ചേക്കുട്ടിപ്പാവ

കൊച്ചി
അഞ്ചുദിവസത്തെ പ്രളയതാണ്ഡവത്തിൽ കൈത്തറി ഉപജീവനമാക്കിയ ചേന്ദമംഗലം ഗ്രാമം പതറിപ്പോയി. ഓണത്തിനായി ഒരുക്കിയ ലക്ഷക്കണക്കിന് കൈത്തറിവസ്ത്രങ്ങൾ പ്രളയത്തിൽ മുങ്ങിയപ്പോൾ എന്തുചെയ്യണമെന്നറിയാതെ ചേന്ദമംഗലത്തുകാർ പകച്ചു. ഒടുവിൽ ആ കൈത്തറി ഗ്രാമത്തെ കൈപ്പിടിച്ചുയർത്താൻ ചേറിൽനിന്ന് അതിജീവനത്തിന്റെ സന്ദേശമുയർത്തി ഒരു പാവക്കുട്ടി പിറന്നുവീണു. അതാണ് മലയാളികൾ ഒന്നടങ്കം ഹൃദയത്തിലേറ്റിയ ചേക്കുട്ടിപ്പാവ.
പറയത്തക്ക ആകർഷണങ്ങളോ പൂർണതയോ ഇല്ലെങ്കിലും കാറ്റിലാടിക്കളിക്കുന്ന ചേക്കുട്ടിപ്പാവകൾ നിർമിക്കാനും വീടുകളിലും മരങ്ങളിലും അലങ്കാരമായി തൂക്കിയിടാനും മലയാളിക്കിഷ്ടമാണ‌്. കാരണം ചേക്കുട്ടിപ്പാവയ്ക്ക് ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തെ പുനർജീവിപ്പിക്കാനുള്ള കരുത്തുണ്ടെന്ന് മലയാളികൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.
പ്രളയം കേടുവരുത്തിയ തുണിത്തരങ്ങൾ ഇനിയെന്തുചെയ്യുമെന്ന് വേദനിച്ച കൈത്തറിത്തൊഴിലാളികൾക്ക് ആശ്വാസമായാണ് കൊച്ചി സ്വദേശികളായ ലക്ഷ്മിയും ഗോപിനാഥും ചേക്കുട്ടിപ്പാവ എന്ന ആശയം മുന്നോട്ടുവച്ചത്. ആശയം അവതരിപ്പിക്കുക മാത്രമല്ല, ചേക്കുട്ടിപ്പാവനിർമാണവും അതിന്റെ വിൽപ്പനയും എങ്ങനെയെന്ന് അവർ കാണിച്ചുതന്നു.
ഒരു സാരിയിൽ 360 ചേക്കുട്ടിപ്പാവകൾ പിറക്കുമ്പോൾ മുണ്ടിൽനിന്ന് 200 ചേക്കുട്ടികളാണ് ജനിക്കുന്നത്. ഒരു പാവ 25 രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. ഒരു സാരിയുടെയോ മുണ്ടിന്റെയൊ വിലയേക്കാൾ കൂടുതൽത്തുക അതിൽനിന്ന് പിറക്കുന്ന ചേക്കുട്ടിപ്പാവകൾക്ക് ലഭിക്കുമെന്ന് സാരം. ഇതിൽനിന്ന് ലഭിക്കുന്ന തുക ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളുടെ പുനർനിർമാണത്തിന് ഉപയോഗിക്കാനാണ് തീരുമാനം.
നിരവധി സൗഹൃദകൂട്ടങ്ങളും കലാലയങ്ങളും സംഘടനകളുമെല്ലാം സന്തോഷത്തോടെ ചേക്കുട്ടിപ്പാവകളുടെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ലക്ഷ്യം ഒന്നേയുള്ളൂ, ചേന്ദമംഗലം ഗ്രാമത്തെ കൈപിടിച്ചുയർത്തുക. ചേക്കുട്ടിപ്പാവയുടെ നിർമിക്കുന്നതെങ്ങനെയെന്ന് പരിശീലനം ലഭിച്ചവർ അത് അടുത്തയാൾക്ക് പറഞ്ഞുകൊടുക്കുകയും അയാൾ നിർമാണം ആരംഭിക്കുകയുമാണ് ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെയും ചേക്കുട്ടിപ്പാവയുടെ നിർമാണ വീഡിയോ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ചേക്കുട്ടിപ്പാവ വാങ്ങിക്കാൻ www.chekutty.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.









0 comments