മഹാമധുര റാലി

party congress
വെബ് ഡെസ്ക്

Published on Apr 07, 2025, 12:45 AM | 3 min read

എൻ ശങ്കരയ്യ നഗർ (മധുര): തൂങ്കാനഗരം ചെംനഗരമായി. പാരമ്പര്യത്തനിമ പേറുന്ന ചിത്തിരവീഥിയിലും വിളക്കുത്തൂണിലും ആണി, ആടി, മാസി വീഥികളിലുമെല്ലാം ചെമ്പതാകകൾ പാറി. സാംസ്കാരികത്തനിമയ്‌ക്ക്‌ പേരുകേട്ട മധുരയിലേക്ക്‌ വർഗസമര പോരാളികൾ ഇരച്ചെത്തിയതോടെ നഗരം വിപ്ലവാവേശത്തിലായി. ആഴ്ചകൾക്കകം തുടങ്ങുന്ന ചിത്തിരത്തിരുവിഴാവുക്കുംമുമ്പേ മധുരയ്ക്ക്‌ ഒരു വിപ്ലവത്തിരുവിഴാ (വിപ്ലവോത്സവം). സിപിഐ എം 24–-ാം പാർടി കോൺഗ്രസ്‌ വേദിയായ മധുര തമുക്കം മൈതാനിയും പരിസരവും മാത്രമല്ല മീനാക്ഷിയമ്മൻ കോവിൽ കേന്ദ്രമാക്കിയുള്ള നഗരത്തിന്റെ ഓരോ കോണും ഞായർ പുലർന്നത്‌ ചെമ്പട്ട്‌ പുതച്ചായിരുന്നു. ചെന്നൈത്തമിഴിനും നെല്ലൈത്തമിഴിനും മധുരത്തമിഴിനും തഞ്ചൈ തമിഴിനും പുറമെ വീഥികളിലെമ്പാടും മലയാളത്തിലും കന്നടയിലും തെലുങ്കിലും ഹിന്ദിയിലുമുള്ള മുദ്രാവാക്യങ്ങളും വിപ്ലവഗീതങ്ങളും അലയടിച്ചു. അനീതിയെ ചുട്ടെരിച്ച കണ്ണകിയുടെ ഓർമകൾ ജ്വലിക്കുന്ന മധുരനഗരം വർഗപോരാട്ടത്തിന്റെ കങ്കണം കെട്ടിയ വിപ്ലവപ്രസ്ഥാനത്തെയും പോരാളികളെയും അഭിവാദ്യം ചെയ്തു.


അവകാശപ്പോരാട്ടത്തിന്റെ മുന്നോട്ടുള്ള പാതയും അതിനെ നയിക്കാൻ പുതിയ നേതൃത്വത്തെയും പ്രഖ്യാപിച്ച്‌ പാർടി കോൺഗ്രസിന്‌ സമാപനം കുറിച്ചപ്പോൾ ജനലക്ഷങ്ങളാണ്‌ വൈഗൈയാറിന്റെ തീരങ്ങളിലേക്ക്‌ ഒഴുകിയെത്തിയത്‌. തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽനിന്നും കേരളം, കർണാടക പോലുള്ള മറ്റു സംസ്ഥാനങ്ങളിൽനിന്നും ട്രെയിനിലും രക്തപതാക പുതച്ച വാഹനങ്ങളിലുമായി ജനം ഒഴുകിയെത്തി. ഞായർ പകൽ മൂന്നിനുശേഷമാണ്‌ എൽകോട്ട്‌ പാണ്ടി കോവിലിന്‌ സമീപത്തുനിന്ന്‌ ചുവപ്പുസേനാ പരേഡും ബഹുജനറാലിയും ആരംഭിച്ചതെങ്കിലും ബാനറുകളുമായി പുലർച്ചെ മുതൽ പാണ്ടികോവിൽ പരിസരത്തേക്കും പൊതുസമ്മേളന വേദിയായ എൻ ശങ്കരയ്യ നഗറിലേക്കും (വണ്ടിയൂർ റിങ്‌ റോഡ്‌) ആയിരങ്ങൾ ഒഴുകിത്തുടങ്ങി. 10,000 ചുവപ്പുസേനാംഗങ്ങൾ അണിനിരന്ന പരേഡ്‌ വാച്ചാത്തി സമരപോരാളികൾ ഫ്ലാഗ്‌ഓഫ്‌ ചെയ്തു.


ബഹുജനറാലിയിൽ രണ്ടുലക്ഷത്തിലധികം പേർ അണിനിരന്നു. മധുരയിലെയും തമിഴ്‌നാട്ടിലായാകെയുമുള്ള രക്തസാക്ഷികളുടെയും മൺമറഞ്ഞ നേതാക്കളുടെയും ചിത്രങ്ങളും വഹിച്ചാണ്‌ പലരും ജാഥയിൽ അണിനിരന്നത്‌. തമിഴകത്തിന്റെ തനത്‌ വാദ്യമേളങ്ങളും കലാരൂപങ്ങളുമായി വിവിധ കലാസംഘങ്ങൾ പാതയോരങ്ങളിൽ നിലയുറപ്പിച്ചു. മൈതാനം നിറഞ്ഞുകവിഞ്ഞ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ കരുത്തും ആവേശവുമായി.


ആയിരക്കണക്കിന് ഭിന്നശേഷിക്കാരും പ്രകടനത്തിന്റെ ഭാഗമായി. പൊതുസമ്മേളനം ആരംഭിച്ച ശേഷവും ചെറു പ്രകടനങ്ങളായി ജനങ്ങൾ പൊതുസമ്മേളന വേദിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. 24–-ാം പാർടി കോൺഗ്രസിന്റെ പ്രതീകമായി 24 ചെങ്കൊടികളുമേന്തിയാണ് ചുവപ്പുസേനാ മാർച്ച് ഗ്രൗണ്ടിൽ പ്രവേശിച്ചത്. ചുവപ്പുവസ്ത്രവും ഷാളും തൊപ്പിയുമായി ആളുകൾ ഒഴുകിയെത്തിയപ്പോൾ സമ്മേളനവേദി ചെങ്കടലായി.


പൊതുസമ്മേളന വേദിയിൽ എത്തിയ ചുവപ്പുസേനാ മാർച്ചിനെ നേതാക്കൾ അഭിവാദ്യംചെയ്‌തു. സമാപനച്ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം എ ബേബി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയൻ, കെ ബാലകൃഷ്ണൻ, മുൻ പിബി അംഗം ബൃന്ദ കാരാട്ട് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി സു വെങ്കടേശൻ എംപി സ്വാഗതവും ട്രഷറർ മതുക്കൂർ രാമലിംഗം നന്ദിയും പറഞ്ഞു.


സിപിഐ എം 
ജനറൽ സെക്രട്ടറിആകുന്ന 
മൂന്നാമത്തെ 
എസ്‌എഫ്‌ഐ പ്രസിഡന്റ്‌


മധുര : സിപിഐ എം ജനറൽ സെക്രട്ടറിയാകുന്ന മൂന്നാമത്തെ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റാണ്‌ എം എ ബേബി. ഈ നിരയിൽ ആദ്യം ജനറൽ സെക്രട്ടറിയായത്‌ പ്രകാശ്‌ കാരാട്ട്‌. 1979ൽ പട്‌നയിൽ നടന്ന സമ്മേളനത്തിൽ പ്രകാശ്‌ കാരാട്ടിൽനിന്നാണ്‌ ബേബി എസ്‌എഫ്‌ഐ പ്രസിഡന്റ്‌ പദം ഏറ്റെടുത്തത്‌. ബേബിക്കുശേഷം 1984ൽ എസ്‌എഫ്‌ഐ പ്രസിഡന്റായത്‌ സീതാറാം യെച്ചൂരിയും. പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും പൊളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിഞ്ഞപ്പോൾ അശോക് ധാവ്ളെയും മറിയം ധാവ്ളെയും പിബിയിലെ പുതിയ ദമ്പതികളായി.


ബ്രാഞ്ച്‌തലം മുതൽ പാർടിയെ ശക്തിപ്പെടുത്തും: എം എ ബേബി


കോടിയേരി ബാലകൃഷ്‌ണൻ 
സ്‌മാരക ഹാൾ: പാർടിയുടെ സ്വതന്ത്രശക്തി വർധിപ്പിക്കുന്നതിനും ബ്രാഞ്ചുകൾ കൂടുതൽ സജീവമാക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം എ ബേബി പറഞ്ഞു. 10 ലക്ഷത്തിൽപരം പാർടി അംഗങ്ങളുണ്ട്‌. ബ്രാഞ്ച്‌തലത്തിൽ പ്രവർത്തനം കൂടുതൽ ഊർജിതവും ഫലപ്രദവുമാക്കും– -എം എ ബേബി പ്രതികരിച്ചു. വർഗ, ബഹുജന സംഘടനകളിൽ അഞ്ചുകോടിയോളം അംഗങ്ങളുണ്ട്‌. ഇത്രയും സംഘടനാശേഷി ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ മുന്നേറ്റം സാധ്യമാകും. പ്രതിസന്ധികളും വെല്ലുവിളികളും മറികടക്കാൻ കഴിയും.


കേന്ദ്രകമ്മിറ്റിയിൽ സ്‌ത്രീപ്രാതിനിധ്യം പതിനേഴിൽനിന്ന്‌ 20 ശതമാനമായി ഉയർത്തി. ഇതിനേക്കാൾ പ്രാതിനിധ്യം വേണ്ടതാണ്‌. പുരുഷമേധാവിത്വ സമൂഹത്തിൽ സ്‌ത്രീകളുടെ സ്ഥാനം ഉയർത്തുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്‌. പൊളിറ്റ്‌ബ്യൂറോയിൽനിന്നും കേന്ദ്രകമ്മിറ്റിയിൽനിന്നും ഒഴിഞ്ഞ നേതാക്കൾ കേന്ദ്രനേതൃത്വത്തിലെ പ്രവർത്തനങ്ങൾക്ക്‌ അവരുടേതായ സംഭാവന നൽകും. സീതാറാം യെച്ചൂരിയുടെ വിയോഗത്തിനുശേഷം പൊളിറ്റ്‌ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും കൂട്ടായ പ്രവർത്തനം വഴിയാണ്‌ പാർടി കോൺഗ്രസിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ നടത്തിപ്പ്‌ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത്‌.


രാഷ്ട്രീയവും ആശയപരവും സംഘടനാപരവുമായ കടമകൾ നിറവേറ്റുന്നതിൽ പ്രകാശ്‌ കാരാട്ട്‌ വലിയ പങ്ക്‌ വഹിച്ചു. രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാൻ ഉറച്ച നിലപാട്‌ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്‌ഷായുടെയും ആർഎസ്‌എസ്‌ തലവൻ മോഹൻ ഭഗവതിന്റെയും നേതൃത്വത്തിൽ മതനിരപേക്ഷ, ജനാധിപത്യ ഭരണഘടനയ്‌ക്കുനേരെ ആക്രമണം തുടരുകയാണ്‌. സിനിമാ പ്രവർത്തകർക്കുപോലും ഇവരുടെ ആക്രമണം നേരിടേണ്ടിവരുന്നു. ഈയിടെ ഇറങ്ങിയ മലയാളസിനിമയ്‌ക്ക്‌ നേരിടേണ്ടിവരുന്ന ആക്രമണം ഉദാഹരണം. ഹിന്ദുത്വ വർഗീയവാദികൾക്കെതിരെ വിശാലമായ സഖ്യം കെട്ടിപ്പടുക്കണമെന്നും എം എ ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home