വർഗസംഘർഷത്തിന്റെ ക്ഷേത്രപ്രവേശനം

1936 നവംബർ 12 ന‌് (കൊല്ലവർഷം 1112 തുലാം 12 ന‌്) ക്ഷേത്രപ്രവേശന വിളംബരം പുറപ്പെട്ടു. ഹിന്ദുമതത്തിന്റെ പരമാർഥത സർവവ്യാപകമായ സഹിഷ്ണുതയിലാണടിയുറച്ചിരിക്കുന്നതെന്നു വിശ്വസിച്ചും അത‌് ശതവർഷങ്ങളായി കാല പരിവർത്തനത്തിനോട‌് യോജിച്ചുപോന്നുവെന്നുധരിച്ചും രാജാവ‌് ഇപ്രകാരം വിളംബരം ചെയ്തു: ‘ജനനാലോ മതവിശ്വാസത്താലോ ഹിന്ദുവായ യാതൊരാൾക്കും നമ്മുടെയും ഗവൺമെന്റിന്റെയും നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേൽ യാതൊരു നിരോധനവും ഉണ്ടായിരിക്കാൻ പാടില്ലെന്നാകുന്നു.’ ഇതു മഹാരാജാവുതിരുമനസ്സിന്റെ പ്രബുദ്ധതകൊണ്ടുമാത്രം നടന്ന കാര്യമല്ലെന്നു നമുക്കറിയാം. സംഘർഷങ്ങളുടെ നീണ്ട പശ്ചാത്തലം അതിനുണ്ട്.
ചരിത്രപശ്ചാത്തലം
ആ സംഘർഷങ്ങളുടെ പശ്ചാത്തലം മനസ്സിലാകണമെങ്കിൽ ഇന്നത്തെ കേരളീയസമൂഹം ഏതവസ്ഥയിൽനിന്നാണ‌് പുരോഗതിയിലേക്കു നീന്തിക്കയറിയതെന്നു പറയണം. ജാതിജന്മി നാടുവാഴിവ്യവസ്ഥ എന്നാണ‌് ഇ എം എസ‌് ആ അവസ്ഥയെ വിളിച്ചത്. ഭൂമിയോടുബന്ധപ്പെട്ട വ്യത്യസ്ത അവകാശങ്ങളനുസരിച്ച കടമയും ബാധ്യതയും ആയ കുലത്തൊഴിൽ ചെയ്തു ജീവിക്കുന്ന നാനാജാതികളുടെ ഒരുമേല്ക്കീഴുവ്യവസ്ഥ. ഭൂവുടമസ്ഥത പണ്ടാരവകയോ ബ്രഹ്മസ്വമോ ദേവസ്വമോ മാത്രമായിരുന്നു. ഉടമാവകാശമാകട്ടെ പെരുമാൾക്കും നാടുവാഴിക്കും നമ്പൂതിരിക്കും ക്ഷേത്രത്തിനും മാത്രം. പെരുമാൾക്കു മേല്ക്കോയ്മയും നാടുവാഴിക്കു കോയ്മയും നമ്പൂതിരിജന്മിക്ക‌് ഊരാണ്മയും മറ്റുള്ളവർക്ക‌് കാരാണ്മയും പിന്നെ കുടികൾക്ക‌് കുടിയാണ്മയും അടിയാർക്ക‌് അടിയാണ്മയും. പാടത്തും പറമ്പിലും പണിയെടുത്തു ഭക്ഷ്യം വിളയിച്ചവരെ അടിമകളാക്കി കാണാപ്പാടകലത്തു നിർത്തി. വീടുപണിതും പൊന്നിലും വെള്ളിയിലും പണ്ടം തീർത്തും വെള്ളോടു വാർത്തും ജീവിച്ച കമ്മാളരെ അയിത്തജാതികളാക്കി തീണ്ടാപ്പാടകലത്തും നിർത്തി. പെരുമാളും നാടുവാഴിയും എന്നുവേണ്ട സ്വന്തം സ്ത്രീപോലും നമ്പൂതിരിക്ക‌് തീണ്ടുന്ന കൂട്ടരായി. നമ്പൂതിരിമാർ തമ്മിൽത്തന്നെ പാതിത്യം കല്പിച്ചു പലതായിപ്പിരിഞ്ഞു മതികെട്ടു. അടിമകളുടെമേലുടമകൾക്ക‌് കൊല്ലിനും കൊലയ്ക്കും അധികാരമുണ്ടായി. അടിമജാതികളെ കന്നുകാലികളെപ്പോലെ വാങ്ങുകയും വില്ക്കുകയും ചെയ്തു.
കോളനിവാഴ്ചയോടെ ജാതിജന്മി നാടുവാഴിത്ത കാർഷിക ചൂഷണ വ്യവസ്ഥ പൂർവാധികം ക്രൂരമായിത്തീർന്നു. മേൽച്ചാർത്തും പോളിച്ചുചാർത്തും കുടിയൊഴിപ്പിക്കലും പോലുള്ള ക്രൂരമായ നടപടികളും ഒപ്പം കൊടിയ ജാതിവിവേചനവും കർഷകജീവിതം ഏറെ യാതനാപൂർണമാക്കി.
പുലയരെ അടിമത്തത്തിൽനിന്ന‌് കരകയറ്റാനുള്ള അയ്യൻകാളി(1863–-1941)യുടെ പ്രക്ഷോഭങ്ങളാണ‌് സാമുദായികമുന്നേറ്റങ്ങളിലേറ്റവും പ്രധാനം. ആധ്യാത്മിക പരിവേഷങ്ങളൊന്നുമില്ലാതെ അസാമാന്യധീരതയോടെ അദ്ദേഹം അനീതിയുടെ സാമൂഹ്യ ഭൗതിക യാഥാർഥ്യത്തിനുനേരെ പടവാളിളക്കി
ലഹളകളുടെ തുടക്കം
തിരുവിതാംകൂർ രാജഭരണം താണജാതിക്കാർക്ക‌് പണ്ടാരവകഭൂമി പാട്ടത്തിനെടുത്തു കൃഷിചെയ്യാനവസരം കൊടുക്കുന്ന പാട്ടവിളംബരം പുറപ്പെടുവിച്ചു. പല ഈഴവ കുടുംബങ്ങൾക്കും അങ്ങനെ ഉപജീവനമാർഗം മെച്ചപ്പെടുത്താനും ഇളംതലമുറയെ വിദ്യാഭ്യാസംവഴി കുലത്തൊഴിലിൽനിന്ന‌് മോചിപ്പിക്കാനും സാധിച്ചു. രാജഭരണത്തിന്റെ ഒത്താശയോടെ മിഷണറിമാരുടെ വിദ്യാഭ്യാസപ്രവർത്തനം മുന്നേറിയതും കോളനിവാഴ്ച പുതിയ തൊഴിലവസരം സൃഷ്ടിച്ചതും സഹായകമായി. കോളനിവാഴ്ചയ‌്ക്കൊപ്പം വികസിച്ച പുതിയ സാമ്പത്തികസാഹചര്യം കാർഷികോല്പാദനബന്ധങ്ങളെ ചില്ലറമാറ്റങ്ങൾക്ക‌് വിധേയമാക്കി. പറമ്പുപുരയിടസമ്പത്തിന്റെ വർധന, കടകളുടെയും അങ്ങാടികളുടെയും വളർച്ച, നാണയം ഉപയോഗിച്ചുള്ള വിനിമയം, നെല്ലിനുപകരം പണമായി പാട്ടമൊടുക്കുന്ന രീതി, പാശ്ചാത്യലോകബോധത്തിന്റെ സ്വാധീനം എന്നിവ നിർണായകമായിരുന്നു. ഇതൊക്കെ അഭ്യസ‌്തവിദ്യരായ നസ്രാണികളും ചാന്നാന്മാരും ഈഴവരും ചേർന്ന ഒരു മധ്യവർഗം രൂപപ്പെടുന്നതിന‌് വഴിതെളിച്ചു. അവകാശത്തിനായുള്ള ലഹളകളുടെ സാമൂഹ്യ ഭൗതിക സാഹചര്യമൊരുങ്ങി. സാമ്പത്തികമായി മെച്ചപ്പെട്ട ഈ മധ്യവർഗത്തിന‌് അർഹമായ നിലയും വിലയും ജാതിസമൂഹം അനുവദിച്ചുകൊടുത്തില്ല. അതിന്റെ അമർഷമാണ് ജാതിജന്മി നാടുവാഴിവ്യവസ്ഥയിലെ അനാചാരങ്ങളെ ചോദ്യംചെയ്യാനും സാമൂഹ്യമാറ്റത്തിനായി സമ്മർദം ചെലുത്താനും പ്രേരണയായത്.
മേൽപ്പറഞ്ഞ ഭൗതികസാഹചര്യമാണ‌് ജാതിവിരുദ്ധ സാംസ്കാരിക നവോത്ഥാനത്തിന‌് തുടക്കം കുറിച്ചത്. അയ്യാ വൈകുണ്ഠസ്വാമി (1809–-1851)യുടെ ആഹ്വാനങ്ങളും ശിഷ്യനായ തൈക്കാട്ട് അയ്യാ സ്വാമി(1814–-1909)യുടെ ആശയപ്രചാരണവും അതു പിന്തുടർന്ന ചട്ടമ്പിസ്വാമി (1853–-1924)യുടെ വിദ്യാപ്രസാരണവും സാത്മീകരിച്ച‌് ജാതിവിരുദ്ധ നവോത്ഥാനമുന്നേറ്റത്തെ മഹാപ്രസ്ഥാനമാക്കി മാറ്റിയ ശ്രീനാരായണഗുരു (1856–-1928) വുമെല്ലാം പ്രസ്തുത സാഹചര്യത്തിന്റെ സൃഷ്ടികളാണ്. ഈ മഹാത്മാക്കളൊന്നും കേവലമൂല്യങ്ങളുടെ വെറും പ്രചാരകരല്ല. അവരൊക്കെ സാമൂഹ്യനീതിക്കുവേണ്ടി ജനകീയപ്രക്ഷോഭത്തിന‌് നേതൃത്വം നൽകിയവരാണ്. മാറുമറയ‌്ക്കാനുള്ള അവകാശത്തിനായി ചാന്നാന്മാരുടെ സ്ത്രീകൾക്കും അടിമത്തത്തിനെതിരെ ചാന്നാർ കർഷകർക്കും കലാപത്തിന‌് നേതൃത്വം നല്കിയ കലാപകാരിയാണ് അയ്യാ വൈകുണ്ഠ സ്വാമി. അദ്ദേഹത്തിന്റെ ശിഷ്യരായ അയ്യാസ്വാമിയും ചട്ടമ്പിസ്വാമിയും അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കുമെതിരെ പ്രക്ഷോഭം തുടർന്നവരാണ‌്. ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിലായിരുന്നല്ലോ ജാത്യനാചാരങ്ങൾക്കും വിവേചനത്തിനുമെതിരെ വിവിധ പ്രക്ഷോഭങ്ങളരങ്ങേറിയത്. ഇതോടെ കേരളത്തിലങ്ങോളമിങ്ങോളം സാമുദായിക നവോത്ഥാനത്തിന്റെ ഒരുകൊടുങ്കാറ്റുതന്നെ വീശി.
പ്രക്ഷോഭങ്ങളുടെ തുടർച്ച
പുലയരെ അടിമത്തത്തിൽനിന്ന‌് കരകയറ്റാനുള്ള അയ്യൻകാളി(1863–-1941)യുടെ പ്രക്ഷോഭങ്ങളാണ‌് സാമുദായികമുന്നേറ്റങ്ങളിലേറ്റവും പ്രധാനം. ആധ്യാത്മിക പരിവേഷങ്ങളൊന്നുമില്ലാതെ അസാമാന്യധീരതയോടെ അദ്ദേഹം അനീതിയുടെ സാമൂഹ്യ ഭൗതിക യാഥാർഥ്യത്തിനുനേരെ പടവാളിളക്കി. അധ്വാനത്തിനു കൂലിയും കുട്ടികൾക്ക‌് വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിനു നടത്തിയ അയ്യൻകാളിയുടെ ഐതിഹാസികസമരങ്ങളുടെ സ്വാധീനം ചരിത്രപ്രസിദ്ധമാണ്. പുലയസ്ത്രീകൾ അദ്ദേഹത്തിന്റൈ ആഹ്വാനപ്രകാരം കല്ലുമാലയും ഇരുമ്പുവളയും ഉപേക്ഷിച്ചതും പ്രക്ഷോഭമായി. മൂക്കുത്തിയിട്ടതിന‌് ഒരീഴവപ്പെണ്ണിനെ ചന്തയിൽവച്ച‌് കൈയേറ്റംചെയ്ത സവർണഗുണ്ടയോടു പകരം ചോദിച്ച‌് ആറാട്ടുപുഴ വേലായുധപ്പണിക്കർ കുറേ ഈഴവപ്പെണ്ണുങ്ങളെ മൂക്കുത്തിയിടുവിച്ച‌് ചന്തയ്ക്കു പറഞ്ഞയച്ചതും ലഹളയായി.
പൊതുവഴിയിലൊരിടത്തും നില്ക്കാനോ ഇരിക്കാനോ അനുവാദമില്ലാത്ത പുലയരെ വിളിച്ചു ചേർക്കാനൊരിടമില്ലാതെ വഞ്ചികൂട്ടിക്കെട്ടി പണ്ഡിറ്റ് കറുപ്പ(1885–-1938)നൊരു കായൽസമ്മേളനം നടത്തി പ്രതിഷേധിച്ചു. മറ്റൊരുവലിയ സംഭവമാണ‌് മതംമാറ്റത്തിനു വിധേയരായ പുലയരെ അടിമത്തത്തിൽനിന്നു മോചിപ്പിച്ച‌് സമാജമാക്കാനുമുള്ള പൊയ്കയിലപ്പച്ച (1879–-1939) ന്റെ പ്രത്യക്ഷരക്ഷാദൈവസഭ എന്ന പ്രസ്ഥാനം സ്ഥാപിക്കപ്പെട്ടത്.
പിന്നെ പുലയരുടെ ഉന്നമനത്തെ ഏറ്റവും സഹായിച്ച പ്രസ്ഥാനം സഹോദരനയ്യപ്പ (1889–-1968)ന്റേതാണ്. എല്ലാ സമുദായങ്ങളിലും പുരോഗമനോന്മുഖ പരിഷ്കരണ പ്രസ്ഥാനവും സ്വാഭിമാന പ്രസ്ഥാനവും മുന്നേറുകയുണ്ടായി. കൊടിയ ചൂഷണവും മർദനവുംമൂലം ദുരിതഭരിതമായിത്തീർന്ന കർഷകജീവിതത്തിന്റൈ സ്വാഭാവിക ചുറ്റുപാടിൽനിന്ന‌് കലാപം പൊട്ടിപ്പുറപ്പെട്ടത‌് മലബാറിലായിരുന്നു. ജന്മിക്കും ഭരണകൂടത്തിനുമെതിരെ വെറുമ്പാട്ടക്കാരായ മാപ്പിളമാരുടെ കലാപം(1921)തന്നെ ഉദാഹരണം. പക്ഷേ തിരുവിതാംകൂറിലും കൊച്ചിയിലുമായിരുന്നു മലബാറിനെ അപേക്ഷിച്ച‌് രാഷ്ട്രീയബോധത്തെ അടിസ്ഥാനമാക്കിയുള്ള പ്രക്ഷോഭങ്ങളുയർന്നത‌്. മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും മറ്റും ഉദാഹരിക്കാം.
ഒടുങ്ങാത്ത ജാതിവിവേചനത്തിനും അയിത്താചാരത്തിനുമെതിരെ ഉണ്ടായ ഏറ്റവും വലിയ പ്രക്ഷോഭം വൈക്കം സത്യഗ്രഹമായിരുന്നു (1924‐25). തിരുവിതാംകൂർ റോയൽ നോട്ടിഫിക്കേഷൻ 1865 ലും 1884 ലും എല്ലാ റോഡുകളും എല്ലാ ജാതിക്കാർക്കും തുറന്നുകൊടുക്കുന്നതായി പ്രഖ്യാപിച്ചെങ്കിലും സവർണരുടെ എതിർപ്പിനെത്തുടർന്ന‌് ഹൈക്കോടതി ജഡീഷ്യൽ റിവ്യുവഴി വില്ലേജുറോഡു കളെ ഒഴിവാക്കുകയും നിയമം പൊതുറോഡുകൾക്കേ ബാധകമാകുള്ളൂ എന്നു വ്യാഖ്യാനിക്കുകയും ചെയ്തു. വൈക്കം ക്ഷേത്രത്തിനുചുറ്റുമുള്ള റോഡ് അങ്ങനെ വീണ്ടും താണജാതിക്കാർക്ക‌് നിരോധിച്ചു.
ഏറെ സംഘടിതമായ പ്രക്ഷോഭം തുടങ്ങിയത‌് എഐസിസി കാക്കിനദ കോൺഗ്രസി (1923) ന്റെ അയിത്താചാരവിരുദ്ധ നിലപാടിനെ തുർന്ന‌് കെ പി കേശവമേനോനും ടി കെ മാധവനും മറ്റും നേതൃത്വം ഏറ്റെടുത്തതോടെയാണ്. ശ്രീനാരായണഗുരുവിനെയും കുമാരനാശാനെയും വഴി തടഞ്ഞതാണ‌് പ്രക്ഷോഭത്തിനു പെട്ടന്നുണ്ടായ പ്രകോപനം. പ്രക്ഷോഭം ദേശീയപ്രാധാന്യം നേടിയതും ഗാന്ധിജി ഇടപെട്ടതും ഇ വി രാമസ്വാമി പങ്കെടുത്തതും പ്രസിദ്ധം. സേതുലക്ഷ്മീ ബായി (1895–1985) നമ്പൂതിരിമാരുടെ വഴിയായ കിഴക്കേനടയൊഴികെ മറ്റുമൂന്നു വഴികളും തുറന്നുകൊടുത്തതും പ്രസിദ്ധം.
എല്ലാം വർഗസംഘർഷം
അവർണരുടെ അവകാശസമരങ്ങളെ മുഴുവനും സവർണഭൂവുടമകളും ഗുണ്ടകളും കടന്നാക്രമിച്ചു ലഹളകളാക്കിയതാണ‌് ചരിത്രം. പൊതുനിരത്തിലൂടെ റൗക്കയിട്ടുനടന്ന ചാന്നാരുപെണ്ണുങ്ങളെ ഭൂവുടമകളാക്രമിച്ചു. പതിറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും നിയമം കൊണ്ടുവന്നിട്ടും സവർണരടങ്ങിയില്ല.
മൂക്കുത്തിയിട്ടു ചന്തയ്ക്കുപോയ ഈഴവപ്പെണ്ണുങ്ങളും സവർണ ഭൂവുടമകളുടെ ആക്രമണത്തിനു വിധേയരായി. പുലയപ്പെണ്ണുങ്ങളവരുടെ കല്ലുമാലയും ഇരുമ്പുവളയും കളഞ്ഞു ചെറുതെങ്കിലും പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണം അണിഞ്ഞുതുടങ്ങിയപ്പോഴവരും സവർണരുടെ ആക്രമണത്തിനിരയായി. പൊതുവഴിയിലൂടെ നടന്നപ്പോഴും ക്ഷേത്രപ്രവേശനത്തിനു ശ്രമിച്ചപ്പോഴും ആക്രമിക്കപ്പെട്ടു. ജാതിവ്യവസ്ഥയിലെ അവർണരുടെ ശരീരം അവർക്കു സ്വന്തമായിരുന്നില്ലെന്ന ദയനീയാവസ്ഥയാണിതു കാണിക്കുന്നത്. എല്ലാ സമരങ്ങളും സ്വന്തം ശരീരത്തിനുമേലവകാശം സ്ഥാപിക്കാനുള്ള സമരങ്ങളായിരുന്നു. അതുകൊണ്ടുതന്നെ അവ ഭൂവുടമകളുടെ ക്രൂരമായ ആക്രമണത്തിനു ശരവ്യമാവുകയും ചെയ്തു. ഇവിടെ വ്യക്തമാവുന്നതു മേൽപറഞ്ഞ സമരങ്ങളും ഏറ്റുമുട്ടലുകളും വർഗസംഘർഷമായിരുന്നുവെന്ന സത്യമാണ്. ഇത്തരം സംഘർഷങ്ങളിലൂടെയാണു ലോകമെങ്ങും സ്വതന്ത്ര കൂലിവേലക്കാരുടെ സമൂഹം രൂപപ്പെട്ടത്.









0 comments