രണ്ടാംവിള നെൽകൃഷി ‐ രോഗം തടയാൻ വിത്തുപരിചരണം പ്രധാനം

കന്നികൊയ്‌ത്തിനുശേഷം, രണ്ടാംവിള (മുണ്ടകൻ) നെൽക്കൃഷിക്ക് പാടങ്ങൾ ഒരുങ്ങുകയായി. വിളയെ നിയന്ത്രിക്കുന്നതിലും ഉൽപ്പാദന വർധനവിനുമെല്ലാം ഉപയോഗിക്കുന്ന വിത്തിന്റെ ഗുണനിലവാരം പരമപ്രധാനമാണ്. പിന്നീടുണ്ടാകുന്ന പ്രധാനപ്പെട്ട പല രോഗങ്ങളും വിത്തിലൂടെ പകർന്നുകിട്ടുന്നുണ്ടെന്ന കാര്യം ഓർക്കുക. നെല്ലിലെ ഏറ്റവും പ്രധാനപ്പെട്ട രോഗങ്ങളാണ് ഇലകളിലെ തവിട്ട് പുള്ളിക്കുത്ത്, ബ്ലാസ്‌റ്റ് (ഓലകളിൽ കണ്ണിന്റെ ആകൃതിയിൽ കാണുന്ന രോഗം), ബാക്ടീരിയൻ ഓലകരിച്ചൽ (പുറമെയുള്ള ഇലകൾ വാടിഅഴുകുക, മഞ്ഞളിക്കുക, നാമ്പ് ഊരിവരിക), നെന്മണികളിൽ കാണുന്ന ലക്ഷ്‌മീരോഗം (കുമിളിന്റെ സ്‌പോറങ്ങൾ കൂട്ടമായി നെന്മണിക്കു മുകളിൽ പറ്റിപ്പിടിച്ച് ഗോളാകൃതിയിൽ കിടക്കുക) എന്നിവയാണ് പ്രധാന വിത്തുവഴി വ്യാപിക്കുന്ന രോഗങ്ങൾ. ഇതുമൂലം 50‐60 ശതമാനംവരെ ഉൽപ്പാദനനഷ്ടം ഉണ്ടാകാറുണ്ട്.
ഇത്തരം രോഗംവന്നശേഷം പ്രതിവിധി സ്വീകരിക്കുന്നതിനുപകരം വരാതിരിക്കാനുള്ള മുൻകരുതലുകൾ വിത്തിൽത്തന്നെ പ്രയോഗിക്കുക എന്നതാണ്. ഇത് ഗുണപ്രദവും ചെലവ് കുറയ‌്ക്കാനും ഇടയാക്കും. ഇതിനായി സ്വീകരിക്കാവുന്ന ചില വിത്തുപരിചരണമുറ ഇനിപ്പറയുന്നു:
ജൈവരീതിയിലുള്ള പരിചരണം: വിത്തിനു പുറത്തും അകത്തും ശത്രുരോഗാണുക്കളെ തടഞ്ഞുനിർത്താൻ പ്രാപ്‌തിയുള്ള ബാക്ടീരിയകളെ കാവലാളായി നിർത്തുകയാണ് ഈ ജൈവിക പരിചരണംവഴി ചെയ്യുന്നത്. ഇതിന് ‘സ്യൂഡോമോണസ് ഫ്‌ളൂറസൻസ്’ എന്ന ബാക്ടീരിയയെ ഉപയോഗിക്കാം. വെളുത്ത പൊടിരൂപത്തിൽ ഇവ മാർക്കറ്റിൽ കിട്ടും. 10 ഗ്രാം പൊടി ഒരു കിലോ ഗ്രാം വിത്ത് എന്ന കണക്കിൽ പുരട്ടാം. അല്ലെങ്കിൽ ഒരുലിറ്റർ വെള്ളത്തിൽ 10 ഗ്രാം കലർത്തി ലായനിയാക്കി 12 മണിക്കൂർ വിത്ത് കുതിർത്തശേഷം വെള്ളം വാർന്ന് വിത്ത് തണലിൽ ഉണങ്ങിയശേഷം വിതയ‌്ക്കാം. ഈ സമയം രാസകുമിൾ/കീടനാശിനികളൊന്നും ഉപയോഗിക്കരുത്. എന്നാൽ, ചില സൂക്ഷ്‌മമൂലകപ്രയോഗം ഇതോടൊപ്പം നടത്തുകയുമാകാം.
സൂക്ഷ്‌മമൂലകപ്രയോഗം: മണ്ണിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ള സാഹചര്യം കേരളത്തിൽ നെൽപ്പാടങ്ങളിൽ പൊതുവെയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഏറ്റവും ആവശ്യമായ ‘നാകം’ എന്ന സൂക്ഷ്‌മമൂലകം കുറയും. ഇത് പരിഹരിച്ചില്ലെങ്കിൽ വിത്തിന് മുളയ‌്ക്കാനുള്ള ശേഷിയും വളർച്ചയും കുറക്കും. ഇത് പരിഹരിക്കാൻ നേരത്തെ പറഞ്ഞ പ്രകാരംതന്നെ സ്യൂഡൊമോണസ് ലായനി ഉണ്ടാക്കിയശേഷം അതിൽ 10 ഗ്രാം സിങ്ക് സൾഫേറ്റും 2.5 ഗ്രാം തുരിശും (1 ലിറ്റർ ലായനി + 1 കി.ഗ്രാം വിത്തിന് എന്ന അനുപാതത്തിൽ) കൂടിച്ചേർത്തു വിത്ത് കുതിർത്തിവയ‌്ക്കുക. ഒരേസമയംതന്നെ രണ്ടു പ്രയോജനം ലഭിക്കും. ഇവരണ്ടും ചേർക്കുന്നത് മറ്റ് ദൂഷ്യങ്ങൾ ഉണ്ടാക്കില്ല. ഒരു കിലോഗ്രാം വിത്തിന് ഒരുലിറ്റർ വെള്ളം എന്നതാണ് പൊതുശുപാർശ. ഈ രീതിയിൽ വിത്തുപരിചരണം നടത്തി കൃഷിയിറക്കിയാൽ തുടർന്നുള്ള രോഗത്തെ ഇല്ലാതാക്കാം.









0 comments