വെള്ളായണിയിലെ വിത്തുകളും ശുഭാംശു ശുക്ലയ്ക്കൊപ്പം

Axiom 4 Mission
avatar
ദിലീപ്‌ മലയാലപ്പുഴ

Published on Jun 11, 2025, 12:00 AM | 3 min read



കേരളത്തിൽ നിന്നുള്ള ജ്യോതിയും ഉമയും സൂര്യയും കനകമണിയും തിലകതാരയും വിജയയുമെല്ലാം ശുഭാംശു ശുക്ലയ്ക്കൊപ്പം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തും. കേരള കാർഷിക സർവകലാശാലയിൽ നിന്നുള്ള ആറ്‌ വിത്തിനങ്ങളാണിവ. സർവകലാശാലയുടെ വെള്ളായണി കാർഷിക കോളജിൽ നിന്ന്‌ ഇവ പ്രത്യേക പാക്കറ്റുകളിലാക്കി മൂന്നാഴ്‌ചക്ക്‌ മുമ്പ്‌ കൈമാറിയിരുന്നു. ശനിയാഴ്‌ച നാസയിലെത്തിച്ചു. ജ്യോതിയും ഉമയും കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്ന

അത്യുത്‌പാദന ശേഷിയുള്ള നെൽവിത്തിനങ്ങളാണ്‌. കനകമണി കുറ്റിപ്പയറും. തിലകതാരയെന്ന എള്ളിനവും സൂര്യ വഴുതനയും വെള്ളായണി വിജയ്‌ തക്കാളിയുമാണ്‌. കാർഷിക സർവകലാശാല വികസിപ്പിച്ച ഇവക്ക്‌ പ്രതിരോധ ശേഷി ഏറെയാണ്‌. ബഹിരാകാശത്ത്‌ ഭക്ഷ്യവിള വിത്തുകൾക്കുണ്ടാകുന്ന മാറ്റം പഠിക്കുകയാണ്‌ ലക്ഷ്യം. ഈ വിത്തുകൾ മടക്കികൊണ്ടുവന്ന്‌ ഭൂമിയിൽപാകി കിളിർപ്പിക്കും. ഇതിനായി പ്രത്യേക പോളി ഹൗസുകൾ സർവകലാശാല സ്ഥാപിക്കും. വിത്തിനങ്ങളുടെ വളർച്ച വിളവ്‌ എന്നിവ സൂക്ഷ്‌മമായി നിരീക്ഷിക്കും.


ഐഎസ്‌ആർഒയുടെ ഭാവി ഗോളാന്തര പര്യവേക്ഷണങ്ങൾക്കും ബഹിരാകാശ നിലയപദ്ധതിക്കുമുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണിത്‌. ഗോളാന്തരയാത്രകളിൽ ഉപയോഗിക്കാൻ കഴിയുന്ന വിത്തിനങ്ങളും സസ്യങ്ങളും വികസിപ്പിക്കുകയും സീറോ ഗ്രാവിറ്റി പ്രയോജനപ്പെടുത്തി ഇവിടെ ഭക്ഷ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കാനാവുമോ എന്നതും ലക്ഷ്യമാണ്‌. പ്രത്യേക കവചത്തോടുകൂടിയ പായ്‌ക്കറ്റുകളിലാക്കിയാണ്‌ 30 ഗ്രാമോളം വരുന്ന വിത്തിനങ്ങൾ ബഹിരാകാശ നിലയത്തിലേക്ക്‌ കൊണ്ടുപോകുക. വലിയമല ഐഐഎസ്‌ടിയും ഈ പരീക്ഷണത്തിന്റെ ഭാഗമാണ്‌. നിലവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ വിവിധ പച്ചക്കറികളും പൂച്ചെടികളും വളർത്തുന്നുണ്ട്‌. അടുത്തിടെ ചൈനയുടെ ബഹിരാകാശ നിലയമായ ടിയാഗോങിൽ നെല്ല്‌ വിളിയിച്ചിരുന്നു.


7 പരീക്ഷണം; 
കുടിക്കാൻ മാമ്പഴ ജ്യൂസ്

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ശുഭാംശു ശുക്ല ഏഴ്‌ ഗവേഷണ പരീക്ഷണങ്ങളാണ്‌ നടത്തുക. പേടകത്തിന്റെ പൈലറ്റ്‌ എന്നനിലയിൽ നിയന്ത്രണ, ആശയവിനിമയ സംവിധാനത്തിൽ നേരിട്ട്‌ പങ്കാളിയാവും. പേടകത്തെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്നതും വേർപെടുത്തുന്നതും ശുഭാംശുവാണ്‌.

പരീക്ഷണത്തിൽ ബഹിരാകാശ ജീവശാസ്ത്രത്തിന്റെയും ബയോ എൻജിനിയറിങ്ങിന്റെയും പ്രധാന മേഖല ഉൾപ്പെടുത്തിയിട്ടുണ്ട്‌. മൈക്രോ ആൽഗകളുടെ വളർച്ച, വിത്തു മുളപ്പിക്കൽ, പാരാമക്രോബയോട്ടസ് സൂക്ഷ്‌മജീവിയുടെ അതിജീവനം, പുനരുൽപാദനം, മൈക്രോഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനത്തിൽ മെറ്റബോളിക് സപ്ലിമെന്റുകളുടെ സ്വാധീനം, മൈക്രോഗ്രാവിറ്റിയിൽ ഇലക്ട്രോണിക് ഡിസ്‌പ്ലേകളുമായുള്ള മനുഷ്യന്റെ ഇടപെടൽ, ബാക്ടീരിയയുടെ വളർച്ച, ഭക്ഷ്യവിളകളുടെ വളർച്ചയിലും വിളവിലും ഗുരുത്വാകർഷണത്തിന്റെ സ്വാധീനം എന്നിവയാണവ.

കേരള കാർഷിക സർവകലാശാല, ഐഐഎസ്‌ടി, ഐഐടി ധാർവാർഡ്‌, ഐഐഎസ്‌സി ബംഗളൂരു, ബയോടെക്‌നോളജി വകുപ്പ്‌ തുടങ്ങിയവയെല്ലാം ഈ പരീക്ഷണങ്ങളുമായി സഹകരിക്കും. രാജ്മ-ചാവൽ, മൂങ് ദാൽ ഹൽവ, മാമ്പഴ അമൃത്, ജയ്പുരി മിശ്രിത പച്ചക്കറികൾ തുടങ്ങി പ്രത്യേകം തയ്യാറാക്കിയ ഇന്ത്യൻ വിഭവങ്ങൾ ശുഭാംശു ശുക്ലകൊണ്ടുപോകുന്നുണ്ട്‌. ഇവയെല്ലാം പ്രത്യേകം പായ്‌ക്കു ചെയ്‌താണ്‌ കൊണ്ടു പോകുന്നത്‌.


ലീഡർ പെഗ്ഗി 
വിറ്റ്‌സൺ

നാല്‌ തവണ ബഹിരാകാശ യാത്രയും നിരവധി സ്‌പേസ്‌ വാക്കും നടത്തി പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്‌സണാണ്‌ ആക്‌സിയം 4 ദൗത്യത്തിന്‌ നേതൃത്വം നൽകുന്നത്‌. ആക്‌സിയം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ്‌ ഫ്‌ളൈറ്റ്‌ ഡയറക്ടറും നാസയിലെ മുൻ ബഹിരാകാശ യാത്രികയുമാണ്‌. ചീഫ് ബഹിരാകാശ യാത്രികയായി സേവനമനുഷ്ഠിച്ച ശേഷം 2018ലാണ്‌ നാസയിൽനിന്ന്‌ വിരമിച്ചത്‌. തുടർന്ന്‌ ആക്‌സിയം സ്‌പേയ്‌സിൽ ചേർന്നു. നാസയിൽനിന്ന്‌ മുന്ന്‌ തവണയായി 655 ദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചു. ആദ്യ വനിതാ കമാന്ററാണ്‌. പത്ത്‌ സ്‌പേസ്‌ വാക്ക്‌ നടത്തി. ആക്‌സിയം സ്‌പേയ്‌സിന്റെ ഭാഗമായി ഒരു തവണ ബഹിരാകാശ നിലയത്തിൽ പോയി. 1960ൽ അമേരിക്കയിലെ അയവയിലാണ്‌ ജനനം. 1989ൽ റിസർച്ച്‌ ബയോകെമിസ്‌റ്റായാണ്‌ നാസയിൽ ചേർന്നത്‌.


പ്രചോദനം രാകേഷ്‌ ശർമ: 
ശുഭാംശു ശുക്ല

ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായ രാകേഷ്‌ ശർമയാണ്‌ തന്റെ പ്രചോദനമെന്ന്‌ ശുഭാംശു ശുക്ല. ചെറുപ്പത്തിൽതന്നെ അദ്ദേഹത്തെ പറ്റിയുള്ള പുസ്‌തകങ്ങളും കഥകളും ലേഖനങ്ങളും വായിച്ചിരുന്നു. അദ്ദേഹത്തിന്റെ ബഹിരാകാശ യാത്ര സൃഷ്ടിച്ച കൗതുകവും അത്‌ഭുതവും വലുതായിരുന്നു. പഠനകാലത്ത്‌ അവയെ മനസിൽ താലോലിച്ചു. വ്യോമസേനാ ഫൈറ്റർ പൈലറ്റായപ്പോഴും ബഹിരാകാശ സ്വപ്‌നം വിട്ടുകളഞ്ഞില്ല. ഗഗൻയാൻ ദൗത്യത്തിനായുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ നൽകി. പലഘട്ടംകടന്ന്‌ പട്ടിക നാല്‌ പേരിലെത്തി. റഷ്യയിലും നാസയിലും ബംഗളൂരുവിലുമായി കഠിനമായ പരിശീലനം. അതിനിടെയാണ്‌ ആക്‌സിയം 4 ദൗത്യത്തിന്റെ ഭഗമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക്‌ പോകാൻ അവസരം ലഭിച്ചത്‌.


അഞ്ചാം അംഗമായി ഹംസവും

ആക്‌സിയം 4 ദൗത്യത്തിൽ ശുഭാംശുവിനും സംഘത്തിനുമൊപ്പം അഞ്ചാം അംഗമായി ‘കുഞ്ഞൻ അരയന്നവും’ . ജോയി എന്നു പേരിട്ടിരിക്കുന്ന ഈ പാവക്കുട്ടി ഡ്രാഗൺ പേടകത്തിലെ സീറോഗ്രാവിറ്റി ഇന്റിക്കേറ്ററാണ്‌. പേടകം വിക്ഷേപണശേഷം ഗുരുത്വാകർഷണം കുറഞ്ഞ മേഖലയിലേക്ക്‌ കടക്കുന്നത്‌ തിരിച്ചറിയാനാണിത്‌. ഗുരുത്വാകർഷണം കുറയുമ്പോൾ പാവ പറന്നു നടക്കും. ശുഭാംശുവിന്റെ ആറു വയസുകാരൻ മകൻ കൈലാഷിന്റെ ഇഷ്‌ട പാവയാണിത്‌. വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക സമന്വയത്തിന്റെ പ്രതീകമാണ്‌ ജോയി എന്ന്‌ ശുക്ലയ്ക്കൊപ്പമുള്ള സഞ്ചാരികൾ പറയുന്നു.





deshabhimani section

Related News

View More
0 comments
Sort by

Home