എം എ ബേബി നയിക്കും


Sajan Evugen
Published on Apr 07, 2025, 12:39 AM | 2 min read
കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ഹാൾ (തമുക്കം മൈതാനം, മധുര): സിപിഐ എം ജനറൽ സെക്രട്ടറിയായി എം എ ബേബിയെ 24–-ാം പാർടി കോൺഗ്രസ് തെരഞ്ഞെടുത്തു. പുതിയ കേന്ദ്രകമ്മിറ്റിയുടെ ആദ്യയോഗമാണ് ജനറൽസെക്രട്ടറിയെയും 18 അംഗ പൊളിറ്റ് ബ്യൂറോയെയും തെരഞ്ഞെടുത്തത്. യോഗത്തിൽ പിണറായി വിജയൻ അധ്യക്ഷനായി. എം എ ബേബിയുടെ പേര് മുഹമ്മദ് സലിം നിർദേശിച്ചു. അശോക് ധാവ്‌ളെ പിന്താങ്ങി. ജനറൽ സെക്രട്ടറിയുടെയും പൊളിറ്റ്‌ബ്യൂറോ അംഗങ്ങളുടെയും പേരുകൾ പിണറായി വിജയൻ പ്രഖ്യാപിച്ചു.
എട്ട് പുതുമുഖങ്ങൾ അടക്കം 18 അംഗ പൊളിറ്റ്‌ബ്യൂറോയെയും 30 പുതുമുഖങ്ങൾ ഉൾപ്പെടെ 85 അംഗ കേന്ദ്രകമ്മിറ്റിയെയും പാർടി കോൺഗ്രസ് തെരഞ്ഞെടുത്തു. ഒരു സ്ഥാനം ഒഴിച്ചിട്ടു. 17 പേർ വനിതകളാണ്. നേതൃനിരയിൽ ഇത്രയും വിപുലമായ മാറ്റം സമീപകാലത്ത് ആദ്യമാണ്. കേരളത്തിൽനിന്ന് ടി പി രാമകൃഷ്‌ണൻ, പുത്തലത്ത് ദിനേശൻ, കെ എസ് സലീഖ എന്നിവർ കേന്ദ്രകമ്മിറ്റിയിലെത്തി.
എം എ ബേബി, പിണറായി വിജയൻ, ബി വി രാഘവുലു, തപൻസെൻ, നീലോൽപൽബസു, എ വിജയരാഘവൻ, മുഹമ്മദ് സലിം, അശോക് ധാവ്‌ളെ, രാമചന്ദ്ര ഡോം, എം വി ഗോവിന്ദൻ എന്നിവരും പുതുമുഖങ്ങളായ ശ്രീദിപ് ഭട്ടാചാര്യ, ജിതേന്ദ്ര ചൗധരി, കെ ബാലകൃഷ്‌ണൻ, യു വാസുകി, അമ്രാറാം, വിജൂ കൃഷ്‌ണൻ, മറിയം ധാവ്‌ളെ, അരുൺകുമാർ എന്നിവരും അടങ്ങുന്നതാണ് പൊളിറ്റ്‌ബ്യൂറോ. പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത മിശ്ര, സുഭാഷിണി അലി, ജി രാമകൃഷ്‌ണൻ എന്നിവർ പിബിയിൽനിന്ന് ഒഴിവായി.
കേന്ദ്രകമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളായി സുദീപ് ദത്ത, ബാൽസിങ്, ജോൺ ബ്രിട്ടാസ്, സുധൻവ ദേശ്‌പാണ്ഡെ എന്നിവരെ തെരഞ്ഞെടുത്തു. മണിക് സർക്കാർ, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, എസ് രാമചന്ദ്രൻപിള്ള, ബിമൻ ബസു, ഹനൻ മൊള്ള എന്നിവർ പ്രത്യേക ക്ഷണിതാക്കളാണ്. ജി രാമകൃഷ്‌ണൻ (ചെയർമാൻ), എം വിജയകുമാർ, യു ബസവരാജു, രബിൻ ദേബ്, ജൊഗീന്ദർ ശർമ, രമാദാസ് എന്നിവർ അംഗങ്ങളായി കേന്ദ്ര കൺട്രോൾ കമീഷൻ രൂപീകരിച്ചു.
2012 മുതൽ പൊളിറ്റ്‌ബ്യൂറോ അംഗമായ എഴുപത്തിയൊന്നുകാരനായ എം എ ബേബി പാർടിയുടെ ആറാമത് ജനറൽ സെക്രട്ടറിയാണ്. കൊല്ലം സ്വദേശിയായ അദ്ദേഹം വിദ്യാർഥിപ്രസ്ഥാനം വഴിയാണ് പൊതുരംഗത്തുവന്നത്. എസ്‌എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും അഖിലേന്ത്യ പ്രസിഡന്റ്, സിപിഐ എം കേന്ദ്ര സെക്രട്ടറിയറ്റ് അംഗം, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പാർടിയുടെ വിദേശ വിഭാഗത്തിന്റെ ചുമതലക്കാരനായിരുന്നു. പലതവണ ജയിൽവാസം അനുഭവിച്ചു. അടിയന്തരാവസ്ഥയിൽ പൊലീസ് മർദനത്തിന് വിധേയനായി. രണ്ടുതവണ രാജ്യസഭാംഗവും രണ്ടുതവണ നിയമസഭാംഗവുമായി. 2006–-2011ൽ വിദ്യാഭ്യാസ–-സാംസ്‌കാരിക മന്ത്രി. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായ അദ്ദേഹം കായികപ്രേമിയും സംഗീതാസ്വാദകനുമാണ്.
കരട് സംഘടനാ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയ്‌ക്ക് ഞായറാഴ്‌ച പൊളിറ്റ്‌ബ്യൂറോ അംഗം ബി വി രാഘവുലുവും കോ–- ഓർഡിനേറ്റർ പ്രകാശ് കാരാട്ടും മറുപടി പറഞ്ഞു. സംഘടനാ റിപ്പോർട്ട് ഐകകണ്‌ഠ്യേന അംഗീകരിച്ചു. പ്രകാശ് കാരാട്ട് അവതരിപ്പിച്ച പാർടി ഭരണഘടനാ ഭേദഗതി റിപ്പോർട്ടും അംഗീകരിച്ചു. മുരളീധരൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പാർടിയുടെ സ്വതന്ത്രമായ കരുത്ത് വർധിപ്പിക്കാനും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമെന്ന് എം എ ബേബി അഭിവാദ്യപ്രസംഗത്തിൽ പറഞ്ഞു. പാർടി കമ്മിറ്റികളിൽ സ്‌ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകും. സത്യസന്ധമായ വിമർശനങ്ങൾ ഏതുകേന്ദ്രത്തിൽനിന്ന് വന്നാലും ഉൾക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സാർവദേശീയ ഗാനാലാപനത്തോടെ പാർടി കോൺഗ്രസ് പിരിഞ്ഞു. സമാപനംകുറിച്ച് പതിനായിരങ്ങൾ പങ്കെടുത്ത ചുവപ്പുസേനാ മാർച്ചും ലക്ഷങ്ങൾ അണിനിരന്ന റാലിയും നടന്നു.









0 comments