ജനകീയപോരാട്ടങ്ങൾക്ക് എതിരെ കിരാതനിയമം

dr. ajit navale
avatar
Sajan Evugen

Published on Apr 06, 2025, 03:59 AM | 1 min read


സീതാറാം യെച്ചൂരി നഗർ (തമുക്കം മെെതാനം, മധുര) : ബിജെപി സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ നിരന്തരം പൊരുതുന്ന ഇടതുപക്ഷത്തെ അമർച്ച ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണ്‌ മഹാരാഷ്ട്ര സർക്കാർ കൊണ്ടുവന്ന പൊതുസുരക്ഷാബില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ഡോ. അജിത്‌ നവലെ പറഞ്ഞു. തൊഴിലാളികൾ, കർഷകർ, ആദിവാസികൾ, കർഷകത്തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, അങ്കണവാടി ജീവനക്കാർ, ആശമാർ എന്നിവരുടെയെല്ലാം അവകാശങ്ങൾക്കായി പൊരുതുന്നത്‌ സിപിഐ എമ്മും മറ്റ്‌ ഇടതുപക്ഷ പാർടികളുമാണ്‌. ബദൽ രാഷ്ട്രീയം മുന്നോട്ടുവയ്‌ക്കുന്ന ഇടതുപക്ഷത്തെ തകർക്കുകയാണ്‌ അവരുടെ ലക്ഷ്യമെന്ന്‌ അജിത്‌ നവലെ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


കേന്ദ്രസർക്കാർ പാസാക്കിയ യുഎപിഎ രാജ്യവ്യാപകമായി നിലവിലുള്ളപ്പോഴാണ്‌ സംസ്ഥാനത്ത്‌ അതിലേറെ കിരാതമായ നിയമം കൊണ്ടുവരുന്നത്‌. സ്വാതന്ത്ര്യസമരകാലത്ത്‌ പൊതുസുരക്ഷാബിൽ എന്നപേരിൽ ബ്രിട്ടീഷുകാർ നിയമനിർമാണത്തിന്‌ ശ്രമിച്ചതിൽ പ്രതിഷേധിച്ചാണ്‌ ഭഗത്‌സിങ്ങും കൂട്ടരും നിയമനിർമാണസഭയിൽ ബോംബെറിഞ്ഞത്‌. ബ്രിട്ടീഷുകാർ കൊണ്ടുവന്ന ബില്ലിന്റെ പേരാണ്‌ ബിജെപി സർക്കാരും ഉപയോഗിക്കുന്നത്‌.


എതിർശബ്‌ദം ഉയർത്തുന്നവരെ ‘അർബൻ നക്‌സൽ’ എന്ന്‌ വിളിച്ച്‌ അടിച്ചമർത്താനാണ്‌ ശ്രമം. ഇടതുപക്ഷ പാർടി പ്രവർത്തകർ, ധൈഷണികർ, എഴുത്തുകാർ എന്നിവരെയെല്ലാം വേട്ടയാടുകയാണ്‌. ഇതിനെതിരെ വൻ ജനകീയമുന്നേറ്റം ഉയർത്താനുള്ള പ്രവർത്തനത്തിലാണ്‌ സിപിഐ എം. ബില്ലിനെതിരെ 10 ലക്ഷംപേർ ഒപ്പിട്ട നിവേദനം സർക്കാരിനു നൽകി. ഏപ്രിൽ 22ന്‌ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര ട്രേഡ്‌ യൂണിയനുകളും സംയുക്ത കിസാൻമോർച്ചയും മെയ്‌ 20ന്‌ പ്രഖ്യാപിച്ച അഖിലേന്ത്യ പണിമുടക്കും ഗ്രാമീണ ഹർത്താലും മഹാരാഷ്ട്രയിൽ വൻവിജയമാകും.


ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്‌. കാർഷികപ്രതിസന്ധിയും ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്‌മയും രൂക്ഷമാണ്‌. ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ ജാതികൾക്കിടയിൽ സ്‌പർധ വളർത്തുകയെന്ന കുതന്ത്രം പയറ്റുകയാണ്‌ ബിജെപി സർക്കാർ. മറാത്ത, ഒബിസി, ആദിവാസി എന്നിങ്ങനെ സംവരണപ്രക്ഷോഭങ്ങൾ വരുന്നു. മറാത്ത നേതാക്കളെ തമ്മിലടിപ്പിച്ച്‌ വോട്ട്‌ ഭിന്നിപ്പിക്കുന്നു. ഒബിസി വിഭാഗങ്ങളെ മറാത്ത സമുദായത്തിനുനേരെ തിരിച്ചുവിടുന്നു. ഹിന്ദു– -മുസ്ലിം, ഇന്ത്യ–- പാകിസ്ഥാൻ എന്നിങ്ങനെ പ്രചാരണം നടത്തി വർഗീയ ധ്രുവീകരണത്തിനും ശ്രമിക്കുകയാണ്‌. ഔറംഗസീബിന്റെ ഖബർ നീക്കംചെയ്യണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യവും വർഗീയ അജൻഡയുടെ ഭാഗമാണ്‌– അജിത്‌ നവലെ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home