തെങ്ങ് : മച്ചിങ്ങപൊഴിച്ചിൽ തടയാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2018, 05:09 PM | 0 min read

തെങ്ങിന്റെ വരുമാനത്തിൽ ഗണ്യമായ  നഷ്ടംവരുത്തിവയ‌്ക്കുന്ന ഒന്നാണ് മച്ചിങ്ങപൊഴിച്ചിൽ. ഇതിനു പല കാരണങ്ങളുണ്ട‌്.   ചൊട്ട വിരിയുന്നതോടെ സാധാരണഗതിയിൽ 60 ശതമാനം മച്ചിങ്ങയും കൊഴിഞ്ഞുപോകും ബാക്കി 40 ശതമാനമാണ് ഉൽപ്പന്നമായി ലഭിക്കേണ്ടത്. എന്നാൽ, ചില പ്രത്യേക കാരണങ്ങളാൽ ഇതിൽ മിക്കവയും കൊഴിഞ്ഞുപോകുന്നു. അവ ഏതൊക്കെയാണെന്ന് നോക്കാം. ഗുണമേന്മയില്ലാത്ത തൈകളിൽനിന്നുമുണ്ടാകുന്ന പൂക്കുലകളിൽ ഇത് വ്യാപകംതന്നെ.  രൂക്ഷമായ വരൾച്ചബാധ, ജലസേചനമില്ലായ്മ എന്നിവയും മച്ചിങ്ങപൊഴിച്ചിലിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സൂക്ഷ്മമൂലകങ്ങളുടെ ലഭ്യതക്കുറവും ഹോർമോണുകളുടെ അസന്തുലനവും കാരണങ്ങൾതന്നെ. കീടരോഗബാധനിമിത്തവും മച്ചിങ്ങ പൊഴിയാറുണ്ട്. ഫൈറ്റോഫ്‌ തോറ പാമി വോറ എന്ന കുമിളിന്റെ ആക്രമണംനിമിത്തമുള്ള മച്ചിങ്ങപൊഴിച്ചിലും ധാരാളമായി കണ്ടുവരുന്നു.
താഴെപ്പറയുന്ന നിയന്ത്രണമാർഗങ്ങൾ യഥാസമയം സ്വീകരിച്ചാൽ മച്ചിങ്ങപൊഴിച്ചിൽ പൂർണമായും തടയാം.

തെങ്ങിൻതൈകൾ സർക്കാർസ്ഥാപനങ്ങളിൽനിന്നോ മറ്റു വിശ്വാസയോഗ്യമായയിടങ്ങളിൽനിന്നോമാത്രം വാങ്ങി നടുവാൻ ശ്രദ്ധിക്കണം. വരൾച്ച തടയുന്നതിന് നടപടികൾ സ്വീകരിക്കണം. കർക്കടകക്കിള, തുലാക്കിള, തെങ്ങിൻതടത്തിൽ ചകിരിയടുക്കൽ, പയർകൃഷി, തോട്ടത്തിൽ മഴക്കുഴികൾ തുടങ്ങിയ കാർഷികപരിചരണ പ്രവൃത്തികൾ ചെയ്യണം.  തുലാമഴയ‌്ക്കുശേഷം ഡിസബർമുതൽ മേയിൽ കാലവർഷം ആരംഭിക്കുന്നതുവരെ തെങ്ങിന് നന വേണം.  തുള്ളിനനരീതിയിൽ നനച്ചുകൊടുക്കുമ്പോൾ തെങ്ങൊന്നിന് ദിവസേന 40 ലിറ്റർ വെള്ളം മതിയാകും. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ ആവശ്യമായ മൂലകങ്ങൾ സൂക്ഷ്മമൂലകമുൾപ്പെടെ ചേർത്തുകൊടുക്കണം. ഹോർമോണുകളുടെ പോരായ്മ പരിഹരിക്കുന്നതിനു് പ്ലാനോഫിക്സ് രണ്ടു മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ചൊട്ടവിരിഞ്ഞ് 30 ദിവസത്തിനകം തളിക്കണം. 200 ഗ്രാം സിങ്ക് സൾഫേറ്റ് തെങ്ങൊന്നിന് എന്ന ക്രമത്തിൽ തുടർച്ചയായി അഞ്ചുവർഷം ചേർത്തുകൊടുത്താൽ മച്ചിങ്ങാപൊഴിച്ചിൽ തടയാമെന്ന് തമിഴ‌്നാട് കാർഷിക സർവകലാശാല പഠനങ്ങൾ വെളിപ്പെടുത്തുന്നു.

കീടബാധയ‌്ക്കെതിരെ പ്രതിരോധപ്രവർത്തനങ്ങൾ സ്വീകരിക്കണം. കുമിൾരോഗം തടയുന്നതിന‌്  കോപ്പർ ഓക്സീക്ലോറയിഡ്, ഫൈറ്റോലാൻ  തുടങ്ങിയ കുമിൾനാശിനികൾ ഒരുഗ്രാം ഒരുലിറ്റർ വെള്ളത്തിൽ എന്നതോതിൽ ചൊട്ട വിരിയുമ്പോൾ തളിക്കണം. ബോർഡോ മിശ്രിതം നല്ല ഒരു കുമിൾനാശിനിയാണ്. കുമിൾനാശിനികൾ തളിക്കുമ്പോൾ തെങ്ങിൻകവിളിലും സമീപത്തുള്ള തെങ്ങോലകളിലും പതിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇത് കൂമ്പുചീയ്യൽരോഗത്തെ തടയാൻ സഹായിക്കും.
 



deshabhimani section

Related News

View More
0 comments
Sort by

Home