മുഖ്യമന്ത്രി കസേരക്കായി ശിവകുമാറിന് പിന്നാലെ മൂന്നാമനും; തലപുകഞ്ഞ് കോൺ​ഗ്രസ്

G Parameshwara D K Shivakumar Siddaramaiah

ജി പരമേശ്വര, ഡി കെ ശിവകുമാര്‍, സിദ്ധരാമയ്യ

വെബ് ഡെസ്ക്

Published on Nov 24, 2025, 10:12 AM | 2 min read

ബം​ഗളൂരു, ന്യൂഡൽഹി: കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി, കര്‍ണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം അതിരൂക്ഷമായി. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ കൂടാതെ മുഖ്യമന്ത്രിയാകാൻ താൽപര്യം പ്രകടിപ്പിച്ച് ആഭ്യന്തരമന്ത്രി ജി പരമേശ്വരയും രംഗത്തെത്തി. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സിദ്ധരാമയ്യ കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറ‍ഞ്ഞത്.


മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിൽ ഞാനുമുണ്ടായിരുന്നു, സ്വാഭാവികമായും, കോൺഗ്രസ് പാർടിയിൽ ഒരു പിസിസി പ്രസിഡന്റിന് മുഖ്യമന്ത്രിയാകാൻ അവസരം ലഭിക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ അത് പാലിക്കപ്പെടാറില്ല.2013ൽ താൻ പിസിസി പ്രസിഡന്റായിരുന്നു. അന്ന് ഞങ്ങളാണ് കോൺ​ഗ്രസ് സർക്കാരിനെ അധികാരത്തിലെത്തിച്ചത്. ഞാൻ സ്വന്തമായി ക്രെഡിറ്റ് അവകാശപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പിൽ എനിക്ക് വിജയിക്കാനായില്ല. ഞാൻ ജയിച്ചിരുന്നെങ്കിൽ, എന്ത് സംഭവിക്കുമായിരുന്നു എന്ന് എനിക്കറിയില്ല.- പരമേശ്വര മാധ്യമങ്ങളോട് പ്രതികരിച്ചു.


ശിവകുമാറിനെ പിന്തുണയ്‌ക്കുന്ന കൂടുതൽ എംഎൽഎമാര്‍ ഡൽഹിയിലെത്തി ഹൈക്കമാൻഡിനെ കാണും. മുഖ്യമന്ത്രി സിദ്ധരാമയ്യ കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് നീക്കം. നേതൃമാറ്റത്തിൽ ഹൈക്കമാൻ‍ഡ് തീരുമാനമെടുക്കുമെന്ന് ഖാര്‍ഗെ പ്രതികരിച്ചു. ശിവകുമാറുമായും സഹോദരൻ ഡി കെ സുരേഷുമായും ഖാര്‍ഗെ കൂടിക്കാഴ്‌ച നടത്തും.


പിന്തുണയ്‌ക്കുന്ന അമ്പതിലേറെ എംഎൽഎമാരുടെ ഒപ്പ് ശിവകുമാര്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ശക്തി തെളിയിക്കാൻ എംഎൽഎമാര്‍ക്കൊപ്പം ശിവകുമാറും ഡൽഹിയിലെത്തും. നിലവിൽ ചില എംഎൽഎമാരും എംഎൽസിമാരും ഡൽഹിയിലുണ്ട്. വൊക്കലിഗ സമുദായത്തിൽപ്പെട്ട എച്ച് സി ബാലകൃഷ്‌ണയും കെ എം ഉദയും പരസ്യമായി ശിവകുമാറിനെ പിന്തുണച്ചു. വധക്കേസിൽ ഉള്‍പ്പെട്ട വിനയ്‍‌‍ കുൽക്കര്‍ണി, കള്ളപ്പണം വെളുപ്പിച്ച കേസിലെ പ്രതി കെ സി വീരേന്ദ്ര എന്നീ എംഎൽഎമാരെ പരപ്പന അഗ്രഹാര ജയിലിലെത്തി ഡി കെ ശിവകുമാര്‍ അപ്രതീക്ഷിതമായി കണ്ടത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണ തേടിയാണെന്നും റിപ്പോര്‍ട്ടുണ്ട്.


രണ്ടര വര്‍ഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ശിവകുമാറിന് നൽകാമെന്നാണ് നേതൃത്വം ‌2023ൽ മുന്നോട്ടുവച്ച അനൗപചാരിക ധാരണ. നവംബര്‍ 20ന് സിദ്ധരാമയ്യ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതോടെയാണ് മുഖ്യമന്ത്രിസ്ഥാനത്തിന്‌ ചരടുവലി ശക്തമായത്. മന്ത്രിസഭ ഉടൻ പുനഃസംഘടപ്പിക്കുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നു.


എംഎൽഎമാരെ ഒപ്പം നിര്‍ത്താൻ ഇരുവിഭാഗങ്ങളും കുതിരക്കച്ചവടം നടത്തുകയാണെന്ന് ബിജെപി നേതാവ് ചലവതി നാരായണസ്വാമി ആരോപിച്ചു. 50 കോടി രൂപയും ഫ്ലാറ്റും കാറുമാണ് എംഎൽമാര്‍ക്കുള്ള വാഗ്‌ദാനം. സംസ്ഥാന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുര്‍ജേവാല മന്ത്രിപദവി വാഗ്‌ദാനംചെയ്‌ത്‌ എംഎൽമാരിൽനിന്ന് 200 കോടി ആവശ്യപ്പെട്ടുവെന്നും ചലവതി ആരോപിച്ചു. ആറു മാസത്തിനകം അവിചാരിത രാഷ്‌ട്രീയമാറ്റങ്ങളുണ്ടാകുമെന്ന് ജെഡിഎസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home