ശബരിമലയില്‍ ആചാരങ്ങൾ നിരവധി മാറി

പത്തനംതിട്ട > ശബരിമല അയ്യപ്പ ദർശനം അണുവിട വ്യതിചലിക്കാത്ത ആചാരങ്ങളിൽ അധിഷ്ഠിതമെന്ന് സംഘപരിവാറുകൾ രാഷ്ട്രീയമുതലെടുപ്പിനായി വാദിക്കുമ്പോൾ ശബരിമലയിലെ ആദ്യകാല ആചാരങ്ങളിൽ പലതും പൊളിച്ചെഴുതിയ കാര്യം സൗകര്യപൂർവം വിസ്‌മരിക്കുകയാണ‌്.
ശബരിമല ദർശനത്തിന് എത്തുന്നവർ 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ വേണം പതിനെട്ടാം പടി കയറാനെന്നാണ് ആചാരം. കാലം മാറിയതോടെ സൗകര്യാർഥം മാലയിടുകയും മലചവിട്ടുകയുമെന്നതായി മാറി. വിദേശങ്ങളിൽ നിന്ന‌് നാട്ടിലെത്തിയാൽ ഏതെങ്കിലും ക്ഷേത്രത്തിൽ എത്തി മാലയിട്ട‌് അടുത്ത ദിവസം തന്നെ ശബരിമലയിലെത്തുകയാണ‌് ഇപ്പോൾ. വ്രതത്തിന്റെ ഭാഗമായി ദീക്ഷ വളർത്തുന്നതു പോലും ബുദ്ധിമുട്ടായി. പലരും ക്ലീൻഷേവ് ചെയ്‌താണ് മലകയറ്റം.
അയ്യപ്പ ദർശനത്തിന് പോകുമ്പോൾ ഇരുമുടിക്കെട്ട് ഒരുക്കുന്നതും മുൻകാലങ്ങളിൽ പ്രത്യേക രീതിയിലായിരുന്നു. പ്രത്യേകിച്ച് വീടുകളിലോ ക്ഷേത്രങ്ങളിലോ ആയിരുന്നു ഇരുമുടിക്കെട്ട് തയ്യാറാക്കിയിരുന്നത്. അരി, അവൽ, മലർ, കർപ്പൂരം, ഭസ്മം, നെയ്ത്തേങ്ങ ഉൾപ്പെടെ മൂന്ന് തേങ്ങ എന്നിവ ഇരുമുടിക്കെട്ടിൽ ഉണ്ടാകും. ഇന്ന് പമ്പയിലെത്തിയാൽ ദേവസ്വംബോർഡ് തയ്യാറാക്കിയ റെഡിമെയ്ഡ് ഇരുമുടിക്കെട്ട് കിട്ടും. പണം അടച്ചാൽ എത്രവേണമെങ്കിലും വാങ്ങാൻ കഴിയുമെന്ന പ്രത്യേകതയും ഉണ്ട്.
കറുപ്പ് ആയിരുന്നു ശബരിമല തീർഥാടകന്റെ വേഷം. അടിയാളന്റെയും അധഃകൃതന്റെയും നിറം എന്ന നിലയിലാണ‌് കറുപ്പ‌് ഉപയോഗിച്ചു വന്നത‌്. ചിലർ നീലയും ധരിച്ചുപോന്നു. എന്നാൽ, സംഘപരിവാറുകൾ അത് കാവിവൽക്കരിച്ചു. ആദ്യമായി പോകുന്നവർ നിലയ്ക്കൽ ക്ഷേത്രത്തിലെത്തി നാളികേരം ഉടയ്ക്കണമെന്നത് ഒരാചാരമാണ്. ശാസ്താവിന്റെ അച്ഛൻ അവിടെ സ്ഥിതിചെയ്യുന്നുവെന്നാണ് വിശ്വാസം. പമ്പാ ഗണപതി ക്ഷേത്രത്തിലും നാളികേരം ഉടയ്ക്കും. തുടർന്ന് ശരംകുത്തിയിലെത്തി ശരം എറിയും. പുരാതന കാലത്ത് നഗ്നപാദരായി വീട്ടിൽനിന്നിറങ്ങി എരുമേലി പേട്ട തുള്ളി 60 കിലോമീറ്റർ നടന്ന് ശരംകുത്തിയിൽ എത്തി ശരം എറിഞ്ഞ് അയ്യപ്പദർശനം നടത്തുകയായിരുന്നു.
പണ്ട് പതിനെട്ടാം പടിയിൽ നാളികേരം ഉടയ്ക്കുകയായിരുന്നു പതിവ്്. എന്നാൽ, പതിനെട്ടാം പടി സ്വർണം പൂശിയതോടെ തീർഥാടകന്റെ ആ അവകാശം നിലച്ചു. പതിനെട്ടാംപടിക്ക് സമീപം ഭസ്മക്കുളത്തിൽ മുങ്ങി കുളിച്ചിരുന്ന ആചാരവും നഷ്ടമായി. ദേവപ്രശ്നത്തിൽ ഭസ്മക്കുളം മാറ്റണമെന്ന് പറഞ്ഞ‌് മാറ്റുകയായിരുന്നു. വീണ്ടും സ്ഥാനം മാറ്റണമെന്ന ആവശ്യം നിലനിൽക്കുന്നുണ്ട‌്.
നെയ്യഭിഷേകം നടത്തി ഭഗവാനെ ദർശിച്ച് മാളികപ്പുറം ദർശനവും കഴിഞ്ഞ‌് നവഗ്രഹങ്ങളെയും നഗപ്രതിഷ്ഠയേയും തൊഴുത് മലയിറങ്ങുകയാണ് പതിവ‌്. പതിനെട്ടാം പടിക്ക് താഴെ നടന്നിരുന്ന ശയന പ്രദക്ഷിണം ഇന്ന് ഇല്ലാതായിട്ടുണ്ട്. തിരക്ക് കാരണം ശയനപ്രദക്ഷിണം നടത്താൻ കഴിയാത്ത സ്ഥിതിയാണ്.
ശബരിമലയെ ഏറെ ശ്രദ്ധേയമാക്കിയത് പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്കാണ്. ഇത് തനിയെ തെളിയുന്നു എന്ന ധാരണയായിരുന്നു ലോകം മുഴുവൻ. എന്നാൽ, അങ്ങനെയല്ലെന്നും ആദിവാസികൾ കത്തിക്കുന്നതാണെന്നും പിന്നീട് വ്യക്തമായി. ഇത് പരക്കെ അറിയാമായിരുന്നിട്ടും ഇന്നും മകരവിളക്ക് നാളിലെ ദീപാരാധന സമയത്ത് പൊന്നമ്പലമേട്ടിൽ വേണ്ടപ്പെട്ടവർ ഇത് കൃത്യമായി കത്തിക്കുന്നുണ്ട‌്.
മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ആദിവാസി മൂപ്പനൂം ഇളമുറക്കാരനും ചേർന്ന് അയ്യപ്പ വിഗ്രഹത്തിൽ തേനഭിഷേകം നടത്തി വന്നിരുന്ന പുരാതന ആചാരം ആ വിഭാഗത്തെ ശബരിമലയിൽനിന്ന‌് ഒഴിവാക്കുന്നതിന്റെ ഭാഗമായി അവസാനിപ്പിച്ചു. ഇന്ന് ഈ വിഭാഗത്തിലെ സ്ത്രീകളെയാണ് ശബരിമലയിലെത്തുന്ന യുവതികളെ നേരിടാൻ ഇറക്കിയിരിക്കുന്നതെന്നത് വിരോധാഭാസം. അയ്യപ്പൻ ആയുധവിദ്യ പഠിച്ച ഈഴവ വിഭാഗക്കാരായ ചിരപ്പൻചിറ കുടുംബത്തിന് ശബരിമലയിൽ അവകാശപ്പെട്ടിരുന്ന വെടിവഴിപാടും ഉപേക്ഷിച്ചു.
ബ്രിട്ടീഷ‌് ഭരണകാലത്ത‌് ക്ഷേത്രങ്ങളുടെ ചുമതല കേണൽ മൺറോയ‌്ക്കായിരുന്നു. കേരളത്തിലെ ക്ഷേത്രങ്ങൾ നാമവശേഷമാകാൻ തുടങ്ങിയപ്പോൾ ഒരു വിളംബരം വഴി രാജാവിന‌് കൈമാറി. ജനാധിപത്യ ഭരണത്തിൽ 1949 ൽ ആണ‌് ദേവസ്വം ബോർഡ‌് രൂപീകരിക്കുന്നത‌്. ആദ്യകാലത്ത‌് മണ്ഡല– മകരവിളക്കിന‌് മാത്രമേ നട തുറന്നിരുന്നുള്ളു. പിന്നീടാണ‌് എല്ലാ മലയാള മാസവും ആദ്യത്തെ അഞ്ചു ദിവസവും ഓണത്തിനും നട തുറക്കാൻ തീരുമാനിച്ചത‌്.
ജി രാമൻ നായർ ദേവസ്വം ബോർഡ‌് പ്രസിഡന്റായിരിക്കെയാണ‌് മാർച്ച‌്– ഏപ്രിൽ മാസങ്ങളിലായി ഉത്സവത്തിന‌് നട തുറക്കാൻ തുടങ്ങിയത‌്. ആചാര അനുഷ‌്ഠാനങ്ങളിൽ കടുംപിടിത്തം നടത്തുന്ന തന്ത്രിയും കൊട്ടാരവും ഈ മാറ്റങ്ങൾക്കൊന്നും എതിര‌് നിന്നില്ലെന്നതും ശ്രദ്ധേയം.
സ്ത്രീവിരുദ്ധതയാണ് ശബരിമലയിലെ പ്രധാന ആചാരമെന്നും അത് മറ്റ് ആചാരങ്ങൾ പോലെ കാലക്രമേണ മാറ്റാൻ അനുവദിക്കില്ലെന്നതും ഒരു രാഷ്ട്രീയ ആഭാസമായി സംഘപരിവാറുകൾ കാണുന്നു.









0 comments