ചരിത്രത്തിലെ ചോര കിനിയുന്ന ഓർമപ്പെടുത്തലിന് 80 വയസ്

ലോക ചരിത്രത്തിന്റെ തന്നെ ഇരുണ്ട ഏടുകളിലൊന്നാണ് 80 വർഷം മുമ്പ് ജപ്പാനിലെ ഹിരോഷിമയിൽ നടന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ജപ്പാനിലെ തന്നെ നാഗസാക്കിയിൽ ഈ കറുത്ത ചരിത്രം ആവർത്തിച്ചു. എട്ട് പതിറ്റാണ്ടിനിപ്പുറം അതേ സാമ്രാജ്യത്വമോഹവുമായി ഒരു കഴുകൻ രാഷ്ട്രം മറ്റു ജനതകൾക്കുമേൽ വട്ടമിട്ടുപറക്കുമ്പോൾ നീറുന്ന ഓർമയാവുകയാണ് ഹിരോഷിമയും നാഗസാക്കിയും. കൃത്യം 80 വർഷം മുമ്പ് ഇതേ ദിവസമാണ് ഹിരോഷിമയെ തകർത്ത അണുബോംബ് സ്ഫോടനമുണ്ടായത്.
ലോകമഹായുദ്ധത്തിൽ കീഴടങ്ങാനുള്ള സാമ്രാജ്യത്വ ആവശ്യം നിരസിച്ചതോടെ അമേരിക്ക ജപ്പാനെ തകർക്കാൻ സ്വീകരിച്ച മാർഗമായിരുന്നു അണുബോംബ്. മാൻഹാട്ടൻ പ്രോജക്ടിന്റെ ഭാഗമായി തയാറാക്കിയ അണുബോംബ് പരീക്ഷിക്കാനുള്ള ഇടമായിരുന്നു ജപ്പാൻ. വ്യാവസായിക പരമായും സൈനികപരമായും പ്രാധാന്യമുണ്ടായിരുന്ന ഹിരോഷിമയിലാണ് അമേരിക്ക ആദ്യ അണുബോംബ് വർഷിച്ചത്. 1945 ആഗസ്ത് ആറിന് രാവിലെ 8.15 നാണ് ലിറ്റിൽ ബോയ് എന്ന് നാമകരണം ചെയ്ത മാരകപ്രഹരശേഷിയുള്ള അണുബോംബ് ഹിരോഷിമയെ ചാരമാക്കിയത്. അണുബോംബ് ഹിരോഷിമ നഗരത്തെ ഏതാണ്ട് പൂർണമായും നശിപ്പിച്ചു. യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിർമ്മിച്ച ബോംബിന് 12,500 ടൺ ടി എൻ ടിയുടെ പ്രഹരശേഷിയുണ്ടായിരുന്നു. സ്ഫോടനത്തിൽ ഒന്നരലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമായി.
അണുവായുധം ഏൽപ്പിച്ച ഞെട്ടലിൽ നിന്ന് മുക്തരാകുന്നതിനു മുമ്പ് മൂന്ന് ദിവസത്തിനുശേഷം മറ്റൊരു നഗരമായ നാഗസാക്കിയിലും അമേരിക്ക ക്രൂരത വർഷിച്ചു. ഫാറ്റ് മാൻ എന്ന് പേരിട്ട 4,670 കിലോ ഭാരമുള്ള പ്ലൂട്ടോണിയം ബോംബ് 70,000 പേരുടെ ജീവനെടുത്തു. അതോടെ ലോകമഹായുദ്ധത്തിൽ ജപ്പാൻ തകർന്നു. ഓപ്പൺഹെയ്മറായിരുന്നു മാൻഹട്ടൻ പ്രൊജക്ടിന്റെ തലവൻ. അങ്ങേയറ്റം വിനാശകാരിയായ അണുബോംബുകൾക്ക് അമേരിക്ക നൽകിയ തമാശപ്പേരുകൾ സംഭവത്തിൽ അവർക്കുണ്ടായിരുന്ന ലാഘവത്വത്തെയാണ് എടുത്തുകാട്ടിയത്.
80 വർഷങ്ങൾക്കുശേഷം ഇന്നും ഹിരോഷിമയിലും നാഗസാക്കിയിലും ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ ആണവവികിരണങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ അണുവായുധത്തിന്റെ ഭീകരത വ്യക്തമായിട്ടുകൂടി സാമ്രാജ്യത്വ താൽപര്യങ്ങളെ പ്രതിരോധിക്കാനോ സാമ്രാജ്യത്വ രാജ്യങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനോ സാധിക്കുന്നില്ല. ഹിരോഷിമയുടെയും നാഗസാക്കിയുടെയും വേദനിപ്പിക്കുന്ന ഓർമകളും ഇപ്പോഴും തുടരുന്ന സഹനങ്ങളും ഗാസയിലും ലെബനനിലും മറ്റനേകം ഇടങ്ങളിലുമായി ഇന്നും തുടരുന്നു.









0 comments