മുണ്ടക്കൈ ടൗൺഷിപ്പ്: അൻപതാം വീടിന് മേൽക്കൂരയാകും

മുണ്ടക്കെെ ടൗൺഷിപ്പിൽ നിർമിച്ച മാതൃകാവീട്

സ്വന്തം ലേഖകൻ
Published on Nov 24, 2025, 10:11 AM | 1 min read
കൽപ്പറ്റ: മുണ്ടക്കൈ- ഉരുൾ അതിജീവിതർക്കായി കൽപ്പറ്റ നഗരത്തിൽ സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ വീടുകളുടെ പ്രധാന വാർപ്പ് ഹാഫ് സെഞ്ച്വറിയിലേക്ക്. തിങ്കളാഴ്‌ച അമ്പതാം വീടിന്റെ വർപ്പ് നടത്തും. ദിവസവും ശരാശരി നാല് വീടിന്റെ വാർപ്പ് വീതമാണിപ്പോൾ പൂർത്തിയാക്കുന്നത്. ദിവസവും പത്ത് വീടുവീതം വാർക്കുന്ന നിലയിലേക്ക് പ്രവൃത്തിയുടെ വേഗം ദിവസങ്ങൾക്കുള്ളിൽ വർധിപ്പിക്കും. ഉൗരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി നേതൃത്വത്തിൽ 1200 തൊഴിലാളികളുമായാണിപ്പോൾ പ്രവൃത്തി. രാപകൽ വ്യത്യാസമില്ലാതെ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ നിർമാണം പുരോഗമിക്കുന്നു. വീടിനുപുറമെ റോഡ്, സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, കുടിവെള്ള സംഭരണി, ഡ്രെയ്‌നേജ് എന്നിവയുടെ പ്രവൃത്തിയും വേഗത്തിൽ പൂർത്തിയാകുന്നുണ്ട്.
ടൗൺഷിപ്പിലേക്കുള്ള മൂന്ന് കവാടങ്ങളിൽനിന്ന് അഞ്ച് സോണുകളെയും ബന്ധിപ്പിക്കുന്ന റോഡുവെട്ടൽ പൂർത്തിയായി. പ്രധാന കവാടത്തിൽനിന്ന് ടൗൺഷിപ്പിനുള്ളിലെ 12 മീറ്റർ വീതിയുള്ള റോഡിൽ ഒരുകിലോമീറ്ററിലധികം കല്ലുനിരത്തി ഗതാഗതയോഗ്യമാക്കി. ടൗൺഷിപ്പിനുള്ളിൽ 11.72 കിലോമീറ്റർ റോഡാണ് ആകെയുണ്ടാകുക.
ഞായറാഴ്‌ചവരെ 49 വീടിന്റെ വാർപ്പ് കഴിഞ്ഞു. വാർപ്പ് പൂർത്തിയായത് ഉൾപ്പെടെ 302 വീടിന് അടിത്തറയായി. ഇതിൽ 108 വീടിന് പില്ലറും ഉയർന്നു. വാർപ്പ് പൂർത്തിയായ വീടുകളിൽ ചുവരുകെട്ടും തേപ്പും വയറിങ്–പ്ലമ്പിങ് പ്രവൃത്തിയും പൂർത്തിയാക്കി ആദ്യഘട്ട പെയ്‌ന്റിങ്ങും ആരംഭിച്ചിട്ടുണ്ട്. ഡിസംബർ 25നുള്ളിൽ മുഴുവൻ വീടുകളുടെയും വാർപ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ജനുവരിയിൽ കുടുംബങ്ങൾക്ക് വീട് കൈമാറാനാണ് ശ്രമം. കൂടുതൽ തൊഴിലാളികളെ എത്തിക്കുന്നതിനൊപ്പം അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ പ്രവൃത്തിയുടെ വേഗം വർധിപ്പിക്കുന്നുണ്ട്. മണിക്കൂറുകൾക്കുള്ളിൽ കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കുന്ന ‘ബൂം പമ്പ്’ മെഷീനുകൾ ഉൾപ്പെടെ ഉപയോഗിച്ചാണ് പ്രവൃത്തി. സർക്കാർ ഏറ്റെടുത്ത 64.47 ഹെക്‌ടറിൽ 410 വീടാണ് നിർമിക്കുന്നത്.








0 comments