന് ഭരണഘടനയിൽ വലിയതോതിലുള്ള അഴിച്ചുപണി ആവശ്യമാണ്. ജനപ്രാതിനിധ്യ നിയമത്തിലും മറ്റ് നിയമങ്ങളിലും ഭേദഗതികൾ വരുത്തുന്നതിനു പുറമേ, ഭരണഘടനയിലെ ആർട്ടിക്കിൾ 83 (സഭയുടെ കാലാവധി), ആർട്ടിക്കിൾ 85 (ലോക്സഭ പിരിച്ചുവിടൽ), ആർട്ടിക്കിൾ 172 (സംസ്ഥാന നിയമസഭകളുടെ കാലാവധി), ആർട്ടിക്കിൾ 174 (സംസ്ഥാന നിയമസഭകളുടെ പിരിച്ചുവിടൽ), ആർട്ടിക്കിൾ 356 (ഭരണഘടനാ സംവിധാനങ്ങളുടെ പരാജയം) എന്നിവയിൽ ഭേദഗതികൾ വരുത്തേണ്ടതുണ്ട്.


സിപിഐ എമ്മിന്റെ 24 -ാം പാർടി കോൺഗ്രസ് ഒരേസമയം കേന്ദ്രഗവൺമെന്റിന്റെ ഈ നീക്കത്തെ പൂർണമായും എതിർക്കുന്നു. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി പ്രതിരോധിക്കും.


ജനാധിപത്യത്തെയും ബഹുസ്വരതയെയും ഫെഡറലിസത്തെയും വിലമതിക്കുന്ന എല്ലാ രാഷ്ട്രീയ പാർടികളും സംഘടനകളും ഈ കേന്ദ്ര നീക്കത്തെ ശക്തമായി എതിർക്കുകയും വിനാശകരമായ നീക്കത്തെ ഒറ്റക്കെട്ടായി ചെറുക്കുകയും വേണം. ജനാധിപത്യവിരുദ്ധവും ഫെഡറലിസത്തെ കൊല്ലുന്നതുമായ ഈ നീക്കത്തെ എതിർക്കാൻ ഇന്ത്യയിലെ ജനങ്ങളോട് സിപിഐ എം ആഹ്വാനം ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home