നിറങ്ങൾ മായ്ക്കല്ലേ...

trans
avatar
എം ജഷീന

Published on Aug 14, 2025, 09:42 PM | 7 min read

ക്വീർ മനുഷ്യരുടെ ഐഡന്റിന്റി മാറ്റാമെന്ന തെറ്റിദ്ധാരണയിൽ കൺവേർഷൻ തെറാപ്പി എന്ന പേരിൽ നടത്തുന്ന അശാസ്‌ത്രീയ ചികിത്സയും അതിന്റെ പ്രത്യാഘാതങ്ങളും


സ്‌നേഹക്ക്‌ (പേര്‌ യാഥാർത്ഥമല്ല) ഇരുട്ടിനെ ഭയമാണിപ്പോഴും. മുറിയിൽ ഒറ്റയ്ക്കായാൽ ഉള്ളിലെവിടെയോ വേരുറച്ചു പോയ ഒരു ഭയം നെടുവീർപ്പിടും.. മാസങ്ങൾ പിന്നിട്ടിട്ടും നേരിട്ട ക്രൂരതകളുടെ ശേഷിപ്പുകൾ മനസിൽ നിന്നോ ശരീരത്തിൽ നിന്നോ വിട്ടകന്നിട്ടില്ല. ഒന്നും ചെയ്യാനാവാതെ, ആളുകളോട്‌ മിണ്ടാനാവാതെ പലപ്പോഴും മുറിയിലൊതുങ്ങും. ഭക്ഷണം കഴിക്കാനും എണീറ്റ്‌ നടക്കാനുമൊക്കെ തുടങ്ങിയിട്ട്‌ കുറച്ചേ ആയുള്ളൂ.. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ മുറിയിൽ മയക്കി കിടത്തി നൽകിയ മരുന്നിന്റെയും മർദനത്തിന്റെയും ആഘാതത്തിൽ നിന്ന്‌ മുക്തയാവാൻ ഇന്നും മരുന്നിനെ ആശ്രയിക്കുകയാണവൾ...


നെഞ്ചിലും തലയിലും കല്ലിറക്കി വെച്ചപോലെയായിരുന്നു തിരുവനന്തപുരം സ്വദേശി സത്യയ്‌ക്ക്‌ (പേര്‌ യാഥാർത്ഥമല്ല). ഒന്ന്‌ ചിന്തിച്ചിരിക്കാൻ പോലും പറ്റാതെ ക്ഷീണിതനായി തളർന്നു കിടത്തം. ആണാണെന്ന് പറഞ്ഞാലേ ഇ‍ൗ മുറിയിൽ നിന്ന് പുറത്ത് വിടൂ എന്ന് ഭീഷണിപ്പെടുത്തി ബലം പ്രയോഗിച്ച് മരുന്നുകൾ നൽകിയതും ഷർട്ട് വലിച്ച് കീറി നെഞ്ചത്ത് ഇടിച്ചതുമെല്ലാം പേടി ചിത്രങ്ങളായി കണ്ണിൽ നിറയും.. ഉറക്കം ഞെട്ടും, ജീവിക്കണ്ടാ എന്ന്‌ തോന്നും... മൂന്ന്‌ മാസത്തോളം മരുന്ന്‌ കഴിച്ച ശേഷമാണ്‌ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത്.


മനസ്‌ തുറന്ന്‌ കേൾക്കണം നമ്മൾ ഇ‍ൗ അനുഭവ സാക്ഷ്യങ്ങളെ. ആകസ്‌മികമായ ദുരന്തങ്ങളാലോ അസുഖങ്ങളാലോ മറ്റോ മനസികാരോഗ്യം നഷ്‌ടപ്പട്ടവരല്ല ഇവരാരും. ആത്മവിശ്വാസവും പ്രതീക്ഷയും മുന്നോട്ട് നയിക്കേണ്ട പ്രായത്തിൽ ആശുപത്രി മുറികളിൽ അശാസ്‌ത്രീയ ചികിത്സയിലൂടെ വീണു പോയവർ... അവരുടെ ‘തെറ്റ്‌’ ഒന്നുമാത്രം. ഭൂരിപക്ഷ സമൂഹം ശരിയെന്ന്‌, നോർമൽ എന്ന്‌, തീർപ്പ്‌ കൽപ്പിച്ച ജൻഡറിൽ നിന്ന്‌, ലൈംഗിക ചായ്‌വിൽ നിന്ന്‌ വ്യത്യസ്‌തമായി തങ്ങളുടെ മനസും ശരീരവും നിർണയിക്കുന്ന വഴികളിലേക്ക്‌ നീങ്ങി. ആൺ– പെൺ ദ്വന്ദ്വങ്ങളിൽ മാത്രം ചിന്തകളെ കെട്ടിയിട്ട സമൂഹം ‘കൺവേർഷൻ തെറാപ്പി’ (സെക്ഷ്വൽ ഓറിയന്റേഷൻ– ജൻഡർ ഐഡന്റിറ്റി ചേഞ്ച്‌ എഫർട്ട്‌സ്‌) എന്ന പേരിട്ട്‌ നൽകുന്ന ശിക്ഷയാണീ പീഡനം... ജനന സമയത്ത്‌ നിർണയിക്കപ്പെടുന്ന ജൻഡർ, സമൂഹം സാധാരണം എന്ന് നിർവചിച്ച ആൺ –പെൺ ലൈംഗികത (ഹെട്ടറോ സെക്ഷ്വൽ) എന്നിവക്കപ്പുറത്തേക്ക് ഒരു വ്യക്തി തന്റെ ജൻഡറോ (ട്രാൻസ് ജൻഡർ) ലൈംഗിക ചായ്‌വോ (ഹോമോ സെക്‌ഷ്വൽ, ബൈസെക്ഷ്വൽ, അസെക്സ് തുടങ്ങിയവ) പ്രകടമാക്കുമ്പോൾ അത്‌ സാധാരണമാണെന്നും ചികിത്സിച്ച്‌ മാറ്റാവുന്നതല്ലെന്നും മനസിലാക്കാൻ ആധുനിക സമൂഹം ഇനിയും പാകപ്പെട്ടിട്ടില്ല.


അത് രോഗമെന്ന്‌ തെറ്റിദ്ധരിച്ച് ആ വ്യക്തികളെ മരുന്നും മർദനവും ക‍ൗൺസലിങും ഉൾപ്പെടുന്ന അശാസ്‌ത്രീയ- പ്രാകൃത ചികിത്സാ രീതികൾക്ക്‌ വിധേയമാക്കുകയാണ്‌ കുടുംബവും ചില മെഡിക്കൽ പ്രൊഫഷണലുകളും. ലിംഗഭേദവും ലൈംഗികതയും സംബന്ധിച്ച പൊതു നിർമിതിയുടെ സമ്മർദ്ദങ്ങളുടെ ഭാഗമായി തങ്ങൾക്ക്‌ എന്തോ കുഴപ്പമുണ്ടെന്ന്‌ ധരിച്ച്‌ ചികിത്സ അന്വേഷിച്ച്‌ പോകുന്നവരുമുണ്ട്‌. രോഗമല്ലെന്ന്‌ ബോധ്യപ്പെടുത്തി അവർക്ക്‌ ആത്മവിശ്വാസം നൽകേണ്ടതിന്‌ പകരം ചികിത്സയെന്ന പേരിൽ കടുത്ത മാനസിക–-ശാരീരിക ദുരിതങ്ങളാണ്‌ ഡോക്ടർമാരുൾപ്പെടെയുള്ളവർ നൽകുന്നത്‌.


2022 ൽ നാഷണൽ മെഡിക്കൽ കൗൺസിൽ കൺവേർഷൻ തെറാപ്പി എന്ന പേരിൽ നടത്തുന്നത്‌ തെറ്റായ പ്രാക്ടീസാണെന്നും അത്‌ ചെയ്യുന്നവരുടെ ലൈസൻസ് റദ്ദാക്കണമെന്നും സ്റ്റേറ്റ് മെഡിക്കൽ ക‍ൗൺസിലുകളോട് നിർദേശിച്ചിരുന്നു. 2021 ൽ ഹൈക്കോടതി ഇതിനെതിരെ കർശന നടപടി വേണമെന്നും മാർഗ നിർദേശങ്ങൾ തയ്യാറാക്കണമെന്നും ഉത്തരവിട്ടു. എങ്കിലും പല സ്വകാര്യ ആശുപത്രികളിലും ഇപ്പോഴും രഹസ്യമായി നടക്കുന്നുവെന്നാണ് യാഥാർത്ഥ്യം. കഴിഞ്ഞ വർഷമാണ്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ട്രാൻസ്‌ വുമണിനെ നിർബന്ധിച്ച്‌ തിരികെ ‘ആണാ’ക്കാൻ കൊണ്ട്‌ വന്നത്‌. സുഹൃത്തിന്റെ പരാതിയിൽ ഹൈക്കോടതി ഇടപെട്ടാണ്‌ അവരെ ചികിത്സയിൽ നിന്നും മോചിപ്പിച്ചത്‌. മലപ്പുറത്തെ ലെസ്‌ബിയൻ പങ്കാളികളിൽ ഒരാളെ നിർബന്ധിച്ച്‌ ഇത്തരം തെറാപ്പിക്ക്‌ കൊണ്ടു പോയതും അടുത്തിടെ വാർത്തകളിൽ വന്നിരുന്നു. എന്നാൽ പുറത്തറിയാത്ത നിരവധി പേരുണ്ട്‌, മനസ്‌ നീറി, വേദനയിൽ കഴിയുന്നവർ. ജീവിതവും മനസും തിരിച്ചു പിടിക്കാനായി മാനസികാരോഗ്യ കേന്ദ്രങ്ങളിൽ അഭയം തേടുകയാണവർ.


ഛർദിപ്പിക്കലും ഇരുട്ടറയിൽ അടക്കലും


‘അവരെന്ന ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. എന്നിട്ട്‌ കോയമ്പത്തൂരിലെ ഒരു ഡോക്ടറുടെ അടുത്തേക്ക്‌ കൊണ്ട്‌ പോയി. നിർബന്ധിച്ച്‌ ബോധം കെടുത്താൻ ശ്രമിച്ചു. എതിർത്തപ്പോൾ ആ ഡോക്ടർ ചെവിയ്‌ക്ക്‌ ഒറ്റയടി, നിലത്ത്‌ വീണു പോയി. പിന്നെ എപ്പോഴോ അവരെന്ന ബോധം കെടുത്തി. പിന്നീട്‌ എന്നെ പാലക്കാട്ടെ ഡീ അഡിക്ഷൻ ആന്റ്‌ മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലിലാക്കി. ഒറ്റയ്‌ക്ക്‌ കിടന്നു കുറേ കരഞ്ഞു. മൂന്നാഴ്‌ച ശേഷം തിരുവനന്തപുരത്തെ മറ്റൊരു സ്ഥാപനത്തിൽ.. 40 ഓളം കുത്തിവെപ്പുകൾ, മരുന്നുകൾ ..ഞാൻ തളർന്നു പോയി..കൂടെ നിൽക്കേണ്ട വീട്ടുകാരാണ്‌ ഇത്‌ ചെയ്‌തത്‌ എന്നതിലാണ്‌ വലിയ സങ്കടം’ ..ആത്മഹത്യയിൽ അഭയം തേടിയതിന്‌ ഏതാനും മാസങ്ങൾക്ക്‌ മുന്നേ കാസർഗോഡ്‌ സ്വദേശിയായ അഞ്ജന ഹരീഷ്‌ സാമൂഹിക മാധ്യമത്തിലിട്ട വീഡിയോയുടെ തുടക്കമാണിത്‌. ബൈസെക്ഷ്വലെന്ന്‌ ഐഡന്റിറ്റി വ്യക്തമാക്കിയ അഞ്ജനയുടെ അനുഭവം മതി എത്ര ഭീതിദമാണ്‌ ആ അവസ്ഥയെന്നറിയാൻ.


കൗൺസലിങും മരുന്നും മുതൽ ഭീഷണിയും അപമാനിക്കലുമെല്ലാമാണ്‌ പ്രൊഫഷണലുകൾ ചെയ്യുന്ന ‘കൺവർഷൻ തെറാപ്പി’യുടെ മുറകൾ. ക്വീറിഥം, സഹയാത്രിക തുടങ്ങിയ സംഘടനകൾക്ക്‌ മുന്നിലെത്തുന്ന അനുഭവങ്ങളിൽ പലതും അങ്ങനെയാണ്‌. സമ്മതിക്കാത്തവരെ മർദിച്ചും ബോധം കെടുത്തിയും വരെ ചികിത്സിക്കുന്ന സാഹചര്യമുണ്ടെന്ന്‌ ക്വീറീഥം സംസ്ഥാന സെക്രട്ടറിയും ട്രാൻസ്‌ജൻഡർ ജസ്‌റ്റിസ്‌ ബോർഡ്‌ അംഗവുമായ ശ്യാമ എസ്‌ പ്രഭ പറയുന്നു. സ്വകാര്യ ആശുപത്രികളിലും മതസ്ഥാപനങ്ങൾക്ക് കീഴിലെ കേന്ദ്രങ്ങളിലുമാണ് ഇത് നടക്കുന്നതിലേറെയും.


സൈകോ തെറാപ്പ്യൂട്ടിക്‌, ബിഹേവിയർ തെറാപ്പി , ഹിപ്പ്‌നോ തെറാപ്പി, ഗ്രൂപ്പ്‌ തെറാപ്പി, മരുന്നുപയോഗിച്ചുള്ള ഫാർമക്കോ തെറാപ്പി, കടുത്ത വിഷാദത്തിനും ബൈപോളാർ അസുഖത്തിനുമുള്ള ഷോക്ക്‌ ചികിത്സ(ഇലക്‌ട്രോ കൺവൾസീവ്‌ തെറാപ്പി), തെറാപ്പ്യൂട്ടിക്‌ കമ്മ്യൂണിറ്റി ട്രീറ്റ്‌മെന്റ്‌ തുടങ്ങി മർദനവും പ്രാർഥനയും ഭീഷണിയും വീട്ടിനുള്ളിൽ പൂട്ടിയിടൽ വരെ ‘കൺവേർഷൻ പ്രാക്ടീസി’ന്‌ ഉപയോഗിക്കുന്നുണ്ട്‌. വിഷാദം, ബൈപോളാർ ഡിസോർഡർ, സൈക്കോസിസ്‌, ലൈംഗിക മരവിപ്പ്‌ തുടങ്ങിയവയ്‌ക്കുള്ള മരുന്നുകളൊക്കെയാണ്‌ കഴിക്കേണ്ടി വരുന്നത്‌. അനാവശ്യമായും ഉയർന്ന അളവിലും മരുന്ന്‌ നൽകുന്നതിനൊപ്പം അസുഖമാണെന്നും മാറ്റാമെന്നും തെറ്റിദ്ധരിപ്പിച്ച്‌ ചികിത്സയും ചീത്ത പറയലും അപമാനിക്കലും വരെ നടക്കുന്നുണ്ടെന്ന്‌ പ്രമുഖ കൗൺസലിങ്‌ സൈക്കോളജിസ്‌റ്റും ആന്റ്‌ ക്വീർ അഫർമേറ്റീവ്‌ പ്രാക്ടീഷണറുമായ ഡോ. ആകാശ്‌ മോഹൻ (തെറാപ്പി ബെയൊണ്ട്‌ ലേബൽസ്‌) പറയുന്നു.


അരോചകമായ മണം, രുചി, ഛർദി, ഷോക്ക്‌ തുടങ്ങിയവ ഉണ്ടാക്കി മനസ്‌ മടുപ്പിക്കൽ രീതി വരെ (അവേഷൻ തെറാപ്പി )പ്രയോഗത്തിലുണ്ട്‌. ഛർദിയ്‌ക്കുന്നതിനുള്ള മരുന്ന്‌ നൽകിയ ശേഷം ഇരുട്ട്‌ മുറിയിൽ ഒറ്റയ്‌ക്ക്‌ ആക്കും. ആ വ്യക്തിയ്‌ക്ക്‌ ലൈംഗിക ചായ്‌വ്‌ ഉള്ള അവയവം സ്‌ക്രീനിൽ കാണിക്കും. ആ സമയം മരുന്ന്‌ കഴിച്ചതിന്റെ ഭാഗമായി ഛർദിക്കും..ഇതാവർത്തിപ്പിച്ച്‌ അസ്വസ്ഥത ജനിപ്പിച്ച്‌ മടുപ്പ്‌ സൃഷ്‌ടിക്കുന്ന രീതിക്ക്‌ ചിലർ വിധേയരായിട്ടുണ്ട്‌. ലെസ്‌ബിയനായവരെ ബന്ധുക്കളെ കൊണ്ട്‌ ബലാൽത്സംഗം ചെയ്യിപ്പിച്ച്‌ ‘ആണിനെ ഇഷ്‌ടപ്പെടുത്താൻ’ നടത്തുന്ന ‘കറക്‌ടീവ്‌ റെയിപ്പ്‌’ കളും വീടുകളിൽ നിന്ന്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.


വിഷാദം, ആത്മഹത്യാ പ്രവണത


മാനസികരോഗങ്ങൾക്കുള്ള മരുന്നുകളുടെ അനാവശ്യ ഉപയോഗവും ഉയർന്ന അളവും മൂലം ഒട്ടേറെ ശാരീരിക–- മാനസിക പ്രശ്‌നങ്ങളാണ്‌ കാണുന്നത്‌. അതോടൊപ്പം വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നുമുണ്ടാകുന്ന സമ്മർദ്ദവും ഐഡന്റിറ്റി പ്രശ്‌നങ്ങളുമെല്ലാം തളർത്തും. ഇങ്ങനെ മനസും ശരീരവും തളർന്ന്‌ വിദ്യാഭ്യാസവും തൊഴിലുമെല്ലാം പാതിയിൽ നിർത്തേണ്ടി വന്നവരേറെയുണ്ട്‌. തൃശൂരിൽ സർക്കാർ ഉദ്യോഗസ്ഥനായ ഗേ ആയ യുവാവിനെ വീട്ടുകാർ നിർബന്ധിച്ച്‌ തെറാപ്പിക്ക്‌ വിധേയമാക്കി. ഇതുണ്ടാക്കിയ മാനസിക പ്രശ്‌നങ്ങളാൽ പുറത്തിറങ്ങാതെ കഴിഞ്ഞ യുവാവിന്‌ ജോലി നഷ്‌ടപ്പെട്ടു. വർഷങ്ങൾക്ക്‌ ശേഷവും പുറം ലോകത്തോട്‌ ബന്ധമില്ലാതെ വീട്ടിനുള്ളിൽ ഒതുങ്ങി കൂടുകയാണവർ.


‘പരിവർത്തന ചികിത്സകൾക്ക്‌ വിധേയരായ നിരവധി പേരാണ്‌ സഹായം തേടിയെത്തുന്നതെന്ന്‌ ഇംഹാൻസിലെ സൈക്യാട്രിക്‌ സോഷ്യൽ വർക്കർ ഡോ. ജി രാകേഷ്‌ പറയുന്നു. ‘ വിഷാദം, എല്ലാത്തിനോടും പേടി, ഉൾവലിയൽ, ഉത്കണ്ഠ, പാനിക്‌ അറ്റാക്ക്‌, ആത്മഹത്യാ പ്രവണത, ലഹരി ഉപയോഗം തുടങ്ങിയ പ്രശ്‌നങ്ങളാണ്‌ പലരിലും കാണുന്നത്‌. പലയിടത്തും രഹസ്യമായി ഈ പ്രാക്‌ടീസ്‌ നടക്കുന്നുണ്ട്‌. മെഡിക്കൽ പ്രൊഫഷണലുകളിൽ പലരുടെയും വ്യക്തിപരമായ ചിന്താഗതിയും താൽപര്യവുമാണ്‌ ഈ സമീപനത്തിന്‌ കാരണമെന്നും ഡോ. രാകേഷ്‌ പറയുന്നു.


നൂറ്റാണ്ടുകൾക്ക്‌ മുന്നേ സമൂഹത്തിലുണ്ടായ സ്വവർഗ ലൈംഗികതയും മറ്റും ആദ്യ കാലങ്ങളിൽ പാപമായാണ്‌ വിലയിരുത്തിയത്‌. പിന്നീട്‌ കുറ്റമായി കാണാൻ തുടങ്ങിയപ്പോൾ അത്തരക്കാരെ കൊല്ലാനും തടവിലിടാനും കാണാനും പൊതുസമൂഹം മടിച്ചില്ല. 19,20 നൂറ്റാണ്ടുകളിൽ സൈക്യാട്രിസ്‌റ്റുകൾ രോഗമായി കണ്ടതോടെയാണ്‌ ചികിത്സയിലേക്ക്‌ വന്നത്‌. അമേരിക്കൻ സൈക്യാട്രിക്‌ അസോസിയേഷൻ 1973ലാണ്‌ മാനസിക രോഗങ്ങളുടെ പട്ടികയിൽ നിന്ന്‌ സ്വവർഗ ലൈംഗികതയെ ഒഴിവാക്കിയത്‌. 1990 കളുടെ മധ്യത്തോടെയാണ്‌ ഇന്ത്യയിലും ഇതൊരു രോഗമല്ലെന്ന കാഴ്‌ചപാട്‌ ശക്തിപ്പെട്ടത്‌. 2018 ൽ ഇന്ത്യൻ സൈക്യാട്രിക്‌ സൊസൈറ്റിയുൾപ്പെടെയുള്ള സംഘടനകൾ രോഗമല്ലെന്നും ചികിത്സകൾ അവസാനിപ്പിക്കണമെന്നും പ്രസ്‌തവനയിറക്കിയിരുന്നു.


45 ശതമാനത്തിലേറെയും വിധേയരെന്ന്‌ പഠനം


തിരുവനന്തപുരം ഗവ. മെഡി. കോളേജിലെ സൈക്യാട്രിക്‌ വിഭാഗത്തിന്‌ കീഴിൽ നടന്ന പഠനത്തിൽ എൽജിബിടിക്യുഎപ്ലസിൽ 45 ശതമാനത്തിലേറെയും ‘കൺവേർഷൻ തെറാപ്പി’ക്ക്‌ വിധേയമായിട്ടുണ്ടെന്ന്‌ പറയുന്നു.അന്താരാഷ്‌ട്ര ജേണലായ ‘ജേണൽ ഓഫ്‌ ഹോമോ സെക്‌ഷ്വാലിറ്റിയിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിൽ ഇവരെല്ലാം കടുത്ത മാനസിക പ്രശ്‌നങ്ങൾ നേരിടുന്നുവെന്നും പറയുന്നു. 39 ശതമാനത്തിനും കടുത്ത വിഷാദ രോഗമുണ്ട്‌. ആത്മഹത്യ പ്രവണതയും സ്വയം വേദനിപ്പിക്കുന്ന ചിന്തകളും ഇവർക്കിടയിൽ കാണുന്നുവെന്ന്‌ പഠനം പറയുന്നു. ഡോക്ടർമാരുൾെപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലാണ്‌ (30 ശതമാനം) ‘തെറാപ്പി’ ചെയ്യുന്നത്‌. മതപരമായ സ്വാധീനവും തെറാപ്പിക്ക്‌ പിന്നിലുണ്ടെന്ന്‌ പറയുന്നു. ക്വീറിഥം സംഘടനയുടെ സഹകരണത്തിൽ പൂർത്തിയാക്കിയ സർവേയിൽ 130 പേരാണ്‌ പങ്കെടുത്തത്‌. ദേശീയ-സംസ്ഥാന തലത്തിൽ അത്തരത്തിലുള്ള മറ്റൊരു പഠനം നടന്നിട്ടില്ല.


ക്വീർ കമ്മ്യൂണിറ്റിക്കായി തൃശൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന സഹയാത്രിക കൂട്ടായ്‌മയിൽ മൂന്ന്‌ വർഷത്തിനിടെ മാത്രം 100 ഓളം പേർ ഈ അശാസ്‌ത്രീയ ചികിത്സയ്‌ക്ക്‌ വിധേയമായിട്ടുണ്ടെന്ന്‌ സംഘടനയുടെ സജീവ അംഗവും ജീവനക്കാരിയുമായ ട്രാൻസ്‌ വുമൺ സ്വാതിക സജി പറയുന്നു. വിവിധ സംഘടനകളുമായി ബന്ധപ്പെട്ട്‌ സംസ്ഥാനത്ത്‌ പ്രതിമാസം 10 ഓളം കേസുകൾ വരുന്നുണ്ടെന്നും തിരുവല്ല, പത്തനംതിട്ട തുടങ്ങിയ ഭാഗങ്ങളിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്‌ കൂടുതൽ പരാതികളെന്നും ശ്യാമ എസ്‌ പ്രഭയും സാക്ഷ്യപ്പെടുത്തുന്നു.


റെക്കൊർഡുകളിൽ അസുഖം വേറെ, ചികിത്സ വേറെ


കൊച്ചിയിൽ ട്രാൻസ്‌ വുമണിനെ ‘തെറാപ്പി’ക്ക്‌ കൊണ്ടുപോയതിൽ അന്വേഷണം നടത്തിയപ്പോൾ ചികിത്സാ രേഖകളിലൊന്നും തെറാപ്പി എന്നില്ല. ‘ അവർ വീട്ടിൽ പരാക്രമണകാരിയായി പെരുമാറുന്നു, അനിയന്ത്രിതമായി ദേഷ്യം വരുന്നു, അത്‌ കുറയ്‌ക്കാനാണ്‌ എന്നാണ്‌ രേഖകളിലുള്ളതെന്ന്‌ വിഷയത്തിൽ ഇടപെട്ട ക്വീറിഥം മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ പി ആർ പ്രജിത്ത്‌ പറയുന്നു. ഈ പ്രാക്ടീസ്‌ നിയമ വിരുദ്ധമായതിനാൽ രേഖകളിൽ കൃത്രിമം കാണിച്ചാണ്‌ ചികിത്സിക്കുന്നത്‌. വിഷാദം, ഉത്കണ്‌ഠ തുടങ്ങിയ അസുഖങ്ങളാണ്‌ രേഖകളിൽ കാണിക്കുക. അതുകൊണ്ട്‌ ഔദ്യോഗികമായ രേഖകളോ കണക്കുകളോ ലഭ്യമല്ല. വീട്‌ വിട്ടു പോവൽ, തന്റെ സെക്ഷ്വൽ ഓറിയന്റേഷൻ മറ്റുള്ളവർ അറിയുന്നതിനുള്ള മടി, പ്രതിസ്ഥാനത്ത്‌ പലപ്പോഴും കുടുംബവും എന്നീ കാരണങ്ങളാൽ പരസ്യമായി പരാതിയിലേക്ക്‌ പലരും പോവാത്ത സാഹചര്യമുണ്ട്‌. ഈ പ്രാക്ടീസ്‌ നടത്തുന്നവർക്ക്‌ ഇതാണ്‌ ആത്മവിശ്വാസം നൽകുന്നത്‌.


വേണം നിയമം; ബോധവൽക്കരണം ശക്തമാക്കണം


'മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സയെന്ന മറവിൽ തുടരുന്ന അശാസ്‌ത്രീയ പ്രാക്ടീസിനെതിരെ നിയമ നിർമാണം വേണം. പരാതി നൽകിയാലും മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ടായതിനാൽ സ്വാധീനമോ മറ്റോ മൂലം തുടർ നടപടി ഉണ്ടാകാറില്ല. ജില്ലാ മജിസ്ട്രേറ്റിന് കീഴിൽ ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങിയ ടീം വന്ന് പരിശോധിച്ച് ലൈസൻസ് റദ്ദാക്കുന്ന തരത്തിൽ നിയമം വേണം'- അഡ്വ. പത്മ ലക്ഷ്‌മി (ആദ്യ ആദ്യ ട്രാൻസ്‌ജൻഡർ അഭിഭാഷക)


'നിയമം മൂലമോ സമാനമായ നയത്തിലൂടെ സംവിധാനങ്ങളിലൂടെയൊ ഇത്‌ നിരോധിക്കണം. ട്രാൻസ്‌ജൻഡർ നയമുള്ളതിനാൽ ആ കമ്മ്യൂണിറ്റിക്ക്‌ സ്വീകാര്യത കൂടി. സമാനമായ രീതിയിൽ ക്വീർ വ്യക്തികളുടെയാകെ പ്രശ്‌നങ്ങൾ പൂർണമായി അഡ്രസ്‌ ചെയ്യപ്പെടേണ്ടതുണ്ട്‌'- ശ്യാമ എസ്‌ പ്രഭ


'ആശുപത്രിയുടെ നയമല്ല മറിച്ച്‌ ചികിത്സിക്കുന്ന ഡോക്ടറുടെ പ്രൊഫഷണലിസം ഇല്ലായ്‌മയാണ്‌ ഇത്തരം ചികിത്സകൾക്ക്‌ വഴിയൊരുക്കുന്നത്‌. ജൻഡർ സെൻസിറ്റിവിറ്റി, സെക്‌ഷ്വൽ ഓറിയന്റേഷൻ എന്നിവയിൽ സമൂഹത്തിനും കുടുംബത്തിനും ഡോക്ടർമാരുൾപ്പെടെയുള്ള പ്രൊഫഷണലുകൾക്കും തുടർ ബോധവൽക്കരണം നൽകണം. ക്വീർ സൗഹൃദ മെഡിക്കൽ പ്രൊഫഷണൽ ആണെങ്കിൽ ഇത്‌ രോഗമല്ലെന്ന്‌ വീട്ടുകാരെ ബോധ്യപ്പെടുത്തുകയാണ്‌ ചെയ്യുക. അത്തരം അനുഭവങ്ങളുമുണ്ടായിട്ടുണ്ട്‌. ക്വീർ സൗഹൃദമാകുന്ന വിധത്തിൽ മെന്റൽ ഹെൽത്ത്‌ നിയമത്തിലും മാറ്റം വേണം'- പി ആർ പ്രജിത്ത്‌


'ഐഡന്റിറ്റി അടിസ്ഥാനമാക്കി നടത്തുന്ന പീഡനം മാത്രമാണിത്‌. ഒരു വ്യക്തിയുടെയും ഐഡന്റിറ്റി ചികിത്സിച്ച്‌ മാറ്റാൻ പറ്റുന്ന ഒന്നല്ല. അഞ്ജന ഹരീഷിന്റെ മരണത്തോടെയാണ്‌ വനജ കലക്ടീവ്‌ എന്ന പേരിൽ ഇതിനെതിരെ കൂട്ടായ്‌മ ശക്തിപ്പെടുത്തിയത്‌. ക്വീർ സൗഹൃദ മെഡിക്കൽ പ്രാക്ടീസ്‌ അനിവാര്യമാണ്‌'- ഗാർഗി (വനജ കലക്ടീവ്‌, സഹസ്ഥാപക)


ക്വീർ സൗഹൃദമാകണം ആരോഗ്യ മേഖല


‘കൺവർഷൻ തെറാപ്പി’ എന്ന അശാസ്‌ത്രീയ രീതി പൂർണമായി ഇല്ലാതാക്കലുൾപ്പെടെ ക്വീർ സൗഹൃദ സമീപനം ആരോഗ്യ മേഖലയിലുണ്ടാവേണ്ടതുണ്ട്‌. 2021 ൽ ക്വീരള സംഘടനയുടെ പരാതിയിൽ ഹൈക്കോടതി കൺവർഷൻ തെറാപ്പി പ്രശ്‌നങ്ങൾ പഠിക്കാനും പ്രോട്ടോക്കോൾ ഉണ്ടാക്കാനുമായി ഉത്തരവിട്ടതിനെ തുടർന്ന്‌ സർക്കാർ വിദഗ്‌ധ സമിതിയെ രൂപീകരിച്ചു. ‘കൺവർഷൻ തെറാപ്പി’ യിലടക്കം സമിതി റിപ്പോർട്ട്‌ അനുസരിച്ചുള്ള ശുപാർശകൾ ഇപ്പോഴും ചുവപ്പ്‌ നാടയിലാണെന്നതാണ്‌ വൈരുദ്ധ്യം.


ജൻഡർ സെൻസിറ്റിവിറ്റി, സെക്ഷ്വൽ ഓറിയന്റേഷൻ എന്നിവയിൽ അവബോധമില്ലാ പ്രൊഫഷണലുകളാണ്‌ ഇരകളെ സൃഷ്‌ടിക്കുന്നത്‌. ഡബ്ല്യുപാത്ത്‌ (വേൾഡ്‌ പ്രൊഫഷണൽ അസോസിയേഷൻ ഫോർ ട്രാൻസ്‌ജൻഡർ ഹെൽത്ത്‌) എന്ന കൂട്ടായ്‌മയാണ്‌ ട്രാൻസ്‌ജൻഡർ കമ്മ്യൂണിറ്റിയുടെ മാനസിക–-ശാരീരിക ആരോഗ്യം സംബന്ധിച്ചുള്ള ചികിത്സയ്‌ക്കും പരിചരണത്തിനുമുള്ള മാർഗ നിർദേശങ്ങൾ തയ്യാറാക്കു ന്നത്‌. എന്നാൽ കേരളത്തിൽ വിരലിലെണ്ണാവുന്ന പ്രൊഫഷണലുകൾ മാത്രമാണ്‌ ഡബ്ല്യുപാത്ത്‌ പരിശീലനം നേടിയത്‌. ആരോഗ്യ രംഗത്തുള്ളവരിൽ ഡബ്ല്യുപാത്ത്‌ പരിശീലനം നിർബന്ധമാക്കണമെന്ന്‌ സാമൂഹിക പ്രവർത്തകയും കണ്ണൂർ മെഡി. കോളേജ്‌ കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. എ കെ ജയശ്രീ പറയുന്നു. ഇത്തരം വിഷയങ്ങളെ അഭിസംബാേധന ചെയ്യുന്ന സമഗ്ര ആരോഗ്യ പദ്ധതി വന്നിട്ടില്ല. ക്വീർ സൗഹൃദ കാഴ്‌ചപ്പാടിൽ മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ പാഠ്യ പദ്ധതിയിൽ മാറ്റം, അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഉണ്ടാവണം. ആരോഗ്യ വകുപ്പിൽ നിന്ന്‌ ഇടപെടലുകളുണ്ടാവേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.


അതേ സമയം എൽജിബിടിക്യുഎപ്ലസ്‌ വിഭാഗത്തിന്റെ ആവശ്യങ്ങൾ കൂടി പരിഗണിച്ചുള്ള ജൻഡർ ഇൻക്ലൂസിവ്‌ ഹെൽത്ത്‌ സിസ്‌ററം എന്ന പദ്ധതി സംസ്ഥാനത്ത്‌ ഒരുങ്ങുന്നുണ്ട്‌. കൺവർഷൻ തെറാപ്പിയ്‌ക്കെതിരെ ബോധവൽക്കരണവും ക്യാമ്പയിനും ഇതിന്റെ ഭാഗമായി നടപ്പാക്കുമെന്ന്‌ സ്‌റ്റേറ്റ്‌ ഹെൽത്ത്‌ സിസ്‌റ്റം റിസോഴ്‌സ്‌ സെന്റർ എക്‌സിക്യുട്ടീവ്‌ ഡയറക്ടർ ഡോ. വി ജിതേഷ്‌ പറഞ്ഞു.


(ലാഡ്‌ലി മീഡിയ ഫെല്ലൊഷിപ്പിന്റെ ഭാഗമായി എഴുത്തുകാരിയുടെ കണ്ടെത്തലുകളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി തയ്യാറാക്കിയ വാർത്ത)




deshabhimani section

Related News

View More
0 comments
Sort by

Home