മതം, വര്‍ഗീയത, ഫാസിസം..; കെ ഇ എന്നും എം എന്‍ കാരശ്ശേരിയും നേര്‍ക്കുനേര്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2018, 05:22 AM | 0 min read

 ദേശാഭിമാനി ഓണം വിശേഷാല്‍പ്രതിയുടെ ആലോചനാ യോഗത്തില്‍ കെ ഇ എന്നും എം എന്‍ കാരശ്ശേരിയും തമ്മിലുള്ള ഒരു സംവാദം ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നപ്പോള്‍ ഇരുവര്‍ക്കും അത് സ്വീകാര്യമാവുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഇക്കാര്യത്തിനായി ആദ്യം ബന്ധപ്പെട്ടത് കെഇഎന്നെയാണ്. കാരശ്ശേരിമാഷു+ടെ അഭിപ്രായം അറിഞ്ഞിട്ട് എന്നെ വിളിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'കെഇഎന്‍ റെഡി ആണെങ്കില്‍ ഞാനും റെഡി' എന്നായിരുന്നു രണ്ടാമതൊരാലോചന കൂടാതെയുള്ള കാരശ്ശേരിയുടെ പ്രതികരണം. സംവാദത്തിന്റെ പ്രമേയപരമായ ചട്ടക്കൂട് എന്തായിരിക്കണമെന്നായി അടുത്ത ആലോചന. ഇരുവരുമായി സംസാരിച്ച് അതിന്റെ രൂപരേഖയും ഉണ്ടാക്കി. ഇരുവര്‍ക്കും സൗകര്യപ്രദമായ സമയവും സ്ഥലവും കണ്ടെത്തലായിരുന്നു പിന്നീടുള്ള കടമ്പ. അതും അനായാസമായി പരിഹരിക്കപ്പെട്ടു. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പിറ്റേ ദിവസം കോഴിക്കോട്ടെ യുവ ഫോട്ടോഗ്രാഫര്‍ പ്രസിയുടെ സ്റ്റുഡിയോവില്‍ മണിക്കൂറുകളോളം നീണ്ടുനിന്ന സംവാദത്തിന്റെ പൂര്‍ണരൂപം പ്രസിദ്ധീകരിക്കാന്‍ പക്ഷേ സ്ഥലപരിമിതി അനുവദിക്കുന്നില്ല. മതം, വര്‍ഗീയത, മതമൗലികവാദം, മതതീവ്രവാദം, ഇന്ത്യന്‍ ഫാസിസം, ആഘോഷങ്ങളുടെ ദേശീയ പദവി, ഭക്ഷണം, വസ്ത്രസ്വാതന്ത്ര്യം എന്നിങ്ങനെ വിഷയത്തിന്റെ വിപുലമായ ഒരു ക്യാന്‍വാസിനകത്ത് വിഭിന്നമായ നിലപാടുകളില്‍ നിന്നുകൊണ്ട് ഇരുവരും കത്തിക്കയറിയപ്പോള്‍ അത് ഉന്നതമായ സംവാദത്തിന്റെ ഉയര്‍ത്തിപ്പിടിക്കാവുന്ന മാതൃകകൂടിയായി. പ്രായത്തില്‍ മുതിര്‍ന്നത് താനാണെന്ന കാര്യം സരസമായി അവതരിപ്പിച്ചുകൊണ്ട് കാരശ്ശേരിമാഷാണ് സംവാദത്തിന് തുടക്കമിട്ടത്. കര്‍ണാടകത്തില്‍ ബിജെപി ഒറ്റക്കക്ഷിയായി മാറിയതിന്റെയും മതനിരപേക്ഷ ചേരിയിലെ ഭിന്നിപ്പിന്റെയും ഉത്കണ്ഠകള്‍ പങ്കുവച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു തുടങ്ങി...

എം എന്‍ കാരശ്ശേരി: രാജ്യം അപകടകരമായ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വളരെ നിരാശപ്പെടുത്തുന്നതാണ്. അവിടെ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്നത് ചെറിയ ബേജാറല്ല ഉണ്ടാക്കുന്നത്.
  ഇന്ത്യക്ക് ഒരു ദ്രാവിഡ ദേശം ഉണ്ട്. അതിലെ രാഷ്ട്രീയം തുടങ്ങുന്നത് ഇ വി രാമസ്വാമി നായ്ക്കരിലൂടെയും അദ്ദേഹത്തിന്റെ സ്വാഭിമാന പ്രസ്ഥാനത്തിലൂടെയുമാണ്. അത് ജാതിവിരുദ്ധമതേതര  പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത്.
കുമാരസ്വാമിയെ തകിടംമറിച്ചാണ് കര്‍ണാടകയില്‍ ബിജെപി വേരുപിടിച്ചത്. പിന്നീട് അവിടെ നാം കണ്ടത് ഹിന്ദുത്വത്തിന്റെ പേരില്‍ ഒരുകൂട്ടം ഗുണ്ടകളുടെ വിളയാട്ടമാണ്. മംഗളൂരുവും ബംഗളുരുവും അവരുടെ താവളമായി. ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നുവരുന്ന വാര്‍ത്തകളെല്ലാം അശുഭകരമാണ്.

യു ആര്‍ അനന്തമൂര്‍ത്തിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹമെന്ത് പറയുമായിരുന്നെന്ന് കേള്‍ക്കാന്‍ എനിക്ക് ആകാംക്ഷയുണ്ട്. ബിജെപിയും സംഘപരിവാറും എന്തൊരു ക്രൂരതയാണ് അദ്ദേഹത്തോട് ചെയ്തത്. കല്‍ബുര്‍ഗിയുടെയും ഗൗരി ലങ്കേഷിന്റെയും വധം കഴിഞ്ഞതിന്റെ ഓര്‍മകള്‍ മായുംമുമ്പേ ബിജെപി ഒറ്റക്കക്ഷിയായത് എന്നെ ഭയപ്പെടുത്തുന്നു. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ താക്കീതായി ഇതിനെ കാണണം. ഇക്കാര്യത്തില്‍ എല്ലാ പാര്‍ടികളും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട കാലമാണിത്.

കെ ഇ എന്‍: മാഷ് പ്രകടിപ്പിക്കുന്ന ഈ ഉല്‍കണ്ഠ ജനാധിപത്യമതേതരകാഴ്ചപ്പാടുള്ള ഇന്ത്യയിലെ എല്ലാവരുടേതുമാണ്. അഭിപ്രായവ്യത്യാസങ്ങള്‍ക്കകത്തുനിന്നുകൊണ്ടുതന്നെ നവ ഫാസിസത്തിന് എതിരെ കൂട്ടായ്മ ഉയരുന്നുണ്ട്. ബിജെപി ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണെന്നുതന്നെയാണ് മതേതര കാഴ്ചപ്പാട് പുലര്‍ത്തുന്നവരുടെയൊക്കെയും പൊതു നിലപാട്. 

2014ല്‍ അധികാരത്തിലേറിയ മോഡി ആരുടെ പ്രതിനിധിയാണെന്ന ചോദ്യമുയരുന്നുണ്ട്. അദ്ദേഹം നവഫാസിസത്തിന്റെ മാത്രമല്ല കോര്‍പറേറ്റുകളുടെയും പ്രതിനിധിയാണ്. സ്റ്റേറ്റും കോര്‍പറേറ്റ് താല്‍പ്പര്യവും ചേര്‍ന്നുള്ള സംയോജനമാണെന്ന് മുസോളിനി ഫാസിസത്തെ നിര്‍വചിച്ചത് ഇവിടെ പ്രസക്തമാണ്. 2002 കാലത്ത് അമേരിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ വിസ നിഷേധിക്കപ്പെട്ട് വെറുക്കപ്പെട്ടവനായ മോഡി പിന്നീട് വികസന നായകന്‍ എന്ന പരിവേഷത്തില്‍ വരുന്നതിനുപിന്നില്‍ സംഘപരിവാര്‍ മാത്രമല്ല കോര്‍പറേറ്റുകളും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസോളിനി പറഞ്ഞ ആ ദേശീയ സര്‍ക്കാരും കോര്‍പറേറ്റ് സംവിധാനങ്ങളും തമ്മിലുള്ള സംയോജനമാണ് ഇവിടെ പ്രകടമാകുന്നത്്. ഇതിനെതിരെ വിശാലമായ ജനകീയ ഐക്യം ഒരു ഭാഗത്ത് രൂപപ്പെടണം. മറുഭാഗത്ത് രാഷ്ട്രീയ പാര്‍ടികള്‍ കാലമാവശ്യപ്പെടുന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന നിലപാടിന് മുന്‍ഗണന നല്‍കണം. കമ്യൂണിസറ്റ് പാര്‍ടി അതിനാണ് മുന്‍ഗണന നല്‍കുന്നത്.



കാരശ്ശേരി: അങ്ങനെയെങ്കില്‍ മുഖ്യശത്രു ആരാണെന്ന് പാര്‍ടിയില്‍ ചര്‍ച്ച വരില്ലല്ലോ കെഇഎന്‍?  
കെ ഇ എന്‍: ബിജെപി മുഖ്യശത്രു ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ചര്‍ച്ചയുണ്ടായത് തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ധാരണ, സഖ്യം എന്നിവയെ കേന്ദ്രീകരിച്ചാണ്. ഇക്കാര്യത്തില്‍ കൃത്യമായ നിലപാട് ഇടതുപക്ഷത്തിനുണ്ട്.
ബിജെപിക്ക് എതിരെ വിശാലമായ ഐക്യനിര വേണമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തില്‍ തര്‍ക്കമുണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു രാഷ്ട്രീയ മുന്നണി വേണമോ അതോ ബഹുജന മുന്നണി വേണമോ എന്നതായിരുന്നു പ്രധാനമായും ചര്‍ച്ച. ഇവിടെയും ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലപാട്.

കാരശ്ശേരി: തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഐക്യമുന്നണിയാണോ ബഹുജനമുന്നണിയാണോ  വേണ്ടതെന്ന ചര്‍ച്ച പ്രസക്തമാണ്. ബിജെപിയെയും ആര്‍എസ്എസിനെയും പ്രതിരോധിക്കാന്‍ അമ്പലക്കമ്മിറ്റിയില്‍ അംഗത്വമെടുക്കലാണോ സിപിഐ എം ചെയ്യേണ്ടത്, എന്ന് കെ ഇ എന്‍ കരുതുന്നുണ്ടോ.
 കെ ഇ എന്‍: സിപിഐ എമ്മിന് അത്തരമൊരു കാര്യപരിപാടിയേ ഇല്ല. എന്നാല്‍ ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കാന്‍ ഒരു കാരണവശാലും അനുവദിക്കാന്‍ പാടില്ല എന്നതില്‍ കര്‍ക്കശ നിലപാടുണ്ട്.

കാരശ്ശേരി: അതൊരു നിയമപ്രശ്‌നം മാത്രമാണ്. അത് പാര്‍ടി നോക്കേണ്ട കാര്യമുണ്ടോ? അതിന് പൊലീസും കോടതിയുമില്ലേ? 
കെ ഇ എന്‍: അത് നിയമപ്രശ്‌നമാണെന്ന മാഷ്‌ടെ വാദം ഭാഗികമായി പ്രസക്തമാണ്. എന്നാല്‍ ഈ പ്രശ്‌നം നിയമ നിര്‍മാണം കൊണ്ടുമാത്രം പരിഹരിക്കാനാകില്ല. പ്രത്യേകിച്ച് ആരാധനാലയങ്ങള്‍ക്കകത്ത്. ജനാധിപത്യമതേതര കാഴ്ചപ്പാട് പുലര്‍ത്തുന്ന നിരവധി വിശ്വാസികളുണ്ട്. അവര്‍ക്ക് ആരാധനാലയങ്ങളില്‍ പോകാനും ജനാധിപത്യപരമായി ഇടപെടാനും കഴിയണം. ഫാസിസ്റ്റുകള്‍ ആരാധനാലയങ്ങളിലെ ഭക്തി സ്വഭാവം അട്ടിമറിക്കുന്ന കാലത്ത് ഇവരുമായി ഐക്യപ്പെടാന്‍ കഴിയാത്ത യഥാര്‍ഥ വിശ്വാസികളുണ്ട്. അതിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. അതിനാല്‍ സിപിഐ എമ്മിനോടോ ഡിവൈഎഫ്‌ഐയോടോ അനുഭാവം പുലര്‍ത്തുന്ന ഭക്തര്‍  അമ്പലക്കമ്മിറ്റിയുടെ ഭാഗമാകുന്നതില്‍ തെറ്റില്ല.

കാരശ്ശേരി: അമ്പലക്കമ്മിറ്റിയുമായി സഹകരിക്കുന്നതാണോ പാര്‍ടി പദ്ധതി? അഷ്ടമിരോഹിണി നാളില്‍ ശോഭായാത്ര നടത്തുന്നത് പാര്‍ടിക്ക്ഗുണമാണോ ദോഷമാണോ എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ദോഷമാണെന്ന്. കാരശേരി മുസ്ലിം പള്ളി, തിരുവമ്പാടി ക്രിസ്ത്യന്‍ ദേവാലയം എന്നിങ്ങനെ മിക്ക ആരാധനാലയങ്ങളിലും പലവിധത്തിലുള്ള പിന്തിരിപ്പന്‍ സംഗതികള്‍ നടക്കുന്നുണ്ട്. കുട്ടിച്ചാത്തന്‍ സേവ, കൂടോത്രം, ശത്രുസംഹാര പൂജ എന്നിങ്ങനെയുള്ള അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന കാര്യങ്ങളിലെല്ലാം മതേതര ജനാധിപത്യവാദികളെന്ന് കെഇഎന്‍ പറയുന്ന ആളുകള്‍ ഭാഗമാകേണ്ടി വരില്ലേ. ഗോപാലനം മുഖ്യ അജണ്ടയാക്കിയവര്‍ക്കുവേണ്ടി ഗോവധനിരോധനത്തിന്  ഇവര്‍ക്കും പ്രവര്‍ത്തിക്കേണ്ടി വരില്ലേ. ദേവാലയങ്ങളില്‍ ഭൂരിപക്ഷം നേടിയാണ് ഫാസിസത്തെ തടയുക എന്ന് പറയുന്നത് എത്ര അയുക്തികമാണ് കെ ഇ എന്‍?

കെ ഇ എന്‍: അങ്ങനെ ആരും പറയുന്നില്ലല്ലോ. പരിമിതമായ മണ്ഡലത്തില്‍ ഒതുക്കി ചര്‍ച്ചചെയ്യേണ്ട വിഷയമല്ലിത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ഫാസിസ്റ്റുകള്‍ മനുഷ്യത്വത്തിനെതിരെ ആസൂത്രിതമായ പ്രവര്‍ത്തനം നടത്തുന്നുണ്ട്. അതിനെ അവിടെത്തന്നെയുള്ള ജനാധിപത്യവാദികളായുള്ള വിശ്വാസികളെ അണിനിരത്തി വേണം പ്രതിരോധിക്കാന്‍. ഇത് പ്രയാസമാണെങ്കിലും അസാധ്യമല്ല. സംഘപരിവാര്‍ ആരാധനാലയങ്ങളെ പിടിച്ചെടുക്കുകയാണ.് മറ്റ് വര്‍ഗീയശക്തികളും ഇതേവഴി പിന്തുടരുകയാണ്. ഇത് അനുവദിക്കാനാകില്ല. ഇതിന് എന്തൊക്കെ സാധ്യതകളുണ്ടോ അതൊക്കെ ഉപയോഗിച്ച് എതിര്‍ക്കണം. അതിനുള്ള ഒരു മാര്‍ഗം മാത്രമാണ് ഇത്തരം കമ്മിറ്റികളില്‍ അംഗമാകുക എന്നത്. അല്ലെങ്കില്‍ ഇത്തരം ആരാധനാലയങ്ങള്‍ ഫാസിസത്തിന്റെയും വര്‍ഗീയതയുടെയും സുരക്ഷാ കേന്ദ്രങ്ങള്‍ ആയി മാറും. വളരെ സമര്‍ഥമായി സംഘപരിവാര്‍ ഇത് ഇന്ത്യയില്‍ നടപ്പാക്കുന്നുണ്ട്.  കേരളത്തിലും അവരുടെ ശാഖകള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പാടില്ലാത്തതാണ്. ഇത് നിയമത്തിന്റെ മാത്രം പ്രശ്‌നമല്ല. ക്ഷേത്രങ്ങളെ കേരള നവോത്ഥാനം മുന്നോട്ടുവച്ച സാംസ്‌കാരിക കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. എന്നാല്‍, ഈ ആരാധനാലയങ്ങള്‍ സൃഷ്ടിക്കുന്ന പിന്തിരിപ്പന്‍ ആശയങ്ങളുടെ ഫ്രെയ്മിലേക്ക് ജാനാധിപത്യവാദികളായ വിശ്വാസികള്‍ ചുരുങ്ങിപ്പോയാല്‍ അത് അപകടമാവും.

കാരശ്ശേരി: സംഘപരിവാറാണ് ഇതില്‍ നേട്ടംകൊയ്യുക എന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്... 
കെ ഇ എന്‍: ജനാധിപത്യം ജാഗ്രതപുലര്‍ത്തിയാല്‍ ഇല്ല. അവര്‍ക്ക് നേട്ടം കൊയ്യാനാകില്ല. കാരണം, പല സ്ഥലങ്ങളിലും സംഘപരിവാറിന് ക്ഷേത്രങ്ങളില്‍ പണ്ടത്തെപ്പോലെ ഇപ്പോള്‍ മേല്‍ക്കോയ്മ ലഭിക്കുന്നില്ല. അവര്‍ പ്രതിസന്ധിയിലാണ്. ആരാധനാലയങ്ങളിലേക്ക് ആരാധനയുമായി ബന്ധമില്ലാത്ത ആശയങ്ങള്‍ കടന്നുവരുന്നത് ചോദ്യം ചെയ്യപ്പെടുന്നത് അവരെ അസ്വസ്ഥരാക്കുന്നു. എല്ലാ ആരാധനാലയങ്ങളും ഭക്തിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഇടപെടാനുള്ളതാണ്. അത് ഭക്തിയുടെ മണ്ഡലം മാത്രമല്ല ജനാധിപത്യമണ്ഡലം കൂടിയാണ്.

കാരശ്ശേരി: വ്യക്തിയുടെ പൗരാവകാശങ്ങളെക്കുറിച്ച് ആര്‍ക്കും തര്‍ക്കമില്ല. അതിന് അമ്പലക്കമ്മിറ്റിയില്‍ അംഗമാകണമെന്നില്ല.
കെ ഇ എന്‍: അമ്പലക്കമ്മിറ്റികള്‍ പൂര്‍ണമായും സംഘപരിവാറിന്റെ കൈകളിലാണെങ്കില്‍ മാഷിനോ മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കോ അവിടേക്ക് പോകാന്‍ കഴിയില്ല. മറിച്ച് ആ കമ്മിറ്റിയില്‍ വിവിധ പാര്‍ടിയില്‍പെട്ട ജനാധിപത്യവാദികള്‍ ഉണ്ടെങ്കില്‍ ആ സ്ഥലത്തെ ഒരു മതനിരപേക്ഷ കേന്ദ്രമാക്കി മാറ്റാന്‍ കഴിയും.

കാരശ്ശേരി: പൂന്താനം ഇല്ലത്തിന് പണ്ട് മതേതര സ്വഭാവം ഉണ്ടായിരുന്നു. ഇപ്പോള്‍ അത് നഷ്ടമായി. ഒരിക്കല്‍ ഞാന്‍ പൂന്താനം ഇല്ലം കാണാന്‍ പോയി. അവിടെ അദ്ദേഹം പ്രതിഷ്ഠിച്ച വിഗ്രഹം കാണാന്‍ പോയപ്പോള്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് കണ്ടു. എനിക്ക് അതൊരു അഭംഗിയായി തോന്നി. കൂടെയുള്ളയാള്‍ മാഷ് കേറിക്കോ എന്ന് പറഞ്ഞിട്ടും ഞാന്‍ കയറാതെ തിരികെ പോന്നു. പൂന്താനത്തില്‍ ഭക്തി മാത്രമല്ലല്ലോ ഉള്ളത്. ഭാഷ, സാഹിത്യം, സംസ്‌കാരം എന്നിങ്ങനെ മൊത്തത്തിലുള്ള നമ്മുടെ ഈടുവയ്പ്പിന്റെ പ്രതീകമാണത്. എന്നാലിന്ന് പൂന്താനത്തെ ഭക്തിയുടെ ബിംബം മാത്രമായി കരുതുന്നു.

കെ ഇ എന്‍:
മാഷ് പറഞ്ഞത് നൂറുശതമാനം ശരിയാണ്. സര്‍വ ആരാധനാലയങ്ങളും സര്‍വര്‍ക്കും എന്നതായിരിക്കണം ജനാധിപത്യം മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ആരാധനാലയത്തിന്റെ അകത്തുള്ള ജനാധിപത്യവാദികളായ ഭക്തര്‍ ഈ മുദ്രാവാക്യത്തെ പിന്തുണയ്ക്കണം.

കാരശ്ശേരി: ഇത്തരം മതേതര പ്രവര്‍ത്തനങ്ങള്‍ ക്രിസ്ത്യന്‍മുസ്ലിം ആരാധനാലയങ്ങളില്‍ നടക്കുന്നുണ്ടോ എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്.
കെ ഇ എന്‍: എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങളില്‍ സര്‍വര്‍ക്കും സ്വാഗതം എന്ന സമീപനമാണ് വേണ്ടത്. ഈ ആശയം മുന്നോട്ടുവയ്ക്കുമ്പോള്‍ പൊതുവെ ആളുകള്‍ പറയുക ഇതൊരു ഉട്ടോപ്യന്‍ ആശയമാണെന്നാണ്.എന്നാല്‍ ഇത് ഒട്ടും ഉട്ടോപ്യനല്ല. കാരണം ഒരു മതത്തിനോ മതഗ്രന്ഥങ്ങള്‍ക്കോ മറ്റ് മതത്തില്‍പ്പെട്ടവരുടെയോ മതരഹിതരുടെയോ പ്രവേശനത്തെ സൈദ്ധാന്തികമായി തടയാന്‍ കഴിയില്ല. ജാതിവ്യവസ്ഥയ്ക്കു മാത്രമെ മനുഷ്യരെ അയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്താന്‍ കഴിയുകയുള്ളൂ. ജാതിവ്യവസ്ഥയുടെ അയിത്തബോധം മറ്റ് ജനങ്ങളിലേക്കും നുഴഞ്ഞുകയറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വിവേചനം വരുന്നത്.
ഒഡിഷയില്‍ ക്രിസ്ത്യന്‍ വംശഹത്യ നടന്നപ്പോള്‍ പുരോഗമന കലാസാഹിത്യസംഘത്തിന്റെ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ അവിടം സന്ദര്‍ശിച്ചിരുന്നു. അവിടെ ഒരുതരം വിലക്കും ഉണ്ടായിരുന്നില്ല. അതുപോലെ പള്ളികളിലും അമ്പലങ്ങളിലും ആര്‍ക്കും കടക്കാനാവും വിധം മാറ്റം വേണം. മതത്തിനകത്ത് പ്രവര്‍ത്തിക്കുന്നവര്‍  ജനാധിപത്യ കാഴ്ചപ്പാട് പുലര്‍ത്തണം. അവര്‍ വര്‍ഗീയവാദികളായാല്‍ ഇത്തരമൊരു  സമീപനം സാധ്യമാവില്ല. ജനാധിപത്യവാദികള്‍ മതത്തിലെ  ജനാധിപത്യവാദികളുമായി ഐക്യപ്പെടുന്ന സാഹചര്യമുണ്ടാകണം. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഒരിക്കലും മതങ്ങളെ ഔദ്യോഗികമായി സ്വാഗതം ചെയ്തിട്ടില്ല. എന്നാല്‍ വ്യക്തിപരമായി മതവിശ്വാസം അനുവദിക്കപ്പെട്ടിരുന്നു. ക്യൂബയില്‍ ഫിദല്‍ കാസ്‌ട്രോയെ മാര്‍പാപ്പ സന്ദര്‍ശിച്ചപ്പോള്‍ ആ വേദിയില്‍ വിപ്ലവഗീതത്തോടൊപ്പം വിശ്വാസഗീതങ്ങളും ആലപിച്ചിരുന്നു. ഇത് വളരെ ജനാധിപത്യ സമീപനമായിട്ടാണ് ഞാന്‍ കാണുന്നത്. പ്രത്യേകിച്ച് ഇന്നത്തെ പശ്ചാത്തലത്തില്‍. 



കാരശ്ശേരി: 
ഹിന്ദുമതത്തിലെ ജാതികൊണ്ട് മാത്രമാണ് ദേവാലയങ്ങളില്‍ വിവേചനമുണ്ടായത് എന്ന മട്ടിലാണ് കെ ഇ എന്‍ സംസാരിക്കുന്നത്. ക്രിസ്ത്യന്‍  ദേവാലയങ്ങളില്‍ കെഇഎന്നെ സ്വീകരിച്ച കാര്യം പറഞ്ഞു. എന്നാല്‍ കീഴ്ജാതിയില്‍ നിന്നും മതംമാറിയ ആളുകള്‍ക്ക് ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഇന്നും വിലക്കുണ്ട്. പള്ളിക്കകത്തും ശവക്കോട്ടയില്‍പോലും പ്രവേശനമില്ല. മേല്‍ജാതിക്കാരന് മാത്രമെ പേരിനൊപ്പം ജാതി ചേര്‍ക്കാന്‍ കഴിയൂ. പുലയന് രാമന്‍ പുലയനെന്ന് ചേരില്ല. എന്നാല്‍ ചാക്കോ എന്നാണെങ്കില്‍ ചാക്കോ പുലയന്‍ എന്നുചേരും. ഇസ്ലാമിലേക്കും ക്രിസ്ത്യാനിയിലേക്കും മതംമാറിയിട്ടും കീഴ്ജാതിക്കാര്‍ക്ക് പലതരം വിവേചനങ്ങള്‍ ഇന്നുമുണ്ട്.

കെ ഇ എന്‍: ഇതിനോട് ഞാന്‍ യോജിക്കുന്നു. നമ്മുടെ നാട്ടില്‍ മതം മാറാന്‍ കഴിയും. എന്നാല്‍, ജാതി മാറാന്‍ കഴിയില്ല. ഇതിനെ ജാതിമേല്‍ക്കോയ്മ തന്നെയായിട്ടാണ് കാണേണ്ടത്. അത് ഭീകരമായ ഒരു പ്രത്യയശാസ്ത്രമാണ്. നിങ്ങള്‍ ജാതി വിട്ടാലും ജാതി നിങ്ങളെ വിടില്ല.
കാരശ്ശേരി: ഏകദേശം 3000 കൊല്ലമായി ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ് ജാതിവ്യവസ്ഥ. ഈ സാഹചര്യത്തില്‍ ഞാനൊരു സംഭവം ഓര്‍ക്കുന്നു. കേശവദേവ് എഴുതിയ കാര്യമാണ് ഞാന്‍ പറയുന്നത്. 1940 കാലത്ത് സഹോദരന്‍ അയ്യപ്പനെ കാണാന്‍ ജര്‍മനിയില്‍നിന്നും സായിപ്പ് വന്നു. സായിപ്പ് അയ്യപ്പനോട് ഹിറ്റ്‌ലറുടെ ഭരണ ഭീകരതയുള്‍പ്പെടെയുള്ള കഥകള്‍ പറഞ്ഞു. ജൂതന്മാരോടും കമ്യൂണിസ്റ്റുകാരോടും ചെയ്ത ക്രൂരതകള്‍ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു. ഞങ്ങളിത് അനുഭവിക്കാന്‍ തുടങ്ങിയിട്ട് 3000 കൊല്ലത്തോളമായി. അത് ജാതിവ്യവസ്ഥയുടെ പേരിലാണ്. ജാതിയുടെ ഉല്‍പ്പത്തിയില്‍ തന്നെ ഫാസിസമുണ്ട്. ബലം പ്രയോഗിച്ച് വിദ്യയില്‍നിന്നും ഒരു വിഭാഗത്തെ അകറ്റുക, സാമൂഹ്യസാംസ്‌കാരിക ജീവിതം നിഷേധിക്കുക, സ്ത്രീകളോട് പ്രതിലോമകര നിലപാട് സ്വീകരിക്കുക ഇതൊക്കെ ഒരു മഹത്വപൂര്‍ണമായ സംഭവമായിട്ട് കീഴ്ജാതിക്കാര്‍ക്കുപോലും സ്വീകാര്യമായ വിധം മാറുന്നു.
നമ്പൂതിരിമാര്‍ക്ക് അയിത്തമാവാതിരിക്കാന്‍ ഒച്ചയുണ്ടാക്കുന്നത് കീഴ്ജാതിക്കാര്‍ തന്നെയാണ്. ആ പണിയും അവരുടെമേല്‍ കെട്ടിവച്ചിരിക്കുകയാണ്. മുക്കത്ത് മൈതാനത്ത് നടുവില്‍ ഒരു ആല്‍മരമുണ്ടായിരുന്നു. ഒരു ദിനത്തില്‍ അവിടെ ആരോ ഒരു പ്രതിഷ്ഠ വച്ചതായി കണ്ടു. വിളക്ക് കത്തിക്കലും തുടങ്ങി. പല സുഹൃത്തുക്കളുടെയും കല്യാണം അവിടെ നടത്താറുണ്ടായിരുന്നു. ഇപ്പോഴവിടെ ഒരു മതിലുയര്‍ന്നിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ സുഹൃത്തിന്റെ കല്യാണത്തിന് പോയി. മതിലുയര്‍ന്നതോടെ അവിടെ എന്നെപ്പോലുള്ളവര്‍ പുറത്തായി. ഈ തരത്തില്‍  ക്ഷേത്ര കേന്ദ്രീകൃതമായ സമൂഹം ഉണ്ടാവുന്നു എന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

ജനിക്കാനും കല്യാണം കഴിക്കാനും മരിക്കാനുമെല്ലാം പുരോഹിതനോട് ചോദിക്കേണ്ട അവസ്ഥയാണ്. ജനാധിപത്യ സമൂഹത്തെ പരാജയപ്പെടുത്തി പൗരോഹിത്യ സമൂഹം രൂപംകൊള്ളുകയുംചെയ്യുന്നു. അതിലൂടെ ആര്‍എസ്എസിന് പ്രവേശനം കിട്ടി ഒരു ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. 
കെ ഇ എന്‍: മാഷ് പറഞ്ഞതിന് അനുബന്ധമായി ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ. മാഷ് സഹോദരന്‍ അയ്യപ്പന്റെ കാര്യം പറഞ്ഞല്ലോ. നമ്മുടെ മനുവുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിറ്റ്‌ലര്‍ എത്രയോ പാവമാണെന്നും സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞുവച്ചിട്ടുണ്ട്. മറ്റൊരു സന്ദര്‍ഭത്തില്‍ മദന്‍ മോഹന്‍ മാളവ്യ എസ്എന്‍ഡിപിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 1926ല്‍ കോട്ടയത്ത് വന്നിരുന്നു. പ്രഭാഷണത്തില്‍ അദ്ദേഹം ശ്രീരാമനെ പുകഴ്ത്തി സംസാരിച്ചിരുന്നു. അത് ഉത്തരേന്ത്യയില്‍ പതിവാണ്താനും. എന്നാല്‍, ഇതിനെ സദസ്യര്‍ ചോദ്യം ചെയ്തു. സഹോദരന്‍ അയ്യപ്പന്‍ സഹോദരന്‍ പത്രത്തില്‍ ഒരു കുറിപ്പെഴുതി. അതിന്റെ തലക്കെട്ട് അധോമുഖവാദിയായ മഹാന്‍ എന്നായിരുന്നു. മലയാളത്തിലെ അപൂര്‍വ പ്രയോഗമാണത്. അധോമുഖവാദവും മഹത്വവും പൊരുത്തപ്പെടില്ല. മാളവ്യ പണ്ഡിതനാണ്. ആ പാണ്ഡിത്യത്തെ നാം ആദരിക്കുന്നു. എന്നാലത് ജാതിമേല്‍ക്കോയ്മയുടെതാണ്.  നേരത്തെ മാഷ് പറഞ്ഞതുപോലെ അറിവില്‍നിന്നും അധികാരത്തില്‍നിന്നും ഭൂരിപക്ഷം വരുന്ന ജനതയെ ഒഴിച്ചുനിര്‍ത്തുന്ന ഒരു കാഴ്ചപ്പാടിന്റെ പ്രതിനിധിയാണ്് മാളവ്യ. അതുകൊണ്ടാണ് അദ്ദേഹത്തെ അധോമുഖവാദിയായ മഹാന്‍ എന്ന് അയ്യപ്പന്‍ വിളിക്കുന്നത്. ഇന്ത്യന്‍ ജാതിവ്യവസ്ഥയില്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ വേരുകള്‍ ആഴ്ന്നുകിടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യപാക് വിഭജനത്തെ പലരും പല തരത്തില്‍ വിശകലനംചെയ്തിട്ടുണ്ട്്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കലൊക്കെ ഇതിന്റെ ഭാഗമാണ്. എന്നാല്‍, അതിന് ഗുണമാകുന്ന വിധം ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയില്‍ ഒരു ആഭ്യന്തര കൊളോണിയലിസം നിലനിന്നു എന്നതാണ്.

കാരശ്ശേരി: ഇത് ശരിയാണ്. പിന്നീട് പാകിസ്ഥാന്റെ പ്രധാനമന്ത്രിയായ ലിയാഖത്ത് അലിഖാന്‍ പറഞ്ഞ ഒരു തമാശയുണ്ട്. അദ്ദേഹം പറഞ്ഞത്  വീ ഡിവൈഡ് ദേയ് റൂള്‍. വിഭജിച്ചത് നമ്മള്‍ തന്നെയാണെന്നാണ്. ഇത് വളരെ പ്രസക്തമാണ്. ബ്രിട്ടീഷുകാര്‍ വന്ന് നമ്മളെ വിഭജിച്ചതല്ല.

കെ ഇ എന്‍: ശരിയാണ് ഇതില്‍നിന്നും സമകാലീന അവസ്ഥയിലേക്ക് വന്നാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ വളയം ദിനനാഥ് ഭത്രയുടെ കൈകളിലാണ്. അദ്ദേഹമാണ് വിദ്യാഭ്യാസത്തെകുറിച്ചുള്ള കാഴ്ചപ്പാട് അവതരിപ്പിക്കുന്നത്. ഹിന്ദിയിലെ 24 വാക്കുകള്‍ അനിവാര്യമായിട്ടും കുത്തിക്കളയണമെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതിഹാസ പുരാണങ്ങളെയാണ് അദ്ദേഹം മഹത്തരമായി കാണുന്നത്. അതാണ് ശാസ്ത്രമെന്നും വ്യാഖ്യാനിക്കുന്നു. ദോസ്ത്, മുഷ്‌കില്‍, മൊഹല്ല എന്നിങ്ങനെ ഉറുദു കലര്‍ന്നുള്ള ഹിന്ദി വാക്കുകളാണ്  ഒഴിവാക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നത്.
കലര്‍പ്പ് ഫാസിസത്തിന് വലിയൊരു കുറ്റകൃത്യമാണ്. ഇന്ത്യന്‍ ജാതിവ്യവസ്ഥ നോക്കിയാല്‍ അത് എല്ലാതരം കലര്‍പ്പിനുമെതിരാണ്. വര്‍ണസങ്കരത്തെയാണ് ഇത് ഏറ്റവും ഭീകരമായി കാണുക. ഈ ജാതിമേല്‍ക്കോയ്മയുടെ ഒരു പ്രത്യയശാസ്ത്രം സംഘപരിവാറിന്റെ ആശയവുമായി കൂടിച്ചേരുന്ന ഒരു പശ്ചാത്തലമാണ് നിലവിലുള്ളത്.



കാരശ്ശേരി: കേരളത്തിലെ പ്രധാന യുക്തിവാദ പ്രസ്ഥാനമെന്ന് പറയുന്നത് സഹോദരപ്രസ്ഥാനമാണല്ലോ. അദ്ദേഹം മിശ്രഭോജനം, മിശ്രവിവാഹം രണ്ടിനും പ്രാധാന്യം നല്‍കി. മിശ്രവിവാഹത്തിന് കൂടുതല്‍ പിന്തുണ നല്‍കുന്ന കമ്യൂണിസ്റ്റുകാരും പുരോഗമനവാദികളുമായിരുന്നു അവര്‍.
മൊഹല്ലകളും ഇടവകയുംപോലെ ഇപ്പോള്‍ ഹിന്ദുമതത്തിലും അത്തരമൊരു ടെറിട്ടറി ഉണ്ടാവുകയാണ്. എല്ലാ കാര്യങ്ങളും ചെയ്യുവാനും ഇന്ന് പൗരോഹിത്യത്തെ ആശ്രയിക്കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ പുരോഗമന ആശയങ്ങള്‍ക്കും നീക്കങ്ങള്‍ക്കും പിന്തുണ കൊടുക്കേണ്ടവരാണ് കമ്യൂണിസ്റ്റുകാര്‍. ഡിവൈഎഫ്‌ഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ അമ്പലക്കമ്മിറ്റിയില്‍ അംഗമായാല്‍ അയാള്‍ക്ക് മിശ്രവിവാഹം ഉള്‍പ്പെടെയുള്ള പുരോഗമനാശയങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ല.

കെ ഇ എന്‍: കഴിയും. കഴിയണം. മിശ്രവിവാഹത്തെ സപ്പോര്‍ട്ട് ചെയ്യുവാനും അമ്പലക്കമ്മിറ്റിക്കകത്തുവരെ ആ ശബ്ദം എത്തിക്കുവാനും കഴിയും. ഒരുപക്ഷേ അതില്‍ വിജയിക്കണമെന്നില്ല. എന്നാല്‍ ആ ശബ്ദം ഒരുപക്ഷേ പിന്നീട് രേഖപ്പെടുത്തുമായിരിക്കും. തോറ്റാലും അതൊരു വിജയമാവും..
കാരശ്ശേരി: മിശ്രവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ വകുപ്പില്ല. അതിന് രജിസ്ട്രാര്‍ ഓഫീസില്‍ തന്നെ പോകണം. അവിടെ അന്തര്‍ജനത്തിന് ഒരു കീഴ്ജാതിക്കാരനെ വിവാഹം കഴിക്കാം. അത് അമ്പലക്കമ്മിറ്റി അംഗീകരിക്കണമെന്നില്ല. അയ്യപ്പനും നാരായണഗുരുവുമുള്‍പ്പെടെയുള്ളവര്‍ ജാതീയതയെ നശിപ്പിക്കാനുള്ള സാമൂഹ്യപരിണാമത്തിലെ ഒരു വഴിയായിട്ട് മിശ്രവിവാഹത്തെ കണ്ടിരുന്നു. കെ ഇ എന്‍ തന്നെ മിശ്രവിവാഹം നടത്തിയ ആളാണ്.

കെ ഇ എന്‍: ഇതില്‍ ഒരു അട്ടിമറി നടന്നിട്ടുണ്ട്. ഞങ്ങള്‍ വിവാഹിതരാവുന്ന സമയത്ത് തിരൂരിലെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നമ്പൂതിരി യുവതിയെ തട്ടിക്കൊണ്ടുപോയ മാര്‍ക്‌സിസ്റ്റ് നേതാവിനെതിരെ സംഘടിക്കുക എന്നായിരുന്നു പ്രചാരണം. ഞാന്‍ അന്നും ഇന്നും  മാര്‍ക്‌സിസ്റ്റ് നേതാവല്ല. അന്ന് ആര്‍എസ്എസ് പോലും എന്നെ അവതരിപ്പിച്ചത് മാര്‍ക്‌സിസ്റ്റ് നേതാവായിട്ടാണ്. എന്നാല്‍ ഇന്ന് എന്നെ വിശേഷിപ്പിക്കുക രാഷ്ട്രീയ നേതാവ് ആയിട്ടല്ല. മറിച്ച് ജാതി, മതം എന്നിവയുടെ പ്രതീകമായിട്ടായിരിക്കും. ഇന്നാണെങ്കില്‍ നമ്പൂതിരി യുവതിയെ തട്ടിക്കൊണ്ടുപോന്ന മാപ്പിളക്കെതിരെ സംഘടിക്കുക എന്നായിരിക്കും. എന്നിട്ട് ലൗ ജിഹാദ് എന്നുമുണ്ടാവും. 1990കള്‍ക്കുശേഷം വലിയൊരു അട്ടിമറിയാണ് നടന്നിട്ടുള്ളത്. അത് കോര്‍പറേറ്റുവല്‍ക്കരണത്തിന്റെയും ഫാസിസ്റ്റുവല്‍ക്കരണത്തിന്റെയും സംയോജനമാണ്. ഈ സംയോജനത്തിന്റെ ഭാഗമായി രാഷ്ട്രീയമായുള്ള സംവാദത്തിന്റെ തലത്തിലേക്ക് മതാത്മകമായ സംവാദം കയറിവരുന്നു. രാമനും ബാബറും തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല. ചരിത്രത്തില്‍ അവര്‍ ഒരിക്കലും കണ്ടുമുട്ടേണ്ട ആവശ്യമില്ല. രാമന്‍ ഒരു മിത്താണ്. ബാബര്‍ ചരിത്രപരമായി ജീവിച്ചിരുന്ന ഒരാളുമാണ്.

കാരശ്ശേരി: ശരിയാണ്. സ്റ്റോറിയേത് ഹിസ്റ്ററിയേത് എന്ന് തിരിച്ചറിയാത്തവിധം കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരിക്കുന്നു.
കെ ഇ എന്‍: രാമനെവച്ചുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തെ അട്ടിമറിക്കാന്‍ കഴിഞ്ഞുവെന്നതാണ് 90കള്‍ക്കുശേഷമുള്ള സംഘപരിവാറിന്റെ വളര്‍ച്ചയിലെ വളരെ പ്രധാനപ്പെട്ടൊരു കാര്യം. ഇന്ത്യയിലെ മുസ്ലീങ്ങള്‍ ബാബറിന്റെ മക്കള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു. സത്യത്തില്‍ ബാബറും മുസ്ലിങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല.

കാരശ്ശേരി: കാബൂളില്‍നിന്നും വന്ന ഒരു സൈനികന്‍  മാത്രമാണ് ബാബര്‍.
കെ ഇ എന്‍: രാമന്റെ മക്കളും ബാബറുടെ മക്കളുമായി അവര്‍ ഇന്ത്യന്‍ ജനതയെ വിഭജിച്ചെടുത്തു. ജാതിമേല്‍ക്കോയ്മ ഇന്ത്യന്‍ ജീവിതത്തില്‍ തന്മാത്രതലത്തില്‍ കടന്നുവരുന്നു. ക്ഷേത്രങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ കേന്ദ്രമായി മാറി..  അടുത്ത കാലത്ത് ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവാത്മകമായൊരു മാറ്റം ദളിതുകള്‍ക്കും ശാന്തിക്കാരായിട്ട് നിയമനം നല്‍കിയതാണ്. സത്യത്തില്‍ മൂലധനത്തിന്റെ പിന്തുണയില്ലെങ്കില്‍ നരേന്ദ്രമോഡിക്ക് നിലനില്‍പ്പില്ല. ആഗോളമൂലധനത്തിന് ഒരു നിയന്ത്രണവുമില്ല. അത് സര്‍വതന്ത്ര സ്വതന്ത്രവുമാണ്. അതേസമയം ജനങ്ങള്‍ അസ്വതന്ത്രരാണ്. അവരുടെ വിശ്വാസം ആചാരാനുഷ്ഠാനങ്ങള്‍ ഇക്കാര്യങ്ങളില്‍ അമിതമായുള്ള മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. ഇത് ഒരു രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കെ അതിന്റെ ഉള്ളടക്കം ചോര്‍ന്നുപോകുന്നതിന്റെ ലക്ഷണമാണ്. മൂലധനമാണ് പ്രധാന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അമിത്ഷാ തന്നെ ഇന്ത്യയിലെ വലിയ കുത്തകയായി മാറി. സത്യത്തില്‍ ബാബാ രാംദേവ് ഇന്ന് ഇന്ത്യയിലെ വലിയൊരു കുത്തകയായി വളര്‍ന്നു. അതുപോലെ പതഞ്ജലിയും. നമുക്കിപ്പോള്‍ പഴയ പതഞ്ജലി മഹര്‍ഷിയെ അറിയില്ല. വന്‍കുത്തകയായി മാറിയ ബാബാ രാംദേവാണ് നമ്മുടെ പുതിയ പതഞ്ജലി. ഭാരത്മാതാ കി ജയ് വിളിക്കാത്തവരുടെ തല ഞാന്‍ വെട്ടുമെന്നും ഇന്ത്യന്‍ ഭരണഘടനയുള്ളതുകൊണ്ട് മാത്രമാണ് എനിക്കതിന് കഴിയാത്തതെന്നും  അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. അതേക്കുറിച്ച് വലിയ സംവാദമുയര്‍ന്നപ്പോള്‍ അമിത് ഷാ പറഞ്ഞത് അത് ബാബാ രാംദേവിന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാണ്. ഈ രീതിയില്‍ ആക്രോശത്തിനൊപ്പം കോര്‍പറേറ്റ് മൂലധനത്തിന് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. അതേസമയം മതജാതി അടിസ്ഥാനത്തില്‍ മനുഷ്യരെ വിഭജിച്ച് തമ്മിലടിപ്പിക്കുന്നു.



കാരശ്ശേരി: ഇതില്‍ എനിക്ക് കൂട്ടിച്ചേര്‍ക്കാനുള്ളത് 90കളില്‍ വന്ന ഒരു പ്രധാന സംഗതി മന്‍മോഹന്‍സിങ് ധനകാര്യമന്ത്രിയായി. അദ്ദേഹം കേംബ്രിഡ്ജില്‍നിന്നും പിഎച്ച്ഡി എടുത്ത ആളാണ്. സാമ്പത്തിക വിദഗ്ധനാണ്. സ്വകാര്യവല്‍ക്കരണം, നഗരവല്‍ക്കരണം, ഉദാരവല്‍ക്കരണം എന്നിങ്ങനെ ആഗോളീകരണത്തിന്റെ പല രൂപങ്ങള്‍ അന്ന് കടന്നുവരികയാണ്. ആ കൂട്ടത്തിലാണ്  രാമജന്മഭൂമിക്കുള്ള ബിജെപിയുടെ രഥയാത്രയും വന്നത്. ആളുകളുടെ ശ്രദ്ധ അതോടെ അമ്പലം, പള്ളി എന്നിവയിലേക്ക് തിരിഞ്ഞു. ഇതോടെ കര്‍ട്ടനുപിന്നില്‍ വന്‍ സാമ്പത്തിക കാര്യങ്ങള്‍ അരങ്ങേറുന്നുണ്ടായിരുന്നു.  വാസ്തവത്തില്‍ കോര്‍പറേറ്റുകളാണ് ഇന്ത്യ ഭരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് ചെങ്കോട്ട അഞ്ചുവര്‍ഷം നോക്കുന്നതിനായി ഒരു മുതലാളിക്ക് കൊടുത്തത്. ഇതുപോലെ കേരളത്തില്‍ ബോള്‍ഗാട്ടി പാലസും ഇതേ വഴിയിലാണ്.

എനിക്ക് തോന്നുന്നത് ധനാധിപത്യത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം ജാതി മതവും അന്ധവിശ്വാസവും ആണ്. അതാണ് നടക്കുന്നത്. അതിനെ എങ്ങനെയാണ് നാം പ്രതിരോധിക്കേണ്ടത്. കെ ഇ എന്‍ നേരത്തെ ഉന്നയിച്ച   കാര്യത്തില്‍ മറ്റൊരു കാര്യം കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുകയാണ്. നിങ്ങള്‍ കല്യാണം കഴിച്ചപ്പോള്‍ നമ്പൂതിരി യുവതിയെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ആരോപണം. ഇന്നാണെങ്കില്‍ മാപ്പിള തട്ടിക്കൊണ്ടുപോയി എന്നു പറയുമെന്നും പറഞ്ഞു.  ഇത് വളരെ ശരിയാണ്. ഈ സാഹചര്യം ഉണ്ടായതില്‍ രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങള്‍ ഉണ്ടാകാം.
രണ്ടിടങ്ങഴി നമ്മള്‍ പലവട്ടം ചര്‍ച്ചചെയ്തിട്ടുണ്ട്. കോരന്റെ ഭാര്യ ചിരുത വളരെ സുന്ദരിയാണ്. അവിടത്തെ ജന്മി പുഷ്പവേലില്‍ ഔസേപ്പിന്റെ മകന്‍ ചാക്കോ അവളെ കടന്നുപിടിച്ചത് ചിരുത  കോരനോട് പറഞ്ഞിരുന്നു. കോരന്‍ ചാക്കോയെ കൊല്ലുന്നു. ജയിലില്‍പോയി. ഇതിലൊരു ചോദ്യമുണ്ട്. പുഷ്പവേലില്‍ ഔസേപ്പിന്റെ മകന്‍ ചാക്കോ ആരാണ്്? ഞങ്ങള്‍ പഠിച്ചതും പറഞ്ഞതും ജന്മിയുടെ പ്രതീകമാണെന്നാണ്.  മണ്ണിലുള്ള അധികാരം തനിക്ക് പെണ്ണിലുമുണ്ടെന്നാണ് ജന്മിത്തത്തിന്റെ കണക്ക്. മണ്ണിനെയും പെണ്ണിനെയും ഒരുപോലെ കാണുന്നതാണ് ജന്മിത്തം.
ഒരു കുടിയാനോട്, കര്‍ഷകത്തൊഴിലാളിയോട് കുടുംബത്തിന്റെ അന്തസ്സിനോട് ഒരു തരിമ്പും ബഹുമാനമില്ലാതെയാണ് ജന്മിത്തം പെരുമാറുക. അതിന്റെ ഉദാഹരണമാണ് തകഴി കാണിക്കുന്നത്. ഇതാണ് ശരിയായ വിശകലനം. എന്നാല്‍, ഇതിന് വേറൊരു വിശകലന രീതിയാകാം. പുഷ്പവേലില്‍ ഔസേപ്പിന്റെ മകന്‍ ചാക്കോ എന്നാല്‍ നസ്രാണിയാണ്; അവര്‍ ഹിന്ദുക്കളോട് ഇങ്ങനെയൊക്കെ കാണിക്കും എന്ന മട്ടില്‍. ഹിഗ്വിറ്റ എന്ന ചെറുകഥയും പല വ്യാഖ്യാനങ്ങള്‍ക്കും ഇരയായി. അതിലെ പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നവന്റെ പേര് ജബ്ബാര്‍ എന്നാണ്. അത് മുസ്ലീമിന്റെ പ്രതീകമാണ് എന്നതാണ് ഒരു വിശകലന രീതി. എന്നാല്‍ ഞാനതിനോട് യോജിക്കുന്നില്ല. അവന്‍ ഗുണ്ടകളുടെ പ്രതിനിധിയാണ്, അല്ലാതെ മുസ്ലീമിന്റെ പ്രതീകമല്ല.  മുക്കുവപ്പെണ്ണുങ്ങളെ അപമാനിക്കുന്ന സിനിമ എന്നു പറഞ്ഞാണ് ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികം നീര്‍ക്കുന്നം കടപ്പുറത്ത് തടയാന്‍  കാരണമായത്. ഇങ്ങനെ വിശകലനരീതികള്‍ മാറുകയാണ്.

കെ ഇ എന്‍: സാഹിത്യകൃതിയുടെ വായനയില്‍ സാമൂഹ്യ സന്ദര്‍ഭങ്ങളുടെ വിശകലനത്തില്‍ വര്‍ഗം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. മാഷ് നേരത്തെ പറഞ്ഞതുപോലെ ജന്മികുടിയാന്‍ പ്രശ്‌നം വളരെ ഗൗരവമുള്ളതാണ്. ചെമ്മീന്‍ സിനിമക്കെതിരെ ഇപ്പോള്‍ വരുന്ന പ്രതിഷേധം ജനാധിപത്യ വിരുദ്ധമാണ്. എന്നാല്‍, ചെമ്മീന്‍ എന്ന തകഴിയുടെ നോവലിനെ വ്യത്യസ്ത രീതിയില്‍ വിശകലനം ചെയ്യാനുള്ള അവകാശം ജനാധിപത്യകാലത്ത് നിലനില്‍ക്കുന്നതാണ്. 1956ല്‍ തകഴി ചെമ്മീന്‍ എഴുതിയപ്പോള്‍ത്തന്നെ വേലുക്കുട്ടി അരയന്‍ ഇതിനൊരു നിരൂപണം എഴുതി. എന്നാല്‍, വേലുക്കുട്ടി അരയന്റെ ഈ നിരൂപണം മലയാള സാഹിത്യം അടയാളപ്പെടുത്തിയിട്ടില്ല. ചെമ്മീനിലെ സംഘര്‍ഷങ്ങള്‍ എന്ന പേരില്‍ എന്റെയും ഒരു പുസ്തകമുണ്ട്. റാസ്ബറി ബുക്‌സിന്റേത്. ഇത് ഡിഗ്രിക്ക് പഠിപ്പിക്കാന്‍ ഉണ്ടായിരുന്നു.
വേലുക്കുട്ടി അരയന്‍ അരയജീവിതത്തിലൂടെ ഈ കൃതിയെ നോക്കിയപ്പോള്‍ അതില്‍ ഒരുപാട് പരിമിതികള്‍ കണ്ടു. അത് അദ്ദേഹം എഴുതി. അരയസ്ത്രീകളെക്കുറിച്ച് നീണ്ട നാവുള്ളവള്‍, അസ്ഥാനത്ത് സംസാരിക്കുന്ന, ഒട്ടും ശുദ്ധിയില്ലാത്തവര്‍, ഭദ്രകാളികള്‍ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നോവലിലുണ്ട്. വേലുക്കുട്ടി അരയന്റെ നിലപാടിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ സാമൂഹ്യ വിവേചനത്തിന്റെ ഒരു തലം, പുരുഷന്‍ സ്ത്രീയോട് സവര്‍ണര്‍ അവര്‍ണരോട് വെളുത്തവര്‍ കറുത്തവരോട് വിവേചനം കാണിക്കുന്നു. ഇതും വിശകലനം ചെയ്യപ്പെടേണ്ടത് തന്നെയാണ്.

കാരശ്ശേരി: ഞാന്‍ പറഞ്ഞത് ചെമ്മീന്‍ എഴുതിയ രീതിയെക്കുറിച്ചോ പാത്രസങ്കല്‍പ്പങ്ങളെക്കുറിച്ചോ വിമര്‍ശനം പാടില്ലെന്നല്ല. മറിച്ച് ഇത്തരം വികാരം മൂത്ത് സിനിമയുടെ ആഘോഷം തന്നെ പാടില്ല എന്നുപറഞ്ഞ് തടയുന്നത് ശരിയാണോ എന്നാണ്.
കെ ഇ എന്‍: അത് പാടില്ല. 
കാരശ്ശേരി: ഉറൂബിന്റെ ഉമ്മാച്ചു ഈ രീതിയില്‍ വിശകലനം ചെയ്താല്‍ വലിയ കുഴപ്പങ്ങളുണ്ടാകില്ലേ. തല്ലാനും കൊല്ലാനും കഴിവുള്ളവരാണ് ഉറൂബിന്റെ കഥാപാത്രങ്ങള്‍  എന്ന് വിശകലനംചെയ്യേണ്ടിവരില്ലേ.
കെ ഇ എന്‍: നമ്മള്‍ ഒരു കൃതിയെ സമഗ്രപശ്ചാത്തലത്തില്‍ വെച്ചാണ് വിശകലനം ചെയ്യേണ്ടത്.
കാരശ്ശേരി: അങ്ങനെയെങ്കില്‍ ഹിഗ്വിറ്റയിലെ ക്രൂര കഥാപാത്രമായി ജബ്ബാറിനെ പ്രതിഷ്ഠിച്ചത് മാധവന് മുസ്ലീം സമുദായത്തോടുള്ള  വെറുപ്പുകൊണ്ടാണെന്ന് പറയാന്‍ പറ്റുമോ. ഇങ്ങനെയൊക്കെ ചെയ്യുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ട്. എം ടി വാസുദേവന്‍ നായരെകുറിച്ച് ഞാന്‍ കേട്ട ഒരു പരാതി നാലുകെട്ടില്‍ കോന്തുണ്ണിനായരെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലുന്നത് സെയ്താലിക്കുട്ടിയാണ്. ആത്മനിന്ദയും പകയും എന്ന  ലേഖനത്തില്‍
ശ്രീകണ്ഠന്‍ നായര്‍ സ്ഥാപിക്കാന്‍ ശ്രമിച്ചത് എം ടിക്ക് മുസ്ലിങ്ങളോട് വലിയ പ്രീണനം ഉണ്ടെന്നാണ്. അസുരവിത്തില്‍ എല്ലാറ്റിനും മീതെ മുസ്ലിമിന്റെ ഭൂതദയ, സേവന മനസ്ഥിതി എന്നിവയുടെ വിജയം കാണാം. എം ടി മുസ്ലിം പക്ഷപാതമുള്ള ആളാണ് എന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. 
ഞാന്‍ വേറൊരു വിശകലനം കൂടി പറയാം. ഖസാക്കിന്റെ ഇതിഹാസത്തിന് 25 വയസ്സായപ്പോള്‍ ചന്ദ്രിക വീക്ക്‌ലിയില്‍ ഒരു ലേഖനം വന്നു ആ കൃതി മുസ്ലിം വിരുദ്ധമാണെന്നായിരുന്നു ലേഖനം സ്ഥാപിച്ചത്. മൈമൂന കള്ള് കുടിക്കുന്നത് അതില്‍ കാണിച്ചിട്ടുണ്ട്. മുസ്ലിങ്ങള്‍ക്ക് കള്ള് ഹറാമാണ് മൈമൂന വ്യഭിചരിക്കുന്നത് അതില്‍ കാണിച്ചിട്ടുണ്ട്. വ്യഭിചാരം പാപമായിട്ടാണ് ആ മതം കാണുന്നത്.



കെ ഇ എന്‍: ഇതില്‍ ഞാന്‍ രണ്ട് പ്രശ്‌നം കാണുന്നു. സാഹിത്യകൃതികളെ പല തരത്തില്‍ വ്യാഖ്യാനം ചെയ്യാം. വ്യത്യസ്ത വായനകള്‍ക്ക് സൗകര്യമൊരുക്കുന്ന ഒരു അന്തരീക്ഷം ഉണ്ട്.
കാരശ്ശേരി: അന്തരീക്ഷം ചീത്തയാക്കുന്നതില്‍ ഇത്തരം വീക്ഷണങ്ങള്‍ക്ക് പങ്കില്ലേ കെ ഇ എന്‍?
കെ ഇ എന്‍: ഇതില്‍ സാമൂഹ്യവിവേചനത്തിന്റെ ഒരു  പ്രശ്‌നമുണ്ട്. അത് അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. എന്നാല്‍ ഇത് അഡ്രസ് ചെയ്യപ്പെടുമ്പോള്‍ പലപ്പോഴും വഴുക്കലുകളും വീഴ്ചകളും സംഭവിക്കുന്നു. പഴയ നമ്മുടെ വായനയില്‍ നമ്മള്‍ കാണാതെപോയ ചില അന്ധ മേഖലകളുണ്ട്. അത് പുതിയ വായനയില്‍ നമുക്ക് തെളിഞ്ഞുകിട്ടും. ഉദാഹരണത്തിന് സ്വന്തം   പേരില്‍നിന്ന് തിരുമേനി ഒഴിവാക്കണമെന്ന് മാര്‍ വര്‍ഗീസ് കുറിലോസ് തിരുമേനി പറഞ്ഞു. 2018ല്‍ നല്‍കിയ അഭിമുഖത്തില്‍ ആണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇത് തിരിച്ചറിവിന്റെ തീരുമാനമാണ്. ഇതപോലെയാണ് നമ്മുടെ ചില തെറികളുടെ കാര്യവും. പണ്ട് നമ്മള്‍ നിര്‍ദോഷമായി ഉപയോഗിച്ചിരുന്ന തെറികള്‍ ഇന്ന് വിളിക്കാന്‍ പറ്റാതെ വരുന്നു ആണും പെണ്ണും കെട്ട എന്ന് നമ്മള്‍ മുമ്പ് പറഞ്ഞിരുന്നത് ഇന്ന് തെറിയായി രൂപാന്തരം പ്രാപിക്കുന്നു.
കാരശ്ശേരി: അങ്ങനെയുണ്ട്. ഹ്യൂമനിസത്തിലെ ഒരു പ്രധാന വാദം ലോകത്തിന്റെ കേന്ദ്രം മനുഷ്യനെന്നാണ്. എന്നാല്‍ ഇന്ന് അങ്ങനെയല്ല വ്യാഖ്യാനം. ജൈവവൈവിധ്യം എന്നാണ്.
കെ ഇ എന്‍: അറിവിലെ മാറ്റത്തിനനുസരിച്ച്  അപഗ്രഥനത്തിലും മാറ്റം വരും. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ അധഃസ്ഥിത ജാതി, സ്ത്രീകള്‍, ന്യൂനപക്ഷം ഇവരൊക്കെ സാഹിത്യത്തില്‍ ജനാധിപത്യപരമായി പ്രതിനിധാനം ചെയ്യപ്പെടാത്ത സാഹചര്യമുണ്ട്. സ്ത്രീകള്‍ ദീര്‍ഘകാലമായി ഉപഭോഗ വസ്തുവായിട്ടാണ് പരിഗണിക്കപ്പെട്ടത്. അത് ഒ വി വിജയന്റെ കൃതികളിലും അങ്ങനെയാണ്.
കാരശ്ശേരി: ഖസാക്കിലെ രവി സ്ത്രീകളെ കണ്ടത് ഉപഭോഗവസ്തു എന്ന മട്ടിലാണ്. ആ വിമര്‍ശനം എനിക്ക് മനസ്സിലാകും. നേരെ മറിച്ച് ഇസ്ലാമിനെ വിമര്‍ശിക്കലാണ് എന്ന് പറയുന്നതില്‍ എന്തര്‍ഥമാണുള്ളത്?

കെ ഇ എന്‍: ഇസ്ലാമോഫോബിക് അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ ഖസാക്കിന്റെ ഇതിഹാസം അങ്ങനെയാണെന്ന കാഴ്ചപ്പാടിനോട് ഒരു യോജിപ്പുമില്ല. നമ്മുടെ ജീവിതത്തില്‍ എന്നപോലെ സാഹിത്യത്തിലും ദളിതുകളെയും മുസ്ലിംക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെയും എങ്ങനെയാണ് കണ്ടത് എന്ന് പരിശോധിക്കണം. സാഹിത്യത്തിലെ ദളിത് പരിചരണം എന്നത് പ്രധാന വിഷയമാണ്. ഒന്ന് കൃതിയുടെ സമഗ്ര പശ്ചാത്തലത്തിലുള്ള പ്രതിനിധാനം. രണ്ട് ജീവിതത്തില്‍ നാം ദളിതരോട് പൂലര്‍ത്തുന്ന സമീപനമാണ് കൃതികളിലും കാണുന്നതെങ്കില്‍ ദളിതന്റെ പക്ഷത്തുനിന്ന് അതിനെ വിമര്‍ശിക്കേണ്ടി വരും. അതുപോലെ ന്യൂനപക്ഷങ്ങള്‍ സാമൂഹ്യവിവേചനം അനുഭവിക്കുന്നുണ്ട്, പ്രത്യേകിച്ച് ഫാസിസ്റ്റ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ കടുത്ത വിവേചനം നേരിടുന്നുണ്ട്. ഒഡീഷയിലെ കന്ദമാലില്‍ ക്രിസ്ത്യന്‍ പീഡനം നടന്നപ്പോള്‍ ഞങ്ങള്‍ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അവിടെ സന്ദര്‍ശനം നടത്തിയിരുന്നു; ഹൃദ്യമായ യാത്രയയപ്പില്‍ മതമല്ല... മതമല്ല... മതമല്ല പ്രശ്‌നം എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്ന മുദ്രാവാക്യമായിരുന്നു അവിടെ ഉയര്‍ന്നുകേട്ടത്. ഞങ്ങളത് ആവേശത്തോടെ ഏറ്റുപാടി. ഭുവനേശ്വറില്‍ വണ്ടിയിറങ്ങി ഞങ്ങള്‍ കാറില്‍ ആറുമണിക്കൂര്‍ യാത്രചെയ്താണ് കന്ദമാലില്‍ എത്തിയത്. അവിടെ എത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത് മതമാണ് മതമാണ് മതമാണ് പ്രശ്‌നം എന്നാണ്. അവിടെ  ക്രിസ്ത്യന്‍ ഐഡന്റിറ്റി വെളിപ്പെടുത്തി ഒരാള്‍ക്ക് ജീവിക്കാന്‍ കഴിയില്ല.   ഞങ്ങളുടെ ഡ്രൈവര്‍ സുരേഷ് ഹിന്ദു ആയിട്ടാണ് ഞങ്ങളുടെ മുന്നില്‍ സ്വയം അവതരിച്ചത്, പക്ഷേ പിന്നീടാണ് മനസ്സിലാകുന്നത് അയാള്‍ ക്രിസ്ത്യനാണെന്ന്. ഞാന്‍ ഇക്കാര്യം അയാളോട് ചോദിച്ചു. അയാള്‍ പറഞ്ഞു. 'ഇവിടെ ക്രിസ്ത്യന്‍ എന്ന് പറഞ്ഞാല്‍ വലിയ കുഴപ്പമാണ് അതുകൊണ്ട് ഐഡന്റിറ്റി മറച്ചുവച്ചതാണെ'ന്ന്. ഇവിടെ എനിക്ക്  മനസ്സിലാവുന്നത് എരിയുന്ന വയറിലെ തീയാണ് പ്രശ്‌നമെങ്കിലും ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെങ്കില്‍ അവിടെ മതവും ജാതിയും തന്നെയാണ് പ്രശ്‌നം.  

കാരശ്ശേരി: ഇതിനോടനുബന്ധമായി ഞാന്‍ എന്റെ ഒരു അനുഭവം പറയാം. ഗുജറാത്ത് കലാപകാലത്ത് ആര്‍ ബി ശ്രീകുമാറിന്റെ കൂടെ ഗുജറാത്തില്‍ പോയിരുന്നു. അവിടെ അക്ഷര്‍ധാം കാണാന്‍ പോയി. അവിടെ ശ്രീകുമാര്‍ സ്ഥിരമായി വിളിക്കുന്ന ഒരു ഓട്ടോ ഡ്രൈവര്‍ ഉണ്ട്. അമ്പലത്തില്‍ എത്തിയപ്പോള്‍ അത് ചുറ്റിക്കാണാന്‍ കുറേ സമയം എടുക്കുന്നതിനാല്‍ നീ പള്ളിയില്‍ പോയി വന്നോ എന്ന് ശ്രീകുമാര്‍ ഡ്രൈവറോട് പറഞ്ഞു. അതുവരെ അവന്‍ ഹിന്ദുവായിട്ടാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. അവന്‍ മുസ്ലിം ആയിരുന്നു. അവന്റെ നാട്ടില്‍ അവന്‍ ഹിന്ദുവായി അഭിനയിച്ചാലേ അവന്് ഓട്ടം കിട്ടുകയുള്ളൂ. 

കെ ഇ എന്‍: വീരേന്ദ്രകുമാറിന്റെ ഒരു പുസ്തകത്തില്‍ സമാനമായൊരു കാര്യം പറയുന്നുണ്ട്്. ബോംബെയില്‍ ഓട്ടോ ഡ്രൈവറോട് ആപ് കെ നാം ക്യാ ഹെ എന്ന് ചോദിച്ചപ്പോള്‍ മേരാ നാം ഭഗവാന്‍ എന്നാണ് ഡ്രൈവര്‍ പറയുന്നത്. എന്നാല്‍ അയാളുടെ ശരിയായ പേര് ഗുലാം അലി റസൂല്‍ എന്നാണ്. എന്താണ് ശരിയായ പേര് പറയാതിരുന്നതെന്ന് വീരേന്ദ്രകമാര്‍ ചോദിച്ചപ്പോള്‍ ഭഗവാന്‍ എന്ന് പറഞ്ഞാല്‍ രാമനുമാകാം റഹീമുമാകാം എന്നായിരുന്നു ഡ്രൈവറുടെ മറുപടി ഇവിടെയൊക്കെ ഐഡന്റിറ്റി വളരെ പ്രശ്‌നമാവുകയാണ്. ഇവിടെ   രാഷ്ട്രീയത്തിലും വായനയിലും ഈ ഐഡന്റിറ്റി പ്രശ്‌നം പ്രതിഫലിക്കും. അതുകൊണ്ടുതന്നെ നേരത്തെ പറഞ്ഞതുപോലെ ചില വിശകലനങ്ങള്‍ വേണ്ടിവരും. 

കാരശ്ശേരി: ഇത്തരം ചില വിശകലനമാണ് പ്രശ്‌നമെന്നാണ് ഞാന്‍ പറയുക. കെ ഇ എന്‍ എന്ന് പറയുന്നതുപോലെയല്ല കെ ഇ എന്‍ കുഞ്ഞഹമ്മദ് എന്ന് പറയുമ്പോള്‍. വേറൊരു ഐഡന്റിറ്റിയാണ് കാണുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളായ ഒറ്റക്കണ്ണന്‍ പോക്കറും മണ്ടന്‍ മുത്തപ്പയും മുസ്ലിം ആണ്. മുത്തപ്പയുടെ ഭാര്യ സൈനബ കള്ളത്തിയാണ്. മലയാള സാഹിത്യത്തിലെ ആദ്യത്തെ കള്ളത്തി സൈനബയാണെന്നാണ് എന്റെ അറിവ്. കക്കുന്ന ഒരു സ്ത്രീയെക്കുറിച്ച് ബഷീര്‍ അല്ലാതെ വേറെ ആരും അക്കാലത്ത് എഴുതിയിട്ടില്ല. ആനവാല്‍ രാമന്‍നായരും പൊന്‍കുരിശ് തോമയും, തൊരപ്പന്‍ അവറാനും കള്ളനാണ് അപ്പോള്‍ കള്ളന്മാരും കൊള്ളക്കാരുമെല്ലാം എല്ലാ സമുദായത്തിലും ഉണ്ട്. മാധവന്റെ കഥയില്‍ ജബ്ബാറിന് പേരല്ലാതെ മുസ്ലിം പ്രതീകമായി വേറെയൊന്നും ഇല്ല. അയാള്‍ ഒരു ഗുണ്ടയാണ്. പ്രതിനിധാനം എന്ന് നിങ്ങള്‍ പറയുമ്പോള്‍  പേരുകൊണ്ട് മാത്രം  പ്രതിനിധാനത്തെ നിര്‍ണയിക്കന്‍ പറ്റുമോ എന്നാണ് എന്റെ ചോദ്യം.
സുഡാനി ഫ്രം നൈജീരിയ നല്ല സിനിമയാണ്. കേരളത്തിന്റെ നന്മയാണ് അതില്‍ പ്രതിഫലിച്ചതെന്നാണ്   ഞങ്ങളൊക്കെ അതിനെ വിലയിരുത്തിയത്. അല്ലാതെ നായരാണോ മജീദാണോ എന്നൊന്നും നോക്കിയിട്ടല്ല. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മലപ്പുറവും മുസ്ലീങ്ങളും എല്ലാ നന്മയുടെയും പ്രതീകം എന്ന നിലയ്ക്കാണ് ഈ സിനിമയ്ക്ക് വന്നൊരു വിശകലനം. ജില്ല തിരിച്ചും ജാതി തിരിച്ചുമൊക്കെയുള്ള വിശകലനം എന്നത് എന്തുമാത്രം അയുക്തികമാണ്.

കെ ഇ എന്‍: മലപ്പുറത്ത് ഏത് പീടികയിലും ബോംബ് കിട്ടുമെന്ന് ഒരു സിനിമയില്‍ പറയുന്നുണ്ട്. ഇങ്ങനെ മലപ്പുറത്തെ പിശാചുവല്‍ക്കരിക്കുന്ന പ്രതിനിധാനങ്ങള്‍ ഉണ്ട്. മലപ്പുറത്തെ ഭീകരതയുമായി കൂട്ടിക്കെട്ടുന്ന   ധാരാളം സിനിമകളുണ്ട്.
കാരശ്ശേരി: ശരിയാണ്, മോഹന്‍ലാലിന്റെ സിനിമയിലാണ് ബോംബ് പരാമര്‍ശം. എന്നാല്‍ എന്റെ അറിവില്‍ മലപ്പുറത്ത് ഇതുവരെ എവിടെയും ബോംബ് കണ്ടെത്തിയിട്ടില്ല; എന്നാല്‍ കോഴിക്കോട് കണ്ടെത്തിയിട്ടുണ്ട്.
കെ ഇ എന്‍: നമ്മുടെ സിനിമയിലും സാഹിത്യത്തിലും അപരവല്‍ക്കരണം സജീവമായി നില്‍ക്കുന്നുണ്ട്.
കാരശ്ശേരി: ബംഗാളിയില്‍നിന്ന് കുട്ടികളുടെ മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ ബകന്‍ എന്ന രാക്ഷസന്‍ സംസാരിക്കുന്നത് മലപ്പുറത്തെ മാപ്പിള ഭാഷയിലാണ്. ഈ കാര്യം ഞാനൊരു പുസ്്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
കെ ഇ എന്‍: സാമൂഹ്യശാസ്ത്രപരമായി ഒരു കൃതി വിശകലനം ചെയ്യുമ്പോള്‍ ആ വിശകലനത്തില്‍ സാധ്യതകളും പരിമിതികളും ഉണ്ടാകാം. അതേപോലെ തന്നെ സാമൂഹ്യ വിവേചനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിനിധാനം സംബന്ധിച്ചുള്ള കൃതികളുടെ വിശകലനത്തിലും സ്വാഭാവികമായും പരിമിതിയുണ്ടാകും. ആ പരിമിതികളുടെ മാത്രം പേരില്‍ പ്രതിനിധാന സംബന്ധമായ ശരിയായ വിശകലനങ്ങളെയാകെ കയ്യൊഴിക്കാനാകില്ല.

കാരശ്ശേരി: കുട്ടികളുടെ മഹാഭാരതത്തില്‍ ബകന്‍ സംസാരിക്കുന്നത് മലപ്പുറത്തെ ഭാഷയിലാണ്‌. ജ്ജ് എന്നാണ് ഉപയോഗിക്കുന്നത്. അതില്‍ പ്രതിനിധാനം ഉണ്ട്. എന്നാല്‍ ജബ്ബാറില്‍ എന്താണ് പ്രതിനിധാനം. ഹിഗ്വിറ്റ എന്ന ചെറുകഥയില്‍ പുരോഹിതന്‍ ജബ്ബാറിനെ മുട്ടുകാലുകൊണ്ട് ഇടിക്കുന്ന രംഗമുണ്ട്. ഇവിടെ പുരോഹിതനും പ്രതിനിധാനമുണ്ടാകാം. വിമോചന ദൈവശാസ്ത്രത്തിന്റെയൊക്കെ പ്രതിനിധാനം എന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ ക്രൈസ്തവമാണെന്ന് പറയാം. ഈ നല്ല ചെറുകഥയില്‍  ജബ്ബാര്‍ ഒരു മുസ്ലീം പ്രതിനിധാനമാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. വേറൊരു ഉദാഹരണം പറയാം. അരനാഴികനേരം എന്ന പാറപ്പുറത്തിന്റെ നോവലില്‍ ദീനാമ്മ എന്ന  ക്രിസ്ത്യന്‍ കഥാപാത്രത്തിന് കുറുപ്പ് എന്ന കഥാപാത്രവുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് പറയുന്നുണ്ട്. ഇവിടെ ക്രിസ്ത്യാനികളൊക്കെ നായന്മാരുടെ കാമകേളിക്ക് വിധേയരാവുന്ന ഇരകളാണെന്നും നായന്മാരൊക്കെ ഇങ്ങനെയാണെന്നും ഒരര്‍ഥം ഇതുവരെ ഞാന്‍ നിരീക്ഷിച്ചിട്ടില്ല. എന്നാല്‍ ഇങ്ങനെയൊക്കെ  അര്‍ഥമുണ്ടെന്ന് വ്യാഖ്യാനിക്കുന്ന കാലമാണിത്. അത് പാടില്ല എന്നാണ് ഞാന്‍ പറയുന്നത്.



കെ ഇ എന്‍: മാഷ് നേരത്തെ പറഞ്ഞല്ലോ രാമായണത്തിലെ രാക്ഷസ ഭാഷ മലപ്പുറത്തെ മുസ്ലിംഭാഷയായി പരിണമിച്ചെന്ന്. ഇതൊരു പ്രതിനിധാനമാണ്.
കാരശ്ശേരി: ശരിയാണ്. അത് മനസ്സിലാക്കാന്‍ വിശകലന ബുദ്ധിയൊന്നും വേണ്ട.
കെ ഇ എന്‍: കുമാരനാശാന്റെ ദുരവസ്ഥയില്‍ ക്രൂരമുഹമ്മദ് എന്നൊരു പ്രയോഗം വളരെ വിവാദമായിരുന്നു. വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പിന്നീട് കുമാരനാശാന്‍ അത് തിരുത്തുന്നതായി പറഞ്ഞതായി ഞാന്‍ വായിച്ചിട്ടുണ്ട്.
കാരശ്ശേരി: ഞാനും വായിച്ചിട്ടുണ്ട്. പക്ഷേ തെളിവില്ല. ഞാന്‍ വായിച്ചത് ഇങ്ങനെയാണ്; അന്ന് വക്കം മൗലവിയുടെ നേതൃത്വത്തില്‍  ഒരു സംഘം ആശാനെ  ചെന്നുകണ്ട് പരാതി പറഞ്ഞു. അടുത്ത പതിപ്പില്‍ ശരിയാക്കാം എന്ന് അദ്ദേഹം ഉറപ്പു നല്‍കി എന്നാണ്.
കെ ഇ എന്‍: ആശാന്റെ ഈ  കൃതിയെക്കുറിച്ച് തര്‍ക്കം വന്നു. സത്യത്തില്‍ തര്‍ക്കമല്ല വേറിട്ടൊരു വായനയാണ്. ഇതോടനുബന്ധിച്ച് വേറൊരു കാര്യം പറയാം. ഇടശേരിയുടെ ഇസ്ലാമിലെ വന്‍മല സൗഹാര്‍ദത്തിന്റെ, ചങ്ങാത്തത്തിന്റെയൊക്കെ മികച്ച കവിതയാണ്്. എന്നാല്‍ കവിതയില്‍  അലവിയുമായുള്ള സ്‌നേഹബന്ധം നിലനില്‍ക്കുന്നത് ഒരു കണ്ടീഷനിലാണ്. അലവി പഴം മോഷ്ടിച്ചാണ് സുഹൃത്തിന് കൊടുക്കുന്നത്്. മോഷണം പിടിക്കപ്പെട്ട് മര്‍ദനമേല്‍ക്കുമ്പോഴും ഈ രഹസ്യം പുറത്തുവിടുന്നില്ല. ഇത് തോളുരുമ്മി നില്‍ക്കുന്നൊരു സൗഹൃദമാണ്. അത് മനസ്സുരുമ്മി നില്‍ക്കുന്ന സൗഹൃദമാവണമെങ്കില്‍ ഈ പഴത്തെ നമ്മള്‍ അപനിര്‍മിക്കണം. അപ്പോള്‍ നമുക്ക് മനസ്സിലാകും ഈ പഴമാണ് ഇന്നും ജാതിമേല്‍ക്കോയ്മയുടെ സംരക്ഷകനായി നില്‍ക്കുന്നത് എന്ന്.  ജ്ഞാനപ്പഴം എന്ന കവിതയില്‍ പ്രശസ്ത ദളിത് കവി സി എസ് രാജേഷ് പറയുന്നു. ഒരു ദളിതന്റെ വീട്ടില്‍ കല്യാണത്തിനു വന്നപ്പോള്‍ സവര്‍ണനായ സതീര്‍ഥ്യന് സദ്യയുടെ സമയത്ത് എന്തെടുക്കണം എന്ന് ആശയക്കുഴപ്പം ഉണ്ടാകുന്നു. അവസാനം ഒരു പഴംമാത്രം എടുക്കുന്നു. വേറെ ഒന്നും വിചാരിക്കരുതെന്നും പറയുന്നു. നമ്മുടെ സാഹിത്യത്തില്‍ പഴം എന്നത് വലിയൊരു മെറ്റഫര്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. മാഷ് പറഞ്ഞതുപോലെ മിശ്രഭോജനം പറ്റുന്നില്ല; എല്ലാവര്‍ക്കും ഒരുമിച്ചിരുന്നു കഴിക്കാന്‍ പറ്റുന്നില്ല.  ഒരാള്‍ എന്നും സവര്‍ണനായതുകൊണ്ട് ഭക്ഷണം കഴിക്കാതെ പുറത്തു നില്‍ക്കുകയും അവര്‍ണനായുള്ള സുഹൃത്ത് പഴം മോഷ്ടിച്ചു നല്‍കുകയും ചെയ്യുന്നു. മോഷണം പിടിക്കപ്പെട്ട് അടി കിട്ടുമ്പോഴും എന്തിനു മോഷ്ടിച്ചു എന്ന് പറയാതിരിക്കുകയും അങ്ങനെ പറയാതിരിക്കുമ്പോള്‍ നീ എന്റെ മാനം രക്ഷിച്ചു, അതുകൊണ്ട് നീ എന്റെ സുഹൃത്താവുകയാണ് എന്ന് പറയുകയും ചെയ്യുന്നു. ഇവിടെ മാനം എന്നത് അപനിര്‍മിക്കപ്പെടാതെ പോകുന്നു.

കാരശ്ശേരി: അയാം സോറി. ആ കവിതയെക്കുറിച്ച് നിങ്ങളുടെ വിശകലന രീതിയോട് എനിക്ക് യോജിപ്പില്ല. കാരണം ആ കവിത ഒരു സാധാരണ കവിതയാണ്. മോഷ്ടിക്കുന്നത് ഇസ്ലാമില്‍ ഹറാമായ കാര്യമാണ്. രണ്ടാമത്തേത്് അറിയുന്ന ഒരു സത്യം വെളിപ്പെടുത്താതിരിക്കുന്നതും തെറ്റാണ്്. ഇങ്ങനെയൊന്നുമല്ല നോക്കേണ്ടത്. ഇത് ഉപാധിയാണെന്ന് നിങ്ങള്‍ പറഞ്ഞത് എനിക്ക് മനസ്സിലായിട്ടില്ല. കാഫിറും നമ്പൂതിരിയുമായിരിക്കുമ്പോഴും അവര്‍ തമ്മിലുള്ള സൗഹൃദം നേരത്തെയും ഉണ്ട്. അതിനുശേഷവും ഉണ്ട്. ബാപ്പയുടെ അടിയേക്കാള്‍ എനിക്ക് പ്രധാനം നായരുകുട്ടിയുമായുള സൗഹൃദമാണെന്ന് വിചാരിക്കുന്ന ആളാണ് അലവി. അത്രയേ ഞാനതില്‍ കാണുന്നുള്ളൂ.
കെ ഇ എന്‍: അതിനോടും എനിക്ക്  വിയോജിപ്പില്ല. മാഷ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. പക്ഷേ ഈ വിശകലനം ഇവിടെ അവസാനിപ്പിക്കേണ്ടതുണ്ടോ.
കാരശ്ശേരി: ഇത്തരത്തിലുള്ള വിശകലന രീതി പല തരത്തിലുള്ള കുഴപ്പങ്ങളിലേക്ക് നീണ്ടുപോകുന്നു എന്നാണ് എന്റെ അഭിപ്രായം. നിങ്ങളുടെ വിശകലനത്തെക്കുറിച്ചുള്ള മറ്റൊരു എതിരഭിപ്രായം ഞാന്‍ പറയാം. ഓണത്തെക്കുറിച്ചാണത്്. ഓണം സവര്‍ണന്റെ ആഘോഷമാണെന്നും അത് അവര്‍ണന്റെ പുറത്ത് കെട്ടിയാഘോഷിക്കുന്നതാണെന്നും നിങ്ങളും ബാലചന്ദ്രന്‍ ചുള്ളിക്കാടും പറഞ്ഞിട്ടുണ്ട്. 
ഗീതയാണ് ഗാന്ധിയും ഗോഡ്‌സെയും കൈയില്‍പിടിക്കുന്ന പുസ്തകം. അത് അഹിംസയുടെ പുസ്തകമാണെന്ന് ഗാന്ധി പറയും. അതിന് ഗാന്ധി ന്യായം പറഞ്ഞത് കുരുക്ഷേത്രം എന്നൊരു യുദ്ധഭൂമിയില്ല; അത് നിങ്ങളുടെ വ്യക്തിത്വമാണ;് തേര്‍തട്ടില്‍ മോഹാലസ്യപ്പെട്ടുവീഴുന്ന പോരാളി  നിങ്ങളുടെ മനസ്സാണ്. അവിടെ നിങ്ങളെ എഴുന്നേല്‍പ്പിക്കുന്ന തേരാളി നിങ്ങളുടെ പ്രജ്ഞയാണ്. കുതിരകള്‍ പഞ്ചേന്ദ്രിയങ്ങളാണ്. ഇതില്‍ നിങ്ങള്‍ക്ക് യോജിക്കാം വിയോജിക്കാം. ഗീതയെപോലും അഹിംസാധിഷ്ഠിതമായി വ്യാഖ്യാനിക്കാന്‍ ഗാന്ധിക്ക് സാധിക്കും.

കെ ഇ എന്‍: ഏത് വ്യാഖ്യാനവും വ്യത്യസ്ത ആശയങ്ങള്‍ ഏറ്റുമുട്ടുന്ന സംഘര്‍ഷവേദിയാണ്. ഓണത്തെക്കുറിച്ചുള്ള എന്റെ നിലപാട് വളരെ വ്യക്തമാണ്. ഒന്ന്: ഓണമുള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ കാലോചിത മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ വന്ന വലിയൊരു മാറ്റമാണ് പട്ടം താണുപിള്ളയുടെ കാലത്ത് അതിന് ദേശീയ പദവി ലഭിച്ചത്. ചരിത്രപരമായി ആലോചിക്കുമ്പോള്‍ ഒരു ഉത്സവത്തിന് പെട്ടെന്ന് ഒരു പ്രമോഷന്‍ ലഭിക്കുകയാണ്. രണ്ട്: ഒരു ഉത്സവം ദേശീയോത്സവമാകുമ്പോള്‍ ആ നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും അത് ഗുണകരമാവുന്നു എന്നുള്ളത് വളരെ നല്ലതാണ്. ഇതുപോലെ മറ്റുത്സവങ്ങള്‍ക്കും ദേശീയ പദവി നല്‍കിയാല്‍ നമ്മുടെ ആഹ്ലാദം ഇരട്ടിക്കുകയല്ലേ ചെയ്യുക. ഒരു ഉത്സവത്തിന് 500 രൂപ കിട്ടുമെങ്കില്‍ രണ്ടുത്സവത്തിന് 1000 രൂപ കിട്ടില്ലേ. ഓണത്തിന്റെ ദേശീയത റദ്ദാക്കണം എന്ന് പ്രത്യക്ഷമായോ പരോക്ഷമായോ അര്‍ഥം വരുന്ന ഒരു വാക്കും ഞാനുപയോഗിച്ചിട്ടില്ല. എന്റെ വാദം ഇതാണ് ഓണം ദേശീയോത്സവമായി, അത് എത്രയോ ആഹ്ലാദകരമാണ്. അതുപോലെ മറ്റുത്സവങ്ങള്‍ക്കും ദേശീയ പദവി നല്‍കണം. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുസ്തകത്തില്‍ ഞാനെഴുതിയ ആമുഖത്തില്‍ മുന്നോട്ടുവെച്ച ഒരു പ്രധാന കാര്യമാണിത്. എന്നാല്‍ ഇതിനെ ഒരുവിഭാഗം തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്.  



ചിലര്‍ ഓണാഘോഷത്തിന്റെ ഭാഗമായി തൃക്കാക്കരപ്പനെ വെച്ചിട്ടുണ്ടാകും. ആചാരത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അതില്‍ പങ്കെടുക്കാം, അല്ലാത്തവര്‍ക്ക് നല്ല ഭക്ഷണമൊക്കെ കഴിക്കാം.  ഇന്ന് ക്രിസ്മസിലും ബക്രീദിലും എല്ലാവരും പങ്കെടുക്കുന്നുണ്ട്. ഈ പ്രക്രിയയ്ക്ക് ഊര്‍ജം പകരാന്‍ സഹായിക്കുന്ന തരത്തില്‍ ഓണത്തെ അപനിര്‍മിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഒരിക്കല്‍കൂടി ഞാന്‍ ആവര്‍ത്തിക്കുന്നു. ഓണത്തിന്റെ ദേശീയ പദവിയെ റദ്ദാക്കാന്‍  ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍, എല്ലാ ഉത്സവത്തിനും ദേശീയ പദവി, എല്ലാ ഉത്സവവും എല്ലാവര്‍ക്കും എന്ന തരത്തില്‍വളരെ മൗലികമായ ഒരു ജനാധിപത്യ ആശയം ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തത്. 

കാരശ്ശേരി: മിത്തിനെക്കുറിച്ച്  പറയാം. കൊയ്ത്തു കഴിഞ്ഞ് കര്‍ഷകന്റെ അകം നിറയുന്ന കാലത്താണ് ഓണം വരുന്നത്. അതൊരു വസന്തമാണ്. വിഷു വിത്തിറക്കുന്ന കാലമാണ്. ഇതൊന്നും നമുക്ക് അവഗണിക്കാനാകില്ല. സാമ്പത്തിക ചരിത്രത്തിന്റെ വഴിക്കോ മറ്റ് വിധേനയോ അതിനെ വ്യാഖ്യാനിക്കേണ്ടതുണ്ടോ. ഓണത്തിന്റെ ദേശീയ പദവി റദ്ദാക്കണമെന്ന് എനിക്കും ഒരഭിപ്രായമില്ല. കേരളത്തിന് പുറത്തൊക്കെ മലയാളികള്‍ ഒരുമിക്കുന്ന ആഘോഷമാണ് ഓണം. അതിലിപ്പോള്‍ ഒരു വിള്ളല്‍ വീണിട്ടുമുണ്ട്. അത് നമ്മള്‍ തിരിച്ചറിയണം. സംഘപരിവാര്‍ ഓണമെന്നത് വാമനന്റെ ആഘോഷമാണെന്ന് പറയുന്നു. അതില്‍ ജാതിയുണ്ട്. ജന്മിത്തമുണ്ട്. കാരണം മൂന്നടി ഭൂമിയാണല്ലോ അതിലെ പ്രശ്‌നം. കുടിയാന്റെ പ്രതിരോധത്തിന്റെ തിരിച്ച് വരവാണിതെന്നും വ്യാഖ്യാനിക്കാം. അങ്ങനെ വ്യാഖ്യാനിക്കേണ്ട ആവശ്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. അതോടൊപ്പം ഞാനിതിനെ നിങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ഒരുതരി മണ്ണ് കൊടുക്കരുത് എന്ന അര്‍ഥത്തിലും വായിക്കുന്നു.  ഒരടി മണ്ണ് ചോദിച്ചാല്‍ പാതാളം വരെ അളന്നെടുക്കുന്ന റിയല്‍ എസ്‌റ്റേറ്റുകാരെയാണ് ഇതില്‍ ഞാന്‍ കാണുന്നത്. ഓരോ കാലത്തും ഇതിന് ഓരോ വിശകലനങ്ങളുണ്ടാകും. മറ്റൊരു വ്യാഖ്യാനവും അടുത്തിടെ ഞാന്‍ കേട്ടു. ഇസ്ലാമില്‍  വിശ്വസിച്ച് മക്കത്തുപോയ ചേരമാന്‍ പെരുമാള്‍ മടങ്ങിവരുന്നതിന്റെ ആഘോഷമാണിതെന്ന്.  
 ഒരിക്കല്‍ മദ്രാസ് ഐഐടിയില്‍ ഓണാഘോഷത്തില്‍ സദ്യയെപ്പറ്റി ചര്‍ച്ച വന്നപ്പോള്‍ വെജിറ്റേറിയന്‍ മതി എന്ന് ഒരുകൂട്ടര്‍ പറഞ്ഞു. നോണ്‍വെജിറ്റേറിയനും ആവശ്യമുയര്‍ന്നു. അതില്‍ തന്നെ ഒരു കൂട്ടര്‍ക്ക് ബീഫ് വേണം. ഇല വേണ്ട പ്ലേറ്റ് മതി എന്നും തീരുമാനിച്ചു. പിന്നീട് വേറൊരു വിഭാഗം പോര്‍ക്കുവേണം എന്നായി. ഇതില്‍  ഒരു തെറ്റുമില്ല. ചര്‍ച്ച മൂത്ത് ഇത് സംഘര്‍ഷാവസ്ഥയായി. പന്നി വേണമെന്ന് പറഞ്ഞവര്‍ വേണ്ട എന്നു പറഞ്ഞു. അപ്പോള്‍ ബീഫുകാരും ആവശ്യത്തില്‍നിന്നും പിന്മാറി. അതോടെ  ഓണാഘോഷവും ഇല്ലാതായി. ഇപ്പോള്‍ വര്‍ഷങ്ങളായി ഇവിടെ ഓണാഘോഷമില്ല.

കെ ഇ എന്‍:
എല്ലാ ഉത്സവങ്ങളും ആളുകള്‍ക്ക് ഒത്തു ചേരാനും ആഘോഷിക്കാനുമുള്ളതാണ്്. ഓണത്തിന്റെ ദേശീയതയുമായി ബന്ധപ്പെട്ട്  ഞാന്‍ ട്രേഡ് യൂണിയനില്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഒരു ഉത്സവത്തിന് ഇത്രയും ആനുകൂല്യം കിട്ടുന്നുണ്ടെങ്കില്‍ നിരവധി ഉത്സവങ്ങള്‍ ദേശീയ പദവി ലഭിച്ചാല്‍ തൊഴിലാളികള്‍ക്ക് അത്രയും ആനുകൂല്യങ്ങള്‍ ലഭിക്കില്ലേ എന്ന് ഞാന്‍ ചോദിച്ചിരുന്നു.
  ഞാന്‍ പോസിറ്റീവ് ആയിട്ടാണ് ചിന്തിച്ചത്. ഓരോരുത്തര്‍ക്കും വേണ്ടത് ഓരോരുത്തര്‍ക്കും കഴിക്കാം. സര്‍വ അഭിരുചികളും ആദരിക്കപ്പെടണം. അതിനിന്ന് നാട്ടില്‍ ഒരു പ്രയാസവുമില്ല. വെജ്ജും നോണ്‍ വെജ്ജും ലഭിക്കും. ഇതില്‍ ബഹുസ്വരതയുണ്ട്.

കാരശ്ശേരി: സംഘര്‍ഷമില്ലെങ്കില്‍ ഇതിലൊന്നും ഒരു പ്രശ്‌നവുമല്ല. ഓണത്തിന് നോണ്‍വെജ്ജ് വിളമ്പുന്ന എത്രയോ ആളുകള്‍ നമ്മള്‍ക്കിടയില്‍ ഉണ്ടല്ലോ.
കെ ഇ എന്‍: ഉണ്ട്. ഞാന്‍ പറയുന്നത് ഹിന്ദുമുസ്ലിം എന്നിങ്ങനെയുള്ള വിഭജനത്തെക്കുറിച്ചല്ല. മൊത്തത്തില്‍ ഉത്സസവങ്ങളെയും അനുഷ്ഠാനങ്ങളെയും കുറിച്ച് നമ്മള്‍ പുലര്‍ത്തുന്ന നിലപാട് നോക്കിക്കഴിഞ്ഞാല്‍ ബഹുസ്വരത എന്നാണ് പറയുക. എന്നാല്‍, നമ്മള്‍ ഒട്ടും ബഹുസ്വരമല്ല.   നമ്മള്‍ ബഹുസ്വരത എന്നു പറയുമ്പോഴും എല്ലാ ഉത്സവങ്ങളും അതിലെത്തുന്നില്ല. ഞാന്‍ ധാരാളം ഓണാഘോഷങ്ങളില്‍ പങ്കെടുക്കുന്നു.  അത് ഞാന്‍ ആഹ്ലാദകരമായിട്ടാണ് കാണുന്നത്. ഇതേപോലെ നമുക്ക് ക്രിസ്മസ്,ബക്രീദ് ആഘോഷങ്ങളും ആഹ്ലാദത്തോടെ നടത്താം. മെയ്ദിനവും ഇതേപോലെ കൂടുതല്‍ ആളെ പങ്കെടുപ്പിച്ച് ആഘോഷിക്കണം.

കാരശ്ശേരി: ഇവിടെ ഇപ്പോള്‍ ഇഫ്താര്‍ ധാരാളം ആഘോഷിക്കുന്നുണ്ടല്ലോ. അതില്‍ മുസ്ലീങ്ങള്‍ മാത്രമല്ല ഉണ്ടാകുക. ഈദ് സോഷ്യല്‍ ധാരാളം നടക്കുന്നുണ്ട്. ക്രിസ്മസും ഇതേപോലെ ആഘോഷിക്കുന്നു. അതായത് ആഘോഷങ്ങളും മതവും തമ്മില്‍ ബന്ധമൊന്നുമില്ല.
കെ ഇ എന്‍: മൂലധന ഭീകരതയുടെ ഭാഗമായി ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. മീരാനന്ദയുടെ ഒരു പുസ്തകമുണ്ട്. ദി ഗോഡ് മാര്‍ക്കറ്റ്: ഹൗ ഗ്ലോബലൈസേഷന്‍ മെയ്ക്കിങ് ഇന്ത്യ മോര്‍ ഹിന്ദു എന്നാണ് പേര്. 90കള്‍ക്കുശേഷം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നത് നവോത്ഥാന വിരുദ്ധമായ കാര്യങ്ങളാണ്. വിവിധ മതങ്ങളുടെ യാഥാസ്ഥിതികത്വം എല്ലാ നവോത്ഥാന ജനാധിപത്യ രീതികള്‍ക്കും മുന്നില്‍ അതിഭീകരമായി തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം ഭരണകൂട രീതിയിലൂടെ നടക്കുന്ന മറ്റൊരു പ്രവര്‍ത്തനമുണ്ട്. സ്വാതന്ത്ര്യ കാലഘട്ടത്തില്‍ തന്നെ ഇന്ത്യയില്‍ വിവിധ ജാതിമേല്‍ക്കോയ്മ അദൃശ്യ ഭരണകൂടമായി പ്രവര്‍ത്തിക്കുന്നുണ്ട്്. നെഹ്‌റു പുരോഗമനവാദിയാണെങ്കിലും അദ്ദേഹത്തിന് തഞ്ചാവൂരില്‍നിന്നും വന്ന ബ്രാഹ്മണ പുരോഹിതരുടെ എല്ലാവിധ പൂജാവിധികള്‍ക്കും മുന്നില്‍ മണിക്കൂറുകളോളം വിധേയമായി നില്‍ക്കേണ്ടിവന്നു. അത് വലിയൊരു ഭീകരാനുഭവമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പോകുന്ന ഒരാള്‍ക്ക്  ദേശീയ പ്രസ്ഥാനത്തിലോ നവോത്ഥാനത്തിലോ യാതൊരു പങ്കുമില്ലാത്ത തഞ്ചാവൂരിലെ ബ്രാഹ്മണരുടെ മുമ്പില്‍ തലകുനിച്ചിരിക്കേണ്ടി വന്നു.  ഈ സമയം തൊട്ട് സെക്യുലര്‍ സ്റ്റേറ്റ്  എന്ന് നമ്മള്‍ വിളിക്കുന്ന ഈ നാട്ടില്‍ എല്ലാ ചടങ്ങുകളും നടക്കുന്നത് ബ്രാഹ്മണിക്  ആയ ആചാരങ്ങളിലൂടെയാണെന്ന്  കാണാം. ഒരു അദൃശ്യഭരണകൂടം കാര്യങ്ങള്‍ നിയന്ത്രിക്കുന്നു.

കാരശ്ശേരി: ക്രിസ്ത്യന്‍- മുസ്ലിം പൗരോഹിത്യം അദൃശ്യ ഭരണകൂടമാണെന്ന് കെ ഇ എന്നിന് അഭിപ്രായമുണ്ടോ. കേരളത്തില്‍ മുസ്ലിംങ്ങള്‍ 30 ശതമാനം വരും, 20 ശതമാനം ക്രിസ്ത്യാനികളും.ഇവര്‍  രണ്ടും ചേര്‍ന്നാല്‍ കേരളത്തിന്റെ പകുതിയായി. മേരിറോയിക്രിസ്ത്യന്‍ അനന്തരാവകാശത്തിന് 25 കൊല്ലം അവര്‍ ഒറ്റയ്ക്ക് കേസ് നടത്തുന്നു. അവര്‍ക്കെതിരെ നിന്നത്  ഇവിടത്തെ ക്രിസ്ത്യന്‍ പൗരോഹിത്യവും അവരെ അനുസരിക്കുന്ന രാഷ്ട്രീയക്കാരുമാണ്. ഈ അടുത്തകാലം വരെ വിവാഹമോചനത്തിന് അവസരമുണ്ടായിരുന്നില്ല ക്രിസ്ത്യന്‍ ദമ്പതിമാര്‍ക്ക്. സന്താന നിയന്ത്രണത്തെ എതിര്‍ത്തതും ക്രിസ്ത്യന്‍ പൗരോഹിത്യമാണ്. മിശ്ര വിദ്യാഭ്യാസത്തിന് അവര്‍ എതിരാണ്. ഈ സൂക്കേടൊക്കെ മുസ്ലിങ്ങള്‍ക്കും ഉണ്ട്. ഈ തരത്തില്‍ വ്യക്തികളുടെ പൗരാവകാശങ്ങളെ, ജനാധിപത്യ കുടുംബ സംവിധാനത്തെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഈ രണ്ട് പൗരോഹിത്യങ്ങളെ എതുകൊണ്ടാണ് നിങ്ങള്‍ അദൃശ്യ ഭരണകൂടത്തില്‍ ഉള്‍പ്പെടുത്താത്തത്!

കെ ഇ എന്‍: ഇല്ല. ഇതിന്റെ കാരണം ഈ രണ്ട് പൗരോഹിത്യവും അതത് മത സമൂഹത്തിനും സാമൂഹ്യപുരോഗതിക്കും തടസമാണെന്നത് ശരിതന്നെ. അതേസമയം   ഭരണകൂടത്തിന്റെ ഭാഗമായി സ്വന്തം നിലപാടുകള്‍, കാഴ്ചപ്പാടുകള്‍ ഒരു ജനതയുടെ ആകെ മേല്‍ കെട്ടിവെയ്ക്കാന്‍ ഇവര്‍ക്കൊരിക്കലും കഴിയില്ല എന്നതുകൊണ്ടാണ്. സമൂഹത്തെ പരിക്കേല്‍പ്പിക്കാനാവുമെങ്കിലും ന്യൂപപക്ഷമത പൗരോഹിത്യത്തിന് ഒരു അദൃശ്യ ഭരണകൂടമാകാന്‍ കഴിയില്ല. നെഹ്രുവിന്റെ കാര്യത്തില്‍ നാം അതാണ് കണ്ടത്. വിശ്വാസമില്ലാത്ത നെഹ്രുപോലും ബ്രാഹ്മണിക് വിശ്വാസത്തിന്റെ ഭാഗമാകേണ്ടി വന്നു. ഭരണകൂടത്തിന്റെ ഭാഗമാകാന്‍ ആവാത്ത പൗരോഹിത്യത്തിന് സ്വന്തം തട്ടകത്തില്‍ ഒതുങ്ങേണ്ടി വരും.

കാരശ്ശേരി: അന്തര്‍ജനങ്ങളുടെ പരിഷ്‌കരണത്തിന് വേണ്ടി വി ടി ഭട്ടതിരപ്പാട് പ്രവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന് എല്ലാ ഭാഗത്തുനിന്നും പിന്തുണ കിട്ടുന്നു. മുസ്ലിം സമൂഹത്തിലോ ക്രിസ്ത്യന്‍ സമൂഹത്തിലോ ഉള്ള പൗരാവകാശങ്ങള്‍ എപ്പപ്പോള്‍ ഹനിക്കപ്പെടുന്നുവോ അതിനെതിരെയും ജനാധിപത്യ നീക്കം വേണ്ടതല്ലേ. നേരത്തെ ഒറീസയിലെ കന്ദമാലില്‍ കെ ഇ എന്‍ പോയി. കോയമ്പത്തൂരില്‍ ഫാറൂഖിനെ കൊന്നിടത്ത് എന്താണ് നിങ്ങള്‍ പോകാതിരുന്നത്. നിരീശ്വരവാദം പറഞ്ഞ ഫാറൂഖിനെ മുസ്ലിം മതമൗലിക വാദം കൊല്ലുന്നതും ആര്‍എസ്എസ് കലബുര്‍ഗിയെ കൊല്ലുന്നതും എനിക്ക് ഒന്നാണ് . അഭയാ കേസില്‍ പിന്തിരിപ്പന്‍ നിലപാടെടുക്കുന്നത് ഒരദൃശ്യ ഭരണകൂടമാണ്. അമൃതാനന്ദമയിയെ എന്താണ് അതില്‍ പെടുത്താത്തത്? സത്‌നംസിങ്ങിന്റെ കേസിന് എന്തു സംഭവിച്ചു.    എന്റെ കണക്കിന് എല്ലാ ജാതി ഘടനകളും അദൃശ്യ ഭരണകൂടമാണ്. എ പി അബൂബക്കര്‍ മുസ്ല്യാര്‍ കളിക്കുന്നത് രാഷ്ട്രീയമാണ്. എന്നാല്‍ അബൂബക്കര്‍ മുസ്ല്യാര്‍ അദൃശ്യ ഭരണകൂടമാകുന്നില്ല. 
കെ ഇ എന്‍: ഈ പറയുന്ന ഫാറൂഖിന്റെ കൊല ഉള്‍പ്പെടെ മാഷ് പറഞ്ഞ കാര്യങ്ങള്‍ എല്ലാം അപലപിക്കേണ്ടതാണ്. അപലപിക്കപ്പെട്ടതുമാണ്.  പക്ഷേ ഇത് എങ്ങിനെയാണ്‌ സമാനമാകുന്നത്...?
കാരശ്ശേരി: കെഇഎന്നെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു പരാതിയുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ മുസ്ലിങ്ങളുടെ ഭാഗത്ത് നിന്നായാല്‍ നിങ്ങള്‍ മിണ്ടൂല. 

കെ ഇ എന്‍: ഓരോ കാലത്തെയും സകല പ്രശ്‌നങ്ങളോടും നമുക്ക് പ്രതികരിക്കാനാകണം. അതേസമയം മുഖ്യ പ്രശ്‌നത്തെ ഉപപ്രശ്‌നമാക്കുകയും അസമമായതിനെ സമമാക്കുകയും ചെയ്യുന്ന സമീപനം ശരിയല്ല. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാഷ് പരാമര്‍ശിച്ച പ്രശ്‌നങ്ങളിലൊക്കെയും പു ക സയും അതിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാനും നിരന്തരം പങ്കെടുക്കുന്നുണ്ട്. മതവും ജാതിയുമൊന്നും നോക്കാറില്ല. അതുകൊണ്ട് ഈ ആരോപണം ശരിയല്ല. മാഷ് മറന്നുപോയതുകൊണ്ടാണ്. ചേകന്നൂര്‍  മൗലവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നമ്മള്‍ ഒരുമിച്ച് വേദി പങ്കിട്ടത് ഞാന്‍ ഓര്‍ക്കുന്നുണ്ട്.

കാരശ്ശേരി: ഉണ്ട്. ഞാന്‍ മറന്നിട്ടില്ല. ചേകന്നൂരിന്റെ രക്തം എന്ന പുസ്തകത്തില്‍ ഇതൊക്കെ ഞാന്‍ എഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ കെ ഇ എന്‍ പ്രസംഗിച്ചത് ഞാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കെ ഇ എന്‍: ഇന്ത്യന്‍ അഖണ്ഡതയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്ന ഖാലിസ്ഥാന്‍ ഭീകരവാദത്തെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ പൂര്‍ണമായും ഇല്ലാതാക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. അതുപോലെ മുസ്ലിം ഭീകരവാദികള്‍ പലതരത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. അതിനെതിരെയെല്ലാം പ്രതികരണമുണ്ടായിട്ടുണ്ട്. ജോസഫ് മാഷുടെ പ്രശ്‌നമുണ്ടായപ്പോള്‍  അദ്ദേഹത്തിന്റെ കൂടെ നില്‍ക്കാന്‍ പുരോഗമന കലാസാഹിത്യ സംഘമുണ്ടായിരുന്നു. ഈ കേസുകളിലൊക്കെ അറസ്റ്റ് ഉള്‍പ്പെടെ നിയമ നടപടിയുണ്ടായിട്ടുണ്ട്.   അതേ സമയത്ത് ഇതിനൊരു മറുപുറമുണ്ട.് ഇന്ത്യക്ക് ന്യൂനപക്ഷസിഖ് ഭീകരതയെ അടിച്ചമര്‍ത്താന്‍ കഴിയും. എന്നാല്‍ സ്‌റ്റേറ്റ് തന്നെ ഭീകരമായി തീര്‍ന്നാല്‍ ഇന്ത്യന്‍ ജനതയുടെ അവസ്ഥയെന്താണ്്. ഈ ഒരു പശ്ചാത്തലമാണ് ശ്രദ്ധിക്കേണ്ടത്. കലബുര്‍ഗി വധിക്കപ്പെടുന്നു. ആസിഫ എന്ന എട്ടുവയസുകാരി  ബലാത്സംഗം ചെയ്യപ്പെടുന്നു. ഭരണകൂടത്തിന്റെ തണലിലും അതിന്റെ പിന്തുണയിലുമാണ്് സംഘപരിവാര്‍ ആക്രമണം നടത്തുന്നത്. എന്നാല്‍ മുസ്ലിം ഭീകരവാദവും തീവ്രവാദവും ഭരണകൂടത്തിന് വെളിയിലാണ്. ഭരണകൂടത്തിന് അതിനെ പൂര്‍ണമായും നിയന്ത്രിക്കാന്‍ പറ്റും. എന്നാല്‍ ഭരണകൂടം തന്നെ ഭീകരതയുടെ ഭാഗമായി മാറുമ്പോള്‍ ജനത നിസ്സഹായരാണ്്. ഇവിടെ ജനങ്ങള്‍ക്ക് എങ്ങനെയാണ് നീതി ലഭിക്കുക.



കാരശ്ശേരി: ഞാന്‍ ആര്‍എസ്എസ് ഭീകരവാദത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഞാനൊരു ലളിതമായ ചോദ്യം ചോദിക്കട്ടെ, ഇവിടെ ഹിന്ദുഭീകരവാദം ഉണ്ട്. മുസ്ലിം ഭീകരവാദം ഉണ്ടോ. ജമാ അത്തെ ഇസ്ലാമിയില്‍ ഫാസിസം ഉണ്ടോ?
 കെഇഎന്‍: എന്തിനേയും ഏതിനേയും ഫാസിസം എന്ന് വിളിക്കാനാവുമോ. തീവ്രവാദം, ഭീകരവാദം, വര്‍ഗീയത, മതസങ്കുചിതവാദം, ഫാസിസം എന്നിവയെല്ലാം ഒന്നാണോ? ഇന്ത്യനവസ്ഥയില്‍ ഇസ്ലാമിക ക്രൈസ്തവ ബൗദ്ധ സംഘടനകള്‍ക്ക് അവരെത്ര ആശിച്ചാലും ഫാസിസ്റ്റാവാനാവില്ല. ജമാഅത്തെ ഇസ്ലാമി ഒരു മത മൗലിക പ്രസ്ഥാനമാണ്.
കാരശ്ശേരി: മതമൗലികവാദം മാത്രമല്ല അവര്‍ക്ക് മതരാഷ്ട്ര വാദവും ഉണ്ട്്
കെ ഇ എന്‍: അതുതന്നെയാണ് മതമൗലികവാദം.
കാരശ്ശേരി: അത് രണ്ടും രണ്ടാണ്. മതമൗലികവാദം എന്നത് രാഷ്ട്രീയനിരപേക്ഷമായി നടക്കാത്ത ഒരു കാര്യമാണ.്്
കെ ഇ എന്‍: ഞാന്‍ മതമൗലികവാദത്തെ കാണുന്നത് മതത്തിന് മതം അതിന്റെ മൂലതത്വങ്ങളില്‍ ഉറച്ചുനിന്ന കാലത്ത്  രാഷ്ട്രീയ അധികാരം ഉണ്ടായിരുന്നുവെന്നും മതം അതിന്റെ മൂലതത്വങ്ങളില്‍നിന്നും വ്യതിചലിച്ചുപോയപ്പോള്‍ അതിന്റെ രാഷ്ട്രീയാധികാരം നഷ്ടപ്പെടാന്‍ കാരണമായി എന്നുമാണ്. മതത്തിന് വീണ്ടും മൂലതത്വങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞാല്‍ നഷ്ടപ്പെട്ട രാഷ്ട്രീയ അധികാരം തിരിച്ചുപിടിക്കാന്‍ ആവുമെന്നുമാണ്.

കാരശ്ശേരി: അധികാരവുമായി യാതൊരു ബന്ധവുമില്ലാത്ത മതങ്ങളുണ്ട്. 
കെ ഇ എന്‍: മതമൗലികവാദം എന്നത് മതത്തിലെ ഒരു പ്രവണതയാണ്
കാരശ്ശേരി: അതിന്റെ രാഷ്ട്രീയ മുഖമാണ് മതരാഷ്ട്രവാദം എന്നു പറഞ്ഞാല്‍ എനിക്ക് മനസ്സിലായി.
കെ  ഇ എന്‍: ഞാന്‍ പറയുന്നത് മതത്തിനകത്ത് നവോത്ഥന പ്രവണതയും പുനരുത്ഥാന പ്രവണതയും ഉണ്ടാകാം. മതം അതിന്റെ മൂലതത്വങ്ങളിലേക്ക് തിരികെ പോയാല്‍ അതിന്റെ രാഷ്ട്രീയ മുഖം തിരിച്ചുകിട്ടും എന്ന കാഴ്ചപ്പാടനുസരിച്ച് തീര്‍ച്ചയായും മതരാഷ്ട്രവാദമുണ്ട്. മതരാഷ്ട്രവാദവും അപലപിക്കപ്പെടണം.

കാരശ്ശേരി: മൗദൂദി മുന്നോട്ടുവെയ്ക്കുന്ന മതരാഷ്ട്രവാദം ബംഗ്ലാദേശിലും പാകിസ്ഥാനിലും കശ്മീരിലും ആപത്തായിരുന്നുവെന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് അറിയാം. കേരളത്തില്‍ അവര്‍ ആയുധമെടുത്തില്ലെന്ന് മാത്രമാണ് വ്യത്യാസം. എന്നാല്‍ അതിന്റെ എല്ലാ സ്വഭാവങ്ങളുമുണ്ട്.
ജോസഫ് മാഷുടെ കൂടെ നിന്നു എന്ന് കെ ഇ എന്‍ പറഞ്ഞതില്‍ എനിക്ക്  എതിരഭിപ്രായമുണ്ട്്. കൈവെട്ടിയ ജോസഫിന്റെ കൂടെ കേരളം നിന്നിരുന്നെങ്കില്‍ അയാള്‍ക്ക് ഇന്നെങ്കിലും പെന്‍ഷന്‍ ലഭിക്കുമായിരുന്നു. ഭാര്യ തൂങ്ങിമരിക്കില്ലായിരുന്നു. ഇതിനുത്തരവാദി നമ്മള്‍ എല്ലാവരുമാണ്.

 അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ അവകാശത്തിനായി സഭയില്‍ പ്രമേയം വന്നിരുന്നു. 140 മെമ്പര്‍മാരും സപ്പോര്‍ട്ട് ചെയ്തു. 19 കൊല്ലമാണ് ചേകന്നൂര്‍ കേസ് നടന്നത്. കേരള നിയമസഭയില്‍ ആരെങ്കിലും ഈ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ടോ?.. ചേകനൂര്‍ മൗലവി എവിടെയെന്ന് ആരെങ്കിലും ചോദിച്ചോ?
ഇടതുപക്ഷമുണ്ടായിട്ടും എന്തുകൊണ്ട് ഈ പ്രശ്‌നം സഭയില്‍ വന്നില്ല. ആര്‍ക്കും ഒരു പ്രശ്‌നമുണ്ടായില്ല എന്നതാണ് ഖേദകരം. ജോസഫിന്റെ പ്രശ്‌നവും ഫലപ്രദമായി ആരും ഉന്നയിച്ചില്ല. മുസ്ലീങ്ങള്‍ മാപ്പുകൊടുത്താലേ തിരിച്ചെടുക്കൂ എന്നാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ് പറഞ്ഞത്. ഏത് മുസ്ലീമാണ് മാപ്പ് കൊടുക്കേണ്ടത്. ജോസഫ് ചെയ്തത്് തെറ്റാണെന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയി ഞാന്‍ പറഞ്ഞിട്ടുണ്ട്. നൂറ് ശതമാനം തെറ്റാണ്. പക്ഷേ അതിന് പരിഹാരം കൈവെട്ടല്‍ അല്ല. കോളേജിലും യൂണിവേഴ്‌സിറ്റിയിലും പൊലീസിലും പരാതി നല്‍കാമായിരുന്നു. വക്കം മൗലവിക്കെതിരെ ഇത്തരമൊരു സംഭവമുണ്ടായപ്പോള്‍ കേരള യൂണിവേഴ്‌സിറ്റിക്ക് പരാതി നല്‍കി നടപടിയെടുത്താണ് പരിഹരിച്ചത്. ഇവിടെ കൈവെട്ടിയ ജോസഫിന്റെ കൂടെ കേരളം നിന്നില്ല എന്നെങ്കിലും കെ ഇ എന്‍ പറയണം. അഭയാ കേസിന്റെ കാര്യമെന്തായി. സത്‌നാംസിങ്ങിന്റെ കേസ് എന്തായി. ഇവിടെ മതപൗരോഹിത്യത്തിന്റെ താല്‍പ്പര്യമുള്ള ഒരു കേസും പൊന്തില്ല.

കെ ഇ എന്‍: മാഷ് ഇത്രയും പറഞ്ഞതിലെ വികാരം അതേ തീവ്രതയില്‍ ഉള്‍ക്കൊള്ളുന്ന ഒരാളാണ് ഞാന്‍. വന്ദിക്കാന്‍ അവകാശമുണ്ടെങ്കില്‍ നിന്ദിക്കാനും അവകാശമുണ്ടെന്ന് ജോസഫ് മാഷിന്റേതടക്കമുള്ള പ്രശ്‌നത്തില്‍ ഇടപെട്ടുകൊണ്ട് ഞാന്‍ എഴുതിയിരുന്നു. മാതൃഭൂമി വാര്‍ഷികപ്പതിപ്പിലാണ് അത് അടിച്ചു വന്നത്. ചേകന്നൂര്‍, ജോസഫ് മാഷ്, അഭയ, സത്‌നാം സിങ് പ്രതിഷേധങ്ങളിലൊക്കെ മുന്നില്‍ നിന്നത് ഇടതുപക്ഷമാണ്. പുകസ പ്രവര്‍ത്തകരും മുന്നിലുണ്ടായിരുന്നു. ഡിവൈഎഫ്‌ഐയും യുവകലാസാഹിതിയും ഉണ്ടായിരുന്നു. എന്‍ഡിഎഫുകാര്‍ കൈവെട്ടിയ ജോസഫ് മാഷിനെക്കുറിച്ച് ചിന്ത പ്രസിദ്ധീകരിച്ച ഒരു പുസ്തകമുണ്ട് താലിബാന്‍ മുദ്രകള്‍. ഷിജുഖാന്‍ ആയിരുന്നു എഡിറ്റര്‍. ഞങ്ങളൊക്കെ അതിലെഴുതിയിട്ടുണ്ട്. എന്നിരുന്നാലും ചേകന്നൂരിനെക്കുറിച്ചുള്ള മാഷിന്റെ വികാരം ഞാനും പങ്കുവെയ്ക്കുന്നു. പക്ഷേ മഅ്ദനിയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല. അദ്ദേഹം മനുഷ്യാവകാശലംഘനത്തിന്റെ ഇരയാണ്. അക്കാര്യത്തില്‍ കേരള നിയമസഭ കാണിച്ചത് മാതൃകാപരമായ സമീപനമാണ്.

  കാരശ്ശേരി: നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പരാതി മുസ്ലിം മതമൗലിക വാദത്തെ നിങ്ങള്‍ മൗനംകൊണ്ട് അംഗീകരിക്കുന്നു എന്നതാണ്. നിങ്ങള്‍ അവരെ ന്യായീകരിച്ചു ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഒരിക്കലും അവര്‍ അര്‍ഹിക്കുന്ന തരത്തിലുള വിമര്‍ശനം അവര്‍ക്കു നേരെ ഉന്നയിച്ചിട്ടില്ല. നമ്മള്‍ ഒരുമിച്ച് ജോലിചെയ്ത കാലമുണ്ട്. 198486 കാലത്ത്. അന്ന് ശരീഅത്തിനെതിരെ പറഞ്ഞ കാര്യങ്ങളൊക്കെ കെ ഇ എന്‍ ഇപ്പോള്‍ പറയുമോ?

കെ ഇ എന്‍: ഞാന്‍ എന്റ ബോധ്യങ്ങള്‍ വളരെ ലളിതമായി പറയാം.  മതമൗലികവാദം മതഭീകരവാദം തീവ്രവാദം ഇവയെല്ലാത്തിനും എതിരായുള്ള പ്രവര്‍ത്തനമാണ് ഞാന്‍ നടത്തുന്നത്. കേരളത്തില്‍ തത്വത്തിലും പ്രയോഗത്തിലും മതരഹിതനായിട്ട് ജീവിക്കുന്നു. മതരഹിത ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ ജീവിതംകൊണ്ട് തന്നെ ആവിഷ്‌കരിക്കുകയും പിന്നെ വാക്കിലൂടെയും എഴുത്തിലൂടെയും പറയുകയും ചെയ്യുന്നു.  ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയുടെ പശ്ചാത്തലത്തില്‍ ഫാസിസ്റ്റ് ഭീകരത മര്‍ദിത ജാതിയെയും മതത്തെയും  ഭയപ്പെടുത്തുന്ന സമയത്ത് ഒരു മാര്‍ക്‌സിസ്റ്റിന്റെ മൗലികമായ ജോലി മര്‍ദിത മതത്തിനും ജാതിക്കും ഒപ്പം നില്‍ക്കുകയെന്നതാണ്. അതിന്റെ ഭാഗമായിട്ടാണ്്  ഫാസിസ്റ്റ് വിരുദ്ധവേദികള്‍ പങ്കിടുന്നത്. ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ പരിപാടികളില്‍ മാത്രം പങ്കെടുക്കുകയല്ല. എല്ലാ മതജാതി വിഭാഗങ്ങളുടെയും ഫാസിസ്റ്റ് വിരുദ്ധ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്.  ഇതിന് ഒരൊറ്റ മാനദണ്ഡം മാത്രമേയുള്ളു. അത സാമൂഹ്യവിവേചനം അനുഭവിക്കുന്നവരുടെ കൂടയാണെന്നുള്ളതാണ്. എന്താണ് നമ്മുടെ സമൂഹത്തില്‍ വന്ന മാറ്റം എന്നത്
ശ്രദ്ധിക്കണം. 1992 ഡിസംബറില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. അന്ന് ഞാന്‍ പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. കെ എസ് ഹരിഹരന്‍ ജോയിന്റ് സെക്രട്ടറിയും. ഞങ്ങളന്ന് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പരിണാമം എന്ന പേരില്‍ ഒരു പുസ്തകമെഴുതി. നേരത്തെ ശരീഅത്ത് മിഥ്യയും യാഥാര്‍ഥ്യവും എന്ന പുസ്തകം ഹമീദ് ചേന്നമംഗലൂരുമായി ചേര്‍ന്നെഴുതി. അത് എഴുതാനുള്ള ഒരു സാമൂഹ്യ പശ്ചാത്തലം അന്നുണ്ടായിരുന്നു. ഇന്ന് അതില്‍നിന്ന് തികച്ചും വ്യത്യസ്തമായ പശ്ചാത്തലമാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ചയും സംഘപരിവാറിന്റെ അധികാര  പ്രവേശവും സൃഷ്ടിച്ചിരിക്കുന്നത്.

കാരശ്ശേരി: ഇപ്പോള്‍ എനിക്ക് മനസ്സിലായി. നിലവിലെ പശ്ചാത്തലത്തില്‍ നമ്മള്‍ എതിര്‍ക്കേണ്ടത് മുസ്ലിം പൗരോഹിത്യത്തെക്കാള്‍ ഹിന്ദു പൗരോഹിത്യത്തെയാണ്.
കെ ഇ എന്‍: അങ്ങനെ പറഞ്ഞാല്‍ അതിന് വ്യക്തത കൈവരില്ല. മുസ്ലിം പൗരോഹിത്യം എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. അതിലെ ജനാധിപത്യ വിരുദ്ധതയ്ക്ക് ഒരുവിധേനയും അവധികൊടുക്കാന്‍ പാടുള്ളതല്ല. പക്ഷേ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ എതിര്‍പ്പിന്റെ കുന്തമുനയുടെ മുന്‍ഗണന ഇന്ത്യന്‍ ഫാസിസത്തിന് എതിരെ തിരിക്കണം.

 കാരശ്ശേരി: മറ്റൊരു ലളിതമായ ചോദ്യമുണ്ട്. മുസ്ലിം പെണ്‍കുട്ടികളും സ്ത്രീകളും കേരളത്തില്‍ പര്‍ദയിടുന്നുണ്ട്.  ഇതില്‍ കെ ഇ എന്ന് എന്തെങ്കിലും വിമര്‍ശനമുണ്ടോ.
കെ ഇ എന്‍: ഇതിനെ ഞാന്‍ രണ്ടു വിധത്തിലാണ് കാണുന്നത്.  ഒന്ന് അടിച്ചേല്‍പ്പിക്കുന്ന പര്‍ദ ജനാധിപത്യ വിരുദ്ധമാണ്്. പര്‍ദക്കെതിരെയുള്ള അടിച്ചേല്‍പ്പിക്കലും ജനാധിപത്യ വിരുദ്ധമാണെന്നാണ് എന്റെ വിശാസം. ഒരു പര്‍ദയിട്ട സ്ത്രീയെ അതിന്റെ പേരില്‍ ആക്രമിക്കുന്നതിനോട് മാഷ് യോജിക്കുന്നുണ്ടോ.

കാരശ്ശേരി: ഒരിക്കലുമില്ല. പര്‍ദയിടാനുള്ള അവരുടെ അവകാശത്തിന്റെ കൂടെയാണ് ഞാന്‍. പര്‍ദക്കെതിരെയുള്ള എന്റെ അവകാശംപോലെ പര്‍ദ ധരിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. ഇവിടെ ഞാനുന്നയിക്കുന്ന പ്രശ്‌നം, സ്വന്തം നിലയ്ക്ക് ഒരു പെണ്‍കുട്ടി ആരുടെയും പ്രേരണയില്ലാതെ പര്‍ദ ഇടുന്നുണ്ടെങ്കില്‍ അതിനെ നിങ്ങള്‍ അനുകൂലിക്കുമോ പ്രതികൂലിക്കുമോ?
കെ ഇ എന്‍: അതിനും രണ്ട് തലമുണ്ട്. സ്ത്രീപക്ഷ ഇസ്ലാമിക വിശദീകരണം നോക്കിയാല്‍ പര്‍ദ ഇസ്ലാമിക വസ്ത്രമല്ല. അടുത്തകാലത്ത് സൗദി അറേബ്യ ഉള്‍പ്പെടെ പര്‍ദയില്‍നിന്നും പുറത്ത് കടന്നിട്ടുണ്ട്. അത് ഇസ്ലാമിക വസ്ത്രമാണെന്ന് ഒരു വിഭാഗം കരുതുന്നുവെങ്കില്‍ അതിനോട് എനിക്ക് യോജിപ്പില്ല. പര്‍ദ ധരിക്കുന്നവരുടെ സ്വതന്ത്ര്യം അംഗീകരിച്ചുകൊണ്ട് തന്നെ വ്യക്തിപരമായി ഞാന്‍ പര്‍ദക്കെതിരാണ്.



കാരശ്ശേരി: സ്വന്തം ഇഷ്ടപ്രകാരം പെണ്‍കുട്ടി പര്‍ദ ധരിക്കുന്നതില്‍ ഞാനുമെതിരാണ്. അത് സ്ത്രീ വ്യക്തിത്വത്തെ നിന്ദിക്കുന്ന ഒരു സാധനമാണ്. സ്ത്രീ ഒരു ശരീരം മാത്രമാണെന്ന് അവള്‍ തന്നെ അംഗീകരിക്കുന്നതാണത്.
കെ ഇ എന്‍: ഇതില്‍ നമ്മള്‍ ഐക്യപ്പെടുന്നുണ്ട്്. അടിച്ചേല്‍പ്പിക്കല്‍ എന്നുപറയുമ്പോള്‍ സ്വമേധയാ ജനാധിപത്യ വിരുദ്ധമായ ഒരു കാര്യം എല്ലാവരും സ്വാംശീകരിക്കുന്നു. വളര്‍ന്ന ചുറ്റുപാിടിന്റെ പശ്ചാത്തലത്തില്‍ അല്ലെങ്കില്‍ പഠന സമ്പ്രദായത്തിന്റെ ഭാഗമായി തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ കാര്യം സ്വാംശീകരിക്കുകയും അത് തന്റെ ജനാധിപത്യപരമായ തീരുമാനമാണെന്ന് അവര്‍ക്കു തോന്നുകയും ചെയ്യാം. ആ തോന്നലിനെ ഞാന്‍ അംഗീകരിക്കുന്നില്ല.

കാരശ്ശേരി: ഞാന്‍ പര്‍ദയ്ക്ക് എതിരാകാന്‍ കാരണം അത് ഇസ്ലാമികമാണോ അനിസ്ലാമികമാണോ എന്ന് നോക്കിയിട്ടല്ല. അത് ഇസ്ലാമികമല്ല എന്ന് എനിക്ക് കൃത്യമായി അറിയാം. ആ വാക്ക് തന്നെ അറബിയല്ല. പേര്‍ഷ്യന്‍ വാക്കാണത്. ഒരു സ്ത്രീ വന്ന് നബിയോട് പറഞ്ഞു, എനിക്ക് എന്റെ ഭര്‍ത്താവുമായി ഒത്തുപോകാന്‍ കഴിയുന്നില്ല. വിവാഹമോചനം വേണമെന്ന്. നിങ്ങള്‍ കണ്ടിട്ടില്ലേ അയാളുടെ മുഖം. ഒരു ഭംഗിയുമില്ലല്ലോ. എന്നാല്‍ എന്റെ മുഖം നോക്കൂ, എന്ത് ഭംഗിയാണെന്ന്. ഇതില്‍ തന്നെ വ്യക്തമാണ് നബിയുടെ കാലത്ത് പര്‍ദയില്ലെന്നത്. മുഖം തുറന്ന് കിടക്കുകയാണല്ലോ.

കെ ഇ എന്‍: പര്‍ദയുടെ കാര്യത്തില്‍ നമുക്കിടയില്‍ അഭിപ്രായ വ്യത്യാസത്തിന് ഇടയില്ല.  
കാരശ്ശേരി: മതമൗലികവാദം സ്ത്രീയെ അടിച്ചമര്‍ത്തുന്നു. എല്ലാ മതത്തിലെ മൗലികവാദവും സ്ത്രീയെ അടിച്ചമര്‍ത്തുന്നു. സ്ത്രീ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നു.  മലാല യൂസുഫ് സായ് നേരിട്ട ദുരന്തം നാം കണ്ടു.    
കെ ഇ എന്‍: മാഷ് മലാലയുടെ കാര്യം പറഞ്ഞു. അവളുടെ പക്ഷത്ത് തന്നെയാണ് നമ്മള്‍ നില്‍ക്കേണ്ടത്. പക്ഷേ...
കാരശ്ശേരി : പിന്നെയെന്തിനാണ് പക്ഷേ. ഈ പക്ഷേ....

കെ ഇ എന്‍: ഞാന്‍ പറഞ്ഞ പക്ഷേയില്‍ പ്രധാന കാര്യം ഉണ്ട്. 2006ല്‍ മഹാരാഷ്ട്രയില്‍ സുരേഖാ ബോധ് മാങ്കെ എന്ന ദളിത് സ്ത്രീയും കുടുംബവും കൂട്ടക്കൊലചെയ്യപ്പെട്ടു. ഇത് നമ്മുടെ പൊതു ചര്‍ച്ചയില്‍ വരുന്നില്ല. അതേ സമയമം മലാല വരുന്നു.  എന്താണ് കാരണം? പലസ്തീനിലെ സയണിസ്റ്റ് അധിനിവേശത്തിനെതിരെ  പ്രതിരോധം തീര്‍ത്തതിന്റെ പ്രതികാരമായി 2003ല്‍ റെയ്ച്ചല്‍ കോറിയെ ബുള്‍ഡോസര്‍ കയറ്റി കൊലപ്പെടുത്തി. 22 വയസുള്ള അമേരിക്കന്‍ വിദ്യാര്‍ഥിനി ആയിരുന്നു അവര്‍. സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തക ആയിരുന്നു. സമാധാനപരമായ സമരമായിരുന്നു. ഇതും മലാല പോലെ ചര്‍ച്ചയായില്ല.

കാരശ്ശേരി: ചേകന്നൂര്‍ മൗലവിയുടെ പേര് 19 കൊല്ലമായി ഒരാള്‍ പോലും സഭയില്‍ ഉന്നയിച്ചില്ലല്ലോ.  ഇതുപോലെ പല വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നുണ്ട്. അതൊക്കെ പലതരം രാഷ്ട്രീയങ്ങളാണ്. 
കെ ഇ എന്‍: നമ്മള്‍ കാര്യങ്ങളെ സത്യസന്ധമായി  നോക്കിക്കാണണം.  മലാലയെക്കുറിച്ച് തന്നെ പറയാം. അംബേദ്കറുടെ പുസ്തകത്തിന് അരുന്ധതിറോയി എഴുതിയ ആമുഖത്തില്‍ ആദ്യ വാചകം ഇതാണ്‌. നിങ്ങള്‍ മലാലയെ അറിയുകയും എന്നാല്‍ സുരേഖ ബോധ് മാങ്കയെ കുറിച്ച് അറിയാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ നിര്‍ബന്ധമായും അംബേദ്കര്‍ വായിക്കണം.

ഞാന്‍ വേലുക്കുട്ടി അരയന്റെ അരയ സമുദായത്തിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ  മുമ്പ് ഞാന്‍  പങ്കെടുത്തിരുന്നില്ല. പുലയ മഹാസംഘത്തിന്റെ പരിപാടികളിലും പങ്കെടുക്കുന്നു. പിആര്‍ഡിഎസ്സ്, മതസംഘടനകള്‍, യുക്തിവാദി, മനുഷ്യാവകാശ സംഘടനകളിലൊക്കെ പങ്കെടുക്കുന്നു. മുമ്പ് ഇടതുപക്ഷ മതരഹിത ജീവിതം നയിക്കുന്നവരെ വിളിക്കാതിരുന്ന ഇത്രയേറെ സംഘടനകള്‍ ഇന്ന് എന്നെപ്പോലുള്ളവരെ അവരുടെ പരിപാടികളില്‍ വിളിക്കുന്നത് എന്തുകൊണ്ടാണ്. അത് ഇടതുപക്ഷം നിര്‍വഹിക്കുന്ന ഫാസിസ്റ്റ് സമരത്തോട് അവര്‍ക്കുള്ള ആഭിമുഖ്യംകൊണ്ടാവാം. ജനാധിപത്യ വാദികള്‍ തന്നെ മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായി ലാല്‍സലാമിനൊപ്പം നീല്‍സലാമും ചേര്‍ത്തുവെയ്ക്കുന്നു. ഈ മാറ്റം എങ്ങനെ വന്നു എന്നതും പരിശോധിക്കപ്പെടണം. 

കാരശ്ശേരി: ഐഡന്റിറ്റി പൊളിറ്റിക്‌സിലേക്കാണ് കെ ഇ എന്‍ വരുന്നത്. ആദിവാസി, പുലയന്‍, മുസ്ലിം, ന്യൂനപക്ഷം ഇതൊക്കെ ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ ഭാഗമാണ്...
കെ ഇ എന്‍: അല്ല. ഇത് ഐഡന്റിറ്റി പൊളിറ്റിക്‌സ് അല്ല. ഐഡന്റിറ്റിയും ഐഡന്റിറ്റി പൊളിറ്റിക്‌സും വേര്‍തിരിയുന്ന നേര്‍ത്തൊരു അതിര്‍ത്തിയുണ്ട്. ആ അതിര്‍ത്തിയെ അഭിമുഖീകരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് നമുക്ക് ഇത് രണ്ടും ഒന്നാണെന്ന് തോന്നുന്നത്. ഐഡന്റിറ്റി  പൊളിറ്റിക്‌സ് എന്നത് ഏറ്റവും അപകടകരമാണ്. അടിച്ചമര്‍ത്തപ്പെടുന്ന മതവിഭാഗം ഉണ്ടാവുമ്പോള്‍, ജാതിവിഭാഗം ഉണ്ടാവുമ്പോള്‍, ലിംഗവിഭാഗം ഉണ്ടാവുമ്പോള്‍ ജനാധിപത്യവാദികള്‍ അവര്‍ക്കൊപ്പം നില്‍ക്കണം. അതൊരു അനിവാര്യതയാണ്. 

 കാരശ്ശേരി: ആദിവാസി, ദളിത്, സ്ത്രീ തുടങ്ങിയവര്‍ക്ക് മാറാന്‍ പറ്റാത്ത ഐഡന്റിറ്റിയുണ്ട്്. ഇത് ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ മതം ഐഡന്റിറ്റിയായി വന്നാലുള്ള അപകടമാണ് ഞാന്‍ ചൂണ്ടിക്കാണിക്കുന്നത്.
കെ ഇ എന്‍: ആദിവാസി, ദളിത്, സ്ത്രീ ഐഡന്റിറ്റി മാഷ് അംഗീകരിക്കുന്നു. ഇത്രയും കാര്യത്തില്‍ നമുക്ക് യോജിക്കാം. ഇന്ത്യയില്‍  ന്യൂനപക്ഷം  മതത്തിന്റെ പേരില്‍ വിവേചനം അനുഭവിക്കുന്നുണ്ട്. ഇതിലും മാഷിന് വിയോജിപ്പുണ്ടാകില്ല. ഇതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതാണ് അടുത്ത വിഷയം. ഐഡന്റിറ്റിയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്നവരെക്കൂടി ഉള്‍ക്കൊണ്ട് ജനാധിപത്യ മതേതര കാഴ്ചപ്പാടോടെ മുന്നോട്ടുപോവുകയാണ് വേണ്ടത്.

കാരശ്ശേരി: ഇതില്‍ ജനാധിപത്യ മതേതര വാദിയെന്ന മൂടുപടവുമായി മതമൗലികവാദം, മതരാഷ്ട്രവാദം വരുമ്പോള്‍ അതിനെ തുറന്നുകാണിക്കണം എന്നാണ് ഞാന്‍ പറയുന്നത്.
കെ ഇ എന്‍: മതരാഷ്ട്ര വാദം എന്നുള്ളത് ജനാധിപത്യവുമായും  മതനിരപേക്ഷതയുമായും പൊരുത്തപ്പെടില്ല. അതേസമയം സാംസ്‌കാരിക കൂട്ടായ്മ നേരത്തേയുള്ള അതിര്‍ത്തി ഭേദിച്ച് വിപുലമായ ഒത്തുചേരല്‍ സാധ്യമാക്കുന്നുണ്ട്്. അത് ഇന്ത്യന്‍ ഫാസിസ്റ്റുകളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. ദളിതുകള്‍, ന്യൂനപക്ഷ മതവിഭാഗങ്ങള്‍ ഇവരുള്‍പ്പെടെ സാമൂഹ്യ വിവേചനമനുഭവിക്കുന്നവരുടെ കൂട്ടായ്മ ഉണ്ടാകുന്നുണ്ട്. അതാവേശകരമാണ്.

കാരശ്ശേരി: ഇത്തരം ചര്‍ച്ചകള്‍ നിര്‍ഭാഗ്യവശാല്‍ സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുകയും അതിലൂടെ പ്രധാന ഐഡന്റിറ്റി ജാതിയോ മതമോ  ആയി മാറുകയും ചെയ്യുന്നു. ലിംഗം ജാതി തൊഴില്‍ എന്നിങ്ങനെ നമ്മുടെ ഐഡന്റിറ്റിക്ക് ഒരുപാട് തലങ്ങളുണ്ട്. മതത്തിന്റെ പേരില്‍ നിങ്ങളെ ഒരാള്‍ പീഡിപ്പിച്ചാല്‍ അതേ പേരില്‍ തന്നെ പ്രതിരോധം തീര്‍ത്താല്‍ അത് അപകടമാണ്.  ഹിന്ദുക്കളുടെ ഇടയില്‍ തീവ്രവാദമുണ്ടെങ്കില്‍ അതിനുള്ള മറുപടി മുസ്ലിങ്ങളിലെ തീവ്രവാദമല്ല. മറിച്ച് ജനാധിപത്യമാണ് മറുപടി.

കെഇഎന്‍: അത് നൂറുശതമാനവും ശരിയാണ്‌.കാരണം മതതീവ്രവാദത്തിന് മതനിരപേക്ഷത തന്നെയാണ് മറുപടി. പക്ഷേ അത്  സാധ്യമാക്കണമെങ്കില്‍ നമ്മള്‍ ജനാധിപത്യ കൂട്ടായ്മ രൂപപ്പെടുത്തണം. അത് രണ്ട് വിധത്തില്‍ ചെയ്യാം. ജനങ്ങള്‍ മൊത്തമനുഭവിക്കുന്ന വിലക്കയറ്റമുള്‍പ്പെടെയുള്ള ജീവല്‍ പ്രശ്‌നങ്ങളില്‍ അതിനെതിരെയുള്ള പ്രക്ഷോഭം വേണം. അതേ സമയം സാമൂഹ്യ വിവേചനത്തിനെതിരെയും പ്രക്ഷോഭം  വേണം. അതായത് ഈ വര്‍ഗസമരത്തിലേക്ക് സാമൂഹ്യവിവേചനത്തിനെതിരെയുള്ള പ്രതിരോധത്തെ കണ്ണിചേര്‍ക്കണം. എന്നാല്‍ മാത്രമെ ഇത് പരിഹരിക്കാന്‍ കഴിയുകയുള്ളൂ. സാമൂഹ്യ വിവേചനത്തെയും  സാമ്പത്തിക ചൂഷണത്തെയും വര്‍ഗസമരത്തിലേക്ക് വൈരുധ്യാത്മകമായി കണ്ണിചേര്‍ക്കാതെ ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെ പ്രതിരോധിക്കാന്‍ പറ്റില്ല. ഇത്തരമൊരു ഐക്യം രൂപംകൊള്ളുന്നതില്‍ ഏറ്റവും പരിഭ്രാന്തിയുള്ളത് സംഘപരിവാര്‍ ഫാസിസത്തിനാണ്. അവരുടെ ആവശ്യം  വിവിധ ജാതിക്കാരെയും മതക്കാരെയും എന്നും വ്യത്യസ്ത കമ്പാര്‍ട്ടുമെന്റുകളാക്കി നിര്‍ത്തണം എന്നതാണ്. ഇതിനെതിരെയുള്ള പ്രക്ഷോഭത്തിന് ഊര്‍ജം പകരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്.  ഇതിന്റെ ഭാഗമായി എല്ലാവരെയും മതനിരപേക്ഷ കാഴ്ചപ്പാടില്‍ ഐക്യപ്പെടുത്തുന്ന വിപുലമായ സംവാദ വേദികള്‍ ഉയര്‍ന്നു വരികയാണ്.  ഇവിടെ ഫാസിസത്തിനെതിരെ ഒരു മുന്നണിയാണ് വേണ്ടത്. മുഖ്യ വിപത്തിനെതിരെയുള്ള സംവാദങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന, മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സമര മുന്നണിയാണ് വേണ്ടത് .

 



deshabhimani section

Related News

View More
0 comments
Sort by

Home