ഓർമ ചുവക്കുന്ന കലാലയം


സ്വന്തം ലേഖകൻ
Published on Apr 07, 2025, 09:15 AM | 2 min read
കൊല്ലം : തീരാത്ത ആവേശപോരാട്ടങ്ങളുടെയും സർഗാത്മക അന്വേഷണത്തിന്റെയും തികവുറ്റ ഒരുപാട് ഓർമകൾ കൊല്ലം എസ്എൻ കോളേജ് എം എ ബേബിയെ എന്നും ചേർത്തു നിർത്തിയിട്ടുണ്ട്. സമരയൗവനത്തിനും സർഗാത്മകതയ്ക്കും സാക്ഷിയായ ശ്രീനാരായണ കോളേജിലെ പഠനകാലം എം എ ബേബി തന്നെ ഓർക്കുന്നു.
എന്തായിരുന്നു ശ്രീനാരായണ കോളേജ് എനിക്ക്? ഞാനെന്ന വിദ്യാർഥിയിൽനിന്ന് ഉറച്ച ചിന്തകളും വിശ്വാസങ്ങളും നരയ്ക്കാത്ത മനസ്സുമുള്ള മനുഷ്യനിലേക്കുള്ള പരിണാമ പ്രക്രിയയിൽ എന്ത് പങ്കായിരുന്നു ശ്രീനാരായണ കോളേജ് ചെലുത്തിയത്? നീണ്ട ആൾക്കൂട്ടവും തിരക്കും ഒഴിഞ്ഞു നിൽക്കുന്ന ജീവിതത്തിന്റെ ഏകാന്തനിമിഷങ്ങളിൽ ഞാനീ ചോദ്യങ്ങൾ എന്നോട് തന്നെ ചോദിക്കാറുണ്ട്. ഉത്തരങ്ങൾക്ക് മധുരമേറുന്നു. കാലം കഴിയുംതോറും ഗൃഹാതുരതയുമേറുന്നു. വിദ്യാഭ്യാസജീവിതത്തിലെ ആവേശനിർഭരമായ കാലഘട്ടമായിരുന്നു ശ്രീനാരായണ കോളേജിൽ വിദ്യാർഥിയായി ജീവിച്ച നാളുകൾ. സ്കൂൾ വിദ്യാർഥിയായിരുന്ന നാൾമുതൽ ശ്രീനാരായണ കോളേജിനെക്കുറിച്ച് ഒരുപാട് കേട്ടിരുന്നു. ഉന്നതവിദ്യാഭ്യാസം ഇവിടെ ആകണമെന്ന് ആഗ്രഹിച്ചു. "പുരോഗമനവിദ്യാർഥി പ്രസ്ഥാനത്തിന്റെ ഈറ്റില്ലം' എന്ന ഖ്യാതി കലാലയത്തിന് അന്നേ ചാർത്തി കൊടുത്തിരുന്നു. ഒ എൻ വി കുറുപ്പ് സാർ, വി സാംബശിവൻ, ഒ മാധവൻ, തിരുനല്ലൂർ കരുണാകരൻ, വെളിയം ഭാർഗവൻ തുടങ്ങി പല മേഖലകളിലും പ്രതിഭയുടെയും ശരിയുടെയും പോരാട്ടത്തിന്റെയും മുദ്രകൾ ചാർത്തി അനശ്വരതയിലേക്ക് ജീവിച്ചിരിക്കെ തന്നെ നടന്നുപോയവർ ഈ കലാലയത്തിന്റെ ഇന്നലെകളെ ധന്യമാക്കിയിരുന്നു എന്ന തിരിച്ചറിവ് എന്നിലെ വിദ്യാർഥിയെ പുളകിതനാക്കിയിരുന്നു. അവരെല്ലാം പഠനവും പോരാട്ടവും സമന്വയിപ്പിച്ച് ഞങ്ങൾക്കായി പുതിയ വീറുറ്റ വഴികൾ തീർത്തിരുന്നു.
1970ൽ പ്രീഡിഗ്രി വിദ്യാർഥിയായി വരുമ്പോൾ ഡോ. എം ശ്രീനിവാസൻ സാറായിരുന്നു പ്രിൻസിപ്പൽ. പ്രിൻസിപ്പലും മികച്ച അധ്യാപകനുമായിരുന്നു അദ്ദേഹം. വിദ്യാർഥി പ്രക്ഷോഭങ്ങളിലെ സങ്കീർണ സന്ദർഭങ്ങളിൽ നയവൈവിധ്യത്തോടെ ഇടപെട്ട് സംഘർഷങ്ങൾ ഒഴിവാക്കുന്നതിൽ മികവ് കാട്ടിയിരുന്നു. കെഎസ്‌യു ആയിരുന്നു വിജയിച്ചിരുന്നത്. എന്നാൽ, ബിരുദ വിദ്യാർഥിയായിരുന്ന കാലത്താണ് 1973ൽ പുരോഗമന ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനം ആദ്യമായി വിജയിക്കുന്നത്. കോളേജ് യൂണിയൻ പ്രവർത്തനങ്ങൾ ഇപ്പോഴും മധുര ഓർമകളാണ്. കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ച യൂണിയന്റെയും ആർട്സ് ക്ലബ്ബിന്റെയും പ്രവർത്തന റിപ്പോർട്ട് കെ പി അപ്പൻ സാർ വായിച്ചുനോക്കി ഭാഷാശൈലിയിലെയും മറ്റും കുറവുകൾ തിരുത്തി തരുമായിരുന്നു.
ആ വർഷത്തെ യൂണിയൻ ഉദ്ഘാടനം ഇ എം എസും ആർട്സ് ക്ലബ് ഉദ്ഘാടനം അടൂർ ഗോപാലകൃഷ്ണനുമായിരുന്നു നടത്തിയത്. എറണാകുളത്ത് നടന്ന സർവകലാശാല നാടകോത്സവത്തിൽ മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്കാരം കോളേജിന്റെ നാടകത്തിനായിരുന്നു. മയ്യനാട് ഷാഹുദീൻ എന്ന അഭിനേതാവ് അന്ന് എന്നെയും കലാലയത്തെയും പ്രതിഭയുടെ ധൂർത്തുകൊണ്ട് വിസ്മയിപ്പിച്ചിരുന്നു.
ചിലിയിൽ അലൻഡെയുടെ നേതൃത്വത്തിലെ ജനാധിപത്യഭരണത്തെ അമേരിക്കൻ ഭരണകൂടം അട്ടിമറിച്ചപ്പോൾ ക്യാമ്പസിലും കോളിളക്കം സൃഷ്ടിച്ചു. പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനു വിദ്യാർഥികൾ അണിനിരന്ന പ്രകടനം ലോകസംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന മനസ്സ് ശ്രീനാരായണ കോളേജിനുണ്ടായിരുന്നു എന്നതിന്റെ അടയാളപ്പെടുത്തലാണ്. തീരാത്ത ആവേശപോരാട്ടങ്ങളുടെയും സർഗാത്മക അന്വേഷണത്തിന്റെയും ഒരുപാട് ഓർമകൾ എസ്എൻ കോളേജിനെയും എന്നെയും ചേർത്തു നിർത്തുന്നു.









0 comments