ഇൻസൈറ്റും പാർക്കറും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 02, 2019, 03:49 PM | 0 min read

ഇൻസൈറ്റ്‌ ചൊവ്വയിൽ ഇറങ്ങിയ വർഷമാണ്‌ 2018  2018 മെയ് അഞ്ചിന‌് വിക്ഷേപിച്ച നാസയുടെ ചൊവ്വ പര്യവേക്ഷണ പേടകം ഇൻസൈറ്റ് 2018 നവംബർ 25ന് ചൊവ്വയിലിറങ്ങി. ആറുമാസത്തെ ബഹിരാകാശസഞ്ചാരത്തിനുശേഷമാണ് ഇൻസൈറ്റ് ലാൻഡർ ചൊവ്വയിലെ എലിസിയം പ്ലാന്റേഷ്യ എന്ന് പേരിട്ടിരിക്കുന്ന പ്രദേശത്ത് ഇറങ്ങിയത്.

ചൊവ്വയിലെ ഭൂകമ്പ പ്രവർത്തനങ്ങൾ അളക്കുന്നതിനും ഗ്രഹാന്തർഭാഗത്തിന്റെ ത്രിമാന മോഡലുകൾ നിർമിക്കുന്നതിനും കഴിയുന്ന സീസ‌് എന്ന ഒരു സീസ്മോമീറ്റർ സ്ഥാപിക്കുകയും ഗ്രഹരൂപീകരണ പരിണാമം പഠിക്കുന്നതിനുള്ള ഒരു താപഗവേഷക ഉപകരണം ഉപയോഗിച്ച് ആന്തര താപപ്രേഷണം അളക്കുകയുമാണ് ഇൻസൈറ്റ് ദൗത്യത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ. ഇത് കേവലം ചൊവ്വയുടെ രൂപീകരണ സിദ്ധാന്തം രൂപീകരിക്കുന്നതിൽമാത്രം ഒതുങ്ങിനിൽക്കുന്നില്ല എന്നതാണ് ഇൻസൈറ്റ് ദൗത്യത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്. ചൊവ്വയെപ്പോലെതന്നെ ഇന്നർ സോളാർ സിസ്റ്റത്തിലുള്ള ബുധൻ, ശുക്രൻ, ഭൂമി എന്നീ ഭൗമഗ്രഹങ്ങളെക്കുറിച്ചും ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെക്കുറിച്ചും അവയുടെ രൂപീകരണത്തെക്കുറിച്ചും കൂടുതൽ അറിവുകൾ നൽകാൻ ഇൻസൈറ്റ്

ദൗത്യത്തിന് കവിയും
പാർക്കർ സോളാർ ദൗത്യം പുറപ്പെട്ട വർഷമാണ്‌ കടന്നുപോയത്‌.  2009ൽ ഈ ദൗത്യം രൂപകൽപ്പന ചെയ്‌തു. 1990കളിലെ സോളാർ ഓർബിറ്റർ പദ്ധതിയിൽനിന്നാണ് സോളാർ പ്രോബ് രൂപകൽപ്പനയുണ്ടായത്.  2018 ജൂലൈ 31നാണ്‌ വിക്ഷേപിച്ചത്‌. ഇന്ന് ജീവിച്ചിരിക്കുന്ന ജ്യോതിശാസ്ത്രജ്ഞരിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന യൂജീൻ പാർക്കറിനോടുള്ള ബഹുമാനാർഥമാണ് ഈ പേര് സ്വീകരിച്ചിട്ടുള്ളത്. ഡെൽറ്റ þ4 ഹെവി റോക്കറ്റാണ് വിക്ഷേപണവാഹനം.

സ്പേസ് എലവേറ്ററുകൾ
ഏണിയിൽ കയറി ബഹിരാകാശത്തേക്ക് പോയാലോ? ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം എന്നു പറയാൻ വരട്ടെ. അത് യാഥാർഥ്യമാവുകയാണ്. അതെ സ്പേസ് എലവേറ്റർ എന്ന ബഹിരാകാശ ഏണി യാഥാർഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 2040കളിൽ സ്പേസ് എലവേറ്ററുകൾ യാഥാർഥ്യമാകുമെന്ന് ജപ്പാൻ സ്പേസ് ഏജൻസി ഉറപ്പുനൽകുകയാണ്. നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും ചൈനീസ് സ്പേസ് ഏജൻസിയും സ്പേസ് എലവേറ്ററുകൾക്കുപിന്നാലെയാണ്. 

സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷൻ
സാറ്റലൈറ്റ് കമ്യുണിക്കേഷൻ അഥവാ ഉപഗ്രഹ വാർത്താവിനിമയത്തെക്കുറിച്ച് കേൾക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ, സ്ട്രാറ്റലൈറ്റ് കമ്യൂണിക്കേഷൻ  എന്ന് കേട്ടിട്ടുണ്ടോ? നാസയുടെ ഈ സ്വപ്ന പദ്ധതി യാഥാർഥ്യമാവുകയാണ്. വിടപറഞ്ഞവർഷവും വരും വർഷവും അത്‌ കൂടുതൽ വിപുലമാവുകയാണ്‌. വാർത്താവിനിമയരംഗത്ത് നേരിടുന്ന കടമ്പകളെല്ലാം മറികടക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടിയാൻഗോങ് ഭൂമിയിൽ
ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്þ1 ഗ്രൗണ്ട് സ്റ്റേഷനിൽനിന്നുള്ള ബന്ധം നഷ്ടപ്പെട്ട് 2018 ഫെബ്രുവരിയിൽ 8500 കിലോഗ്രാം പിണ്ഡമുള്ള ഈ ബഹിരാകാശനിലയം ഭൂമിയിൽ പതിച്ചു. പണ്ട് സ്കൈലാബിനുണ്ടായ ദുരന്ത പര്യവസാനമാണ് ടിയാൻഗോങ്ങിനും ഉണ്ടാകുന്നത്.     ചൈനയുടെ ആദ്യ ബഹിരാകാശനിലയമാണ് ടിയാൻഗോങ്þ1. ‘സ്വർഗീയ കൊട്ടാരം’ എന്നാണ് ചൈനീസ് ഭാഷയിൽ ടിയാൻഗോങ്ങിന്റെ അർഥം.

ഡയോണിയിൽ ജീവന്റെ ശിലാരേഖകൾ
സൗരയൂഥത്തിൽ ജീവന്റെ അടയാളങ്ങൾ ലഭിക്കാൻ സാധ്യതയുള്ള ഒരു പ്രദേശംകൂടി കണ്ടെത്തിയിരിക്കുന്നതായി 2018ൽ പുറത്തുവന്നു. ശനി ഗ്രഹത്തിന്റെ ഉപഗ്രഹമായ ഡയോണിയിലാണ് ജീവൻ തുടിക്കുന്നതായി ശാസ്ത്രലോകം സംശയിക്കുന്ന ഇടം. കസീനി ബഹിരാകാശപേടകത്തിൽനിന്ന് ലഭിച്ച വിവരങ്ങൾ അപഗ്രഥിച്ച സ്മിത്സോണിയൻ നാഷണൽ എയർ ആൻഡ‌് സ്പേസ് മ്യൂസിയത്തിലെ (വാഷിങ്ടൺ) ഗവേഷകയായ എമിലി മാർട്ടിനും സഹപ്രവർത്തകരുമാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

ജീവൻ എൻസിലാഡസിൽ
ശനിയുടെ ഉപഗ്രഹമായ എൻസിലാഡസിൽ ഓർഗാനിക് തന്മാത്രകളെ കണ്ടെത്തിയതാണ് ശാസ്ത്രലോകത്തെ 2018ലെ പുതിയാരു വാർത്ത. ഭൂമിക്ക‌് വെളിയിൽ ഇതുവരെ കണ്ടെത്തിയ ഏറ്റവും വലിയ ഓർഗാനിക് തന്മാത്രകളാണ് എൻസിലാഡസിൽനിന്ന് കസീനി സ്പേസ് ക്രാഫ്റ്റിന് ലഭിച്ചത്. മുമ്പ‌് കണ്ടെത്തിയ ഡാറ്റകൾ അപഗ്രഥിച്ചതിനുശേഷം നാസ പുറത്തുവിട്ട വാർത്തയായായിരുന്നു അത്‌.

ഏറ്റവും ഭാരം കുറഞ്ഞ പദാർഥം
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞർ ലോകത്തിൽ ഏറ്റവും ഭാരം കുറഞ്ഞ വസ്തു നിർമിച്ചതും കഴിഞ്ഞവർഷം. സിലിക്ക എയ്റോജെൽ എന്ന വസ്തുവാണ് ശാസ്ത്രജ്ഞർ നിർമിച്ചത്. വായു ആണ് ഈ എയ്റോജെല്ലിന്റെ 99 ശതമാനവും. അതിവിശിഷ്ട താപരോധക ശേഷിയുള്ള ഈ വസ്തു റോക്കറ്റുകളുടെ ഉപരിതലത്തിൽ ആവരണമായി ഉപയോഗിക്കാൻ കഴിയും. എന്നാൽ, ഇതുമാത്രമല്ല സിലിക്ക എയ്റോജെല്ലിന്റെ ഉപയോഗം. തണുപ്പിനെയും ചൂടിനെയും ചെറുക്കാൻ ഉപയോഗിക്കുന്ന ജാക്കറ്റുകളിലും ഷൂസിന്റെ സോളിനകത്തും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.



deshabhimani section

Related News

View More
0 comments
Sort by

Home