തുടിക്കുന്ന സ്‌മരണ; യെച്ചൂരി, കോടിയേരി, ബുദ്ധദേബ്

yechuri, budhadeb, kodiyeri
avatar
Sajan Evugen

Published on Apr 02, 2025, 09:04 AM | 1 min read

സീതാറാം യെച്ചൂരി നഗർ 
(തമുക്കം ഗ്രൗണ്ട്‌, മധുര): മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയുടെയും പുരോഗമന പ്രസ്ഥാനത്തിന്റെയും മുന്നണിപ്പോരാളിയായിരുന്ന സീതാറാം യെച്ചൂരിയുടെ തുടിക്കുന്ന സ്‌മരണകളിലാണ്‌ സിപിഐ എം 24–-ാം പാർടി കോൺഗ്രസ്‌ വേദി. പാർടി കോൺഗ്രസ്‌ രേഖകൾ തയ്യാറാക്കുന്നതിനിടെയാണ്‌ കഴിഞ്ഞ സെപ്‌തംബർ 12ന്‌ ആകസ്‌മിക വിയോഗം. ജനറൽ സെക്രട്ടറിയായിരിക്കെ അന്തരിച്ച ഏക സിപിഐ എം നേതാവാണ്‌. 1982ൽ 32–-ാം വയസ്സിൽ കേന്ദ്രകമ്മിറ്റി അംഗമായ യെച്ചൂരി 1992ൽ പൊളിറ്റ്‌ബ്യൂറോ അംഗമായി. 2015ൽ വിശാഖപട്ടണം കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി. ഹൈദരാബാദ്‌, കണ്ണൂർ കോൺഗ്രസുകളിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിനാലാം കോൺഗ്രസിന്റെ പ്രതിനിധിസമ്മേളനം, ചരിത്ര–-പുസ്‌തക പ്രദർശനം, സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ നടക്കുന്ന തമുക്കം ഗ്രൗണ്ടിന്‌ സീതാറാം യെച്ചൂരി നഗർ എന്നാണ്‌ പേര്‌. അദ്ദേഹത്തിന്റെ ജീവൻതുടിക്കുന്ന ഛായാചിത്രം കവാടത്തിലുണ്ട്‌. മധുര നഗരത്തിലുടനീളം യെച്ചൂരിയുടെ ചിത്രമുള്ള ബാനറുകളും കട്ടൗട്ടുകളും കാണാം. 2022 ഏപ്രിലിൽ കണ്ണൂരിൽ ചേർന്ന 23–-ാം പാർടി കോൺഗ്രസിൽ ഉയർന്ന ‘ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യുക’ എന്ന ആഹ്വാനം നടപ്പാക്കുന്നതിൽ വ്യാപൃതനായിരുന്നു പിന്നീടങ്ങോട്ട്‌ യെച്ചൂരി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കേവലഭൂരിപക്ഷം നഷ്ടമാകുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിച്ചു. ഇക്കാര്യത്തിൽ വലിയ സംഭാവന നൽകിയ തമിഴകത്താണ്‌ 24–-ാം പാർടി കോൺഗ്രസ്‌ ചേരുന്നത്‌. കഴിഞ്ഞ പാർടി കോൺഗ്രസിന്റെ മുഖ്യ സംഘാടകനും കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ നാമധേയത്തിലുള്ള ഹാളിലാണ്‌ ഉദ്‌ഘാടനസമ്മേളനവും പ്രതിനിധിസമ്മേളനവും. 2002 മുതൽ കേന്ദ്രകമ്മിറ്റിഅംഗമായും 2008 മുതൽ പൊളിറ്റ്‌ബ്യൂറോ അംഗമായും പ്രവർത്തിച്ച കോടിയേരി നിരവധി പാർടി കോൺഗ്രസുകളിൽ സജീവസാന്നിധ്യമായിരുന്നു. മുതിർന്ന നേതാവും ബംഗാൾ മുൻമുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ്‌ ഭട്ടാചാര്യ സ്‌മാരക കവാടത്തിലാണ്‌ പാർടി കോൺഗ്രസിന്‌ തുടക്കംകുറിച്ച്‌ രക്തപതാക ഉയർത്തുക. കഴിഞ്ഞ വർഷം ആഗസ്‌ത്‌ എട്ടിന്‌ അന്തരിച്ച ബുദ്ധദേബ്‌ ഭട്ടാചാര്യ 1985 മുതൽ കേന്ദ്രകമ്മിറ്റിഅംഗവും 2000 മുതൽ 15 വർഷം പൊളിറ്റ്‌ബ്യൂറോ അംഗവുമായിരുന്നു. ഈ മൂന്നു നേതാക്കളുടെയും ഛായാചിത്രങ്ങൾ പ്രതിനിധിസമ്മേളന ഹാളിന്റെ വേദിയിൽ സ്ഥാപിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home