ഏറ്റെടുക്കാം, പുതുകാല കടമ


എം വി ഗോവിന്ദന്‍
Published on Apr 07, 2025, 12:00 AM | 2 min read
മധുര അക്ഷരാർഥത്തിൽ ചുവപ്പണിഞ്ഞ ദിനമായിരുന്നു ഞായറാഴ്‌ച. നഗരത്തിലേക്കുള്ള പാതകളിലെല്ലാം ചെങ്കൊടി കെട്ടിയ വാഹനങ്ങൾ മാത്രം. തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്നും കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയവർ. ഞായറാഴ്ച രാവിലെ മുതൽ തന്നെ അവർ നഗരത്തിൽ നിറഞ്ഞിരുന്നു. കേരളത്തിൽനിന്നും എത്തിയവരും ഒട്ടും കുറവല്ല. വെള്ളിയാഴ്ചമുതൽതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ എത്താൻ തുടങ്ങി. വളന്റിയർമാർ കൈകോർത്ത് വഴി ഒരുക്കിയതിനാൽ മാത്രമാണ് സമ്മേളനഹാളിൽനിന്നും ശനിയാഴ്ച പുറത്തേക്ക് കടക്കാൻ കഴിഞ്ഞത്. ഞായറാഴ്ച രാവിലെ ജനക്കൂട്ടം പതിന്മടങ്ങ് വർധിച്ചു. വിപ്ലവ പ്രസ്ഥാനമായ സിപിഐ എമ്മിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസമാണ് മധുരയിലേക്ക് ഒഴുകിയെത്തിയ ജനക്കൂട്ടം പ്രകടമാക്കുന്നത്. പുതിയ നേതാവിനെയും നേതൃത്വത്തെയും തെരഞ്ഞെടുത്ത്, അടവുനയത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയോടെയാണ് 729 പ്രതിനിധികളും 79 നിരീക്ഷകരും സമ്മേളനഹാളിൽനിന്നും പുറത്തിറങ്ങിയത്.
എല്ലാ തലങ്ങളിലും നേതൃത്വത്തിന്റെ പ്രവർത്തന ശൈലിയിൽ ബഹുജനലൈൻ സ്വീകരിക്കണമെന്നും അവരുടെ വിശ്വാസം ആർജിച്ച് സ്വയം ശക്തമാകണമെന്നുമുള്ള തീരുമാനത്തോടെയാണ് പാർടി കോൺഗ്രസ് പിരിഞ്ഞത്. രാഷ്ട്രീയവും ആശയപരവും സംഘടനാപരവുമായ തലങ്ങളിൽ പാർടിയുടെ സ്വതന്ത്രമായ പങ്കും പ്രവർത്തനങ്ങളും വളർത്തിയെടുക്കുന്നതിനുള്ള നടപടികൾ വികസിപ്പിക്കാൻ ശ്രമിക്കണം. തെരഞ്ഞെടുപ്പു ധാരണകളുടെയും സഖ്യങ്ങളുടെയും പേരിൽ പാർടിയുടെ സ്വതന്ത്രമായ വ്യക്തിത്വത്തിന് മങ്ങലേൽപ്പിക്കാനോ സ്വതന്ത്ര പ്രവർത്തനങ്ങളെ ഉപേക്ഷിക്കാനോ പാടില്ല. പാർടി അംഗത്വത്തിന്റെ ഗുണം വർധിപ്പിക്കാനും അവരെ ആശയപരമായി ആയുധമണിയിക്കാനും കൂടുതൽ ശ്രദ്ധയുണ്ടാകും.
അതോടൊപ്പം പാർടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചുകളുടെ പ്രവർത്തനം സജീവമാക്കാനും ഇടപെടലുണ്ടാകും. ഇടതുപക്ഷ പാർടികളുമായി ഏകോപനം ശക്തിപ്പെടുത്താനും യോജിച്ചുള്ള പ്രവർത്തനങ്ങളും വേദികളും കെട്ടിപ്പടുക്കാനും തീരുമാനിച്ചതിനോടൊപ്പം സംസ്ഥാനാടിസ്ഥാനത്തിൽ ഇടത് ജനാധിപത്യ ശക്തികളുടെയും അവരുടെ പിന്നിലണിനിരന്ന ബഹുജന സംഘടനകളുടെയും സംയുക്ത വേദി ദേശീയ–-സംസ്ഥാനതലത്തിലും രൂപീകരിക്കാനും വരുന്ന മൂന്നു വർഷക്കാലം തീവ്രശ്രമങ്ങളുണ്ടാകും.
ഹിന്ദുത്വശക്തികളുടെ വ്യാപനത്തെ എല്ലാ അർഥത്തിലും ചെറുക്കണമെന്നതാണ് സമ്മേളനം നൽകുന്ന മറ്റൊരു സന്ദേശം. ആശയപരവും രാഷ്ട്രീയവും സാമൂഹ്യപരവും സാങ്കേതികവുമായ തലങ്ങളിൽ ആർഎസ്എസ്- ഹിന്ദുത്വശക്തികളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന് ഗൗരവപൂർവമായ ഇടപെടൽ നടത്തും. ജാതി,- ഉപജാതി മേഖലകളിൽ ഹിന്ദുത്വശക്തികളുടെ നുഴഞ്ഞുകയറ്റം തടയാൻ പ്രത്യേകമായി ശ്രദ്ധ ചെലുത്തും. നവഉദാരവാദ സാമ്പത്തിക നയങ്ങൾക്കും ഹിന്ദുത്വ വർഗീയതയ്‌ക്കും സ്വേച്ഛാധിപത്യ, അമിതാധികാര ആക്രമണങ്ങൾക്കും എതിരെ ശക്തമായ പ്രചാരണവും പ്രക്ഷോഭവും വളർത്തിക്കൊണ്ടുവരും.
ഗ്രാമീണ സമ്പന്ന വർഗ കൂട്ടുകെട്ടിനെതിരെ ഗ്രാമീണ ദരിദ്രരെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾ വളർത്തിക്കൊണ്ടുവരാനും സമ്മേളനം എല്ലാ ഘടകങ്ങളോടും ആഹ്വാനം ചെയ്തു. അതോടൊപ്പം ജാതി-, ലിംഗ അടിച്ചമർത്തലിന്റെ ഭാഗമായ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനും തീരുമാനമായി. സിപിഐ എമ്മിന് പിന്തുണ വർധിക്കുന്ന ഗോത്ര മേഖലകളിൽ പ്രവർത്തനം കേന്ദ്രീകരിക്കാനും മെച്ചപ്പെടുത്താനും ആഹ്വാനമുണ്ടായി. ആധുനിക വ്യാവസായികോൽപ്പാദന മേഖലകളിലെയും തന്ത്രപ്രധാന മേഖലകളിലെയും തൊഴിലാളികളെയും സംഘടിത മേഖലയിലെ കരാർ തൊഴിലാളികളെയും സംഘടിപ്പിക്കാനുമുള്ള ശ്രമങ്ങൾ ശക്തമാക്കും. യുവജനതയെയും വിദ്യാർഥികളെയും കൂടുതലായി പാർടിയിലേക്ക് ആകർഷിക്കാൻ അവരുടെ പ്രശ്നങ്ങളും ആഗ്രഹങ്ങളുമായി ബന്ധപ്പെടുത്തിയുള്ള രാഷ്ട്രീയ നിലപാടുകളും നയങ്ങളും എല്ലാ തലത്തിലും സ്വീകരിക്കും. സോഷ്യലിസമാണ് ബദൽ എന്ന ആശയം രാഷ്ട്രീയ പ്രചാരണത്തിൽ സജീവമാക്കി ഉയർത്താനും ധാരണയായി.
അമിതാധികാര ഹിന്ദുത്വ–-കോർപറേറ്റ് ശക്തികളെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തുക എന്നതാണ് പ്രധാന കടമയായി പാർടി കാണുന്നത്. അതിനാൽ ഈ ശക്തികൾക്കെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ വിപുലമായ വേദിക്ക് രൂപം നൽകണം. ബിജെപിയുടെ അതേ വർഗ താൽപ്പര്യനയം സ്വീകരിക്കുകയും ഹിന്ദുത്വ വർഗീയതയോട് പലപ്പോഴും സന്ധിചെയ്യുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷിയാണ് കോൺഗ്രസ് എങ്കിലും, പ്രധാന മതനിരപേക്ഷ പ്രതിപക്ഷ പാർടി എന്ന നിലയിൽ അവരുടെ പങ്ക് തള്ളിക്കളയാനാകില്ല. അതിനാൽ തെരഞ്ഞെടുപ്പുകളിൽ ‘ഇന്ത്യാ കൂട്ടായ്‌മയു’മായുള്ള ബന്ധം തുടരും.
ബിജെപി–-ആർഎസ്എസ് അജൻഡയ്‌ക്കെതിരെയും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിലും പാർലമെന്റിൽ അവരുമായി സഹകരിക്കും. എന്നാൽ, സാമ്പത്തിക നയസമീപനങ്ങളിലും ഹിന്ദുത്വ വർഗീയ വിഷയങ്ങളിലും കോൺഗ്രസ് അനുരഞ്ജനത്തിലേക്ക് കടക്കുമ്പോൾ അവരിൽനിന്നും നമ്മുടെ വേർതിരിവ് വ്യക്തമായും കൃത്യമായും രേഖപ്പെടുത്തുകയും ചെയ്യുമെന്നാണ് 24–--ാം പാർടി കോൺഗ്രസ് തീരുമാനിച്ചത്. വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെയും ആശയവ്യക്തതയോടെയുമാണ് ഓരോ പ്രതിനിധിയും മധുരയിൽനിന്നും സ്വന്തം പ്രദേശങ്ങളിലേക്ക് തിരിക്കുന്നതെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.









0 comments