മാനവികതയുടെ കഥാകാരൻ

Vijoo Krishnan

വിജൂ കൃഷ്ണൻ / ഫോട്ടോ: പി വി സുജിത്‌

avatar
അഖില ബാലകൃഷ്ണൻ

Published on Aug 24, 2025, 12:00 AM | 4 min read

‘Of land lives and lores’, നാടിന്റെ ജീവിതങ്ങളുടെ പോരാട്ടങ്ങളുടെ കഥകൾ. കർഷക പ്രസ്ഥാനത്തിനും പാർടിക്കും വേണ്ടി ഇന്ത്യയൊട്ടാകെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും നടത്തിയ യാത്രകൾ. ഓരോ യാത്രയിലും ആദ്യം കണ്ണിലും പിന്നീട്‌, ക്യാമറയിലും പതിഞ്ഞ മനുഷ്യർ, മണ്ണ്‌, പ്രകൃതി, ജീവിതങ്ങൾ. ഓരോ കാഴ്‌ചയും കഥകളായി മാറുന്ന ഫ്രെയിമുകൾ. സമരജീവിതത്തിനിടെ പകർത്തിയ കഥകൾ കാൻവാസുകളിലാക്കി പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജു കൃഷ്ണൻ. ആഗസ്ത്‌ 28ന്‌ കോഴിക്കോട്‌ ആർട്ട്‌ ഗ്യാലറിയിൽ മാനവികതയുടെ ആ ക്ലിക്കുകൾ പ്രദർശനത്തിനെത്തും.
ഫോട്ടോഗ്രാഫുകളിൽ ഉണ്ടാകേണ്ട ഒരേയൊരു കാര്യം അത്‌ പകർത്തുന്ന നിമിഷത്തിലെ മനുഷ്യസ്‌നേഹം അല്ലെങ്കിൽ മാനുഷികതയാണെന്ന്‌ പറഞ്ഞത്‌ വിഖ്യാത ഫോട്ടോഗ്രാഫറായ റോബർട്ട്‌ ഫ്രാങ്ക്‌ ആണ്‌. അദ്ദേഹത്തിന്റെ ‘ദ അമേരിക്കൻസ്‌’ പോലുള്ള ഫോട്ടോ സീരീസിൽ സാമ്രാജ്യത്വത്തിന്റെ പിടിയിൽ കഷ്ടപ്പെടുന്ന കറുത്തവർഗക്കാരെയും തൊഴിലാളികളെയും കാണാം. വിജുവിന്റെ ക്ലിക്കുകളിലധികവും കാണാനാകുന്നത്‌ തൊഴിലാളികളും കർഷകരുമാണ്‌. ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങളാണ്‌. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലോ കാറിലോ നിന്നെടുത്ത പുറത്തെ കാഴ്‌ചകളായതുകൊണ്ടു തന്നെ പലതും അപൂർണവുമാണ്‌. ഇതേ അപൂർണതകൾ ഫ്രാങ്കിന്റെ ചിത്രങ്ങളിലുമുണ്ട്‌. ഒരു യാത്രികൻ മറ്റൊരു നാട്ടിലെത്തുമ്പോൾ അവിടുത്തെ ജനതയെ കാണുന്ന കണ്ണിലൂടെയാണ്‌ ഫ്രാങ്കിന്റെ ചിത്രങ്ങളിലെ മനുഷ്യരെ കാണാനാകുക. ഇതേ സമാനത വിജുവിന്റെ ചിത്രങ്ങളിലും പ്രകടമാണ്‌.
vijoo01.jpegവിജൂ കൃഷ്ണൻ പകർത്തിയ ചിത്രം.
യാത്രയിലെ കൂട്ട്‌
മെർച്ചന്റ്‌ നേവിയിലുണ്ടായിരുന്ന അമ്മാവൻ കുട്ടിക്കാലത്ത്‌ ആദ്യമായി ഒരു ക്യാമറ സമ്മാനിച്ചിരുന്നു. ഒരു ഭാഗത്ത്‌ ക്യാമറയും മറ്റൊരു ഭാഗത്ത്‌ റേഡിയോയുമുള്ള നാഷണൽ പാനസോണിക്കിന്റെ പ്രത്യേകതരം ഫിലിം ക്യാമറ. തുടക്കത്തിലെ ക്ലിക്കുകളൊക്കൊ അതിലായിരുന്നു. പിന്നീട്‌, അനുജത്തിയും സഖാക്കളും സുഹൃത്തുക്കളും ചേർന്ന്‌ പുതിയ വെർഷനുകളിലേക്ക്‌ അപ്‌ഗ്രേഡ്‌ ചെയ്യാൻ സഹായിച്ചു .


vijoo3.jpeg ഉത്തരേന്ത്യയിലും മറ്റുരാജ്യങ്ങളിലും നടത്തിയ യാത്രകളിലാണ്‌ ക്യാമറ കൂടുതലായും ഉപയോഗിച്ചത്‌. അതെല്ലാതെയുള്ള ചിത്രങ്ങളൊക്കെ മൊബൈൽ ക്യാമറയിലാണ്‌. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാനും അവരെ സംഘടിപ്പിക്കാനുമുള്ള യാത്രകൾ മിക്കവാറും ഒറ്റയ്ക്കാകും. പുസ്തകങ്ങളും സിനിമകളും ഫോട്ടോഗ്രഫിയുമാകും കൂട്ട്‌. പെട്ടെന്ന്‌ മനസ്സിലുടക്കുന്ന കാഴ്‌ചകൾ പകർത്താൻ മൊബൈൽ ക്യാമറയാണ്‌ സ‍ൗകര്യം. വാഹനങ്ങളിൽ നിന്ന്‌ പുറത്തെ കാഴ്‌ചകൾ പകർത്തുമ്പോൾ കൈകൾ സ്ഥിരതയോടെ പിടിക്കാനാകുന്നത്‌ കൊണ്ട്‌ കുലുക്കമില്ലാതെ ക്ലിക്ക്‌ ചെയ്യാനാകും. മനുഷ്യരെ പകർത്താനാണ്‌ കൂടുതൽ താൽപര്യം. എന്നാൽ, പലപ്പോഴും അവരുടെ സമ്മതം എന്നത്‌ ചോദ്യമായി അവശേഷിക്കും.
മോണോക്രോമും സാൽഗാഡോയും
പ്രശസ്ത ബ്രസീലിയൻ ഫോട്ടോഗ്രാഫറായ സെബാസ്റ്റ്യോ സാൽഗാഡോ, ചെഗുവേരയുടെ പ്രശസ്തമായ ഫോട്ടോ ക്ലിക്ക്‌ ചെയ്ത ആൽബർട്ടോ കോർഡ, സുനിൽ ജാനാഹ്‌ എന്നിവരാണ്‌ പ്രചോദനം. ഫോട്ടോഗ്രാഫുകളിൽ അധികവും ബ്ലാക്ക്‌ ആൻഡ്‌ വൈറ്റിൽ പ്രദർശിപ്പിക്കുന്നതും ഇവരുടെ ക്ലിക്കുകളോടുള്ള പ്രിയത്തിലാണ്‌. സുനിൽ ജാനാഹിന്റെ കയ്യൂർ, തെഭാഗ,തെലങ്കാന സമരചിത്രങ്ങൾ വളരയധികം സ്വാധീനിച്ചിട്ടുണ്ട്‌. സാൽഗാഡോ വെറുമൊരു ഫോട്ടോഗ്രാഫർ എന്നതിനപ്പുറം ‘മാനവികതയുടെ കഥാകാരനാണ്‌’. പതിറ്റാണ്ടുകളോളം ദരിദ്രരുടെയും തൊഴിലാളികളുടെയും കുടിയിറക്കപ്പെട്ടവരുടെയും ജീവിതങ്ങൾ അദ്ദേഹം പകർത്തി. പ്രകൃതിയും പക്ഷികളും നിർമിതികളും പ്രിയ ഫ്രെയിമുകളായി. ഇന്ത്യയിലെ ദരിദ്ര ജനതയെ കുടിയിറക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ തൊഴിലാളികളെ പകർത്തുമ്പോൾ ഇവരുടെ ചിത്രങ്ങൾ തന്നെയായിരുന്നു മനസ്സിൽ. എന്നാൽ, ഇവരെല്ലാം ഫോട്ടോഗ്രാഫുകളെടുക്കാൻ സമരമുഖങ്ങളിലെത്തിയവരാണ്‌. പക്ഷേ, ഇവിടെ സമരം ജീവിതത്തിന്റെ ഭാഗമാകുകയും അതിലേക്ക്‌ ഫോട്ടോഗ്രഫി കടന്നുവരികയുമായിരുന്നു.
vijoo monochormes 04.pngവിജൂ കൃഷ്ണൻ പകർത്തിയ മോണോക്രോമുകൾ
സെനഗലിലെ പെൺകുട്ടി
ട്രേഡ്‌ യൂണിയൻ ഇന്റർനാഷണലിന്റെ കോൺഫറൻസിൽ പങ്കെടുക്കാനാണ്‌ ആഫ്രിക്കയിലെ സെനഗൽ സന്ദർശിക്കുന്നത്‌. അവിടെ ആഫ്രിക്കൻ നവോത്ഥാന സ്മാരകത്തിന്റെ മുന്നിൽ നിൽക്കുമ്പോൾ ഒരു പെൺകുട്ടി വന്ന്‌ ഫോട്ടോ എടുക്കാൻ ആവശ്യപ്പെട്ടു. ആ പെൺകുട്ടിയാണ്‌ പ്രദർശനത്തിലെ ഏറ്റവും ആകർഷകമായ ഫോട്ടോ. ഇത്തരത്തിൽ ഒരു ചിത്രവും അന്വേഷിച്ച്‌ പോയി കണ്ടെത്തിയതല്ല. യാത്രകളിൽ അവ ഓരോന്നും തേടിയെത്തുകയായിരുന്നു.
ആഫ്രിക്കയെ കൂടാതെ, ദുബായ്‌, പാരിസ്‌, ജപ്പാനിലെ ക്യോട്ടോ, ഹിരോഷിമ എന്നിവിടങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. മനുഷ്യരെ കൂടാതെ പഴയ ഏതെങ്കിലും ചുവരുകളിൽ മായാതെ കിടക്കുന്ന ശേഷിപ്പുകൾ, പക്ഷികൾ, പൂക്കൾ, കെട്ടിട നിർമിതികൾ ഇവയെല്ലാം പകർത്തി.
സെനഗലിലെ ഐലാൻഡ്‌ ഓഫ്‌ നോ റിട്ടേൺ എന്നറിയപ്പെടുന്ന ഗോരീ ഐലാൻഡിലുള്ള ബാവുബാബ്‌ മരം, ദുബായ്‌ മ്യൂസിയത്തിലെ ക്രിസ്തുവിനും 2000 വർഷങ്ങൾക്ക്‌ മുമ്പുള്ള ശിൽപം, മഹാരാഷ്ട്രയിലെ ബീബീ ക മക്‌ബറ ഇവയെല്ലാം പ്രിയപ്പെട്ടത്‌. അഗോര, വൺ ഐ ലാൻഡ്‌ തുടങ്ങിയ അന്താരാഷ്ട്ര ഫോട്ടോഗ്രഫി പേജുകളുടെ ഓൺലൈൻ ഗാലറിയിൽ ഫോട്ടോഗ്രാഫുകൾ പ്രദർശിപ്പിക്കാനായത്‌ മറ്റൊരു സന്തോഷം. കണ്ണൂരിൽ നിന്നെടുത്ത വൂർബർഗ്‌ ഷീൽഡ്‌ ക്രോപ്പർ ഗണത്തിലുള്ള പ്രാവിന്റെ ചിത്രം വൺ ഐലാൻഡ്‌ മൊബൈൽ ഫോട്ടോഗ്രഫിയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഫോട്ടോകളിലൊന്നായി തെരഞ്ഞെടുത്തിരുന്നു. ചിത്രങ്ങൾ എഡിറ്റ്‌ ചെയ്യുന്നതും സ്വന്തമായാണ്‌.
vijoo 5.jpeg
അസമിൽ കുടിയിറക്കപ്പെട്ടവർ
ഇന്ത്യൻ പ‍ൗരരെ മുസ്ലിം ആയതിന്റെ പേരിൽ കുടിയിറക്കുന്ന സർക്കാരാണ്‌ അസമിലേത്‌. അവിടെ രണ്ട്‌ കർഷകർ വെടിവെയ്‌പ്പിൽ കൊല്ലപ്പെട്ടിരുന്നു. മരിച്ച കർഷകരുടെ മൃതദേഹത്തിന്‌ മുകളിൽ കയറി ഒരു ഫോട്ടോഗ്രാഫർ ആഹ്ലാദപ്രകടനം നടത്തുന്ന സംഭവമുണ്ടായി. കുടിയിറക്കിയ ജനങ്ങൾക്കുള്ള ദുരിതാശ്വാസവുമായാണ്‌ പാർടിയുടെയും കർഷക സംഘത്തിന്റെയും പ്രതിനിധി സംഘം അസമിലെത്തിയത്‌. അവിടെ കണ്ട ജനങ്ങളുടെ മുഖഭാവം ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്തതാണ്‌. ഗാന്ധി സിനിമയിൽ ഇന്ത്യാ വിഭജനം കാണിക്കുന്ന ദൃശ്യങ്ങൾക്ക്‌ സമാനമായിരുന്നു കാഴ്‌ചകൾ. അന്നുവരെ ജീവിച്ചിരുന്ന നാട്ടിൽ നിന്നും ബംഗ്ലാദേശികളാണെന്ന്‌ പറഞ്ഞ്‌ നാടുകടത്തപ്പെടുന്ന അവസ്ഥ. അന്ന്‌ ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന ഒരു കുട്ടിയുടെ ചിത്രം ഒരു ജനതയുടെ തന്നെ ഭീകരാവസ്ഥ ലോകത്തോട്‌ വിളിച്ചുപറയുമെന്ന്‌ തോന്നി. ആ ചിത്രവും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.
തമിഴ്‌നാട്ടിലെ ത്രിച്ചിയിലെ ചുമട്ടുതൊഴിലാളിയായ മുരുഗൻ, മാനാമധുരയിലെയും മൺപാത്ര തൊഴിലാളികൾ, നീലഗിരിയിൽ കുടിയിറക്ക്‌ ഭീഷണി നേരിടുന്നവർ, മണിപ്പുരിൽ സ്ത്രീകൾ മാത്രം നടത്തുന്ന ഇമ (അമ്മമാരുടെ) മാർക്കറ്റ്‌, ഉത്തരാഖണ്ഡിൽ പാർടി പരിപാടിക്ക്‌ വന്ന കർഷകരുടെ വൻ ജനാവലി തുടങ്ങി രാജ്യത്തെ തൊഴിലെടുക്കുന്ന ജനതയുടെ ജീവിതം പകർത്താനായി.
vijoo monochormes 06.png
ദുരന്തമുഖത്തെ ചിത്രങ്ങൾ
കേരളത്തിന്‌ പുറത്തേക്ക്‌ പോയാൽ ദരിദ്ര ഇന്ത്യയുടെ യഥാർഥ മുഖം കാണാനാകും. ചില ചിത്രങ്ങൾ എടുക്കുമ്പോൾ വല്ലാത്ത അസ്വസ്ഥതയുണ്ടാകും. കീറിയ വസ്ത്രം ധരിച്ച്‌ റോഡരികിൽ കിടക്കുന്ന തൊഴിലാളിയുടെ ചിത്രം അങ്ങനെ പ്രദർശനത്തിൽ നിന്നും ഒഴിവാക്കേണ്ടി വന്നു. എന്നാൽ, രാജ്യത്തെ ജനങ്ങളോട്‌ ഭരണകൂടം ചെയ്യുന്ന ക്രൂരതകൾ മുഴുവൻ ഡോക്യുമെന്റ്‌ ചെയ്യാൻ ഒരൊറ്റ ഫോട്ടോഗ്രാഫിനാകും എന്നാണ്‌ വിശ്വാസം.

നാസി ക്രൂരതകൾ പുറത്തുകൊണ്ടു വരുന്നതിൽ ഫോട്ടോഗ്രാഫുകൾ വഹിച്ച പങ്ക്‌ വലുതാണ്‌. ദുരന്തമുഖത്തും അനീതി അനുഭവിക്കുന്ന ജനങ്ങളുടെയും ചിത്രങ്ങൾ മാനസികമായി ബുദ്ധിമുട്ട്‌ ഉണ്ടാക്കുന്നെങ്കിലും അതൊരു ചരിത്രരേഖ കൂടിയാണ്‌. ഭരണകൂട ഭീകരത കൂടാതെ, ഒഡീഷയിലെ ചുഴലിക്കാറ്റ്‌, വയനാട്‌ ദുരന്തം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ ചിത്രങ്ങളും എടുക്കാനായി. 2002ൽ ഗുജറാത്ത്‌ കലാപത്തിന്റെ ഫാക്‌ട്‌ ഫൈൻഡിങ്‌ സംഘത്തിന്റെ ഭാഗമായിരുന്നു. അന്ന്‌ കലാപത്തിന്റെ ദുരന്തം വ്യക്തമാക്കുന്ന ശേഷിപ്പുകൾ ക്യാമറയിൽ പകർത്തി. ഫിലിം ക്യാമറയിലെ ചിത്രങ്ങൾ പലതും വീണ്ടെടുക്കാൻ ആകാത്തതിനാൽ പ്രദർശനത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
vijookrishnan 06.jpeg
അവരിലൊരാളായി
ബിജെപി ഭരണകൂട ഭീകരതയ്ക്കെതിരെ വിവിധ സംസ്കാരങ്ങളുള്ള ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾക്കിടയിൽ സംഘടനയുടെ ഉത്തരവാദിത്വം കടുപ്പമേറിയതാണ്‌. അവരുടെ രീതികൾ സ്വീകരിച്ച്‌ അവരിലൊരാളായി മാറിയത്‌ അതിന്‌ ഒരുപാട്‌ സഹായിച്ചു. ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറമുള്ള ഭക്ഷണരീതികൾ വരെ നമ്മുടേതാക്കേണ്ടി വരും. അവർക്ക്‌ കഴിക്കാമെങ്കിൽ നമുക്കും കഴിക്കാം എന്ന ചിന്തയിൽ വ്യത്യസ്തമായ പല ഭക്ഷണങ്ങളും കഴിച്ചു. എട്ടോളം ഭാഷകൾ വായിക്കാനും 11 ഭാഷകളിൽ സംസാരിക്കാനും പഠിച്ചു. ലോക്‌ഡ‍ൗൺ സമയത്ത്‌ സ്പാനിഷ്‌ പഠിച്ചു.
കർഷക സമരത്തിന്റെ ഭാഗമായി ഉത്തരേന്ത്യയിൽ നടത്തിയ റാലിയിൽ തൊഴിലാളികളുടെയും കർഷകരുടെയും ബഹുജന മുന്നേറ്റം ഉറപ്പാക്കാനായത്‌ അവരിലേക്ക്‌ എത്തിയതിന്റെ ഫലമായാണ്‌. 2014നു ശേഷമുള്ള മോദി ഭരണകാലത്ത്‌ അഞ്ചര ലക്ഷത്തോളം കർഷകരും കർഷകത്തൊഴിലാളികളും ദിവസവേതനക്കാരും ആത്‌മഹത്യ ചെയ്തെന്നാണ്‌ സർക്കാർ കണക്ക്‌. കർഷക സമരത്തിനിടയിൽ 736 കർഷക സഖാക്കൾ കൊല്ലപ്പെട്ടു. വൻ ജനാവലി അണിനിരന്ന്‌ നടന്ന കിസാൻ ലോങ്‌ മാർച്ചിൽ അലയടിച്ചത്‌ ഒരു ദശാബ്ദമായി അടിച്ചമർത്തപ്പെട്ട കർഷക രോഷമാണ്‌.
vijoo 06.png
സമുദ്രനിരപ്പിൽ നിന്നും 1451 മീറ്റർ ഉയരത്തിൽ മഞ്ഞുമൂടിയ ഉത്തരാഖണ്ഡിലെ കരൺപ്രയാഗിൽ പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച്‌ പാർടി സമ്മേളനത്തിനെത്തിയ സ്ത്രീകളുടെ പങ്കാളിത്തത്തെ വേദിയിൽ നിന്നും പകർത്തിയതും പ്രദർശനത്തിലുണ്ട്‌.
സഖാക്കളുടെ പിന്തുണ
ജീവിതത്തിലുടനീളം രാഷ്ട്രീയപ്രവർത്തനത്തിൽ ക്യാമറയെ സഹയാത്രികനാക്കാൻ പിന്തുണയായത്‌ സഖാക്കളാണ്‌. കുട്ടിക്കാലം മുതൽക്ക്‌ തന്നെ കൈമാറി കിട്ടിയ ഫിലിം ക്യാമറ. അതിൽനിന്നും തുടങ്ങിയ ക്ലിക്കുകൾ ഇന്ന്‌ ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. കഷ്ടപ്പെടുന്ന ഓരോ ജനതയെ പകർത്തുന്നതും രാഷ്ട്രീയ പ്രവർത്തനമായാണ്‌ കാണുന്നത്‌.
ദേശാഭിമാനി, തീക്കതിർ, പ്രജാശക്തി, നവ തെലങ്കാന തുടങ്ങി പാർടി പത്രങ്ങളുടെയെല്ലാം ഫോട്ടോഗ്രാഫർമാരുടെ പിന്തുണ എല്ലാ ഘട്ടങ്ങളിലും ലഭിച്ചിട്ടുണ്ട്‌. 28ന്‌ കോഴിക്കോട്‌ ആർട്‌ ഗ്യാലറിയിലെ പ്രദർശനം സഖാവ്‌ ബൃന്ദാ കാരാട്ട്‌ ഉദ്‌ഘാടനം ചെയ്യും. ഫുട്‌ബോൾ താരവും ഒരു ഫോട്ടോഗ്രാഫർ കൂടിയായ സി കെ വിനീത്‌, പാർടി ജില്ലാ സെക്രട്ടറി മെഹ്‌ബൂബ്‌ തുടങ്ങിയവർ പങ്കെടുക്കും.
vijoo 07.png



deshabhimani section

Related News

View More
0 comments
Sort by

Home