ചരിത്രം കോറിയിട്ട് കിപ്‌ചോഗെ; ബർലിനും

ഓട്ടപ്പന്തയങ്ങളുടെ മാതാവായ മാരത്തൺ കണ്ടിരിക്കാൻ വിരസമായിരിക്കാം. പക്ഷേ, അത് സംഭവബഹുലമാണ്. 490 ബിസിയിൽ പേർഷ്യൻസേനയ്‌ക്കെതിരെ മാതൃരാജ്യം വിജയം നേടിയ വാർത്ത ഗ്രീസിലെ ഒരു ദേശമായ മാരത്തണിൽനിന്ന് ഏഥൻസിലേക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ട കായികതാരംകൂടിയായ സൈനികൻ പൈഡിപ്പിഡ്‌സ് താണ്ടിയ ദൂരമാണ് മാരത്തൺ ഓട്ടത്തിന്റെ ദൂരമായി അംഗീകരിക്കപ്പെട്ടത്. പരമ്പരാഗതമായി മാരത്തൺ മത്സരത്തിന്റെ ദൂരം 26 മൈലായിരുന്നു.
1896 ഏഥൻസ് മുതൽതന്നെ മാരത്തൺ ആധുനിക ഒളിമ്പിക്‌സിലെ മത്സരയിനമാണ്. 1984 മുതൽ വനിതകളുടെ മാരത്തണും ഒളിമ്പിക്‌സ് ഇനമായി. 1908ലെ ലണ്ടൻ ഒളിമ്പിക്‌സിൽ മത്സരം കാണാൻ റോയൽ ബോക്‌സിൽ അലക്‌സാന്ദ്ര റാണിയും ഉണ്ടായിരുന്നു. അതിനാൽ റോയൽ ബോക്‌സിന് തൊട്ടുമുന്നിൽ ഫിനിഷുചെയ്യാൻവേണ്ടി മാരത്തൺ ഓട്ടക്കാർക്ക് 385 വാരകൂടി അധികം താണ്ടേണ്ടിവന്നു. ഈ ദൂരം പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. 1924 മുതൽ മാരത്തണിന്റെ ഔദ്യേഗികദൂരം 26 മൈൽ 385 വാര അഥവാ 42.195 കിലോമീറ്റർ എന്നു നിജപ്പെടുത്തി.
ഒളിമ്പിക്‌സിലായാലും മറ്റ് ചാമ്പ്യൻഷിപ്പുകളിലായാലും മാരത്തൺപോരാട്ടം കായികശേഷിയുടെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും പരമമായ ഉരകല്ലായി കണക്കാക്കപ്പെടുന്നു. മാരത്തണിൽ വിജയംനേടിയവരുടെ പട്ടിക രസകരമാണ്. ആട്ടിടയൻ, കോമാളി, ബേക്കറിപ്പണിക്കാരൻ, കൽപ്പണിക്കാരൻ, അംഗരക്ഷകൻ... ഇങ്ങനെ ആ ജേതാക്കളുടെ നിര നീളുന്നു. എന്നാൽ, 1964ലെ ടോക്കിയോ ഒളിമ്പിക്‌സ് മുതൽ മാരത്തണിന്റെ സുദീർഘമായ ചരിത്രത്തിലേക്ക് ‘ഓടുന്നവരുടെ ദേശ’മെന്ന പുതിയ മേൽവിലാസത്തോടെ ഒരു രാജ്യം കയറിവന്നു; ആഫ്രിക്കൻ രാജ്യമായ കെനിയ. അവിടംമുതൽ മാരത്തൺ അടക്കമുള്ള ദീർഘദൂരഓട്ടമത്സരങ്ങളിൽ കെനിയൻതാരങ്ങളുടെ അനിഷേധ്യമായ ആധിപത്യം തുടരുന്നു. ഈ പന്തയങ്ങളിൽ കെനിയ നേടുന്നത് ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ മെഡലുകൾ. അവർക്ക് വെല്ലവിളി ഉയർത്താൻ പോന്നവർ അയൽരാജ്യമായ എത്യോപ്യാമാത്രവും.
ദീർഘദൂരമത്സരങ്ങളിൽ കെനിയയുടെ അജയ്യമായ മേധാവിത്വത്തിനുള്ള കാരണം എന്താകാം. ജീവിതായോധത്തിനുവേണ്ടി ദിവസവും നിരപ്പില്ലാത്ത പാതകളിലൂടെയും ചെങ്കുത്തായ മലമ്പാതകളിലൂടെയും കിലോമീറ്ററുകളോളം ഓടേണ്ടിവരുന്ന കെനിയയിലെ ഗോത്രവിഭാഗക്കാർ സ്വാഭാവികമായും ആർജിക്കുന്ന കായികസ്‌ഥൈര്യത്തിനു പകരംവയ‌്ക്കാൻ മറ്റൊന്നിനുമാകില്ല. ഒപ്പം ജനിതക കാരണങ്ങളും സാമൂഹികാവസ്ഥയും ജീവിതസാഹചര്യങ്ങളും സഹായകമാകുന്നുവെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു.
ഒടുവിലിതാ ലോകപ്രശസ്‌തമായ ബർലിൻ മാരത്തണിൽ കെനിയൻ ആധിപത്യത്തിന് ഒരിക്കൽക്കൂടി അടിവരയിട്ട‌് റിയോ ഒളിമ്പിക‌്സിലെ ചാമ്പ്യനായ എലിയൂദ് കിപ്‌ചോഗെ അരനൂറ്റാണ്ടിനുള്ളിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ലോകറെക്കോഡ‌് തിരുത്തിയെഴുതിയിരിക്കുന്നു; സമയം രണ്ടു മണിക്കൂർ ഒരു മിനിറ്റ് 39 സെക്കൻഡ‌്. ആധുനികകാലത്തെ ഏറ്റവും മികച്ച മാരത്തൺ ഒാട്ടക്കാരനെന്നു ഖ്യാതിനേടി കിപ്‌ചോഗെ 2014ൽ ഇതേ വേദിയിൽ നാട്ടുകാരനായ ഡെന്നിസ് കിമെറ്റോ സ്ഥാപിച്ച രേഖയാണ് (2:02.57) മാറ്റിയെഴുതിയത്.
1967ൽ ഓസ്‌ട്രേലിയക്കാരൻ ഡെറിക് ക്ലേറ്റന്റെ അന്നത്തെ റെക്കോഡിൽനിന്ന് രണ്ടരമിനിറ്റ് മുന്നിലെത്തിയ പ്രകടനത്തിനുശേഷം ദീർഘപാതയിലെ സമയരേഖയ‌്ക്ക് ഏറ്റവും വലിയ പരിക്കേൽപ്പിച്ച ഓട്ടമാണ് മുപ്പത്തിമൂന്നുകാരനായ കിപ്‌ചോഗെയുടേത്. മത്സരത്തിന്റെ ആദ്യപകുതി പിന്നിടാൻ 61.06 മിനിറ്റെടുത്ത കെനിയൻതാരത്തിന് രണ്ടാംപാദത്തിൽ 60.33 മിനിറ്റേ വേണ്ടിവന്നുള്ളൂ. കിമെറ്റോയുടെ റെക്കോഡിൽനിന്നു ചീന്തിക്കളഞ്ഞത‌് ഒരു മിനിറ്റും 17 സെക്കൻഡുമാണ്.
കിപ്‌ചോഗെയുടെ ലോക റെക്കോഡിലൂടെ ബർലിനും ചരിത്രം കുറിക്കുകയാണ്. ഇതോടെ മാരത്തണിലെ അവസാനത്തെ ഏഴ് ലോകറെക്കോഡിനും ജന്മമേകിയെന്ന ബഹുമതി ബർലിൻ ചാമ്പ്യൻഷിപ്പിനു സ്വന്തമായി. 2003ൽ പോൾ ടെർഗട്ട് തുടക്കമിട്ടു. തുടർന്ന് ഹെയ്‌ലി ഗെബ്രെസെലാസി രണ്ടുവട്ടം. പിന്നെ പാട്രിക് മക്കാവു, വില്യം കിപ്‌സാഗ്, ഡെന്നിസ് കിമെറ്റോ എന്നിവർക്കൊപ്പം ഇതാ കിപ്‌ചോഗെയും കെനിയൻ ആധിപത്യത്തിന് തുടർക്കഥയെഴുതുന്നു.









0 comments