കൊല്ലത്തിന്റെ ബേബി

M A Baby
ജയൻ ഇടയ്ക്കാട്
Published on Apr 07, 2025, 09:27 AM | 1 min read
കൊല്ലം : എം എ ബേബി സിപിഐ എമ്മിന്റെ ജനറൽ സെക്രട്ടറിയാകുമ്പോൾ ജില്ലയ്ക്ക് അഭിമാനത്തോടെ ഓർക്കാൻ ഏറെയുണ്ട്. കൊല്ലം എസ്എൻ കോളേജിന്റെ മണ്ണിൽ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഹരിശ്രീ കുറിച്ച എം എ ബേബി സംഘാടനത്തിലും നേതൃപാടവത്തിലും മികവ് തെളിയിച്ചു. വ്യക്തിബന്ധവും സൗഹൃദവും എന്നും നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചു.
‘ സംഘടനാ പ്രവർത്തനത്തിൽ പുതിയ കേഡർമാരെ കണ്ടെത്താനും ഓരോ സഖാവിനും അവരവരുടെ കഴിവിന് അനുസരിച്ച് ചുമതല നൽകാനും നേതൃപരമായ കഴിവുള്ളയാളായിരുന്നു എം എ ബേബി. ’ -1973- 74 കൊല്ലം എസ് എൻ കോളേജ് യൂണിയൻ ഭാരവാഹികളായിരുന്ന ഡോ. എ റസലുദീനും ഗോകുലേന്ദ്രനും ഓർക്കുന്നു. കെഎസ്‌യുവിന്റെ അപ്രമാദിത്വം അവസാനിപ്പിച്ച് എസ്എഫ്ഐ യൂണിയൻ പിടിച്ചു. റസലുദീനായിരുന്നു ചെയർമാൻ, ഗോകുലേന്ദ്രൻ ജനറൽ സെക്രട്ടറിയും. എം എ ബേബിയായിരുന്നു ആർട്‌സ് സെക്രട്ടറി.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു ബേബി. സാധാരണ യൂണിറ്റ് സെക്രട്ടറിമാർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുകയാണ് പതിവ്. എന്നാൽ, ബേബിയാണ് ഗോകുലേന്ദ്രനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. കോളേജ് യൂണിയൻ ഉദ്‌ഘാടനം ചെയ്തത് അന്ന് ഇ എം എസാണ്. ആർട്‌സ് ക്ലബ് ഉദ്ഘാടനം സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനും. കെഎസ്‌യു ഉൾപ്പെടെ അതിനെ എതിർത്തു. മാനേജ്മെന്റ് കോളേജ് അടച്ചിട്ടു. കോളേജ് തുറക്കണമെങ്കിൽ എസ്എഫ്ഐക്കാർ വീട്ടിലെത്തി തന്നെ കാണണമെന്നായിരുന്നു പ്രിൻസിപ്പലിന്റെ നിലപാട്. എന്നാൽ, നിശ്ചയിച്ച പോലെതന്നെ ഉദ്ഘാടനം നടത്തുമെന്നായിരുന്നു യൂണിയന്റെ തീരുമാനം. ഗത്യന്തരമില്ലാതെ ഉദ്ഘാടനത്തിന്റെ തലേദിവസം കോളേജ് തുറന്നു. മാനേജ്മെന്റ് സഹകരിച്ചില്ല. എന്നാൽ ബേബിയുടെ നേതൃത്വത്തിൽ നിശ്ചയിച്ച ദിവസം ഉദ്‌ഘാടനം നടത്തി. പിന്നീട് ബേബി എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയായി. സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റുമായി.
സ്വകാര്യ ബസിൽ വിദ്യാർഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന സമരത്തിൽ ഉൾപ്പെടെ ബേബി മുൻനിരയിൽ ഉണ്ടായിരുന്നു. 2006ലും 2011ലും കുണ്ടറയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2006ലെ വി എസ് സർക്കാരിൽ വിദ്യാഭ്യാസ- സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി. ഇതിനെല്ലാം മുമ്പ് രാജ്യസഭാംഗം ആയിരുന്നപ്പോഴും കൊല്ലമെന്ന തട്ടകത്തെ അദ്ദേഹം മറന്നില്ല.









0 comments