'മുന്നറിയിപ്പാണ് മണിപ്പുർ'


Sajan Evugen
Published on Apr 04, 2025, 02:44 PM | 1 min read
സീതാറാം യെച്ചൂരി നഗർ : ‘മണിപ്പുരിന്റെ ദുരിതം ഇന്ത്യയുടെ ദുരിതമാണ്. രാജ്യത്തിനാകെ പാഠമാണ് മണിപ്പുർ. കലയുടെയും സംസ്‌കാരത്തിന്റെയും ഉല്ലാസത്തിന്റെയും കേന്ദ്രമായിരുന്നു ഞങ്ങളുടെ സംസ്ഥാനം. ഇന്ന് പട്ടിണികിടക്കുന്ന ജനങ്ങൾ അന്നന്നത്തെ ആഹാരം കിട്ടുമോ എന്ന് മാത്രമാണ് ചിന്തിക്കുന്നത്. നൃത്തവും സംഗീതവുമൊക്കെ അവരുടെ മനസ്സിൽനിന്ന് പോയി. രണ്ടുവർഷമായി പതിനായിരങ്ങൾ ക്യാമ്പുകളിലാണ്. കുട്ടികളുടെ പഠനം മുടങ്ങി. ആളുകൾക്ക് ജോലിക്കുപോകാൻ കഴിയുന്നില്ല. ജനങ്ങളുടെ വരുമാനം ഇടിഞ്ഞു’–- സിപിഐ എം മണിപ്പുർ സംസ്ഥാന സെക്രട്ടറി ക്ഷത്രിമയൂം ശാന്ത ‘ദേശാഭിമാനി’യോട് പറഞ്ഞു.
മണിപ്പുരിൽ എല്ലാ മേഖലയും രണ്ടായി ഭിന്നിച്ചുനിൽക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ എം ഒഴികെയുള്ള രാഷ്ട്രീയപാർടികളെയും ഇത് ബാധിച്ചു. എല്ലാവരും കുക്കികളും മെയ്‌ത്തീകളുമായി തിരിഞ്ഞു. കലാപത്തിനുമുമ്പുള്ള മാസങ്ങളിലെ തീവ്രമായ വിദ്വേഷപ്രചാരണം തടയാൻ അധികാരികൾ തയ്യാറായില്ല. അസത്യപ്രചാരണങ്ങളുടെ കുത്തൊഴുക്കായിരുന്നു. പരമ്പരാഗത മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും ഇതിനായി ദുരുപയോഗം ചെയ്‌തു. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണകക്ഷിയായ ബിജെപി നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചത്.
ഇപ്പോൾ ബീരേൻസിങ് സർക്കാരിനെ പിരിച്ചുവിട്ടെങ്കിലും സ്ഥിതിഗതികൾ ആശങ്കാജനകമായി തുടരുകയാണ്. പ്രശ്‌നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ കേന്ദ്രം രാഷ്ട്രീയ ഇച്ഛാശക്തി കാട്ടണം.
എല്ലാ വംശീയവിഭാഗങ്ങളുടെയും താൽപ്പര്യം സംരക്ഷിക്കുന്ന വിധത്തിൽ രാഷ്ട്രീയപരിഹാരം കാണണം–- ക്ഷത്രിമയൂം ശാന്ത പറഞ്ഞു. പാർടി കോൺഗ്രസിൽ മണിപ്പുരിൽനിന്ന് രണ്ട് പ്രതിനിധികളാണ് പങ്കെടുക്കുന്നത്.









0 comments