'ബാബറി മസ്ജിദും കത്‌വയിലെ ക്ഷേത്രവും'; വരയുടെ സ്ഫോടനാത്മകതയിലൂടെ എല്ലാം പറഞ്ഞുവെക്കുന്ന കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയുമായി അഭിമുഖം

ഇത്ര കാലമായിട്ടും ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം ഇപ്പോഴും ഭയാനകമായിട്ടു തോന്നുന്നു. 1992 ഡിസംബര്‍ ആറിന് പള്ളിപൊളിക്കുന്നതിനുതൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഞാനവിടെ ഉണ്ടായിരുന്നു. പള്ളി പൊളിക്കുമെന്ന് അന്നേരം പലരും പ്രതീക്ഷിച്ചിട്ടില്ല.... പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയുമായി എം നന്ദകുമാര്‍ നടത്തിയ അഭിമുഖം
സമകാലീന ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളില്‍ പ്രമുഖനായ ഇ പി ഉണ്ണിയുടെ വരയും വരികളും രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ സവിശേഷമായ പരുഷതകളായും തെളിച്ചമുള്ള ചിരികളായും നിത്യേന നമുക്കു മുന്നിലെത്തുന്നു. പാലക്കാട് ജനിച്ച ഇ പി ഉണ്ണി വിക്‌ടോറിയ കോളേജില്‍നിന്നും ഫിസിക്‌സില്‍ ബിരുദമെടുത്തശേഷം കുറച്ചുകാലം ബാങ്കില്‍ ജോലിചെയ്തു. 1977ല്‍ ചെന്നൈയില്‍ The hindu ദിനപത്രത്തില്‍ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേര്‍ന്നു. പന്ത്രണ്ട് വര്‍ഷത്തിനുശേഷം sunday mailല്‍ കാര്‍ട്ടൂണിസ്റ്റായി ഡല്‍ഹിയിലേക്കു മാറി. 1993മുതല്‍ 1996വരെ the economic timesല്‍ വരച്ചു. ഇപ്പോള്‍ The indian expressന്റ ചീഫ് പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ്.
Spices and Souls: A Doodler’s Journey through Kerala എന്ന സചിത്ര യാത്രാവിവരണം, Santa and the Scribes The Making of Fort Kochi, Language, Landscape & Livelihoods, Sketches & Notes on Five Drought prone Districts of Andhra Pradesh, Rupa & Co. പ്രസിദ്ധീകരിച്ച Business As Usu-al, Journey of the Indian Express Cartoonist തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. Of Ghosts and Writers: A Graphic Story, Indian Express Sunday Edition വന്ന free india എന്നിവ ഉണ്ണിയുടെ ഏതാനും ഗ്രാഫിക് ആഖ്യാനങ്ങളാണ്. The Indian Cartoon Art: How it draws a Parallel to the Emerging Text & Image Experience എന്ന ഗവേഷണപ്രബന്ധം തയ്യാറാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ ഇടങ്ങള്‍, ആളുകള്‍, ഇലക്ഷന്‍ പ്രചാരണങ്ങള്‍ എന്നിവയെ ആധാരമാക്കി ഉണ്ണി ധാരാളം വരച്ചിട്ടുണ്ട്. 1996ല്‍ ടോക്കിയോയിലെ Asian Cartoonist Conferenceലും 2006ല്‍ ഫ്രാന്‍സില്‍ നടന്ന International Cartoon Festivalലും സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. 2009ല്‍ Indian Institute of Cartoonistssâ- Lifetime Achievement Award ഇ പി ഉണ്ണിക്ക് ലഭിച്ചു.
പോയ മെയ് മാസത്തിലെ ഒരു പകലില്‍ കോഴിക്കോട്ടുവച്ച് ഉണ്ണിയെ കണ്ടുമുട്ടിയപ്പോള്‍ നടത്തിയ നീണ്ട സംഭാഷണത്തിലെ ചില പ്രസക്തഭാഗങ്ങള്‍:
? 1992 ഡിസംബര്‍ ആറിന് ബാബ്‌റി പള്ളി പൊളിച്ചതും കത്‌വയിലെ ക്ഷേത്രത്തില്‍ ഈയിടെ അരങ്ങേറിയ പൈശാചികതയും ഉണ്ണിയുടെ ശക്തമായ രണ്ടു കാര്‍ട്ടൂണുകളിലൂടെ രാഷ്ട്രീയ ആഘാതങ്ങളായി അനുഭവിച്ചിട്ടുണ്ട്. വാക്കുകളില്ലാതെ, വരയുടെ സ്‌ഫോടനാത്മകതയിലൂടെ ഒന്നും പറയാതെത്തന്നെ എല്ലാം പറഞ്ഞുവെക്കുന്നപോലെ... ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തില്‍ ഈ രണ്ടു ഹിംസാത്മക സംഭവങ്ങള്‍ക്കിടയിലെ കാലയളവ്; ജനാധിപത്യം, മതേതരത്വം എന്നീ മൂല്യങ്ങള്‍ക്കു സംഭവിച്ച മണ്ണൊലിപ്പ്; രാഷ്ട്രം എന്ന വന്‍വൃക്ഷത്തിന്റെ തായ്‌വേരുമുതല്‍ കാതല്‍വരെ ഫാസിസ്റ്റ് വിപത്തിന്റെ സാംക്രമിക രോഗബാധ, തിന്മയെ ഒരു സാമൂഹിക നിയമമാക്കി പ്രതിഷ്ഠിക്കല്‍... പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റിന്റെ കാഴ്ചയില്‍ ഈ സംഭവങ്ങളെ എങ്ങനെ വിലയിരുത്താം? ആ നോട്ടങ്ങളിലൂടെ ഉണ്ണിയുടെ വരയിലും വരിയിലും വന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്
= ഒരു കാര്‍ട്ടൂണിസ്റ്റിന് താങ്കളെപ്പോലുള്ള എഴുത്തുകാര്‍ക്ക് വേണ്ടതുപോലെ നിയതമായ ഇതിവൃത്തങ്ങളില്ല. വാര്‍ത്തകളോടുള്ള അന്നന്നത്തെ പ്രതികരണമാണത്. കാര്‍ട്ടൂണ്‍ ഒരു തത്‌സമയ റെക്കോര്‍ഡാണ്. പ്രത്യേകിച്ചൊരു മുന്നൊരുക്കമില്ലാതെ ചെയ്യുന്നതിന്റെ എല്ലാ അപര്യാപ്തതകളും അതില്‍ കാണാനാകും. നൈസര്‍ഗികത തരുന്ന ഒരു സത്യവുമുണ്ടാകും. ഉപരിതലസ്പര്‍ശിയായ സത്യമാണെങ്കിലും. ഇത്ര കാലമായിട്ടും ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവം ഇപ്പോഴും ഭയാനകമായിട്ടു തോന്നുന്നു. 1992 ഡിസംബര്‍ ആറിന് പള്ളിപൊളിക്കുന്നതിനുതൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഞാനവിടെ ഉണ്ടായിരുന്നു. പള്ളി പൊളിക്കുമെന്ന് അന്നേരം പലരും പ്രതീക്ഷിച്ചിട്ടില്ല. കുറേ ബഹളമുണ്ടാക്കും; കുറച്ചു മുദ്രാവാക്യങ്ങള്‍ വിളിക്കും; കുറച്ചു രാഷ്ട്രീയ ഊര്‍ജം അവിടെ ഉല്‍പാദിപ്പിക്കും; വര്‍ഗീയവല്‍ക്കരണവും നടത്തി അവര്‍ തിരിച്ചുപോകും എന്നൊക്കെയാണ് വിചാരിച്ചത്. പക്ഷേ, ആറാം തിയ്യതി പള്ളി നശിപ്പിച്ചപ്പോള്‍ ഉണ്ടായ ആഘാതമാണ് ആദ്യം പറഞ്ഞ ഹിറ്റ്‌ലര്‍ കാര്‍ട്ടൂണ്‍. ഒരു രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ വല്ലപ്പോഴും നടക്കുന്ന വളരെ നിര്‍ണായകമായ സംഭവം. അതുകൊണ്ടാണ് മുഖവുരയും ഉരയും ഇല്ലാതെ വരയ്ക്കാന്‍ സാധിച്ചത്. അത്തരം സൈലന്റ് കാര്‍ട്ടൂണിന്റെ ഒരു മേന്മ ഏതു ഭാഷയിലുള്ള പത്രത്തിലും അതു പ്രസിദ്ധീകരിക്കാന്‍ പറ്റുമെന്നതാണ്. ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ച ഏറ്റവും ബാധിച്ച ഹിന്ദി പ്രവിശ്യകളിലെ പല അച്ചടിമാധ്യമങ്ങളിലും ഈ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി.

ബാബ്‌റി സംഭവം നടന്നുകഴിഞ്ഞുള്ള ഒരു വര്‍ഷം ഇന്ത്യയുടെ കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ത്തന്നെ സുപ്രധാനമാണ്. 1993ന്റെ അവസാനം 'ഇക്കണോമിക് ടൈംസിന്റെ വാര്‍ഷിക വിലയിരുത്തലായി ആര്‍ട്‌സ് പേജില്‍ സദാനന്ദ മേനോന്‍ ഒരു കൊല്ലത്തെ കാര്‍ട്ടൂണുകളാണ് പ്രസിദ്ധീകരിച്ചത്. 1992 ഡിസംബറിനുശേഷം 93ന്റെ അന്ത്യംവരെ ഇന്ത്യയിലെ പല പത്രങ്ങളിലും അടിച്ചുവന്ന കാര്‍ട്ടൂണുകളുടെ പകര്‍പ്പുകള്‍ ഒരു ഫുള്‍ ബ്രോഡ്ഷീറ്റ് പേജില്‍ പുനഃപ്രസിദ്ധീകരിച്ചു. -The year, when the line overtook the word എന്ന കുറിക്കുകൊള്ളുന്ന തലവാചകമുള്ള ആമുഖക്കുറിപ്പോടെ. വാക്കുകള്‍ക്കു പറയാന്‍ പറ്റാത്തത് വരകള്‍ ചെയ്തതിനെക്കുറിച്ച്.
ഒരു നഗരത്തിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍തന്നെ സാധാരണ പരസ്പരം കാണാറില്ല. പക്ഷേ, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലുമുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ പരസ്പരം കുറിപ്പുകള്‍ കൈമാറാതെ ഏതെങ്കിലും തരത്തിലുള്ള ഓര്‍ക്കസ്ട്രയുടെ ഭാഗമാകാതെ, പ്രകടമായ കൂട്ടായ്മകള്‍ ഒന്നുമില്ലാതെ ഒരു വര്‍ഷത്തോളം നിരന്തരമായി ബാബ്‌റി സംഭവത്തിനെതിരെ ക്യാമ്പയിന്‍ ചെയ്തു. പ്രത്യേകിച്ച് യാതൊരു ചട്ടക്കൂടുമില്ലാത്ത പ്രചാരണം. തീര്‍ത്തും സ്വമേധയായുള്ള ഒരു പ്രതികരണമായിരുന്നു അത്. മിക്ക കാര്‍ട്ടൂണുകളും പ്രസിദ്ധീകരിച്ചത് മുഖ്യധാരാപത്രങ്ങള്‍ തന്നെയായിരുന്നു. വലതുപക്ഷാനുകൂലികളായ പത്രാധിപന്മാര്‍വരെ അവ പ്രസിദ്ധീകരിച്ചു. ഇന്നത്തെപ്പോലെ സോഷ്യല്‍മീഡിയയൊന്നും അന്നില്ല. അതിഹിംസാത്മകമായ സംഭവമാണ് നടന്നത് എന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അന്നൊരു സംശയവും ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ഹിംസാത്മകതക്ക് പരസ്യമായി കൂട്ടുപിടിക്കുന്ന ടെലിവിഷന്‍ ചാനലുകളുണ്ട്. അന്നാകട്ടെ, നേതാക്കന്മാര്‍പോലും ചെറിയൊരു തീവ്രവിഭാഗത്തിന്റെ ചെയ്തിയാണെന്ന മട്ടില്‍ മാപ്പ് പറയുകയാണുണ്ടായത്. മുഖ്യധാരാ പത്രങ്ങളിലും ഇക്കണോമിക് ടൈംസ് പോലെയുള്ള ഒരു ബിസിനസ്സ് പത്രത്തില്‍വരെ കാര്‍ട്ടൂണിസ്റ്റുകള്‍ ഒരു വര്‍ഷത്തോളം അതിന്റെ സംവേഗശക്തി കൊണ്ടുനടന്നു. അന്നത്തെ പ്രത്യേക രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമായിക്കൂടി ഈ പ്രതിഷേധത്തിന്റെ സ്വരത്തെ നമുക്ക് മനസ്സിലാക്കാം. Advocacy കാര്‍ട്ടൂണുകളുടെയും ക്യാമ്പയിന്‍ കാര്‍ട്ടൂണുകളുടെയും പാരമ്പര്യം പത്രപ്രവര്‍ത്തനത്തിനുണ്ട്. മറ്റുരാജ്യങ്ങളിലൊക്കെ ധാരാളം ഉദാഹരണങ്ങള്‍ കാണാം. ഇന്ത്യയില്‍ നമുക്ക് പറയാവുന്നത് ബോഫോഴ്‌സ് വിവാദത്തിന്റെ സമയത്ത് രാജീവ് ഗാന്ധിക്കെതിരെ അരുണ്‍ ഷൂരി എന്ന എഡിറ്ററും രവിശങ്കര്‍ എന്ന കാര്‍ട്ടൂണിസ്റ്റും കൂടി ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ചെയ്ത ക്യാമ്പയിനാണ്. എന്നാല്‍, ബാബ്‌റി സംഭവത്തില്‍ അസംഘടിതമായ കാര്‍ട്ടൂണ്‍ കൂട്ടായ്മയാണ് കണ്ടത്. ഒരുവര്‍ഷം ഇന്ത്യയിലെ പല പ്രദേശങ്ങളിലുമുള്ള ഭാഷാപത്രങ്ങളിലടക്കമുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ നിരന്തരമായി ആ ഹീനമായ രാഷ്ട്രീയത്തിനെതിരെ വരച്ചു.
അംബേദ്കര്‍ കാര്‍ട്ടൂണിലെത്തുമ്പോഴേക്കും നമ്മുടെ രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളില്‍ വന്നിട്ടുള്ള കാതലായ ചില മാറ്റങ്ങള്‍ കാണാം. വര്‍ഗീയ കലാപങ്ങള്‍ സമ്പദ്‌വ്യവസ്ഥയെയും വിപണിയെയും ബാധിക്കുമെന്ന ഒരു യുക്തികൊണ്ടെങ്കിലും ബാബ്‌റി വിഷയത്തെ അപലപിക്കാന്‍ വലതുപക്ഷ സാമ്പത്തികവിദഗ്ധരും മാധ്യമങ്ങളും മുന്നോട്ടുവന്നിരുന്നു. ഇന്നിപ്പോള്‍, സ്ത്രീപീഡനത്തിന് അനുകൂലമായി ഒരു ചാനലും പരസ്യമായിട്ട് ഒന്നും പറയാറില്ല. എന്നാല്‍, ഒരുപക്ഷേ, പത്തുകൊല്ലംകൂടി കഴിഞ്ഞാല്‍ സ്ത്രീകളെയും ദളിതരെയും സംബന്ധിക്കുന്ന ഒരു പ്രശ്‌നം വരുമ്പോള്‍ എന്തായിരിക്കാം പ്രതികരണം? ഖാപ് പഞ്ചായത്തിന്റെ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ അനുകൂലികളുണ്ടാകുന്ന ഒരവസ്ഥ ആലോചിച്ചുനോക്കൂ. ബാബ്‌റി സംഭവത്തിനുശേഷമുള്ള ഇരുപത്തിയാറ് കൊല്ലക്കാലയളവില്‍, അതായത്, ഒരു കാല്‍നൂറ്റാണ്ടിനകത്ത് പൊതുജനങ്ങളുടെ ഇടയിലും മാധ്യമങ്ങളിലും സമീപനത്തിന്റെ കാര്യത്തില്‍ വന്ന വ്യത്യാസങ്ങളാണ് സൂചിപ്പിക്കുന്നത്. അത് പ്രതിനിധാനംചെയ്യുന്ന ഒരു രാഷ്ട്രീയമുണ്ട്. മാനസികമായ പുറകോട്ടടിക്കലും സാമൂഹിക കാഴ്ചപ്പാടുകളിലെ അധഃപതനവുമാണ് ഈ കാലഘട്ടം നല്‍കുന്ന ഭീതിജനകമായ പ്രധാനപാഠം.
നമ്മളിപ്പോള്‍ അംബേദ്കര്‍ കാര്‍ട്ടൂണില്‍ എത്തിനില്‍ക്കുമ്പോള്‍ ഭരണഘടനയും ജനാധിപത്യവുമായി ബന്ധപ്പെട്ട അടിസ്ഥാനമൂല്യങ്ങളില്‍ത്തന്നെ വന്നുചേര്‍ന്ന ശോഷിപ്പുകളെക്കുറിച്ചാണ് ആലോചിക്കേണ്ടത്.
? കാര്‍ട്ടൂണുകളുടെ അസംസ്‌കൃതവസ്തു അന്നന്നുള്ള വാര്‍ത്തകളാണെന്ന് പറഞ്ഞല്ലോ. വാര്‍ത്തകള്‍ തമസ്‌ക്കരിക്കുകയും അരിച്ചെടുത്തുമാത്രം പുറത്തുവിടുകയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുംചെയ്യുന്ന മാധ്യമതന്ത്രങ്ങള്‍ക്കിടയില്‍ ഒരു കാര്‍ട്ടൂണിസ്റ്റ് വിഷയം കണ്ടെത്തുന്നതെങ്ങനെയാണ്? തനിക്ക് എഴുതാന്‍ സാധിക്കാതെപോയ, എഴുതുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ത്തന്നെ ഭയമുളവാക്കുന്ന ഒരു കഥാതന്തുവിനെക്കുറിച്ച് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. നഗരത്തെ ആവേശിക്കാന്‍പോകുന്ന ഏതോ ദുരന്തത്തെക്കുറിച്ച് ഒരു വൃദ്ധയുടെ വ്യാജപ്രവചനത്തില്‍നിന്നും ആരംഭിച്ച് ആ നഗരം ജനശൂന്യമാകുന്നതും ഒടുവില്‍ കത്തിയമരുന്നതുമാണ് വിഷയം. വാര്‍ത്തകളിലെ സത്യം കണ്ടെത്താന്‍ പാഴൂര്‍പടിപ്പുരയില്‍ പോകണമെന്ന് ഉണ്ണിതന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ... കാര്‍ട്ടൂണിസ്റ്റ് വാര്‍ത്തകള്‍ക്കുള്ളിലെ വാര്‍ത്ത കണ്ടെത്തുന്നതെങ്ങനെയാണ്...
|

= അത് വളരെ സാധാരണ രീതിയിലുള്ള ഒരു പ്രക്രിയതന്നെയാണ്. ദിനപത്രങ്ങളും ടെലിവിഷനും ആശ്രയിച്ച്. സാറ്റലൈറ്റ് ടെലിവിഷന്‍ വന്നപ്പോള്‍ വാര്‍ത്തകളുടെ വേഗംകൂടി. എന്റെ കാര്‍ട്ടൂണ്‍ ഒരു പോക്കറ്റ് കാര്‍ട്ടൂണാണ്. പത്രത്തിന്റെ ആദ്യപേജില്‍ വരുന്ന ഒരു കോളം കാര്‍ട്ടൂണ്‍. അതില്‍ വിസ്തരിച്ച അവതരണത്തിനോ അന്തരീക്ഷസൃഷ്ടിക്കോ സ്ഥലമില്ല. വരച്ച സംഗതി ഒരു വിലയിരുത്തലായി പേജില്‍ എങ്ങനെയെങ്കിലും നില്‍ക്കണം. അപ്പോള്‍ വാര്‍ത്തകളെ, അവയുടെ ഗതിവിഗതികളെ കൃത്യമായി പിന്തുടരണം. അടുത്തകാലംവരെ, സാറ്റലൈറ്റ് ടെലിവിഷനില്‍ ഒരു മണിക്കൂര്‍, അരമണിക്കൂര്‍ ഇടവിട്ടു വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുമ്പോള്‍ കാര്യങ്ങള്‍ ഏതാണ്ട് എവിടേക്കാണ് പോകുന്നത് എന്നൊരു രൂപം കിട്ടുമായിരുന്നു. എന്നാല്‍, കഴിഞ്ഞ രണ്ടുമൂന്നുവര്‍ഷമായി അങ്ങനെയല്ല. കാരണം, പലപ്പോഴും മിക്ക ചാനലുകളിലും വൈകുന്നേരം പ്രൈംടൈമില്‍ ഒരുതരം fake ഡിബേറ്റാണ്. എല്ലാ ചാനലുകളും അപ്രകാരമാണെന്നല്ല. വൈകിട്ട് ഒച്ചവയ്ക്കാന്‍ ഒരു പ്രശ്‌നം ഉണ്ടാക്കാനായി രാവിലെത്തന്നെ ചില ചാനലുകള്‍ അത്തരമൊരു വിഷയം കണ്ടുപിടിക്കും. അതുമാത്രം പറഞ്ഞുപറഞ്ഞ് വൈകുന്നേരത്തേക്ക് പൊലിപ്പിക്കും. അതിനിടക്ക് മറ്റൊരുപാടു വാര്‍ത്തകള്‍ മുങ്ങിപ്പോകും. ഇതിനൊരു അപവാദം സംഭവിക്കണമെങ്കില്‍ വലിയ ദുരന്തമോ മറ്റോ അരങ്ങേറണം. കാരണം, അവയില്‍ ടിവിക്ക് ഉപയോഗിക്കാന്‍ പറ്റിയ ദൃശ്യസാധ്യതകളുണ്ടല്ലോ.
മറ്റൊരു പ്രധാനകാരണമായി എനിക്ക് തോന്നുന്നത് ഇന്നത്തെ ഡല്‍ഹിയിലെ ഭരണകര്‍ത്താക്കള്‍ വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നതാണ്. മന്ത്രിമാരാണെങ്കിലും വളരെ കുറച്ചുപേരേ മീഡിയയുമായി നേരിട്ട് സംസാരിക്കുന്നുള്ളൂ. ഒരുതരം access control. ചിലര്‍ക്കുമാത്രമേ അവരെ സമീപിക്കാനാവൂ. അച്ചടിമാധ്യമത്തിന് വലിയ ദോഷമില്ലാതെ പിടിച്ചുനില്‍ക്കാന്‍ സാധിക്കും. എന്നാല്‍, കാണിക്കാന്‍ ദൃശ്യങ്ങള്‍ വേണമെന്നതിനാല്‍ ടെലിവിഷനെ ഈ നിയന്ത്രണം ബാധിക്കും. ഇക്കാരണംകൊണ്ടുതന്നെ ചാനലുകളുടെ വാര്‍ത്താബാഹുല്യം കുറഞ്ഞിട്ടുണ്ട്. ആ കുറവുതീര്‍ക്കാനാണ് ഇങ്ങനെ കിട്ടിയതെടുത്തു പറഞ്ഞ് കല്‍പ്പിത വൃത്താന്തങ്ങളെ പൊലിപ്പിക്കുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ട്വീറ്റുകളിലുമാണ് പ്രധാനമായും വാര്‍ത്തകളുടെ അവധാനപൂര്‍വമായ തുടര്‍ച്ചകള്‍ വരുന്നത്. പ്രത്യേകിച്ചും കോടതി വാര്‍ത്തകളെപ്പോലെയുള്ള കാര്യങ്ങളില്‍. അടുത്തകാലത്തായി ആധാര്‍, സെക്ഷന്‍ 377 പോലെയുള്ള പ്രധാനപ്പെട്ട ഒരുപാടു വിഷയങ്ങളുടെ തത്സമയവിവരങ്ങള്‍ കിട്ടുന്നത് സുപ്രീം കോടതിയിലുള്ള മിടുക്കന്മാരായ കുറേ യുവവക്കീലന്മാരുടെ ട്വീറ്റുകളില്‍നിന്നാണ്. വിചാരണകളുടെ ലൈവ് നിങ്ങള്‍ക്ക് ട്വീറ്റില്‍ ലഭിക്കുന്നു. സാമ്പ്രദായിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും കോടതിയില്‍ പ്രവേശനം സാധ്യമല്ല. കയറിയാല്‍ത്തന്നെ നടപടിക്രമങ്ങള്‍ ശരിയാംവണ്ണം കേള്‍ക്കാനുമാകില്ല. സുപ്രീംകോടതിയില്‍ ചീഫ്ജസ്റ്റിസിന്റെ കോര്‍ട്ട് നമ്പര്‍ ഒന്നില്‍ മൈക്കില്ല. എന്നാല്‍, ട്വീറ്റുകളിലൂടെ പല വാര്‍ത്തകളുടെയും അലര്‍ട്ട് കിട്ടുന്നു. ബാക്കി വിശദാംശങ്ങള്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനുമുമ്പ് അന്വേഷിച്ചുപിടിക്കും. ഒരു ദിവസം ചില വാര്‍ത്തകള്‍ ഇറങ്ങിപ്പോകും; മറ്റുചിലത് കയറിക്കയറി വരും. പിറ്റേന്നു രാവിലെ പത്രം വായിക്കുന്നവരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന പ്രതീതി ഇപ്രകാരമായിരിക്കാം എന്ന അനുമാനത്തില്‍ വരയ്ക്കുന്നു. ഏറ്റാല്‍ ഏറ്റു; പോയാല്‍ പോയി!
? അനഭിമതരായ എഴുത്തുകാര്‍, പത്രപ്രവര്‍ത്തകര്‍, ചിന്തകര്‍ തൊട്ട് സോഷ്യല്‍ മീഡിയകളില്‍ നാലുവരി പോസ്റ്റിടുന്ന വിമര്‍ശകരെവരെ ആക്രമിച്ചു നിശ്ശബ്ദരാക്കുന്ന ഭരണകൂടത്തിന്റെ നയം കാര്‍ട്ടൂണിസ്റ്റുകളെ എപ്രകാരം ബാധിക്കുന്നു? ബാല, അസിം ത്രിവേദി എന്നിവരുടെ അനുഭവങ്ങള്‍ നമുക്ക് മുമ്പിലുണ്ട്. ചിരിയെ അധികാരത്തിന് ഭയമാണോ ? എച്ച് ബി പെന്‍സിലും ഡ്രോയിങ് ബുക്കും വ്യാജഏറ്റുമുട്ടല്‍ ബുള്ളറ്റുകളേക്കാള്‍ മാരകമാണോ? പുറത്തുള്ള രാജ്യങ്ങളില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടോ ?
= അതൊരു വലിയ വിഷയമാണ്. പുറത്തും ഇതു സംഭവിക്കുന്നുണ്ട്. അമേരിക്കയ്ക്കു ലഭിച്ചത് അതിവിചിത്രമായ വ്യക്തിത്വമുള്ള ട്രംപിനെയാണ്. എന്നാല്‍, അമേരിക്കന്‍ മാധ്യമങ്ങള്‍ ട്രംപിനെതിരെ ശക്തമായി പ്രതികരിക്കുന്നു. വാഷിങ്ടണ്‍ പോസ്റ്റിലെ AnnTelnaes എന്ന വനിതാ കാര്‍ട്ടൂണിസ്റ്റ് പ്രമേയവൈവിധ്യമുള്ള ഒരുപാട് കാര്‍ട്ടൂണുകള്‍ കൈകാര്യംചെയ്യാറുണ്ട്. എന്നാല്‍, ട്രംപ് ഭരണകാലത്തിന്റെ ഒന്നാം വര്‍ഷമായപ്പോള്‍ അവര്‍ പറഞ്ഞത് ട്രംപില്ലാത്ത ഒരു കാര്‍ട്ടൂണ്‍പോലും മറ്റൊരു വിഷയത്തെക്കുറിച്ചും വരയ്ക്കാന്‍ തനിക്കുകഴിഞ്ഞിട്ടില്ലെന്നാണ്. ഈയൊരു ധിക്കാരം അമേരിക്കയിലെയും യൂറോപ്പിലെയും കാര്‍ട്ടൂണുകളില്‍ കാണാം. പക്ഷേ, ഇന്ത്യയില്‍ നേരിയ ഭയം പടര്‍ന്നിരിക്കുന്നു. എന്നിട്ടും കാര്‍ട്ടൂണിസ്റ്റുകള്‍ പിന്‍വാങ്ങി എന്ന അഭിപ്രായമൊന്നും എനിക്കില്ല. അവര്‍ ശക്തമായിട്ടുതന്നെ പ്രതികരിക്കുന്നുണ്ട്. പക്ഷേ, പൊതുവെ അവസ്ഥ മോശമാണ്.
അസിം ത്രിവേദിയുടെ കാര്യം നോക്കുക. മുന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ത്തന്നെ ഇത്തരം അടിച്ചമര്‍ത്തല്‍ നടപടികളുടെ രൂപരേഖ (template) ഉണ്ടാക്കിയിട്ടുണ്ട്. പ്രഖ്യാപിക്കാതെ തന്നെ അടിയന്തരാവസ്ഥയുടെ സാഹചര്യം സൃഷ്ടിക്കാനുള്ള ഐ ടിആക്ട് കൊണ്ടുവന്നു. അനഭിമതരായ പലരെയും അറസ്റ്റു ചെയ്തത് ഐ ടി ആക്ട്് ഉപയോഗിച്ചാണ്. അറിയപ്പെടുന്ന വക്കീലായ കപില്‍ സിബില്‍ അടക്കമുള്ള ആളുകള്‍ ഈ നിയമം ഉണ്ടാക്കിയത് അമിതാവേശംകൊണ്ടോ അതിലെ നിയമവശങ്ങളിലുള്ള അറിവില്ലായ്മകൊണ്ടോ അല്ല. ജനാധിപത്യരീതിക്കുവിരുദ്ധമെന്നും അമിതാധികാര പ്രയോഗമാണെന്നും അറിഞ്ഞിട്ടുതന്നെയാണ് ഐടി ആക്ട് കൊണ്ടുവന്നത്. ആരെ വേണമെങ്കിലും നേരിട്ട് ശിക്ഷിക്കാനുള്ള ഒരു ഏര്‍പ്പാടുണ്ടാക്കി. അങ്ങേയറ്റം ആസൂത്രിതമായ ഈ നടപടിയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് പാര്‍ടി ഏറ്റെടുത്തേ പറ്റൂ. പുറകേ വന്നവര്‍ അതിന്റെ ഉപയോഗം ശക്തമാക്കി എന്നുമാത്രം. ഇ പേപ്പേഴ്‌സ് പോലെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ജോലിചെയ്യുന്നവരെ ഐ ടി ആക്ടിന്റെ പേരില്‍ വിളിച്ചുഭീഷണിപ്പെടുത്തിയത് അസിം ത്രിവേദിയൊക്കെ പരസ്യമായി പറഞ്ഞിട്ടുണ്ടല്ലോ.

അതുപോലെത്തന്നെ ടെക്സ്റ്റ്ബുക്കുകളിലെ കാര്‍ട്ടൂണുകളുടെ കാര്യം. പതിറ്റാണ്ടുകള്‍ ശ്രമിച്ചിട്ടാണ് ഇന്ത്യയിലെ പൊളിറ്റിക്കല്‍ സയന്‍സിന്റെ പാഠപുസ്തകങ്ങളില്‍ പഴയ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചത്. ഇന്ത്യയേക്കാളും ദുര്‍ബല ജനാധിപത്യമുള്ള സിങ്കപ്പുര്‍, മലേഷ്യ മുതലായ രാഷ്ട്രങ്ങളില്‍പോലും പാഠപുസ്തകങ്ങളില്‍ കാര്‍ട്ടൂണുകള്‍ പതിവായിട്ട് വര്‍ഷങ്ങളായി. ഇന്ത്യയില്‍ Archieves നിന്ന് തെരഞ്ഞെടുത്ത ഇരുനൂറോളം കാര്‍ട്ടൂണുകള്‍ റിവ്യൂചെയ്ത് ഇരുപത്തിരണ്ടെണ്ണം ഒറ്റയടിക്ക് ഒഴിവാക്കി. അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ വരകളെ അനുചിത ഉരുപ്പടി (inappropriate material) എന്നാണ് കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. ചിരിയെ ഭരിക്കുന്നവര്‍ക്ക് പേടിതന്നെയാണ്. പേടിയേക്കാള്‍ കൂടുതല്‍ അധികാരത്തിന്റെ ധാര്‍ഷ്ട്യം കൂടിയാണത്. ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ സംഘടിതവര്‍ഗമല്ലാത്തതിനാല്‍ കൂടിയാണ് ഇപ്രകാരമൊക്കെ സംഭവിക്കുന്നത്. ഇവിടെ കാര്‍ട്ടൂണിങ് അമേരിക്കയിലെപ്പോലെ എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രിയുടെ ഭാഗമല്ല. സിനിമയോട് ഇങ്ങനെ ചെയ്യാനാകുമോ? പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ആര്‍ക്കൈവ്‌സില്‍ ചെന്നിട്ട്, സത്യജിത്‌റേയുടെയോ ഘട്ടക്കിന്റെയോ സിനിമകള്‍ കണ്ട് അതില്‍ ഏതൊക്കെയാണ് ഇന്നത്തെ രാഷ്ട്രീയകാലാവസ്ഥയ്ക്ക് അനുചിതമെന്നുതീരുമാനിച്ച് നീക്കം ചെയ്യുമോ? അങ്ങനെ ചെയ്താല്‍ അത് ചോദിക്കാന്‍ ആളുണ്ടാകും.
ഭരിക്കുന്നവര്‍ വിമര്‍ശനംവരെ സഹിച്ചേക്കും. പക്ഷേ, ചിരി സഹിക്കാന്‍ പാടാണ്. ഉള്ളിന്റെയുള്ളില്‍ നമ്മള്‍ പരിഹാസ്യരാണ് എന്ന സ്വയംബോധ്യം ഏകാധിപത്യത്തിന്റെ മനശ്ശാസ്ത്രത്തില്‍ ഉള്ളതാണ്. സാധാരണ വസ്ത്രം ധരിച്ചുപോകാവുന്ന ഒരിടത്ത് അമിതവേഷഭൂഷാദികളോടെ പ്രത്യക്ഷപ്പെടുന്ന ചിലരുടെ മനോഭാവമാണത്.
? ടെലിവിഷന്‍ എന്ന ദിവ്യദൃഷ്ടി, നാരദന്‍ എന്ന ഗൂഗിള്‍ സെര്‍ച്ച് യന്ത്രം, പശു എന്ന മിനി ഓക്‌സിജന്‍ പ്ലാന്റ്, പരിണാമസിദ്ധാന്തം എന്ന പരമാബദ്ധം എന്നുതുടങ്ങി ശാസ്ത്രയുക്തിയെയും കേവലയുക്തിയെയും തകിടം മറിക്കുന്ന ആധികാരിക പ്രസ്താവനകള്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ നിരന്തരം പടച്ചുവിടുന്നു. വെറും വിടുവായത്തം എന്നതിലുപരി അവരുടെ ഇരുണ്ട വിശ്വാസസംഹിതകളുടെ പ്രചാരണായുധങ്ങളായി. ഒപ്പംതന്നെ ചരിത്രം, പുരാവസ്തു ഗവേഷണം, ഉന്നതവിദ്യാഭ്യാസം, മാധ്യമപ്രവര്‍ത്തനം, കല, സാഹിത്യം, സിനിമ എന്നീ സമസ്തമേഖലകളെയും ഛിന്നഭിന്നമാക്കുന്ന നയങ്ങളും നടപ്പാക്കിക്കഴിഞ്ഞു. കുട്ടികളുടെ പാഠപുസ്തകങ്ങളില്‍വരെ പരമാബദ്ധങ്ങള്‍ കുത്തിനിറയ്ക്കുന്നു. ഇതെല്ലാംതന്നെ ഉണ്ണിയുടെ നിശിതമായ വരകള്‍ക്കുവിധേയമായിട്ടുണ്ട്. ചിരിച്ചിട്ട് ചിന്തിക്കണോ ചിന്തിച്ചിട്ട് ചിരിക്കണോ എന്ന് വെല്ലുവിളിക്കുന്ന കാര്‍ട്ടൂണുകളിലൂടെ. ബുള്ളറ്റ് ട്രെയിന്‍ സാങ്കേതികതയും ബാലവിവാഹത്തിലൂടെ ബലാത്സംഗം ഇല്ലാതാക്കാം എന്ന മനുസ്മൃതി വ്യാഖ്യാനങ്ങളും ഒരുമിച്ചുവാഴുന്ന ഫാസിസ്റ്റ് മനശ്ശാസ്ത്രത്തെ നിങ്ങള്‍ വരയ്ക്കുമ്പോള്‍ കരയണോ ചിരിക്കണോ എന്ന സന്ദേഹം... സമഗ്രാധിപത്യം മനുഷ്യരുടെ സാമാന്യബോധത്തെ സ്വാധീനിക്കുന്നത് എപ്രകാരമാണ്....
= നമ്മള്‍ കേരളത്തിന്റെ കാര്യംതന്നെ എടുക്കുക. കഴിഞ്ഞ മുപ്പതു നാല്‍പ്പതുകൊല്ലമായിട്ട് ഇവിടെ ഏറ്റവും വളര്‍ന്നത് സാക്ഷരതയാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപനവും. എന്നാല്‍, ഉന്നതവിദ്യാഭ്യാസമേഖലയെ നമ്മള്‍ പൂര്‍ണമായും അവഗണിച്ചു. നേരത്തെ ഉന്നതവിദ്യാഭ്യാസത്തോടൊപ്പം ക്യാമ്പസിന്റെ അന്തരീക്ഷത്തിനുചുറ്റും ഒരു ആശയപ്രപഞ്ചം വിദ്യാര്‍ഥിക്ക് കിട്ടുമായിരുന്നു എഴുപതുകള്‍, എണ്‍പതുകള്‍വരെ.
? ഉണ്ണി വിക്‌ടോറിയ കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ വിയറ്റ്‌നാം കല്‍പ്പാത്തിയേക്കാളും അടുത്തുള്ള സ്ഥലമായി അനുഭവപ്പെട്ടിരുന്നു എന്നു പറഞ്ഞപോലെ...
= അതെ. അന്ന്, അത്യാവശ്യം വിദ്യാര്‍ഥി രാഷ്ട്രീയം ഇല്ലാത്തവരുടെ വിദ്യാഭ്യാസം അപൂര്‍ണമാകുമായിരുന്നു. വിദ്യാര്‍ഥി രാഷ്ട്രീയം വിദ്യാഭ്യാസത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ കാണുന്നത്. നിങ്ങള്‍ പുതിയ ആശയങ്ങള്‍ പരിചയപ്പെടുന്നു. ചരിത്രം വായിക്കുന്നു. ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. നല്ല സിനിമകള്‍ കാണുന്നു. ഫിലിംക്ലബ്ബ് മൂവ്‌മെന്റ്‌സ് ഉണ്ടാകുന്നു. ഇങ്ങനെ ഒരുപാട് സംഗതികള്‍ ഒരേ സമയത്ത് നടന്നു. എന്തിനേറെ, കഥകളി ക്ലബ്ബുകള്‍പോലുള്ള കൂട്ടായ്മകളിലൂടെ പഴയ കലകള്‍ കാണാനുള്ള അവസരങ്ങള്‍ വരെയുണ്ടായിരുന്നു. കഴിഞ്ഞ ഇരുപത്തഞ്ചുകൊല്ലമായിട്ട് ഒരു വിദ്യാര്‍ഥിക്ക് ഇതൊന്നും കിട്ടുന്നില്ല. ഇപ്പോഴതെല്ലാം യു ട്യൂബില്‍ ലഭ്യമാകുന്നത് വളരെ നല്ല കാര്യംതന്നെ. എന്നാല്‍, രാഷ്ട്രീയാന്തരീക്ഷം നിലനിര്‍ത്താനുള്ള കടമ നമ്മുടെ രാഷ്ട്രീയപാര്‍ടികള്‍ ഏറ്റെടുക്കാതായി. യാന്ത്രികമായി വൈദഗ്ധ്യങ്ങള്‍ നേടാനുള്ള ഇടങ്ങള്‍ എന്നതിലേക്ക് സര്‍വകലാശാലകള്‍ ചുരുങ്ങി. അപ്പോള്‍പ്പിന്നെ നിങ്ങള്‍ ഫിസിക്‌സോ എന്‍ജിനിയറിങ്ങോ പഠിച്ച് പാസായാലും നാരദമുനിയാണ് ഗൂഗിള്‍ എന്നുപറയും. സയന്‍സിനോട് ആശയപരമായി പ്രതിബദ്ധതയില്ല; വെറും ഉപയോഗത്തിനുവേണ്ടി മാത്രമാണ് ഇവര്‍ക്ക് ശാസ്ത്രം. ഉപകരണപരത (Instrumentality), പ്രയോജനവാദം (Utilitarianism) എന്നൊക്കെ പറയാറില്ലേ; അതുതന്നെ.
? പഴയതില്‍ എല്ലാം പറഞ്ഞുവച്ചിട്ടുണ്ട് എന്ന വാദമാണ് നാം സ്ഥിരം കേള്‍ക്കുന്നത്...
= അങ്ങനെ ചിന്തിച്ചു തുടങ്ങിയാല്‍ പഴയ സംഗതികളില്‍ നമ്മള്‍ വിചാരിക്കാത്ത തരത്തിലുള്ള അത്ഭുതകരമായ, ഗൂഢമായ എന്തോ സത്യമുണ്ടെന്നും കരുതാന്‍ തുടങ്ങും. പുറത്തുകൊണ്ടുവന്നാല്‍ മാത്രം യഥാര്‍ഥമാകുന്ന സത്യങ്ങളെക്കുറിച്ചേ സയന്‍സിന് പറയാനുള്ളൂ. അതാകട്ടെ ചെറുകിട, പലര്‍ക്കും ബോറടിക്കുന്ന, ആവര്‍ത്തന വിരസതയുള്ള ചില്ലറ സത്യങ്ങളാണ്. എന്നാല്‍, നിഗൂഢമായ സത്യമെന്നത് വളരെ വശ്യതയുള്ളതുമാണ്. ഭയങ്കര ആഴത്തിലുള്ള പൊരുളെന്നുകരുതി തുറിച്ചുനോക്കുമ്പോള്‍ കൂരാക്കൂരിരുട്ടു കാണുന്നതുപോലെ. അപ്രകാരം, എവിടെ വേണമെങ്കിലും ചെന്നെത്താം. ഖാപ് പഞ്ചായത്ത് തീരുമാനിക്കുന്ന ശൈശവവിവാഹത്തിനെ വരെ ന്യായീകരിക്കാം. ബ്രേക്ക് നഷ്ടപ്പെട്ട്, റിവേഴ്‌സ് ഗിയറില്‍ പുറകോട്ടുപോകുന്ന ഒരു വണ്ടിയാണ് ഈ ചിന്താഗതി.

? ഇത്തരം പ്രതിലോമകരമായ ആശയങ്ങളും അവയുടെ പദാവലികളും ഇക്കാലത്ത് അനായാസം വേരുറയ്ക്കുകയല്ലേ ചെയ്യുന്നത് ?
= ഒരു ഐഡിയോളജി അതിന്റെ അനുകൂല സാഹചര്യത്തില്‍ പൊന്തിവരും. അത് കൃത്യമായി പ്രചരിപ്പിക്കപ്പെടും. ഉദ്ദേശിച്ചു പ്ലാന്‍ ചെയ്തപോലെയുള്ള ഘടനയും അതിന് തന്നത്താന്‍ കൈവരും. പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള ഗ്രാംഷിയുടെ വിശദീകരണം അപ്രകാരമാണല്ലോ. അങ്ങനെയൊരു അന്തരീക്ഷത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. അതിനെ ചെറുക്കുകതന്നെയാണ് വേണ്ടത്. എന്നാല്‍, മൂന്നാലുകൊല്ലമായി നമ്മള്‍ മുന്നോട്ടുവയ്ക്കുന്ന യാതൊരു സംവാദവും ഇത്തരക്കാര്‍ അഭിമുഖീകരിക്കാന്‍ തയ്യാറല്ല. പകരം, നിങ്ങള്‍ ഇടതാണ്, അല്ലെങ്കില്‍ കോണ്‍ഗ്രസാണ്, അതുമല്ലെങ്കില്‍ മുസ്ലിംപക്ഷപാതിയോ സ്ത്രീപക്ഷവാദിയോ ആണെന്നുതോന്നുന്നു എന്ന് വിധിക്കും. അതോടെ സംവാദം തീരും. പിന്നീട,് യാതൊരു വാദമുഖങ്ങള്‍ക്കും സാധ്യതകളില്ല.
? ഈയിടെ, സര്‍വകലാശാലകളില്‍ പല ഗവേഷണവിഷയങ്ങളിലും ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റികളില്‍നിന്നടക്കമുള്ള പ്രസിദ്ധീകരണങ്ങള്‍ യുജിസി നീക്കംചെയ്യുകയുണ്ടായി.. ഈയടുത്ത് ഐഐടി ഖരക്പൂരില്‍ Ancient Scienceന്റെ സിലബസ് ഉണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതെവിടെച്ചെന്നു നില്‍ക്കും? പുഷ്പകവിമാനത്തിന്റെ വൈമാനികശാസ്ത്രംപോലെയുള്ള കപടശാസ്ത്രങ്ങള്‍...
= പുഷ്പകവിമാനത്തിന്റെ നിര്‍മാണവിദ്യ മാത്രമല്ല; അതിന്റെ ഭാഗമായി മറ്റൊരു തരത്തിലുള്ള മൂല്യസഞ്ചയം കൊണ്ടുവരാനും ഇത്തരം പഠനങ്ങള്‍ക്ക് സാധിക്കും. പൗരാണിക കാലത്ത് പുഷ്പകവിമാനം ഉണ്ടാക്കാനുള്ള സാങ്കേതികത നമുക്കറിയാമായിരുന്നു, അതിലാണ് സീതയെ കട്ടുകൊണ്ടുപോയത്, ആ സീത ആരായിരുന്നു? ഒരു ധര്‍മപത്‌നിയായിരുന്നു... എന്ന മട്ടില്‍. ഐഐടി ഖരക്പൂരില്‍ സയന്‍സ് പഠിച്ച് ബിരുദമെടുത്തവരായിരിക്കുമല്ലോ ഇത്തരം ഗവേഷണങ്ങള്‍ ചെയ്യുന്നുണ്ടാവുക. ഒരുതരം സാമൂഹികാധഃപതനമാണ് ഈ പ്രക്രിയയുടെ ഉപോല്‍പന്നം. സാധാരണക്കാരന്റെ നിത്യജീവിതപ്രശ്‌നങ്ങളെ സംബോധനചെയ്യുന്ന യാതൊരു പരിഹാരങ്ങളും അവര്‍ക്ക് തരാനില്ല. പകരം, സ്ത്രീക്ക് ഒരു സ്ഥാനം സങ്കല്പിച്ച് അവളെ അവിടെ ഇരുത്തുക; അതുപോലെ, ദളിതന് വേറെ ഒരു സ്ഥലമുണ്ടെന്ന് ഉറപ്പിക്കുക; അപ്രകാരം, ഓരോരുത്തരെയും നിയന്ത്രിക്കുന്ന ഇടങ്ങളും വേലിക്കെട്ടുകളും സൃഷ്ടിക്കുക. കപടശാസ്ത്ര, സാംസ്‌കാരിക ബോധത്തിന്റെ ഭാണ്ഡക്കെട്ടുകള്‍ ഉണ്ടാക്കുന്ന മനോഭാവങ്ങളാണ് ഇതെല്ലാം. പ്രതിപക്ഷത്തുനിന്ന് എതിര്‍ക്കുന്നവര്‍ക്ക് ഇതിന്റെ സ്വഭാവം മനസ്സിലാകാത്തതുകൊണ്ട് എങ്ങനെ എതിര്‍ക്കണമെന്നും വലിയ പിടിപാടില്ല.
? ഇറ്റാലിയന്‍ ഫാസിസത്തിന്റെ മൂര്‍ധന്യത്തില്‍ വന്‍നഗരങ്ങളിലെ കെട്ടിടസമുച്ചയങ്ങള്‍തൊട്ട് ഗ്രാമാന്തരങ്ങളിലെ കുടിലുകള്‍വരെ പത്തൊമ്പതാം നൂറ്റാണ്ടും ഇരുണ്ട യുഗവും ഒരുമിച്ചുവാഴുന്നതിനെക്കുറിച്ച് ട്രോട്‌സ്‌കി എഴുതിയിട്ടുണ്ട്. വിമാനം പറത്തുന്ന പൈലറ്റുമാരുടെ കഴുത്തിലെ മന്ത്രത്തകിടുകളെക്കുറിച്ചും...
= ഞങ്ങള്‍ വരയ്ക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ ഇത്തരത്തിലുള്ള ആഹാര്യ സവിശേഷതകള്‍ ശ്രദ്ധിക്കാറുണ്ട്. മോതിരങ്ങള്‍, ചരടുകള്‍, ഏലസ്സുകള്‍ മുതലായ അലങ്കാരങ്ങള്‍ പെട്ടന്നുകണ്ണില്‍പ്പെടും. ഞാന്‍ കണ്ട രസകരമായ ഒരു സംഗതി പറയാം. AASU (All Assam Students Union) വിന്റെ നേതാവ് പ്രഫുല്ലകുമാര്‍ മൊഹന്ത, ചരിത്രപരമായി ശ്രദ്ധിക്കപ്പെട്ട രീതിയില്‍ ഒരു മുന്നേറ്റം നയിച്ച ആളാണ്. ക്യാമ്പസില്‍ നിന്നെത്തി, നേരിട്ട് മുഖ്യമന്ത്രിയായി ഒരു സംസ്ഥാനത്തിന്റെ ഭരണം പിടിച്ചെടുത്ത വിദ്യാര്‍ഥി രാഷ്ട്രീയക്കാരന്‍. AAP എന്ന പ്രസ്ഥാനത്തിനൊക്കെ വളരെ മുന്നേ നടന്ന സംഗതിയാണത്. ഡല്‍ഹിയില്‍ ആദ്യമായി പ്രസ് കോണ്‍ഫറന്‍സിനെത്തുമ്പോള്‍, അദ്ദേഹം ആധുനികമായ വസ്ത്രമൊക്കെ ധരിച്ച് മിടുക്കനായ ഒരു വിദ്യാര്‍ഥിയായിരുന്നു. ഒരു കൊല്ലം തികയുംമുമ്പ് ഞാന്‍ കാണുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കില്ല! അയാളുടെ പത്തു വിരലിലും മോതിരങ്ങളുണ്ടായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്ന കല്ലുകള്‍ പതിച്ച മോതിരങ്ങള്‍, തള്ളവിരലിലടക്കം. തീര്‍ത്തും നാടകീയമായ മാറ്റം. വളരെ പുരോഗമനോന്മുഖമായ ഒരു പ്രതിഷേധ സംസ്‌കാരത്തില്‍നിന്നുവന്ന ആളാണെന്ന് ഓര്‍ക്കണം. അധികം താമസിയാതെ ആസു വലതുപക്ഷത്തിന്റെ ഭാഗമായി. കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഇത്തരം നീക്കങ്ങള്‍ ചിഹ്നങ്ങളില്‍നിന്ന് നേരത്തെ പിടികിട്ടും. മറ്റുള്ളവര്‍ കാണാത്ത നഗ്നത കാര്‍ട്ടൂണിസ്റ്റുകളുടെ കണ്ണില്‍പ്പെടുന്നു.

? ചെറിയവരായി തുടങ്ങി അവരുടെ ലോകത്തെക്കാള്‍ വലിയ ലോകങ്ങള്‍ സൃഷ്ടിച്ച രാമു, ഗുരുജി, ലീല... എന്നീ കഥാപാത്രങ്ങളിലൂടെ അരവിന്ദന്‍ ആവിഷ്‌ക്കരിച്ച ജീവിത സന്ദര്‍ഭങ്ങള്‍, രാഷ്ട്രീയ നിരീക്ഷണങ്ങളും പുസ്തകങ്ങളും സംഗീതവും സമ്പന്നമാക്കിയ അന്നത്തെ സായാഹ്നങ്ങള്‍, അവയ്ക്കിടയിലെ സ്‌നേഹബന്ധങ്ങള്‍, ചങ്ങാത്തങ്ങള്‍, വിട്ടുമാറലുകള്‍, ആത്മപരിഹാസങ്ങള്‍... അരവിന്ദന്റെ വരയുടെയും കഥപറച്ചിലിന്റെയും ലോകത്തെ അടിസ്ഥാനമാക്കി ഉണ്ണിചെയ്ത ുൃലലെിമേശേീി എന്താണെന്ന് വിശദീകരിക്കാമോ ?
= 'കാര്‍ട്ടൂണ്‍ കഥ പറയുമ്പോള്‍' അരവിന്ദന്റെ ഓര്‍മദിനത്തില്‍ തിരുവനന്തപുരത്ത് ചെയ്തതാണ്. 'ചെറിയ മനുഷ്യരും വലിയ ലോകവും'എന്ന കാര്‍ട്ടൂണ്‍ പരമ്പരയെക്കുറിച്ചുള്ള ആസ്വാദനമാണത്. അരവിന്ദന്റെ വരകളും അവയെപ്പറ്റിയുള്ള ടെക്സ്റ്റ് കാര്‍ഡുകളും ഉപയോഗിച്ചുള്ള ഒരു കംപ്യൂട്ടര്‍ പ്രസന്റേഷനാണ് അവതരിപ്പിച്ചത്. ആ തുടര്‍ കാര്‍ട്ടൂണില്‍ ഒളിഞ്ഞുകിടക്കുന്ന ഒരു കഥ അഥവാ നോവല്‍ ഉണ്ട്. അരവിന്ദന്‍ അത് ആവിഷ്‌ക്കരിച്ചതാകട്ടെ, ഒട്ടും രേഖീയമല്ലാത്ത രീതിയിലും. ഒരാഴ്ച അവസാനിപ്പിച്ചിടത്തുനിന്നല്ല അടുത്തയാഴ്ച അരവിന്ദന്‍ കഥ പറച്ചില്‍ തുടര്‍ന്നത്. ഒരേ കഥാപാത്രങ്ങളാണെങ്കിലും വെവ്വേറെ മുഹൂര്‍ത്തങ്ങളിലാണ് കഥ പറഞ്ഞത്. അതു നമ്മുടെ പഴയ കഥപറച്ചില്‍ രീതിയാണ്. ഓരോ ലക്കത്തിലും അന്നത്തെ പൊതുവെയുള്ള ചില കാര്യങ്ങള്‍ റേഷന്‍ പ്രശ്‌നം പോലുള്ളവ സ്വാധീനിച്ചുകാണാം. അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരുകൂട്ടം മനുഷ്യരെ കോഴിക്കോടുപോലുള്ള ഒരു നഗരത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ചിത്രീകരിച്ചു. ഒന്നുരണ്ടിടത്ത് അദ്ദേഹത്തിന്റെ സ്വദേശമായ കോട്ടയം കടന്നുവരുന്നു. പിന്നെ, കോഴിക്കോടിന് പുറത്തുള്ള പല നഗരങ്ങളുടെയും കൃത്യമായ കാഴ്ചയും വരച്ചിട്ടുണ്ട്. അങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒട്ടേറെ സവിശേഷതകള്‍ ആ സൃഷ്ടിക്കുണ്ട്.
അരവിന്ദന്റെ ആഖ്യാനത്തിലെ പ്രകടമായ രാഷ്ട്രീയവും പ്രധാനമാണ്. 1961 ജനുവരി 26, റിപ്പബ്ലിക് ദിനത്തിലാണ് ഈ കാര്‍ട്ടൂണ്‍ നോവല്‍ തുടങ്ങിയത്. 62ല്‍ ഇന്ത്യചൈന യുദ്ധത്തിനുശേഷം ഹീറോ അല്ലാതായിമാറിയ നെഹ്‌റു, നെഹ്‌റുവിന്റെ ഏറ്റവും മോശപ്പെട്ട സമയങ്ങള്‍, മരണം.. അതൊക്കെ അരവിന്ദന്‍ രേഖപ്പെടുത്തുന്നുണ്ട്. അസാമാന്യമായ മതിപ്പോടെയുള്ള ആ ചിത്രീകരണങ്ങള്‍ക്ക് ഇക്കാലത്ത് പ്രാധാന്യമേറുന്നു.
? ഉണ്ണിയുടെ ചെറിയ ഗ്രാഫിക് നോവലുകള്‍, നമ്മുടെ സാഹചര്യത്തില്‍ അത്തരമൊരു മാധ്യമത്തിന്റെ രൂപഭാവസാധ്യതകള്‍ എന്നിവയെക്കുറിച്ച് പരാമര്‍ശിക്കാമോ...
= രണ്ടു ഭാഷകളിലെങ്കിലും വായിക്കാത്ത വായനക്കാരെ നമുക്കിന്ന് കേരളത്തില്‍ സങ്കല്‍പിക്കാന്‍ പറ്റില്ല. പണ്ടൊക്കെ മൂന്നു ഭാഷവരെ സംസ്‌കൃതമടക്കം നന്നായിട്ടറിയാവുന്ന എഴുത്തുകാരും വായനക്കാരും ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ അധികം പേരും മാതൃഭാഷയും ഇംഗ്ലീഷും കൈകാര്യംചെയ്യുന്നു. രണ്ടും മോശമായിട്ട് കൈകാര്യം ചെയ്യുന്ന ഒരു വിഭാഗവുമുണ്ടെങ്കിലും. എന്നാല്‍, കുട്ടികള്‍ അങ്ങനെയല്ല. അവര്‍ക്ക് ചായ്‌വു കൂടുതലും ഇംഗ്ലീഷിലേക്കാണെന്ന് തോന്നുന്നു. മുമ്പത്തെ മലയാളി വായനക്കാരെ അപേക്ഷിച്ച്, കുട്ടികളുടെ ആദ്യകാല വായനകളില്‍ ധാരാളം ഇംഗ്ലീഷ് കോമിക്കുകളുണ്ട്. അരവിന്ദനെത്തന്നെ നമുക്ക് ഇഷ്ടപ്പെടാന്‍ കാരണം കാര്‍ട്ടൂണിലുള്ള കഥ പറച്ചിലല്ലേ?
= ഒരു കുട്ടിക്ക് ഇഷ്ടപ്പെടുന്ന രണ്ടു സംഗതികള്‍ സംഗീതവും Comicsഉം ആണ്. ചിരി വരുത്തുന്ന എന്തെങ്കിലും ചിത്രം; ലളിതമായി വരയ്ക്കാനാവുന്നതും പെട്ടെന്നു പകര്‍ത്താനാവുന്നതുമായ രേഖകള്‍. ചെറിയൊരു വക്രരേഖ തിരിച്ചിട്ടാല്‍ ചിരി ദുഃഖമാകുന്നതുപോലെയുള്ള ലീലാപരത. പിന്നെ, കുട്ടികള്‍ക്കിഷ്ടം കഥ കേള്‍ക്കാനാണ്. അതിനാല്‍തന്നെ അത്തരം സൃഷ്ടികള്‍ നമ്മുടെ ഭാഷയിലും ഇനി ധാരാളം പുറത്തുവരും. ഇക്കാലത്ത് കുട്ടികള്‍ പത്ത് നോവലുകള്‍ വായിക്കുമ്പോള്‍ അവയില്‍ രണ്ടെണ്ണം ഗ്രാഫിക് നോവലുകളായിരിക്കും. മലയാളത്തില്‍ സഗീര്‍ ചെയ്ത 'ഗള്‍ഫുംപടി പി ഒ' നല്ല കൃതിയാണ്. കൂടാതെ, കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഈ മാധ്യമത്തിന് വലിയ പ്രസക്തിയുമുണ്ട്. നിത്യവും കാര്‍ട്ടൂണുകളില്‍ പറഞ്ഞു മറക്കപ്പെടുന്ന കാര്യങ്ങള്‍ക്കപ്പുറത്ത്, ഒരു ഗ്രാഫിക്‌നോവലില്‍ കഥ പറഞ്ഞുതുടങ്ങിയാല്‍ അതിനൊരുപാട് രാഷ്ട്രീയസാധ്യതകളേറും. ചില ഓര്‍മപ്പെടുത്തലുകള്‍ സാധിക്കുന്നതിനാല്‍.

? Spices and Souls; A Doodlers Journey through Kerala എന്ന താങ്കളുടെ കൃതിയില്‍ ചരിത്രവും സ്‌കെച്ചുകളും പരസ്പരപൂരകമാകുന്ന ആഖ്യാനം ഒരാള്‍ക്ക് കണ്ടുവായിക്കാം. അതുപോലെത്തന്നെ ഫോര്‍ട്ട് കൊച്ചിയുടെ എടുപ്പുകള്‍, തെരുവുകള്‍, ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ മിന്നല്‍വരകള്‍ എന്നിവയുടെ പരമ്പരയും. പൗരാണിക സ്മാരകങ്ങളും അപൂര്‍വമായ പുരാവസ്തു സ്ഥാനങ്ങളും ദേവാലയങ്ങളുംവരെ മെഗാമാളുകള്‍ കെട്ടിപ്പൊക്കാന്‍ വില്‍പനക്കുവച്ച ഒരു സാഹചര്യത്തിലാണ് നമ്മള്‍... അന്നേരം, സ്‌കെച്ചുബുക്കും പെന്‍സിലുമായി ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ വരയ്ക്കാന്‍ അലയുന്നതിന്റെ അനുഭവങ്ങള്‍ക്ക് മറ്റൊരു പ്രാധാന്യംകൂടി കൈവരുന്നു. അത്തരം യാത്രകളെ, അലച്ചിലുകളില്‍ വരയ്ക്കുന്നതിലെ ആനന്ദങ്ങളെ, അന്നേരം ലഭിക്കുന്ന ഉള്‍ക്കാഴ്ചകളെ വിവരിക്കാമോ
= കേരളം സന്ദര്‍ശിക്കുന്ന അന്വേഷണകുതുകികളായ യാത്രക്കാര്‍ക്കുവേണ്ടി ഒരു പുസ്തകം എഴുതാന്‍ ഡിസി ബുക്‌സ് ഏല്‍പ്പിച്ചു. ഏതാനം കാഴ്ചകള്‍ കണ്ടുപോകുന്നതിനുപകരം സഞ്ചാരികളെ കേരളത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും വ്യാപൃതരാക്കുകയും പുനര്‍സന്ദര്‍ശനങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യണം എന്ന ലക്ഷ്യത്തോടെ. ഞാന്‍ വരയ്ക്കുകയും മറ്റാരെങ്കിലും എഴുതുകയും ചെയ്യുക എന്നതായിരുന്നു ആദ്യധാരണ. പിന്നീട്, ഞാന്‍തന്നെ എഴുതിയാല്‍ മതിയെന്ന് പ്രസാധകര്‍ തീരുമാനിച്ചു.
ആ പുസ്തകം രചിച്ചിട്ടുള്ളത് ഒരു യാത്രാവിവരണംപോലെത്തന്നെയാണ്. മൂന്നു ഭാഗമായി സങ്കല്‍പിച്ചാണ് കൃതിക്ക് രൂപകല്‍പന നല്‍കിയത്. ഒന്ന് കാഴ്ചയുടെ കേരളം. അതാണ് എല്ലാവരും എഴുതുന്നത്. പിന്നെ, കേള്‍വിയുടെ കേരളം. കാഴ്ച എത്രത്തോളം മനോഹരമാണോ അത്രത്തോളം അലോസരമുളവാക്കുന്നതാണ് നമ്മുടെ കേള്‍വി. കേരളത്തിലെ മനോഹരമായ പ്രഭാതങ്ങളില്‍ ചെവിയില്‍ ഇയര്‍പ്ലഗ് വച്ച് നില്‍ക്കേണ്ട ഗതികേടാണ്. ആ ശബ്ദമലിനീകരണത്തില്‍ സകലതുമുണ്ട്. രാഷ്ട്രീയം, പ്രസംഗം, ഒച്ചവെക്കല്‍, പ്രാര്‍ഥന, പ്രതിഷേധം, പാട്ടുകള്‍... അങ്ങനെ നല്ലതും ചീത്തയും എല്ലാം കൂടിക്കുഴഞ്ഞ്. കാഴ്ചയുടെയും കേള്‍വിയുടെയും അപ്പുറത്തും ഒരു കേരളമുണ്ട്.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Asterix കോമിക്‌സ്‌വച്ചാണ് ഈ പുസ്തകത്തിന്റെ ഘടന സങ്കല്‍പിച്ചത്. Asterix, Cacofonix, Druid എന്നീ കഥാപാത്രങ്ങളെ ആധാരമാക്കി. ചരിത്രത്തില്‍ ഒരാള്‍ക്കും ഒരിക്കലും പൂര്‍ണമായും കീഴ്‌പ്പെടുത്താനാകാത്ത ഒരംശം ആസ്ട്രിക്‌സിന്റെ കഥയിലുണ്ടല്ലോ. അതുപോലെ എന്തൊക്കെത്തരം ബാഹ്യസ്വാധീനങ്ങള്‍ വന്നാലും മുഴുവനായിട്ട് വിട്ടുകൊടുക്കാത്ത ഒരു ചുണ കേരളത്തിനുമുണ്ട്. കേള്‍വിയുടെ കേരളം സദാ അപശ്രുതികളുണ്ടാക്കുന്ന Cacofonics എന്ന കഥാപാത്രത്തെ മനസ്സില്‍കണ്ടാണ് ചെയ്തത്. കേള്‍വിയുടെയും കാഴ്ചയുടെയും അപ്പുറത്തുള്ള മറ്റൊരു കേരളമാണ് മൂന്നാമത്തെ തലം. എത്രമാത്രം ഭൗതികവാദവും കമ്യൂണിസവുമൊക്കെ ഉണ്ടെങ്കിലും നമുക്ക് ഒരു തരം ആത്മീയതയുമുണ്ട്. വെറും മതാത്മകത മാത്രമല്ല ഉദ്ദ്യേശിക്കുന്നത്. ആചാരക്രമങ്ങളും മദ്യപാനവുമൊക്കെ ഉള്‍ക്കൊള്ളുന്ന, ഭൗതികതലം വിട്ടുപോകാനുള്ള ഒരു വാഞ്ഛ. അത്തരത്തിലുള്ള അതിഭൗതികത നമ്മുടെ കൂടെയുണ്ട്. മന്ത്രവാദവും ഇന്ദ്രജാലവുമൊക്കെ അതിന്റെ ഭാഗമാണ്. Getafix എന്ന ഗോത്രത്തലവന്റെ മാന്ത്രികദ്രാവകം സേവിച്ച ഒരവസ്ഥ. ഈ മൂന്നാംഭാഗത്തില്‍ കാട്ടുമാടമൊക്കെ പുസ്തകത്തില്‍ വരുന്നു. എഴുത്ത് ഛിന്നഭിന്നമായി പോകാതിരിക്കാന്‍ അത്തരം ചില ഉപായങ്ങള്‍ ആ കൃതിയില്‍ പ്രയോഗിച്ചുനോക്കി.
ഫോര്‍ട്ട് കൊച്ചിയെക്കുറിച്ചുള്ള പുസ്തകം വേറൊന്നാണ്. അങ്ങനെയൊരു പുസ്തകം ചെയ്യണമെന്ന ആഗ്രഹം കുറേക്കാലമായി കൂടെയുണ്ടായിരുന്നു. എന്റെ അമ്മാവന്‍ കൊച്ചിയില്‍ ജോലിചെയ്യുകയും ജീവിക്കുകയും ചെയ്തതിനാല്‍ ഞാന്‍ കൂടെക്കൂടെ അവിടെ പോകുമായിരുന്നു. ഫോര്‍ട്ട് കൊച്ചിക്കൊരു ആകര്‍ഷണമുണ്ട്. അവിടേക്ക് കയറുമ്പോഴും അവിടം വിട്ടാലും നമുക്കത് തിരിച്ചറിയാം. ആ സ്ഥലത്തെ ഒന്നിച്ചുനിര്‍ത്തുന്ന, പരസ്പരം ഇഴചേര്‍ന്നുകിടക്കുന്ന ഘടകങ്ങള്‍ എവിടെയൊക്കെയോ ഉണ്ട്. ചരിത്രവും പൊതുവിജ്ഞാനവും വച്ചുനോക്കുമ്പോള്‍തന്നെ നമുക്കറിയാവുന്ന പല കാര്യങ്ങളുമുണ്ടല്ലോ. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് എന്നിങ്ങനെ പ്രധാന കൊളോണിയല്‍ ശക്തികളുടെ അധിനിവേശത്തിന് കൊച്ചി വിധേയമായി. ആധുനികവ്യവസായങ്ങളുടെയും സായിപ്പിന്റെ കമ്പനികളുടെയും കേന്ദ്രമായിരുന്നു. കല്‍ക്കത്തയ്ക്ക് ഉണ്ടായിരുന്നതുപോലെ ബോക്‌സ്‌വാലാ കമ്പനികള്‍, ആസ്പിന്‍വാള്‍, പിയേഴ്‌സ് ലെസ്ലി, ബ്രൂക്ക് ബോണ്ട് എന്നീ സ്ഥാപനങ്ങള്‍... കച്ചവടം, ലേലം എന്നിങ്ങനെ വിപണി സംസ്‌കാരത്തിന്റെ സാന്നിധ്യം. ജൂതന്മാര്‍, മുസ്ലി ങ്ങള്‍, ഹിന്ദുക്കള്‍ തുടങ്ങി പലജാതി മനുഷ്യര്‍. ഇന്ത്യയുടെ വിവിധ ഭാഗത്തുനിന്നുള്ള ഗുജറാത്തി, മാര്‍വാടി, കൊങ്കിണി, തമിള്‍ മുതലായ നരവംശപരമായ വൈവിധ്യം. കാന്റില്‍ ഐലന്റ് എന്ന മനുഷ്യവാസമില്ലാത്ത, പാമ്പുകള്‍ മാത്രമുള്ള ദ്വീപ് അടക്കം വെറും ഒരു ചതുരശ്രമൈലിനകത്താണ് നാമിതെല്ലാം കാണുന്നത് എന്നോര്‍ക്കണം. അതൊന്നു വരയ്ക്കാന്‍ പറ്റുമോ എന്നായിരുന്നു എന്റെ ചിന്ത. അങ്ങനെ ഒരു ദൗത്യം ലഭിച്ചപ്പോള്‍ 140 സ്‌കെച്ചുകള്‍ വരച്ചു. വരച്ചുകഴിഞ്ഞപ്പോള്‍ പിന്നെ എഴുത്തിനെക്കുറിച്ചായി ആലോചന. ഹെറിറ്റേജ് ടൂറിസമൊക്കെ എടുത്ത് എഴുതിയാല്‍ മതിയെന്നു വിചാരിച്ചു. പക്ഷേ, എഴുത്തില്‍ കൈവച്ചപ്പോഴാണ് പൊള്ളിയത്. അത് പൊള്ളുന്ന ചരിത്രമാണ്. മിക്കവാറും സംഗതികള്‍ നേരാണെന്ന് തെളിയിക്കപ്പെടാത്തതിനാല്‍ എഴുത്ത് എളുപ്പമല്ല. എനിക്കേറെ താല്‍പര്യമുള്ള മലബാറിന്റെ ചരിത്രം, വെസ്റ്റ് കോസ്റ്റിന്റെ ചരിത്രം, സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ കൃതി... അതൊക്കെ വായിച്ചിട്ടാണ് ഈ രചനയില്‍ എത്തിപ്പെട്ടത്. ആ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന ചരിത്രമൊന്നുമല്ല കൊച്ചിയുടേത്. കേട്ടുകേള്‍വികള്‍ അതേപടി എഴുതിവയ്ക്കണം. അത് അപകടകരവുമാണ്. എന്താണ് യഥാര്‍ഥ ചരിത്രമെന്നത് ഒരുകാലത്തും എന്നെപ്പോലെ ഒരാള്‍ക്ക് എഴുതിയുണ്ടാക്കാന്‍ പറ്റില്ല. അതിനുള്ള ശിക്ഷണമോ പഠനമോ ഇല്ല. ചരിത്രമല്ല എന്റെ വിഷയം. അത്തരമൊരു പുസ്തകമെഴുതാന്‍ ആയുഷ്‌ക്കാലം മുഴുവനും വേണ്ടിവരും. അപ്പോള്‍ ഇനി എന്തുചെയ്യും? അവസാനം ഒരുവഴി കണ്ടുപിടിച്ചു. കൊച്ചിയെക്കുറിച്ച് ഒരുപാടു കഥകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇതാണ് ചരിത്രം എന്നുപറഞ്ഞു നമ്മുടെ മുന്നില്‍ എത്തുന്ന കഥകള്‍. അതിനെയൊന്നും തള്ളിക്കളയേണ്ട ആവശ്യമില്ല. അവിടുത്തെ എടുപ്പുകളെപ്പോലെ അവയും മനുഷ്യര്‍ ഉണ്ടാക്കിയതാണല്ലോ. അതിനാല്‍, മുമ്പെഴുതിവച്ചിട്ടുള്ള ആഖ്യാനങ്ങളെയും ഞാന്‍ കണ്ട കാഴ്ചകളെപ്പോലെത്തന്നെ സമീപിച്ചു. അതൊരു പോരായ്മയായി എനിക്ക് തോന്നിയിട്ടില്ല. കാഴ്ചയുടെ ഉപരിപ്ലവതയോടെത്തന്നെ കൊച്ചിയുടെ കഥകളെ നോക്കിക്കണ്ടു. യാതൊരു തീര്‍പ്പുകളും കല്‍പ്പിക്കാതെ. ഒരു വഴിപോക്കനെപ്പോലെ തികച്ചും ബഹിര്‍മാത്രസ്പര്‍ശിയായി ബോധപൂര്‍വംതന്നെ എഴുതി. അല്ലെങ്കില്‍ വിധിനിര്‍ണയങ്ങള്‍ നടത്തേണ്ടിവരും.
? വര്‍ഷങ്ങളോളം ദിവസവും പത്രത്തിനുള്ള ഒരു കാര്‍ട്ടൂണ്‍വീതം മുടങ്ങാതെ വരയ്ക്കല്‍, യാത്രയിലെ സ്‌കെച്ചുകള്‍, അങ്ങേയറ്റം മൂര്‍ച്ചയുള്ള Rough Cut ഫ്രെയ്മുകള്‍.. സര്‍ഗാത്മകതയുടെ അതിഭൗതികവും കാല്‍പനികവുമായ നടപ്പുസിദ്ധാന്തങ്ങളെയും പരസ്യവാക്യങ്ങളെയും വെല്ലുവിളിക്കുന്ന ഒരു പരിപാടിയും ജീവിതചര്യയും അതിലുണ്ട്. കാര്‍ട്ടൂണിസ്റ്റിന് എന്താണ് കല?
= ബോധപൂര്‍വമായിട്ടുള്ളൊരു കലയൊന്നുമില്ല ദൈനംദിന കാര്‍ട്ടൂണുകളില്‍. അതൊരു നിത്യാഭ്യാസമാണ്. വാര്‍ത്താകാര്‍ട്ടൂണിന്റെ കാര്യമാണ് ഞാന്‍ പറയുന്നത്. ഗ്രാഫിക്‌നോവലുകള്‍, കോമിക്‌സ് എന്നിവയിലൊക്കെ കലയുണ്ട്. പ്രകടമായ കലയുടെ മേഖലയിലാണ് അവ നിലനില്‍ക്കുന്നത്. വാര്‍ത്തകളാണ് ഒരു പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റിനെ നയിക്കുന്നത്. ഇന്ന് പണ്ടത്തേക്കാളും കൂടുതല്‍ വാര്‍ത്തകളെ ആശ്രയിച്ചാണ് കാര്‍ട്ടൂണുകള്‍. വൃത്താന്തങ്ങളാണെങ്കില്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. അവയുടെ സത്യാവസ്ഥ നിര്‍ണയിക്കാനും പ്രയാസമേറി. ശങ്കറിന്റെ, കുട്ടിയുടെ, അബുവിന്റെ, വിജയന്റെ ഒക്കെ കാലത്ത് ഉണ്ടായിരുന്നതുപോലെ ചില പ്രമേയങ്ങള്‍, വളരെക്കാലം നീണ്ടുനിന്നിരുന്ന ചോദ്യങ്ങള്‍, ഉത്തരങ്ങള്‍, ആകാംക്ഷകള്‍... അതൊക്കെ പോയി. എല്ലാം കൂടുതല്‍ ശകലിതമായി. അന്നൊക്കെ ആശയങ്ങളും പ്രമേയങ്ങളും രാഷ്ട്രീയചര്‍ച്ചയില്‍ എപ്പോഴും നിലനിന്നിരുന്നു. ഇപ്പോള്‍ എല്ലാം നൈമിഷികമാണ്. കലതന്നെ ക്ഷണികമായി. അതിനാല്‍, കാര്‍ട്ടൂണ്‍ വരയ്ക്കല്‍ ശരിക്കും ഒരു നിത്യാഭ്യാസമായിട്ടുമാറി. നിത്യാഭ്യാസത്തിന്റെ ഘടകം മുമ്പും വരയില്‍ ഉണ്ടായിരുന്നെങ്കിലും.
നമുക്ക് ഉപയോഗമുള്ള പലതും ഉണ്ടാക്കുന്ന കൈവേലക്കാരെപ്പോലെ കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനും ഒരുക്കം വേണം. കാര്‍ട്ടൂണിങ് അഭ്യസിക്കാനുള്ള പരിശീലനകേന്ദ്രങ്ങള്‍ ഇവിടെയും പുറത്തും കുറവാണ്. അതിനാല്‍ കാര്‍ട്ടൂണിസ്റ്റുകള്‍ സ്വയംശിക്ഷിതരാണ്. പണ്ടൊക്കെ മറ്റുള്ളവരുടെ വരകള്‍ കണ്ടു പഠിക്കുമായിരുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റ് ഉള്ളതുകൊണ്ട് പഠനരീതിയില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. ഒരുപാട് കാര്‍ട്ടൂണിസ്റ്റുകളുടെ ശൈലികള്‍ ഒറ്റയടിക്കുകാണുകയും നമുക്കുവേണ്ടത് തെരഞ്ഞെടുക്കുകയും പരീക്ഷിക്കുകയും ചെയ്യാനുള്ള അവസരങ്ങളുണ്ട്. പിന്നെ, കംപ്യൂട്ടറിന്റെ സഹായം. വരയില്‍ ഫോട്ടോഷോപ്പ്, ഗ്രാഫിക്‌സ് സോഫ്റ്റുവെയറുകള്‍ ഒക്കെ ഉപയോഗിക്കാനുള്ള സാധ്യതകള്‍ തെളിഞ്ഞു. അതൊക്കെ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ഫോട്ടോഷോപ്പും ഗ്രാഫിക് സോഫ്റ്റ്‌വെയറും ഉപയോഗിച്ചു വരയ്ക്കുമ്പോള്‍ ഒരുപാട് ഇഫക്ട്‌സ് കൊടുത്ത് കലാപരതയിലേക്ക് വഴുതിവീഴാം. അതിനെ ഒരു കുറവായി കണക്കാക്കേണ്ടതില്ല. അങ്ങനെയല്ലാതെയും സാങ്കേതികത ഉപയോഗിക്കുന്നവരുണ്ട്.
കൃത്യസമയത്ത് വാര്‍ത്തകള്‍ അറിയുക, അവ മാറിക്കൊണ്ടിരിക്കുമ്പോള്‍ അവയുടെ കൂടെ ഓടുക, പലപ്പോഴും ഒരേ കാര്‍ട്ടൂണ്‍തന്നെ ഒരു ദിവസം പലവട്ടം മാറ്റുക.. ഇതൊക്കെ എന്റെ ജോലിക്ക് ആവശ്യമാണ്. കാരണം, വളരെ വാര്‍ത്താദാഹമുള്ളൊരു പത്രത്തിനുവേണ്ടിയാണ് ഞാന്‍ വരയ്ക്കുന്നത്.
ഒരു വാര്‍ത്താ കാര്‍ട്ടൂണില്‍ ബോധപൂര്‍വം കലാസൃഷ്ടി നടത്താനൊക്കെ ഒരുമ്പെട്ടാല്‍ അതു നടക്കില്ല. പിന്നെ, നിത്യാഭ്യാസം കൊണ്ടുണ്ടാകുന്ന സ്ഫുടംചെയ്യലുണ്ട്; കുറേക്കാലമായിട്ട് അനുഭവംകൊണ്ടു പഠിക്കുന്ന പാഠങ്ങളുണ്ട്. അതെല്ലാം മിക്കപ്പോഴും രൂപഘടനയേക്കാളേറെ ഉള്ളടക്കത്തെ സംബന്ധിച്ചാണ്. ഉദാഹരണത്തിന് കാര്‍ട്ടൂണിസ്റ്റ് അയാള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു രാഷ്ട്രീയനേതാവിനെയോ രാഷ്ട്രീയ ആശയത്തേയോ അപ്പാടെ എതിര്‍ത്തായിരിക്കും വരച്ചുതുടങ്ങുക. മതിയായ കാരണമുണ്ടെങ്കില്‍ അങ്ങനെത്തന്നെ തുടരാം. എന്നാല്‍, വിപരീതസന്ദര്‍ഭങ്ങളില്‍ ചിത്രീകരണരീതിയും കാരിക്കേച്ചറിന്റെ സ്വഭാവവും മാറും. മൊത്തം വില്ലന്മാരും ഹീറോകളും മാത്രമുള്ള ഒരു ലോകത്തുനിന്ന് വിട്ടുമാറി കാര്യങ്ങള്‍ കാണേണ്ടിവരും. ഒരിക്കലും ഒരു വില്ലനെ തനിക്ക് അവതരിപ്പിക്കാന്‍ കഴിയില്ലെന്ന് സത്യജിത്‌റേ പറഞ്ഞിട്ടുണ്ട്. കാരണം, അദ്ദേഹം വില്ലനില്‍ വിശ്വസിച്ചിരുന്നില്ല. മനുഷ്യന്മാരുടെ ഇടയില്‍ വില്ലനില്ല എന്നുകരുതുന്ന ഒരാള്‍ക്ക് അങ്ങനെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ പറ്റില്ലല്ലോ. നമ്മുടെ രാഷ്ട്രതന്ത്രത്തില്‍ വില്ലന്മാര്‍ ഇല്ലെന്നല്ല ഞാന്‍ പറയുന്നത്.

അമേരിക്കയിലൊക്കെ ഒരു പരിധിവരെ നിശ്ചിതമായ രാജ്യഘടനയും ഭരണപദ്ധതിയുമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയില്‍ അങ്ങനെയല്ലാത്തതിനാല്‍ ഒരു കാര്‍ട്ടൂണിസ്റ്റിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവിഷയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ചില വെല്ലുവിളികളുണ്ട്. അന്നേരം, കലയില്‍ അഭിരമിക്കാനുള്ള അവസരം ഒരു ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റിന് കുറവാണ്. പ്രത്യേകിച്ച് നിങ്ങള്‍ ദേശീയതലത്തില്‍ വരയ്ക്കുമ്പോള്‍. ഇന്ന് അസമിനെക്കുറിച്ച് വരയ്ക്കും, നാളെ കേരളത്തില്‍ നടക്കുന്ന വാര്‍ത്തയായിരിക്കാം, ചിലപ്പോള്‍ ഡല്‍ഹിയായിരിക്കാം, അല്ലെങ്കില്‍ ആര്‍ബിഐ കടന്നുവരുന്ന ഒരു സാമ്പത്തികവാര്‍ത്ത ആയിരിക്കാം, ആധാറിനെക്കുറിച്ചാകാം... അപ്രകാരം, ഒരുപാട് വൈവിധ്യമുള്ള വിഷയങ്ങള്‍ വരയ്ക്കുന്നയാള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നു. ഒരു ഭരണകക്ഷി, ഒരു പ്രതിപക്ഷം, മൂന്നാമതൊരു ചെറിയ പാര്‍ടി എന്ന മട്ടില്‍ മിക്കവാറും മുതിര്‍ന്ന ജനാധിപത്യങ്ങളിലുള്ള ഒരു സെറ്റില്‍ഡ് പോളിറ്റിയല്ല നമ്മുടേത്. അസംഖ്യം പാര്‍ടികള്‍, പലയിടങ്ങളില്‍ പലരീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരേ പാര്‍ടി... അങ്ങനെയൊക്കെയാണ് നമ്മുടെ രാഷ്ട്രീയഘടന. കൂടാതെ, കണ്ടാലറിയുന്ന അറുപത് ഏഴുപതു മുഖങ്ങളെയാണ് ഒരു വര്‍ഷം ദേശീയതലത്തില്‍ ഒരു കാര്‍ട്ടൂണിസ്റ്റിന് വരയില്‍ കൈകാര്യം ചെയ്യേണ്ടിവരുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ സവിശേഷതകളുടെ ഭാഗമാണ് ഇതെല്ലാം. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ കലാപരത പ്രകടമായിട്ടുണ്ടാക്കാനുള്ള സൗകര്യം കിട്ടണമെന്നില്ല.
കലയുണ്ടാക്കണം എന്നതിലുപരി, പറയുന്ന കാര്യങ്ങളോട് സത്യസന്ധത പുലര്‍ത്തണം എന്നാകുമ്പോള്‍ അക്കാര്യത്തില്‍നിന്നുതന്നെ ഉരുത്തിരിയുന്ന ഒരു കലാപരതയുണ്ട്. ഞാന്‍ കാരിക്കേച്ചര്‍ ചെയ്യുമ്പോള്‍ വലിയ കൈക്രിയകളില്ലാതെ വരയ്ക്കുന്നതിനുള്ള കാരണം ഈ തോന്നലാണ്.
? ഇത്തിരി നേരമ്പോക്കിലൂടെ, ഇന്ത്യന്‍ ഇങ്കിന്റെ abstract ആയ കറുത്ത പശ്ചാത്തലത്തില്‍ ഒ വി വിജയന്‍ യുദ്ധം, രാഷ്ട്രതന്ത്രം, അന്താരാഷ്ട്ര ബലാബലങ്ങള്‍, മനുഷ്യവംശം നേരിടുന്ന നിലനില്‍പിന്റെ പ്രതിസന്ധികള്‍ എന്നിവയെക്കുറിച്ച് വിഷാദവും സന്ദേഹവും നിറഞ്ഞ തനതായ ദര്‍ശനങ്ങള്‍ വരച്ചു. വിജയന്റെ കാര്‍ട്ടൂണുകളെക്കുറിച്ചുള്ള പ്രധാന നിരീക്ഷണങ്ങള്‍ എന്തൊക്കെയാണ് ?
= എനിക്ക് ഇക്കാര്യത്തില്‍ ചെറിയൊരു പ്രശ്‌നമുണ്ട്. ഞാനത് എഴുതിയിട്ടുമുണ്ട്. വാര്‍ത്താ കാര്‍ട്ടൂണുകളോടുള്ള എന്റെ അമിത താല്‍പര്യമായിരിക്കാം അതിനുള്ള ഒരു കാരണം. ഇത്തിരി നേരമ്പോക്കില്‍ വിജയന്‍ വരച്ചത് അതിമനോഹരമായ കാര്‍ട്ടൂണുകള്‍തന്നെയാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല. മലയാളി അതിനെ വായിച്ചെടുത്ത രീതിയെച്ചൊല്ലിയാണ് എന്റെ വിയോജിപ്പ്. അടിയന്തരാവസ്ഥക്കാലത്താണ് വിജയന്‍ ആ കാര്‍ട്ടൂണുകള്‍ വരച്ചത്. പ്രകടമായി, വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന ഒരു കാര്‍ട്ടൂണ്‍ സംസ്‌കാരത്തിന്റെ ഭാഗംതന്നെയായിരുന്നു അദ്ദേഹം. സെന്‍സര്‍ഷിപ്പിന് മുന്നില്‍വച്ച കാര്‍ട്ടൂണൊന്നും വിജയന് കാര്‍ട്ടൂണല്ല.
വെട്ടിത്തുറന്ന് അഭിപ്രായം പറയുന്ന ജനാധിപത്യരീതിയുടെ ഭാഗമായിട്ടുണ്ടായതാണ് ഇന്ത്യയിലെ കാര്‍ട്ടൂണ്‍. ഡേവിഡ് ലോ മുതലായവരുടെ ബ്രിട്ടീഷ് പാരമ്പര്യത്തില്‍നിന്നാണത് ഉടലെടുത്തത്. ശങ്കര്‍, ലക്ഷ്മണ്‍, അബു, പുരി, വിജയന്‍ ... അവരൊക്കെ വരച്ചതും ആ രീതിയില്‍തന്നെയാണ്. പ്രാദേശികമായിട്ടുള്ള ചില പരിമിതികള്‍ ഉണ്ടാകാം. പത്രങ്ങളുടെ നിയന്ത്രണങ്ങളും പരിമിതികളും അല്ലാതെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ധൈര്യക്കുറവൊന്നുമില്ല. അപ്രകാരം തുറന്നുപറയാനുള്ള സാധ്യത അടിയന്തരാവസ്ഥക്കാലത്ത് ഇല്ലാതായപ്പോഴാണ് കുറച്ചുകൂടി അന്യാപദേശരൂപത്തിലുള്ള കാര്‍ട്ടൂണുകള്‍ വിജയന്‍ വരച്ചത്. ആ അലിഗറിയില്‍ കയറിപ്പിടിച്ച മലയാളി വായനക്കാരന് ഗുളികപ്രായത്തില്‍ പലതും കിട്ടി. വിശ്വശാന്തി, പരിസ്ഥിതി, സമാധാനം... അങ്ങനെ പലതും. ഇതിനോടൊന്നും ആര്‍ക്കും പ്രതിഷേധമില്ല. ഹിറ്റ്‌ലറോടു ചോദിച്ചാല്‍പോലും അയാള്‍ക്ക് വിശ്വശാന്തിയിലൊന്നും വിയോജിപ്പുകാണാന്‍ തരമില്ല. വിജയന്റെ വരകളിലുണ്ടായിരുന്ന മൂര്‍ച്ചക്കുപകരം മലയാളി കൊണ്ടാടുകയും വായിച്ചെടുക്കുകയുംചെയ്തത് അനിത്യത, കൈവല്യം എന്നൊക്കെയുള്ള ചില ജഗപൊഹകളാണ്.
ഖസാക്ക് സ്മരണ നടക്കുമ്പോള്‍ പാലക്കാടുഭാഗത്ത് രണ്ടു വിജയന്മാരെ കാണാം. ഒന്നു പക്വതവന്ന മുതിര്‍ന്ന വിപ്ലവകാരിയും മറ്റേതു കാവിയുടുത്ത ഒരു വിജയനുമാണ്. വിജയന്റെ കാര്‍ട്ടൂണുകളെക്കുറിച്ച് സംസാരിച്ചാല്‍ ചില സദസ്സുകള്‍ അസ്വസ്ഥമാകും. സാഹിത്യത്തെക്കുറിച്ച് എത്രവേണമെങ്കിലും സംസാരിക്കാം. അതേ സമയം വിജയന്റെ രാഷ്ട്രീയത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ കാണിച്ച് നമ്മള്‍ സംസാരിച്ചു തുടങ്ങിയാല്‍ അതിനിടയില്‍ ഒരു ഇടപെടല്‍ നടക്കുന്നത് ഇത്തരം സദസ്സുകളില്‍ കാണാം. കാര്‍ട്ടൂണുകളെക്കുറിച്ച് തുറന്ന ചര്‍ച്ചയോ ചോദ്യോത്തരങ്ങളോ അവര്‍ അനുവദിക്കില്ല.
അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ ശരിക്ക് മനസ്സിലാക്കാനുള്ള ശ്രമം നടന്നിട്ടില്ല. അവ ഇതുവരെ ആര്‍ക്കൈവ് ചെയ്തിട്ടില്ല. രണ്ടു നല്ല പുസ്തകങ്ങളുണ്ട്. സ്വന്തം കാര്‍ ട്ടൂണുകളെക്കുറിച്ച് artoonist Remembers’ എന്നൊരു പുസ്തകം വിജയന്‍തന്നെ എഴുതിയിട്ടുണ്ട്. പിന്നെ, വിജയന്റെ കാര്‍ട്ടൂണുകളെ വികസന സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെടുത്തി സുന്ദര്‍ രാമനാഥ അയ്യര്‍, നാന്‍സി ഹഡ്‌സണ്‍റോഡ് എന്നിവര്‍ ചേര്‍ന്നുതയ്യാറാക്കിയ Tragic Idiom എന്ന പുസ്തകം. 1958 മുതല്‍ ശങ്കേഴ്‌സ് വാരികയില്‍ വിജയന്‍ വരച്ചുതുടങ്ങി. പിന്നീട, ലിങ്കിന്റെയും പേട്രിയറ്റിന്റെയും കാര്‍ട്ടൂണിസ്റ്റായി. ഇടതുപക്ഷ എടത്തട്ടയുമായി ഇടഞ്ഞുകൊണ്ടാണ്, വിജയന്‍ പേട്രിയറ്റില്‍ വരച്ചുകൊണ്ടിരുന്നത്. അതിനുശേഷം ഫാര്‍ ഈസ്‌റ്റേണ്‍ ഇക്കണോമിക് റിവ്യൂ, ഇപിഡബ്ല്യു തുടങ്ങി പലയിടത്തും ഫ്രീലാന്‍സ് ചെയ്തു. തുടര്‍ന്ന് ഹിന്ദു പത്രത്തില്‍ സ്ഥിരമായി വരച്ചു.
ഒരുപാട് white space- നിലനിര്‍ത്തി രൂപങ്ങള്‍ ഒതുക്കിയെടുത്താണ് വിജയന്റെ വര. അസാമാന്യമായ signature style ഉണ്ടായിരുന്ന കാര്‍ട്ടൂണിസ്റ്റാണ് വിജയന്‍. വളരെയധികം ശൈലീകൃതം. ഉള്ളടക്കത്തിന്റെ കാര്യത്തിലും ആ കാര്‍ട്ടൂണുകള്‍ ഉജ്വലമായിരുന്നു. പ്രത്യേകിച്ചും അടിയന്തരാവസ്ഥക്കുശേഷമുള്ള തിരിച്ചുവരവില്‍. അക്കാലത്ത് പ്രമേയവൈവിധ്യത്തോടെ ധാരാളം കാര്‍ട്ടൂണുകള്‍ അദ്ദേഹം വരച്ചു. Statesmanല്‍ എത്തിയപ്പോള്‍ എഡിറ്റോറിയലിനോട് കിടപിടിക്കുന്ന കാര്‍ട്ടൂണുകളാണ് വരച്ചത്. വിജയന്‍ വരച്ചിട്ടുണ്ട്, നമ്മള്‍ എന്തിന് എഡിറ്റോറിയല്‍ എഴുതണം എന്ന് സീനിയര്‍ എഡിറ്റേഴ്‌സ് ചോദിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ റഷ്യ കയറിയപ്പോള്‍ വരച്ച കാര്‍ട്ടൂണിലൊക്കെ ചരിത്രം കൈകാര്യം ചെയ്ത രീതി ഉദാഹരണമായി പറയാം. അങ്ങേയറ്റം പക്വതയുള്ള craftsmanship, അവതരണത്തിലുള്ള കൈയടക്കം, അതീവഭംഗിയുള്ള ഭാഷ ഇതൊക്കെ വിജയന് സൗന്ദര്യപരമായ ചിന്തകളുടെ ഭാഗം മാത്രമായിരുന്നില്ല; മറിച്ച് അനായാസമായി ഒഴുകി വന്നതാണ്. അങ്ങനെയല്ലാതെ ഒരു കാര്‍ട്ടൂണിസ്റ്റിന് വരയും ഭാഷയുമൊന്നും കൈകാര്യം ചെയ്യാനാവില്ല. പിന്നീടു ചര്‍ച്ചകളായി മാറിയ പരിസ്ഥിതി രാഷ്ട്രീയമൊക്കെ കാര്‍ട്ടൂണില്‍ ആദ്യമായി അഭിസംബോധന ചെയ്തത് വിജയനാണ്. ഹരിതരാഷ്ട്രീയം വാര്‍ത്തയാകുന്നതിനുമുമ്പ്. മനുഷ്യാവകാശപ്രശ്‌നങ്ങള്‍ എക്കാലത്തും വിജയന്റെ വരയില്‍ കടന്നുവന്നിട്ടുണ്ട്.
? ഉണ്ണി വരയ്ക്കുന്ന രൂപങ്ങളുടെ കടുത്ത ബാഹ്യരേഖകള്‍; രാഷ്ട്രീയ നേതാക്കളുടെ, പൊലീസുകാരന്‍തൊട്ട് പ്രധാനമന്ത്രിവരെയുള്ള അധികാരസ്ഥാനങ്ങള്‍ ആളുന്നവരുടെ ഉടല്‍ഭാഷയിലും ആംഗ്യങ്ങളിലും പ്രസരിക്കുന്ന ധാര്‍ഷ്ട്യം, ആക്രമണസന്നദ്ധത, ജനം എന്ന അപരവംശത്തോടുള്ള അവരുടെ നിസ്സംഗതയും നിന്ദയും... കാര്‍ട്ടൂണിങ്ങില്‍ത്തന്നെ അസാധാരണമായ സവിശേഷതകളായി അവയെ കാണാം. താങ്കളുടെ സൃഷ്ടികളെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകങ്ങളാണവ. ശരീരത്തിന്റെ അതിശയോക്തികളോ വിലക്ഷണതകളോ ആശ്രയിക്കാതെത്തന്നെ മനുഷ്യരുടെ ഉള്‍ഭാഗം കാണാന്‍ പറ്റുന്ന X-ray വരകള്‍.. സയന്‍സ്, സാമ്പത്തികശാസ്ത്രം, സംഗീതം, പുസ്തകങ്ങള്‍, വാസ്തുവിദ്യ, ചരിത്രം എന്നീ മണ്ഡലങ്ങള്‍ ഇഴയടുപ്പമുള്ള വാക്കുകളായി വരയ്‌ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നു. നിത്യജീവിതത്തിലും സാമൂഹികരംഗങ്ങളിലും നാം അനുഭവിക്കേണ്ട അക്രമങ്ങള്‍ ചിത്രീകരിക്കുമ്പോഴും ഹിംസയെ ഒഴിവാക്കുന്ന ശൈലിയുടെ മര്‍മം എന്താണ്
= എനിക്ക് ബോധപൂര്‍വമായ ഒരു ശൈലി ഇല്ല. പലരുടെയും വരകളെ പിന്തുടര്‍ന്നാണ് ഞാനും ആരംഭിച്ചത്. അരവിന്ദനും അബുവും ഈ രണ്ടു 'അകാരങ്ങളായിരിക്കാം ഒരുപക്ഷേ, എന്നെ ഏറ്റവും സ്വാധീനിച്ചത്. ഈ തൊഴിലുമായി ബന്ധപ്പെട്ട ചില വെല്ലുവിളികളുണ്ട്. ഉദാഹരണത്തിന് മുത്തുവേല്‍ കരുണാനിധി മുതല്‍ ബിപ്ലവ് ദേവ്‌വരെ ഒരുപാടു പേരെ വരയ്‌ക്കേണ്ടിവരുമ്പോള്‍ ഒരേ തരത്തിലുള്ള പ്രയോഗശൈലിയും അതിശയോക്തിയും പിന്തുടര്‍ന്നാല്‍ വര ഫലിക്കില്ല. മുഖഛായ കിട്ടാതെ കാരിക്കേച്ചര്‍ ചെയ്തിട്ടു കാര്യമില്ലല്ലോ. അടിയന്തരാവസ്ഥയ്ക്കു ശേഷം മാഗസിന്‍ ജേര്‍ണലിസം വളര്‍ന്നുവരുന്ന ഒരു കാലത്താണ് ഞാന്‍ തൊഴിലില്‍ പ്രവേശിക്കുന്നത്. ആളുകള്‍ രാഷ്ട്രീയക്കാരുടെ മുഖങ്ങള്‍ കുറേയൊക്കെ കണ്ടുതുടങ്ങിയിരുന്നെങ്കിലും വേണ്ടത്ര പരിചിതമായിട്ടുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ടെലിവിഷനടക്കം പല ദൃശ്യമാധ്യമങ്ങള്‍ ഉള്ളതിനാല്‍ നേതാക്കന്മാരുടെ മുഖം കണ്ടാല്‍ അറിയാം. ആദ്യകാലത്ത് black and white grey tone ലാണ് അടിച്ചുവരിക. അച്ചടിയുടെ പരിമിതികളും പത്രക്കടലാസിന്റെ താഴ്ന്ന ഗുണനിലവാരവും കാരണം മഷിപരന്ന് മഹാത്മാഗാന്ധി മുതല്‍ പെരിയാര്‍ വരെയുള്ളവരുടെ രൂപങ്ങള്‍ അരച്ചുതേച്ചതുപോലെ പ്രിന്റു ചെയ്തുവരും.
ആശയവിനിമയം നടക്കാന്‍വേണ്ടി ഏറ്റവും കുറച്ചു പെരുപ്പിക്കലുകളേ ഞാന്‍ ചെയ്യാറുള്ളൂ. അതാണ് എന്റെ ഒരു രീതി. കാണുന്ന രീതിയില്‍ വരച്ചാല്‍ മതി; അത് കാരിക്കേച്ചറാകുമെന്നാണ് എന്റെയൊരു ആത്മവിശ്വാസം. കാരണം, കാര്‍ട്ടൂണിസ്റ്റിന്റെ കാഴ്ചയില്‍ നര്‍മം ഉണ്ടാകാം.
നമ്മള്‍ ഇന്ത്യയില്‍ ചുറ്റും കാണുന്ന സാധാരണ സംഭവങ്ങള്‍ക്കകത്തുതന്നെ ഒരുപാട് നാടകങ്ങളുണ്ട്. ഒരാളുടെ നടപ്പ്, നില്‍പ്, അംഗഭാഷ, ചലനം എന്നിവയിലെല്ലാം. ഒരുപക്ഷേ, ആ മനുഷ്യനെ കൂട്ടത്തില്‍നിന്നും ഒറ്റപ്പെടുത്തി കാണിച്ചാല്‍ മതി, അതൊരു കാര്‍ട്ടൂണായി തോന്നും. ഇത്തരം അലസ സമീപനം ചിലപ്പോള്‍ കലാപരമാവാം.

? ഉണ്ണിയുടെ കാര്‍ട്ടൂണുകളിലെ സ്‌തോഭഭാവത്തെപ്പറ്റി..
= കാര്‍ട്ടൂണിനെ ഒരു സ്‌തോഭ ശില്‍പമായി സങ്കല്‍പിക്കാനാണ് എനിക്കിഷ്ടം. അതിനുള്ള ഒരു കാരണം, യാഥാര്‍ഥ്യപ്രതീതി ഉണ്ടാക്കുന്ന തിയറ്ററിനേക്കാള്‍ ശൈലീവത്കൃത വേദിയോടുള്ള ആഭിമുഖ്യമാകാം. അത്തരം കലാരൂപങ്ങളില്‍ ഒരുപാട് സവിശേഷതകളുണ്ട്. ഒരു ആംഗ്യത്തെയൊക്കെ stylized theatre നിശ്ചലമാക്കി അവതരിപ്പിക്കും. ആ സ്‌തോഭം പിടികിട്ടിയാല്‍ അതൊരു കാരിക്കേച്ചറിന്റെ ഫലം ചെയ്യുന്നതായിക്കാണാം. പെര്‍ഫോമന്‍സ് ആര്‍ട്‌സിലൊക്കെ ഉള്ളതുപോലെ. മുഖം വക്രീകരിച്ചു വരയ്‌ക്കേണ്ട ആവശ്യമൊന്നും പിന്നെയില്ല. ദൈനംദിന കാര്‍ട്ടൂണിങ്ങില്‍ പലതരം ethnic characteristics ഉള്ള ആള്‍ക്കാരെ ചിത്രീകരിക്കാന്‍ അവരുടെയൊക്കെ സ്‌തോഭം പിടിച്ചെടുത്താല്‍ ധാരാളമായി. അതുതനിയെ ഹാസ്യാനുകരണമായി മാറിക്കൊള്ളും.
? കാര്‍ട്ടൂണ്‍ വരയുടെ നേരം, വരയ്ക്കാനുള്ള കാലയളവ്, പെന്‍സില്‍, ബ്രഷ്, മഷി, കടലാസ് എന്നിങ്ങനെ ചിരിയുടെ രാസപരീക്ഷണശാലയിലെ ഉപകരണങ്ങള്‍.. അവയെക്കുറിച്ച് പറയാമോ?
= സാധാരണ A4 Bond Sheet ലാണ് വരയ്ക്കാറ്. കാര്‍ട്ടൂണ്‍ ചെറുതാകുമെന്ന പരിമിതിയുണ്ടെങ്കിലും പോക്കറ്റ് കാര്‍ട്ടൂണിന് അത്രയധികം വലുപ്പത്തില്‍ വരയ്‌ക്കേണ്ട ആവശ്യമില്ല. സ്‌കാന്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്. യാത്രയില്‍ പോര്‍ട്ടബിള്‍ സ്‌കാനര്‍ കൊണ്ടുനടക്കും. Rough Cut പോലെയുള്ള കാര്‍ട്ടൂണ്‍ സ്ട്രിപ് ചെയ്യുമ്പോഴാണ് അല്‍പം ബുദ്ധിമുട്ടുള്ളത്.
ആദ്യം പെന്‍സില്‍ വരയാണ്. പിന്നെ, ഇങ്ക് ചെയ്യും. എന്റെ ബേസിക് ഡ്രോയിങ് കൈകൊണ്ടുള്ളതാണ്. ഫോട്ടോഷോപ്പില്‍ ചില ഇഫക്ട്‌സൊക്കെ നല്‍കാറുണ്ട്. അതിന്റെ ഒരു പ്രധാനഗുണം ഫയലുകള്‍ ഫോട്ടോഷോപ്പ് വഴി ചെറുതാക്കാമെന്നതാണ്. യാത്രക്കിടയില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ മോശമായ ഇടങ്ങളില്‍നിന്ന് അയക്കാന്‍ അത് സഹായിക്കും.
പത്രത്തില്‍ വരച്ചുതുടങ്ങിയ കാലത്ത് കാര്‍ട്ടൂണുകളുടെ ബ്ലോക്കുണ്ടാക്കിയിട്ടാണ് അച്ചടിച്ചിരുന്നത്. ഹിന്ദുവില്‍ ബ്ലോക്ക് ഉണ്ടാക്കുന്നവര്‍ എന്റെ നല്ല സുഹൃത്തുക്കളായിരുന്നു. കാര്‍ട്ടൂണിന്റെ ലൈവ് ബ്ലോക്ക് ഉണ്ടാക്കാന്‍ അവര്‍ക്ക് സന്തോഷവുമായിരുന്നു. അക്കാലത്തെ കാര്‍ട്ടൂണുകള്‍ ശ്രദ്ധിച്ചാലറിയാം: അവയില്‍ ഒരുപാട് ഒഴിഞ്ഞ സ്ഥലം ഉണ്ടാകില്ല. പശ്ചാത്തലത്തില്‍ വെറുതെയൊരു കര്‍ട്ടനൊക്കെ കാണാം. കാരണം, ഒഴിഞ്ഞ ഇടമിട്ടാല്‍ അവിടെ മഷി കയറിവരും.
സാധാരണഗതിക്ക് രാവിലെ സമയമെടുത്ത് ഒരു കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ ശ്രമിക്കും. വാര്‍ത്ത മാറുമ്പോള്‍ അതു മാറ്റേണ്ടിയും വരും. പൂര്‍ത്തീകരിച്ച കാര്‍ട്ടൂണ്‍ email വഴി അയക്കുന്നു. എന്റെ പ്രവൃത്തി ഒരുതരം combotech ആണെന്നു പറയാം. ഒരു ഭാഗത്ത് പഴയ രീതിയും മറുഭാഗത്ത് പുതിയ ടെക്‌നോളജിയും.
? അവസാനമായി, പ്രശസ്തമായ Business as Usual എന്ന പോക്കറ്റ് കാര്‍ട്ടൂണിലെ കുട്ടിയെക്കുറിച്ചാണ്. വലിയ കണ്ണുകളുള്ള ഗൗരവക്കാരനാണെങ്കിലും ആ കുട്ടി തുറന്നു ചിരിക്കുന്നു. ലോകത്തിനോടുളള അത്ഭുതവും മമതയും നഷ്ടമാകാതെത്തന്നെ. എണ്ണമറ്റ സന്ദര്‍ഭങ്ങളില്‍ മുതിര്‍ന്നവര്‍ ചെയ്തുകൂട്ടുന്ന അപകടങ്ങളും അസംബന്ധങ്ങളും തരണംചെയ്യുന്നു. ദുരന്തങ്ങള്‍ക്കിടയിലും ജീവിതോര്‍ഭം കൈവിടാതെ നാല്‍ക്കവലകള്‍ ശ്രദ്ധയോടെ മുറിച്ചുകടക്കാന്‍ എല്ലാ ആട്ടക്കാരെയും കാണികളെയും ഓര്‍മിപ്പിച്ചുകൊണ്ട്. എവിടുന്നാണ് ആ കുട്ടി കൂടെ കൂടിയത്? എങ്ങോട്ടാണവന്‍ പോകുന്നത് ?
= സണ്‍ഡേ മെയിലില്‍ വരയ്ക്കുന്ന കാലത്താണ് ആ കുട്ടിയുടെ വരവ്. അന്ന് ആഴ്ചയിലൊരിക്കലാണ് ആ പത്രത്തില്‍ വരയ്‌ക്കേണ്ടത്. സ്ട്രിപ്പ്, പോക്കറ്റ്, പേജ് വണ്‍ എന്നിങ്ങനെ എല്ലാതരം കാര്‍ട്ടൂണുകളും വരച്ചിരുന്നു. പോക്കറ്റ് കാര്‍ട്ടൂണില്‍ ഒരു കഥാപാത്രമായിക്കൂടേ എന്ന് എഡിറ്റര്‍ ടി വി ആര്‍ ഷേണായിയാണ് ചോദിച്ചത്. കാര്‍ട്ടൂണില്‍ ഒരു സ്ഥിരം കഥാപാത്രം വളരെ സാധാരണവും മടുപ്പിക്കുന്നതുമായിക്കഴിഞ്ഞിരുന്നു. മിക്കവര്‍ക്കും ഓരോ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. മാത്രമല്ല, പോക്കറ്റ് കാര്‍ട്ടൂണില്‍ സ്ഥിരം ഒരാളെ കൊണ്ടുവന്നാലുള്ള പ്രശ്‌നം അബുവൊക്കെ എന്നോടു പറഞ്ഞിട്ടുണ്ട്. അത്രയും ഇടം കുറയും. വേണോ വേണ്ടയോ എന്ന സംശയത്തിനിടയിലും ഞാനത് മനസ്സില്‍ കൊണ്ടുനടന്നു. ഒരിക്കല്‍, AIIMS ന്റെ മുന്നിലെ റെഡ് ലൈറ്റില്‍ ഞാന്‍ കാറ് നിര്‍ത്തിയപ്പോള്‍ കണ്ണടയിട്ട ഒരു പയ്യന്‍ പത്രം വിതരണം ചെയ്യുന്നത് കണ്ടു. അങ്ങനെ അവന്‍ കടന്നുവന്നു. അതായത്, ഒരു കുട്ടി നിങ്ങള്‍ക്ക് വാര്‍ത്ത നേരിട്ടുകൊണ്ടുവരികയാണ്. വെറുതെ ഒരു പയ്യനെ സെന്റിമെന്റലായി കാണിക്കുന്നതിനുപകരം അവന്‍ കാര്‍ട്ടൂണില്‍ ഒരു റോള്‍ നിര്‍വഹിക്കുന്നു. ന്യൂസ്‌പേപ്പര്‍ ബോയ്'എന്നായിരുന്നു പോക്കറ്റ് കാര്‍ട്ടൂണിന്റെ ആദ്യത്തെ പേര്. അവന്‍ എവിടേക്ക് പോകുന്നു?
അവന്‍ എവിടെ പോകാനാണ്? അവനെ അലഞ്ഞു നടക്കാന്‍ വിട്ടിരിക്കുകയാണ്. ആ കുട്ടി എല്ലാ കാര്‍ട്ടൂണിലും ഇല്ല. വേണ്ടപ്പോള്‍ വരും; അല്ലാത്തപ്പോള്‍ പോകും. മുമ്പ്, അവന് പാറിപ്പറന്ന മുടിയൊക്കെ ആയിരുന്നു. പിന്നീട് പരിഷ്‌ക്കരണമൊക്കെ വന്നു. മിഡില്‍ ക്ലാസ് പരാതിഭാവത്തില്‍നിന്നും കാംക്ഷകളിലേക്കു മാറി അല്‍പ്പം ശക്തരായെന്നു തോന്നിയപ്പോള്‍, കുട്ടിയുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങളുണ്ടായി. അവന്‍ സംസാരിക്കാനും പലതും ആവശ്യപ്പെടാനും തുടങ്ങി. മുടിയൊക്കെ ഒന്നു ചീകിയൊതുക്കി. പത്രവില്‍പന നിര്‍ത്തി. സര്‍വവ്യാപിയായി ആ കുട്ടി ഇവിടെയൊക്കെത്തന്നെയുണ്ട് .
(ദേശാഭിമാനി ഓണം വിശേഷാല്‍പ്രതിയില്‍ നിന്ന്)









0 comments