പാർടി കോൺഗ്രസ് തുടങ്ങി
പ്രതിലോമ ശക്തികളെ പുറംതള്ളി മതനിരപേക്ഷതയുടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഒരുമിക്കുക : പ്രകാശ് കാരാട്ട്


Sajan Evugen
Published on Apr 02, 2025, 12:19 PM | 2 min read
മധുര: സീതാറാം യെച്ചൂരി നഗർ (തമുക്കം ഗ്രൗണ്ട്)- ബിജെപിക്കും ആർഎസ് എസിനും എതിരായ പോരാട്ടം വിജയകരമാക്കാൻ ഏറ്റവും വിശാല ഐക്യം കെട്ടിപ്പടുക്കാനായി എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളുടെയുമായും കൈകോർക്കാൻ സിപിഐ എം പ്രതിബദ്ധതയോടെ നിലകൊള്ളുമെന്ന് പാർടി പൊളിറ്റ് ബ്യൂറോ കോ-ഓഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ മണിക് സർക്കാർ അധ്യക്ഷനായി.
പ്രതിലോമതയുടെ ഇരുണ്ട ശക്തികൾക്ക് തിരിച്ചടി നൽകാൻ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ ശക്തികൾ ഐക്യത്തോടെ നീങ്ങണം. ജനങ്ങളുടേതായ ജനാധിപത്യവും സോഷ്യലിസവും യാഥാർഥ്യമാക്കാൻ പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഒന്നിച്ചു നിൽക്കണമെന്നും പ്രകാശ് കാരാട്ട് ആഹ്വാനം ചെയ്തു.
ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും ഇടതുപക്ഷ രാഷ്ട്രീയ ഇടപെടൽ വിപുലീകരിക്കുകയും ചെയ്യേണ്ട സമയമാണിത്. നവ ഉദാര നയങ്ങൾക്കെതിരെ സുസ്ഥിര പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണ്. ഹിന്ദുത്വ നവ ഫാസിസത്തെ ചെറുക്കാൻ ആശയപരമായ സമരം നടത്തുന്നതും ഇടതുപക്ഷമാണ്. നമ്മുടെ രാജ്യത്തിനു നേരെയുള്ള സാമ്രാജ്യത്വ കടന്നാക്രമണങ്ങളെ ചെറുക്കുന്നതും ഇടതുപക്ഷമാണെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
സാമ്രാജ്യത്വ ഹിന്ദുത്വ കോർപ്പറേറ്റ് കൂട്ടുകെട്ട്
അമേരിക്കൻ സാമ്രാജ്യത്വവുമായി അടുത്ത ചങ്ങാത്തം പുലർത്തുന്ന ഹിന്ദുത്വ - കോർപറേറ്റ് കൂട്ടുകെട്ടിൻ്റെ പ്രതിനിധികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സർക്കാരും. ഡോണൾഡ് ട്രംപിൻ്റെ സുഹൃത്ത് എന്ന് അവകാശപ്പെടുന്നത് ആരാണ്? ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും ഉറ്റ തോഴൻ ആരാണ്? ആർ എസ് എസിനോട് പരിപൂർണ വിശ്വസ്തത പുലർത്തുന്നത് ആരാണ്? മൂന്ന് ചോദ്യത്തിനും ഒറ്റ ഉത്തരമാണ് - നരേന്ദ്ര മോദിയും ബി ജെ പിയും - പ്രകാശ് കാരാട്ട് പറഞ്ഞു.
മൂന്നാം തവണയും അധികാരത്തിൽ വന്ന മോദി സർക്കാർ ആർ എസ് എസിൻ്റെ ഹിന്ദുത്വ അജണ്ട മുന്നോട്ടു കൊണ്ടുപോവുകയും തീവ്രമായ നവഉദാര നയങ്ങൾ നടപ്പാക്കുകയും അമിതാധികാരം പ്രയോഗിക്കുകയുമാണ് ചെയ്യുന്നത്. ഇതിനിടെ നവ ഫാസിസ്റ്റ് പ്രവണതകളും പ്രകടിപ്പിക്കുന്നു. ആർ എസ് എസിൻ്റെ ഫാസിസ്റ്റ് സ്വഭാവമുള്ള അജണ്ട നടപ്പാക്കുന്നതിൻ്റെ ഭാഗമാക്കി മുസ്ലിം വിഭാഗത്തെ സ്ഥിരമായി വേട്ടയാടുന്നു. ഹിന്ദുത്വ സംഘടനകൾ അഴിച്ചുവിടുന്ന വർഗീയ കലാപങ്ങൾക്ക് ന്യൂനപക്ഷങ്ങൾ വിധേയരാവുകയാണ്.
ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ അധികാര സംവിധാനങ്ങളുടെ പിന്തുണയും സഹായവും ഈ വേട്ടക്കാർക്ക് ലഭിക്കുന്നു. രാജ്യവ്യാപകമായി ഹിന്ദുത്വ ഏകോപനത്തിനായി വർഗീയ ധ്രുവീകരണം സ്ഥിരമായി നിലനിർത്തുകയാണ് മുസ്ലീങ്ങൾക്കുനേരെയുള്ള തുടർച്ചയായ അക്രമണം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർ എസ് എസ് - ബിജെപി ദ്വന്ദത്തിനും ഹിന്ദുത്വ ശക്തികൾക്കും എതിരായി ബഹുമുഖ പോരാട്ടം നടത്താൻ ആവശ്യമായ രാഷ്ട്രീയ അടവുനയം പാർടി കോൺഗ്രസ് കൈക്കൊള്ളണം. ജനങ്ങളുടെ ജീവനോപാധികൾ സംരക്ഷിക്കാനും നവ ഉദാരനയങ്ങളുടെ കടന്നാക്രമണത്തിനും എതിരായി സിപിഐ എമ്മും ഇതര ഇടതുപക്ഷ പാർടികളും ഒട്ടേറെ പ്രക്ഷോഭങ്ങൾ നടത്തിവരുന്നുണ്ട്. ഇത്തരം പോരാട്ടങ്ങളിൽ അണിനിരക്കുന്ന ബഹുജനങ്ങളെ രാഷ്ട്രീയവൽക്കരിക്കണം. ഇവരിൽ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ അതിശക്തമായ പ്രചാരണം നടത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.









0 comments