നവംബർ പന്ത്രണ്ടും മന്നം നയിച്ച ജാഥയും

നവംബർ ഒന്ന് എന്ന തീയതി കേരളപ്പിറവി ദിനമായിട്ടാണല്ലോ ഇന്ന് ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ, അതിനുമുമ്പുതന്നെ കേരളചരിത്രത്തിൽ സുവർണ ലിപികളാൽ ഈ ദിവസം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1924 നവംബർ ഒന്ന്, കൊല്ലവർഷം 1100 തുലാം ആറാം തീയതിയാണ് വിശ്വാസത്തിന്റെ ലേബൽ ഒട്ടിച്ച അന്ധവിശ്വാസത്തിന്റെ പേരിൽ അവർണർക്ക് ക്ഷേത്രപരിസരത്തുകൂടിയുള്ള സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ മന്നത്ത‌് പത്മനാഭന്റെ നേതൃത്വത്തിലുള്ള സവർണജാഥ വൈക്കത്തുനിന്ന‌് തിരുവനന്തപുരത്തേക്ക‌് യാത്ര ആരംഭിച്ചത്. ചേർത്തലയിലെ ഒരു പ്രശസ്‌ത നായർ കുടുംബാംഗമായിരുന്ന ഗോപാലകൃഷ്‌ണനായിരുന്നു മന്നത്തിന്റെ പ്രൈവറ്റ് സെക്രട്ടറി. വൈക്കം ക്ഷേത്രനടയിൽ ശംഖനാദം മുഴക്കിക്കൊണ്ടാണ് ജാഥ ആരംഭിച്ചത്. പീതാംബരധാരികളായ 500 സവർണ സന്നദ്ധഭടന്മാരായിരുന്നു ജാഥയിൽ. ഒരു പടത്തലവന്റെ ഗാംഭീര്യത്തോടെ മന്നത്ത‌് പത്മനാഭൻ മുന്നിൽ നിലയുറപ്പിച്ചപ്പോൾ പട്ടാളച്ചിട്ടയിൽ അവർ പിന്നിൽ അണിനിരന്നു.
വൈക്കത്തുനിന്ന‌് തിരുവനന്തപുരംവരെയുള്ള 200 മൈൽ വഴിയിൽ അത്യാവേശകരമായ സ്വീകരണമാണ് ജാഥയ‌്ക്കു ലഭിച്ചത്. നിരവധി സവർണനേതാക്കൾ വഴിയിൽ ഉടനീളം ജാഥയെ സ്വീകരിക്കാനും സൗകര്യങ്ങളൊരുക്കാനും രംഗത്തുവന്നു. അവർണർ അരികത്തുകൂടി നടന്നാൽ ഭഗവത്‌ചൈതന്യം നശിച്ചുപോകുമെന്ന അന്ധവിശ്വാസം അവസാനിപ്പിച്ച് അവർക്ക‌് വഴിനടക്കാൻ സ്വാതന്ത്ര്യമനുവദിക്കണമെന്നാവശ്യപ്പെടുന്ന ഒരു നിവേദനത്തിൽ നേരത്തേതന്നെ 25,000 സവർണരുടെ ഒപ്പുശേഖരിച്ചിരുന്നു. കൊല്ലത്തുനിന്ന‌് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ ആചാരപരമായി മൂന്നുവലംവച്ച് അനുഗ്രഹം വാങ്ങിയാണ് യാത്രതുടർന്നത്.
വഴിയിൽ ഉടനീളം സവർണവിഭാഗങ്ങളിൽനിന്ന‌് ആവേശകരമായ വരവേൽപ്പാണ് ജാഥയ‌്ക്കു ലഭിച്ചത്. നദികൾക്കും തോടുകൾക്കും കുറുകെ ജാഥാംഗങ്ങൾ കടന്നുപോകാനായി മണിക്കൂറുകൾകൊണ്ട് താൽക്കാലിക പാലങ്ങൾവരെ നിർമിച്ചുവെന്നുപറഞ്ഞാൽ ആവേശം എത്രമാത്രമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
അവർണർക്ക‌് വഴിനടക്കാനുള്ള സ്വാതന്ത്ര്യം മാത്രമല്ല, അവർക്ക‌് ക്ഷേത്രപ്രവേശന സ്വാതന്ത്ര്യംകൂടി നൽകണമെന്നാവശ്യപ്പെടുന്ന ഒരു നിവേദനത്തിൽ 25,000 സവർണരുടെ ഒപ്പുകൾ ഇതിനകം ശേഖരിച്ചിരുന്നു. എന്നുവച്ചാൽ അവർണന്റെ സാമീപ്യംകൊണ്ട് ഭഗവത്‌ചൈതന്യം നഷ്ടപ്പെടുമെന്ന വിശ്വാസം നിരർഥകമാണെന്നാണല്ലോ ഇതിലൂടെ പ്രഖ്യാപിക്കപ്പെട്ടത്. മന്നത്ത‌് പത്മനാഭനടക്കമുള്ളവർ പങ്കെടുത്ത നവോത്ഥാന പ്രസ്ഥാനത്തെ വിശ്വാസവുമായി കൂട്ടിക്കുഴയ‌്ക്കേണ്ടതില്ലെന്ന വാദം അർഥശൂന്യമാണെന്ന് ചൂണ്ടിക്കാട്ടുവാനാണിത‌് വ്യക്തമാക്കിയത്.
1924 നവംബർ 12ന‌് ജാഥ തിരുവനന്തപുരത്തെത്തി എൻഎസ്‌എസിന്റെ പ്രമുഖ നേതാക്കളിലൊരാളും മന്നത്ത‌് പത്മനാഭന്റെ വലംകൈയുമായിരുന്ന ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള നിവേദനം റീജന്റ് മഹാറാണി സേതു ലക്ഷ്‌മീഭായിയെ സന്ദർശിച്ച് സമർപ്പിച്ചു. ജാഥയുടെ സമാപനംകുറിച്ച് ശംഖുംമുഖത്തു നടന്ന സമ്മേളനം ഒരു മഞ്ഞക്കടലായി മാറിയെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പിന്നെയും ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മറ്റൊരു നവംബർ 12ന്, 1936 നവംബർ പന്ത്രണ്ടിനാണ് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്.
ശബരിമലയിൽ എല്ലാ പ്രായത്തിലുംപെട്ട സ്‌ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയിൽനിന്നുണ്ടായ ഉത്തരവിനെ ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കും കോലാഹലങ്ങൾക്കുമിടയിൽ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തെയും അതുകൈവരിച്ച നേട്ടങ്ങളെയും കുറിച്ച് പലവട്ടം പരാമർശങ്ങളുണ്ടായി. പ്രസ്ഥാനത്തിന‌് നേതൃത്വം നൽകിയ മഹദ‌് വ്യക്തികളെയും അവർ വഹിച്ച പങ്കിനെയുംകുറിച്ച‌് പരാമർശങ്ങളുണ്ടായി. അക്കൂട്ടത്തിൽ മന്നത്ത‌് പത്മനാഭൻ വഹിച്ച പങ്കും എടുത്തുകാണിക്കപ്പെട്ടു. അതു ചിലർക്ക് അൽപ്പം അസൗകര്യമുണ്ടാക്കിയതുപോലെ തോന്നി. അതുകൊണ്ടാണല്ലോ നവോത്ഥാന പ്രസ്ഥാനത്തിന് മന്നവും എൻഎസ്‌എസും നൽകിയ സംഭാവനകളെ ശബരിമലയിലെ വിശ്വാസവുമായി കൂട്ടിക്കുഴയ‌്ക്കേണ്ടതില്ലെന്ന് അവർ പ്രതികരിച്ചത്. ഒന്നുകിൽ കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ. അതല്ലെങ്കിൽ അറിഞ്ഞിട്ടും സൗകര്യപൂർവം അറിയില്ലെന്നു നടിക്കൽ ഇതാണ് ഇത്തരമൊരു പ്രതികരണത്തിന‌് പ്രേരിപ്പിച്ചതെന്നു പറയേണ്ടിയിരിക്കുന്നു.
വിവിധ സമുദായങ്ങളിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ അതതു സമുദായങ്ങളിലും അതിന്റെ ആകത്തുകയായി പൊതുസമൂഹത്തിലും വളർന്നുവന്ന സാമൂഹ്യപരിഷ്‌കരണത്തിനായുള്ള പരിശ്രമങ്ങളെയാണ് കേരളത്തിന്റെ നവോത്ഥാനപ്രസ്ഥാനമായി വിലയിരുത്തപ്പെടുന്നത്. ഈ ചരിത്രത്തിലെ അവിസ്‌മരണീയമായ ഒരു ഏടാണല്ലോ വൈക്കം സത്യഗ്രഹം.
ക്ഷേത്രപരിസരത്തുള്ള പൊതുവഴിയിലൂടെ അവർണർക്ക‌് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്നതിനെതിരായാണല്ലോ മറ്റു പലേടത്തുമെന്നപോലെ വൈക്കത്തും സമരം ആരംഭിച്ചത്. അവർണർക്ക് ഏർപ്പെടുത്തിയിരുന്ന ഈ വിലക്കിനുപിന്നിലും ഒരു വിശ്വാസം അഥവാ അന്ധവിശ്വാസമാണുണ്ടായിരുന്നത്. വർണാശ്രമധർമം പാലിക്കാത്ത അവർണരുടെ സാമീപ്യം ക്ഷേത്രത്തെയും ദേവതയെയും അശുദ്ധമാക്കുമെന്നും അതോടെ ക്ഷേത്രത്തിലെ ഈശ്വരചൈതന്യം നഷ്ടമാകുമെന്ന വിശ്വാസംതന്നെയാണ് ഈ വിലക്കിന് ആധാരമായിരുന്നത്. ആ വിശ്വാസമാണ് വൈക്കത്തും ഗുരുവായൂരിലുമെല്ലാം നടന്ന സമരങ്ങളിലൂടെ വെല്ലുവിളിക്കപ്പെട്ടത്. ഈ വിശ്വാസമാകട്ടെ നൂറ്റാണ്ടുകൾ പഴക്കമുള്ളവയായിരുന്നു എന്നുകൂടി ഓർമിക്കേണ്ടതുണ്ട്. അത്തരമൊരു സമരത്തിനാണ് മന്നത്ത‌് പത്മനാഭനടക്കമുള്ള ഉൽപതിഷ്‌ണുക്കളായ സവർണനായകർ രംഗത്തുവന്നത്.
ഈ പശ്ചാത്തലത്തിൽ വേണമല്ലോ ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച പ്രശ്‌നവും പരിശോധനാവിധേയമാക്കേണ്ടത്. അവർണന് വഴി നടക്കാനുള്ള സ്വാതന്ത്ര്യവും ക്ഷേത്രപ്രവേശനവും നിഷേധിച്ചുകൊണ്ടുള്ള വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരുന്നെങ്കിൽ ശബരിമലയിലെ 10നും 50നും ഇടയ്‌ക്കു പ്രായമുള്ള സ്‌ത്രീകളെ ദർശനത്തിന് അനുവദിച്ചാൽ ശബരിമല അയ്യപ്പന്റെ നൈഷ്‌ഠിക ബ്രഹ്മചര്യം ചോർന്നുപോകുമെന്ന വിശ്വാസത്തിന് കഷ്ടിച്ച് 27 വർഷത്തെ പഴക്കമേയുള്ളൂ. അതും 1991ൽ ഉണ്ടായ ഒരു ഹൈക്കോടതി വിധിയിലൂടെ. അതിനുമുമ്പ‌് എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾ അവിടെ ദർശനം നടത്തിയിരുന്നു എന്നതിന് രേഖകൾ നിരവധിയാണ്. അപ്പോൾ പ്രശ്‌നം വിശ്വാസത്തിന്റേതല്ലെന്നും ചില നിക്ഷിപ്‌ത താൽപ്പര്യങ്ങളുടേതാണെന്നും വ്യക്തം. മന്നത്ത‌് പത്മനാഭനടക്കമുള്ളവർ പങ്കാളിത്തം വഹിച്ച നവോത്ഥാന പ്രസ്ഥാനത്തെ ശബരിമലവിശ്വാസവുമായി ബന്ധിപ്പിക്കരുതെന്നു വാദിക്കുമ്പോൾ അവരുടെ താൽപ്പര്യം മറ്റുചിലതാണെന്നു കരുതുന്നവരെ കുറ്റം പറയാനാകില്ലതന്നെ.
1936 നവംബർ 12ന് പുറപ്പെടുവിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന് ഈ നവംബർ 12ന് 82 വയസ്സ‌് തികയുന്നു. അയിത്തോച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനുമായി വിശ്വാസത്തെ വെല്ലുവിളിച്ച് മന്നത്ത‌് പത്മനാഭൻ നയിച്ച സവർണജാഥയ്‌ക്ക് 94 വയസ്സും. വിശ്വാസത്തിന്റെപേരിൽ ക്ഷേത്രസന്നിധിയിൽ സ്‌ത്രീക്ക് അയിത്തം കൽപ്പിക്കുന്നവർ ഇപ്പോഴും ശേഷിക്കുന്നു എന്നതൊരു വിരോധാഭാസം.









0 comments