കൂടെ പാടി ഞാനുണ്ടാകും: പി കെ മേദിനി

ആലപ്പുഴ
86 വയസായി. പുതിയ തലമുറയോടൊപ്പം വനിതാ മതിലിൽ ഞാനും അണിചേരും. സ‌്ത്രീയ‌്ക്ക‌് മാറുമറയ‌്ക്കാൻ കഴിയാത്ത, വഴി നടക്കാനാകാത്ത, തുണിയുടുക്കാൻ കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. കഷ്ടപ്പാടുകൾ നിറഞ്ഞ കാലം. മുലക്കരം കൊടുക്കേണ്ട കാലം. ഇന്ന‌് ചിന്തിക്കാനാകില്ല. ചേർത്തലയിലെ നങ്ങേലി രക്തസാക്ഷിയായത‌് ആ അനീതിയെ വെല്ലുവിളിച്ചായിരുന്നു. ഇന്നുകാണുന്ന കേരളം എങ്ങനെ രൂപപ്പെട്ടെന്ന‌് ഒരു പക്ഷെ പുതുതലമുറയ‌്ക്ക‌് അധികം പേർക്കും അറിയില്ലായിരിക്കും. കേരളത്തിൽ മാത്രമാണ‌് നവോത്ഥാനത്തിന്റെ വെളിച്ചം കൂടുതൽ ശക്തിയോടെ കടന്നുവന്നത‌്.
നവോത്ഥാനപ്രസ്ഥാനങ്ങൾ, കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനങ്ങൾ, ദേശീയപ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെയെല്ലാം സമരങ്ങളുടെ ഫലമായാണ‌് ഇന്ന‌് കാണുന്ന കേരളം രൂപപ്പെട്ടത‌്. അമ്പലങ്ങളിൽ പ്രവേശനം നിഷേധിച്ച കാലത്ത‌് പാലിയം ക്ഷേത്രത്തിൽ കയറാൻ പോയത‌് പുരുഷന്മാരല്ല, സ‌്ത്രീകളായിരുന്നു. വർഗീയതയുടെ വിഷലിപ‌്തമായ പ്രചാരണങ്ങൾക്കും അനാചാരങ്ങളിലേക്ക‌് കേരളത്തെ പിന്നോട്ടടുപ്പിക്കുന്നതിനുമെതിരെ സ‌്ത്രീകൾ വോട്ടുകുത്തിയാൽ മാത്രം പോര. രംഗത്തേക്ക‌് ഇറങ്ങണം. അതിന‌് വനിതാമതിൽ തുടക്കമാകട്ടെ. വനിതാമതിലിൽ അണിചേരുന്നതിനൊപ്പം സംഘാടനത്തിനായുള്ള ഒരു പാട്ടിന്റെ പണിപ്പുരയിലും ഞാനൊപ്പമുണ്ട‌്.
‘ആരോ പണ്ടുപറഞ്ഞു സ‌്ത്രീകൾ അബലകളെന്ന‌്, ആചാരങ്ങൾ പറഞ്ഞു സ‌്ത്രീകൾ അശുദ്ധരെന്ന‌്, ജാതി മതാന്ധർ പറഞ്ഞു സ‌്ത്രീകൾ അടിമകളെന്ന‌്, അതുതന്നെ ഞങ്ങളും ഏറ്റുപറഞ്ഞു’ എന്നു തുടങ്ങുന്ന അനിൽ നാഗേന്ദ്രന്റെ വരികൾക്ക‌് പെരുമ്പാവൂർ ജി രവീന്ദ്രനാഥിന്റെ നിർദേശപ്രകാരം ചിട്ടപ്പെടുത്തൽ നടക്കുകയാണ‌്. ഈ പാട്ടിനൊപ്പം കൂടെ പാടിയും ഞാനുണ്ടാകും.









0 comments