ഹിന്ദുത്വ വർഗീയതയെ ചെറുക്കുന്നതിന് ഊന്നൽ: ബൃന്ദ കാരാട്ട്


സ്വന്തം ലേഖകൻ
Published on Apr 04, 2025, 04:06 PM | 1 min read
സീതാറാം യെച്ചൂരി നഗർ: ഹിന്ദുത്വ വർഗീയശക്തികളുടെ വർധിച്ചുവരുന്ന ഭീഷണി ഏതെല്ലാം വിധത്തിൽ ചെറുക്കാമെന്നതാണ് പാർടി കോൺഗ്രസ് ചർച്ചചെയ്യുന്ന കരട് രാഷ്ട്രീയപ്രമേയത്തിന്റെ മുഖ്യഊന്നലെന്ന് പിബി അംഗം ബൃന്ദ കാരാട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വർഗീയശക്തികൾ കോർപറേറ്റുകളുമായി ചേർന്ന് തങ്ങളുടെ വിഘടിത ആശയം വ്യാപിപ്പിക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി ഭരണം ഉപയോഗപ്പെടുത്തി എല്ലാ സർക്കാർ സംവിധാനങ്ങളിലേക്കും ആർഎസ്‌എസ് നുഴഞ്ഞുകയറുന്നു. സമൂഹത്തെയാകെ വർഗീയവൽക്കരിക്കുന്നു.
ഇതിനെ സമഗ്രമായി ചെറുക്കുന്നതിന് തെരഞ്ഞെടുപ്പ് രംഗത്തിനപ്പുറം സാമ്പത്തിക, സാമൂഹിക, ആശയ, സാംസ്‌കാരിക മേഖലകളിലും പൊരുതണം. ഹിന്ദുത്വവർഗീയതയെ ചെറുക്കാൻ പാർടിയുടെ സ്വതന്ത്രശക്തി വർധിപ്പിക്കേണ്ടതുണ്ടെന്ന് കരട് പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇതിനായി വർഗസമരങ്ങളും ജനകീയ സമരങ്ങളും ശക്തിപ്പെടുത്തണം. ഇടതുപക്ഷ ഐക്യം വർധിപ്പിക്കേണ്ടതിന്റെ അനിവാര്യതയ്‌ക്കും അടിവരയിടുന്നുണ്ട്. ആർഎസ്‌എസ്- ബിജെപി കൂട്ടുകെട്ടിന്റെ വർഗീയനയങ്ങൾക്കെതിരെ പൊരുതാൻ സന്നദ്ധമായ എല്ലാ മതനിരപേക്ഷ–ജനാധിപത്യ ശക്തികളെയും യോജിപ്പിക്കുകയും വേണം.
രാജ്യത്ത് സംഘപരിവാർ വേട്ടയാടുന്നത് മുസ്ലിംങ്ങളെ മാത്രമല്ല. ക്രൈസ്‌തവരും വേട്ടയാടപ്പെടുകയാണ്. പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ. ഛത്തീസ്‌ഗഡ് പോലുള്ള സംസ്ഥാനങ്ങളിൽ മതപരിവർത്തനം ക്രിമിനൽ കുറ്റമാണ്. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഇതാണ് സാഹചര്യം. ക്രൈസ്‌തവർക്ക് ആരാധനാസ്വാതന്ത്ര്യം പോലും നഷ്ടമാകുകയാണ്–ബൃന്ദ പറഞ്ഞു.
ആശമാരുടെ മിനിമം വേതനം: തീരുമാനിക്കേണ്ടത് കേന്ദ്രം
മിനിമം വേതനം ഉറപ്പുവരുത്തും വിധം തൊഴിലാളികളായി അംഗീകരിച്ചാൽ മാത്രമേ ആശ പ്രവർത്തകരുടെ പ്രശ്‌നങ്ങൾക്ക് അടിസ്ഥാനപരമായ പരിഹാരമുണ്ടാകൂ എന്ന് ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ഇത് ചെയ്യേണ്ടത് കേന്ദ്രസർക്കാരാണ്. യുപിഎ സർക്കാരിന്റെ കാലത്താണ് ആരോഗ്യസേവനം ഏറ്റവും താഴെത്തട്ടിലേക്ക് എത്തിക്കുന്നതിന് ഗ്രാമീണ ആരോഗ്യമിഷന്റെ ഭാഗമായി ആശ പ്രവർത്തകർ എന്ന ആശയം കൊണ്ടുവന്നത്. അവരെ വളന്റിയർമാരായി മാത്രമാണ് നിയമത്തിൽ വ്യാഖ്യാനിച്ചത്. ജീവനക്കാരായി പരിഗണിക്കണമെന്ന് ഇടതുപക്ഷം പാർലമെന്റിനകത്തും പുറത്തും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ഈ ആവശ്യം പരിഗണിച്ചില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി രാജ്യവ്യാപകമായി ആശമാർ കേന്ദ്രസർക്കാരിനെതിരായി പ്രക്ഷോഭത്തിലാണ്. സമരങ്ങളോട് കേന്ദ്രം മുഖംതിരിഞ്ഞ് നിൽക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാത്തവരാണ് സമരവേദിയിൽ കപട ഐക്യദാർഢ്യവുമായി എത്തുന്നതെന്ന് കേരളത്തിൽ സമരത്തിലുള്ള ആശമാർ തിരിച്ചറിയണം– ബൃന്ദ പറഞ്ഞു.









0 comments