വിസ്മയം മഹാനടനം

mohanlal
avatar
ഭാനുപ്രകാശ്

Published on Sep 22, 2025, 12:15 AM | 2 min read

പതിനഞ്ചു വർഷം മുമ്പാകണം, ചെന്നൈ താംബരത്തുള്ള കിഷ്കിന്ധ പാർക്കിൽവച്ച് നവോദയ അപ്പച്ചൻ പറഞ്ഞു: "ഒരുപക്ഷേ, അന്നത്തെ ആ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ ലാലുമോൻ വന്നില്ലായിരുന്നെങ്കിൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളു'ടെ ഗതി എന്താകുമായിരുന്നെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്’. ആ ചിത്രത്തിലെ വില്ലൻ നരേന്ദ്രനായി അന്നത്തെ പ്രമുഖനായ നടന്റെ മുഖം നിർമാതാവും സംവിധായകനുമായ അപ്പച്ചന്റെ മനസ്സിലുണ്ടായിരുന്നു. എന്തൊക്കെയോ കാരണത്താൽ ആ നടൻ അതിൽനിന്ന്‌ വഴുതിപ്പോയത് ഒരു മഹാഭാഗ്യമായാണ് പിന്നീട് കണ്ടത്. ഭാഗ്യപരീക്ഷണത്തിനെത്തിയ മോഹൻലാലിന് സിറ്റുവേഷനും ഡയലോഗും പറഞ്ഞുകൊടുത്തശേഷം രജനീകാന്തിനെപ്പോലെ വളരെ സ്റ്റൈലിഷായി അഭിനയിക്കാനാണ് ആവശ്യപ്പെട്ടത്.

"രജനീകാന്തിനെപ്പോലെ അഭിനയിക്കാൻ എനിക്കാകില്ല; എനിക്ക് ചെയ്യാൻ പറ്റുന്നരീതിയിൽ കാണിക്കാം’ എന്നു പറഞ്ഞാണ്‌ മോഹൻലാൽ ആ രംഗം അഭിനയിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ഫാസിലും ജിജോയും തൊണ്ണൂറും തൊണ്ണൂറ്റഞ്ചും വീതം മാർക്കിട്ടു. അന്ന് ഫാസിലും ജിജോയും മോഹൻലാലിലെ നടനിൽ പുലർത്തിയ ദീർഘവീക്ഷണം ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളു'ടെ ഗതിമാത്രമല്ല മാറ്റിമറിച്ചത്; മലയാള സിനിമയുടെ പിൽക്കാല ചരിത്രംകൂടിയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' കണ്ടിറങ്ങിയവർക്ക് മാത്രമല്ല, അക്കാലത്ത് വില്ലൻ വേഷങ്ങളിൽ നിറഞ്ഞാടിയവർക്കും പറയാനേറെയുണ്ടായിരുന്നു നരേന്ദ്രനെക്കുറിച്ച്. അങ്ങനെയൊരു വില്ലൻ മലയാളത്തിന്റെ വെള്ളിത്തിരയ്‌ക്ക് ആദ്യാനുഭവമായിരുന്നു. "ആ ചെറുപ്പക്കാരൻ കയറി വരും’. വലിയ നടന്മാരുടെ വാക്കുകൾ തെറ്റിയില്ല. വില്ലൻ വേഷങ്ങളുടെ ആവർത്തനങ്ങൾക്കിടയിലും നന്മയുടെ, സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ ചില വേഷപ്പകർച്ചകൾ മോഹൻലാലിൽനിന്നുണ്ടായി. കഥാപാത്രമേതായാലും വിശ്വസിച്ചേൽപ്പിക്കാമെന്ന നില വന്നു.

പത്തു ലഭിച്ചാൽ നൂറാക്കി തിരിച്ചുകൊടുക്കുന്ന അഭിനയത്തിന്റെ ആ മാജിക്കെന്താണെന്ന് ഇന്നും ഈ നടനറിയില്ല. കോളേജ് പഠനകാലത്ത് മൂവികാമറയെ ആദ്യമായി അഭിമുഖീകരിച്ച ‘തിരനോട്ടം' മാറ്റി നിർത്തിയാൽ, നീണ്ട 45 വർഷം. മുന്നൂറ്റന്പതിലേറെ കഥാപാത്രങ്ങൾ. അഭിനയമികവിനുള്ള സംസ്ഥാന, ദേശീയ ബഹുമതികൾ പലവട്ടം. ഇപ്പോഴിതാ, ചലച്ചിത്രപ്രവർത്തകന് രാജ്യത്ത് കിട്ടാവുന്ന പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽകെ പുരസ്‌കാരവും. "അഭിനയം തുടരാതെ വയ്യ; കാരണം, ഇതല്ലാതെ എനിക്ക്‌ മറ്റൊരു ജോലിയും അറിയില്ല.’ സത്യൻ അന്തിക്കാടിന്റെ ‘അപ്പുണ്ണി'യുടെ ചിത്രീകരണം കോഴിക്കോട് ജില്ലയിലെ മണ്ണൂരിലും പരിസരത്തും നടക്കുമ്പോഴാണ് മോഹൻലാൽ എന്ന നടനെ ആദ്യമായി നേരിൽ കാണുന്നത്. ഭരത് ഗോപിക്കും നെടുമുടി വേണുവിനും ശങ്കരാടിക്കുമൊപ്പം വട്ടത്തിലിരുന്ന് കുതിരവട്ടം പപ്പുവിന്റെ തമാശകൾ ആസ്വദിക്കുന്ന വെള്ള ഷർട്ടും മുണ്ടും ധരിച്ച നടന്റെ രൂപം ഇന്നും ഓർമയിലുണ്ട്. വർഷങ്ങൾ കടന്നുപോയപ്പോൾ ‘വാനപ്രസ്ഥ'ത്തിന്റെ ലൊക്കേഷനിൽ കഥകളി നടൻ കുഞ്ഞിക്കുട്ടന്റെ വേഷത്തിലിരുന്ന് ‘ദേശാഭിമാനി'ക്കുവേണ്ടി ആദ്യമായി മോഹൻലാൽ ഇ‍ൗ ലേഖകനോട് സംസാരിച്ചു. ‘കന്മദ'ത്തിന്റെയും ‘ഉസ്താദി'ന്റെയും ലൊക്കേഷനുകളിലൂടെയും കടന്നുപോയി ആ വർത്തമാനങ്ങൾ. ഇരുപത്താറ് വർഷത്തെ സൗഹൃദത്തിനിടയിൽ എത്രയെത്ര സംഭാഷണങ്ങൾ, യാത്രകൾ. അഭിനയ ജീവിതത്തിന്റെ 25–ാം വർഷത്തിലാണ് മുൻകൂട്ടി അറിയിക്കാതെ ‘ദേശാഭിമാനി'ക്കു വേണ്ടി ഒറ്റപ്പാലത്ത് ‘ബാലേട്ട'ന്റെ ലൊക്കേഷനിൽ എത്തുന്നത്. സിനിമയിലെ ക്ലൈമാക്സ്‌ ഫൈറ്റിനിടയിൽ പരിഭവിച്ചു, "ഒന്നു വിളിച്ചാൽ പോരായിരുന്നോ; നമുക്ക് സംസാരിക്കാൻ സമയം മാറ്റിവയ്‌ക്കാമായിരുന്നു.’ രാത്രി വൈകിയിട്ടും ഷൂട്ടിങ് തീർന്നില്ല. സെറ്റിലിരുന്ന് മുഷിയേണ്ടെന്ന് കരുതിയാകും പറഞ്ഞു, "നിങ്ങൾ ഇപ്പോ പൊയ്ക്കോളൂ; പ്രയാസമാകില്ലെങ്കിൽ വെളുപ്പിന് അഞ്ചിന്‌ എത്തിയാൽ ഒരു മണിക്കൂർ സംസാരിക്കാം..

’ രാത്രി ഏറെ വൈകി ഷൂട്ടിങ് കഴിഞ്ഞിറങ്ങി പുലർച്ചെ അഞ്ചിന്‌ എന്നോട് സംസാരിക്കണമെങ്കിൽ ഈ നടൻ എത്ര സമയം ഉറങ്ങിയിട്ടുണ്ടാകുമെന്ന ആശങ്കയോടെ ഒറ്റപ്പാലത്ത് ഹോട്ടൽ മുറിയിലെത്തുമ്പോൾ സംസാരിക്കാൻ അദ്ദേഹം തയ്യാറായിരിപ്പുണ്ടായിരുന്നു. ഒരു മണിക്കൂറും കടന്ന് സമയം ഏഴായി. ‘നിങ്ങളുടെ ചോദ്യങ്ങൾ തീർന്നില്ലെങ്കിൽ എനിക്കൊപ്പം ലൊക്കേഷനിലേക്ക് വരാം; യാത്രയ്‌ക്കിടയിൽ സംസാരിക്കാം.’ ദേശാഭിമാനി വാരാന്തപ്പതിപ്പിൽ കവർ സ്റ്റോറിയായി വന്ന ആ സംഭാഷണം അഭിനയ ജീവിതത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിലെ മോഹൻലാലിന്റെ ആദ്യ അഭിമുഖംകൂടിയായിരുന്നു. വർഷങ്ങൾ പിന്നെയും കടന്നുപോയപ്പോൾ ലോകം ആദരിക്കുന്ന മഹാനടന്റെ ജീവചരിത്രമെഴുതാനുള്ള നിയോഗവും വന്നുചേർന്നു. അത് പകർത്താനുള്ള യാത്രയിലെപ്പോഴോ പറഞ്ഞു: "ഇനി അപ്പച്ചൻ സാറിനെ കാണുമ്പോൾ ചോദിക്കണം, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ഷൂട്ട് ചെയ്ത ആ കാമറ എനിക്ക് തരാമോ എന്ന്.’ ഏറെ വൈകാതെ അപ്പച്ചൻ ആ കാമറ മോഹൻലാലിന് സമ്മാനിക്കുകയും ചെയ്തു. (മോഹൻലാലിന്റെ ജീവചരിത്രകാരനാണ്‌ ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home