ഇനി നിർമിത ബുദ്ധിയുടെയും കാലം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2018, 05:25 PM | 0 min read

നിർമ്മിത ബുദ്ധിയെന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശാസ്ത്രസാങ്കേതികവിദ്യയിലൂടെ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന കാലമാണിത്. സ്റ്റീഫൻ ഹാക്കിൻസും, ബിൽഗേറ്റ്സും  വിഭാവനംചെയ്ത സാങ്കേതികവളർച്ച ദൈനംദിന ജീവിതത്തെ സ്വാധീനിക്കുന്ന കാലമാണിത‌്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
സയൻസും എൻജിനിയറിങ്ങും പ്രാവർത്തികമാക്കി,  മനുഷ്യബുദ്ധി ഉപയോഗിച്ചുളള വിവേകം, തിരിച്ചറിയൽ, തീരുമാനം, സംസാരം, വിശകലനം, വിവരണം, ഭാഷാവിവർത്തനം തുടങ്ങിയ കാര്യങ്ങൾ കംപ്യൂട്ടറുകൾ പ്രാവർത്തികമാക്കുന്ന സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. കംപ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്ഫോൺ തുടങ്ങി സാങ്കേതികവിദ്യയിലുണ്ടായ വളർച്ച ഭാവിയിൽ മനുഷ്യബുദ്ധിയെത്തന്നെ കീഴടക്കുന്ന അവസ്ഥയിലാകാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോടൊപ്പം ഇന്റർനെറ്റ് ഓഫ് തിങ്സ്, മെഷീൻ ലേണിങ്, ക്ലൗഡ് സേവനങ്ങൾ, അനലിറ്റിക്സ് എന്നിവയും  വിപുലപ്പെട്ടുവരുന്നു. യന്ത്രവൽക്കരണത്തിലൂന്നിയുള്ള അഡ്വാൻസ്ഡ്  ഓട്ടോമേഷൻ കരുത്താർജിച്ചുവരുന്നു.   ഡ്രൈവറില്ലാ കാറുകളും ആളില്ലാ ഓഫീസുകളും മുതൽ വീട്ടിലെ വിളക്കുകളും മോട്ടോർകാറുകളുംവരെ തനിയെ ഓൺ ആവുകയും ഓഫ‌് ആവുകയും െചയ്യുന്ന സംവിധാനംവരെ  നിർമ്മിതത ബുദ്ധിയുടെ സാധ്യതകളിൽപ്പെടും.

നെറ്റ്‌വർക്ക് ചിപ്പുകൾ
മനുഷ്യനെപ്പോലെ ചിന്തിക്കുന്ന ന്യൂറൽ നെറ്റ്‌വർക്ക് ചിപ്പുകളെ വികസിപ്പിച്ചെടുത്തുകഴിഞ്ഞു.  ഇവ മനുഷ്യന്റെ ഭാവിപോലും  പ്രവചിക്കാൻ കെൽപ്പുള്ളവരാണത്രെ. പരിശീലനം, പഠനം, ആലോചന എന്നിവയുടെ ആവശ്യമില്ലാതെ കാര്യങ്ങൾ അപഗ്രഥിച്ച് വിശകലനംചെയ്യാൻ ശേഷിയുള്ള റിസർവോയർ കംപ്യൂട്ടർസിസ്റ്റം ന്യൂറൽ നെറ്റ്വർക്കിങ്ങിലൂടെ ഉരുത്തിരിച്ചെടുത്തിട്ടുണ്ട്. 
അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ മെമ്മറിസ്റ്റോറി ന്റെ സഹായത്തോടെയാണ് റിസർവോയർ  കംപ്യൂട്ടിങ്സിസ്റ്റത്തിന് രൂപകൽപ്പനചെയ്തത്. ഡാറ്റ, ലോജിക് എന്നിവ വിശകലനംചെയ്യാൻ ഇവർക്ക് സാധിക്കും.

ചിത്രങ്ങളും/ഫോട്ടോയും തിരിച്ചറിയാനുള്ള കഴിവ് ന്യൂറൽ നെറ്റ്‌വർക്ക്ങ്ങിൽ ഉൾപ്പെടുന്നു. ന്യൂറൽ നെറ്റ്വർക്കിങ്ങിന്റെ ക്ഷമത ഉയർത്തുന്ന റിസർവോയർ കംപ്യൂട്ടിങ് സിസ്റ്റത്തിന് വിവര വിജ്ഞാന മേഖലയിൽ ഏറെ സ്വാധീനംചെലുത്താൻ സാധിക്കും. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ  ശാസ്ത്രജ്ഞർ ഡ്രൈവറില്ലാതെ ഓടുന്ന കാറുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.  ഇതിൻെറ തുടർച്ചയായ വികസനമാണ‌് ഇപ്പോൾഇന്ത്യയിൽ നിസാൻ ഡ്രൈവറില്ലാ കാറുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നത്‌.

ഗൂഗിളിന് അനന്തസാധ്യതകൾ
ഗൂഗിളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/നിർമമിതബുദ്ധി പ്ലാറ്റ് ഫോം വിപുലപ്പെടുത്താനുള്ള പദ്ധതി നടപ്പാക്കിവരുന്നത്.  വീട്ടിൽനിന്ന് അകലെയായാലും വീട്ടിലെ കാര്യങ്ങൾ ദൂരെനിന്ന് നിരീക്ഷിക്കാനും, സ്മാർട്ട്ഫോണിലൂടെ വിലയിരുത്താനും, വളർത്തു നായക്ക് നിർദേശങ്ങൾ നൽകാവുന്ന സാങ്കേതികവിദ്യവരെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

ഗൂഗിൾ രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിച്ചുവരുന്നു.  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവ അനുവർത്തിച്ച് ഏത് പ്രശ്നത്തിനും പരിഹാരമുണ്ടാക്കാൻ ശേഷിയുള്ള സാങ്കേതിക പ്ലാറ്റ്ഫോമിന്  രൂപംകൊടുത്തിട്ടുണ്ട്. ഇതിനായി മാറുന്ന സാഹചര്യത്തിനിണങ്ങിയ ടെക്നോളജി ആക്സിലറേറ്ററുകളും പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇന്നവേഷൻ/പുത്തൻ ആശയങ്ങൾക്ക് ഊന്നൽനൽകിയാണ് ക്ലൗഡ് സേവനത്തിനുള്ള സ്റ്റാർട്ടപ്പുകൾ പ്രവർത്തിക്കുന്നത്. 

രോഗനിർണയവും കാലാവസ്ഥാ പ്രവചനവും
രോഗനിർണയത്തിനുള്ള ഇന്റലിജന്റ് സ്ക്രീനിങ് രീതി  വേഗത്തിലും കൃത്യതയോടെയും രോഗനിർണയത്തെ സഹായിക്കും.  നിർമാണമേഖലയിലും ഇവയ്ക്ക് ഏറെ സാധ്യതകളുണ്ട്.   

കാലാവസ്ഥയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ മുൻകൂട്ടി പ്രവചിച്ച് കർഷകർക്ക് കൃത്യതയോടെയുള്ള വിവരങ്ങൾ മുൻകൂട്ടിയും, യഥാസമയവും നൽകുന്നതിലൂടെ കാർഷികോൽപ്പാദനം  ഉയർത്താൻസാധിക്കും.  കനഡയിലെ ടൊറന്റൊ സർവകലാശാലയുമായി ചേർന്ന് ഡീപ്പ് മൈൻഡ് ടെക്നോളജിയും പ്രോത്സാഹിപ്പിച്ചുവരുന്നു

നേരിടണം ടെക്ലാഷ്
2019ൽ ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയവും കൃത്രിമബുദ്ധിയും, മെഷീൻ ലേണിങ്ങുംതന്നെയാകും. 2018ലെ പ്രധാനപ്പെട്ട മൂന്നു ആഗോള മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ടെക്ലാഷ്.   മനുഷ്യബുദ്ധിയുടെയും കഴിവിന്റെയും നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾകൂടി സമന്വയിപ്പിച്ചുതന്നെയാകും ഭാവി ശാസ്ത്രസാങ്കേതിക വിദ്യ എന്നു വിദഗ്ധർ അടിവരയിടുന്നു.  അതുകൊണ്ടുതന്നെ നിർമ്മിതബുദ്ധിയെ ഏതൊക്കെ മേഖലകളിൽ ഉപയോഗിക്കാം എന്ന് ആലോചിക്കുകയും അതനുസരിച്ച് മാറ്റങ്ങൾ ആസൂത്രണം ചെയ്യുകയുമാണ് ലോകം. 

(കോഴിക്കോട് യു എൽ സൈബർപാർക്കിൽ യുഎൽ എഡ്യൂക്കേഷൻ ഡയറക്ടറാണ് ലേഖകൻ)



deshabhimani section

Related News

View More
0 comments
Sort by

Home