Deshabhimani

പ്രളയം അതിജീവിക്കാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2018, 06:19 AM | 0 min read

പ്രളയം വന്ന വഴി
ഇതിന് മുമ്പ് അതിശക്തമായ തോതിൽ പ്രളയം ഉണ്ടായത് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924ലെ പ്രകൃതി ദുരന്തമാണ്. പിന്നീട് 1939ലും 1962ലും 1990ലുമെല്ലാം വെള്ളപ്പൊക്കമുണ്ടായെങ്കിലും ഇപ്പോൾ കേരളം  നേരിട്ടതുപോലുള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. അന്നൊന്നും ഇതുപോലെ അണക്കെട്ടുകൾ തുറന്നുവിടേണ്ട സാഹചര്യവും ഉണ്ടായിരുന്നില്ല. 
നമ്മുടെ സംസ്ഥാനത്ത് ജൂൺ, ജൂലൈ, ആഗസ്ത് മാസങ്ങളിൽ ഇടവപ്പാതിയും തുടർന്നുള്ള മൂന്ന് മാസങ്ങളിൽ തുലാവർഷവും എന്ന വിധത്തിലാണ് കാലവർഷം ലഭിക്കാറുള്ളത്. ഇത്തവണ നന്നായി ലഭിച്ച വേനൽമഴയെ തുടർന്ന് ജൂണിൽതന്നെ എത്തിച്ചേർന്ന കാലവർഷം ശക്തിയിൽ ചെറിയ ഏറ്റക്കുറച്ചിലുകളോടെ ആഗസ്ത് 18വരെയും തുടരുകയുണ്ടായി. കോരിച്ചൊരിഞ്ഞ മഴയ്ക്കും ഇരമ്പിയാർത്തുവന്ന മലവെള്ളപ്പാച്ചിലിനും കാരണം കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദമാണെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. മഴയുടെ ആക്ടീവ് ഘട്ടമാണ് ഇവിടെ ഉണ്ടായതത്രേ. 
ന്യൂനമർദത്തിന്റെ കളികൾ
നമുക്ക് ചുറ്റുമുള്ള വായുവിന് മർദം പ്രയോഗിക്കാനുള്ള കഴിവുണ്ടെന്നറിയാമല്ലോ. അതിനെയാണ് വായുമർദം അഥവാ അന്തരീക്ഷമർദം എന്നു വിളിക്കുന്നത്. വായു കുറയുമ്പോൾ മർദം കുറയുകയും വായുവിന്റെ അളവ് വർധിക്കുമ്പോൾ മർദം കൂടുകയുംചെയ്യും. ചലിക്കുന്ന വായുവിന് മർദം കുറവായിരിക്കും. താപവ്യതിയാനത്തിന്റെ ഫലമായി അന്തരീക്ഷത്തിൽ വായു ഒരിടത്ത്നിന്നും മറ്റൊരിടത്തേക്ക് ചലിക്കുമ്പോഴാണ് കാറ്റുണ്ടാകുന്നത്. ചൂടുപിടിച്ച വായു മുകളിലേക്ക് ഉയരുകയും അവിടേക്ക് തണുത്ത വായു എത്തുകയുംചെയ്യുന്ന വായുവിന്റെ സംവഹനപ്രവാഹമാണിത്. ഇങ്ങനെ കടലിൽനിന്നും കരയിലേക്കും (കടൽക്കാറ്റ്) കരയിൽനിന്നും കടലിലേക്കും(കരക്കാറ്റ്) കാറ്റ് വീശുന്നു. 
കടൽചൂടാകുമ്പോൾ അതിന് മുകളിലുള്ള വായു ചൂടുപിടിക്കുകയും സാന്ദ്രത കുറയുന്നതിന്റെ ഫലമായി മേൽപോട്ട് ഉയരുകയും ചെയ്യുന്നു. അവിടെ അനുഭവപ്പെടുന്നതാണ് ന്യൂനമർദം. 
ഒഡീഷ തീരത്ത് ന്യൂനമർദ പാത്തി രൂപപ്പെട്ടപ്പോൾ തണുത്ത വായു അങ്ങോട്ട് പ്രവഹിച്ചു. ഇങ്ങനെ ഭൂമിക്ക് സമാന്തരമായി നീങ്ങുന്ന വായുവിനെ പശ്ചിമഘട്ട പർവതനിരകൾ തടഞ്ഞു നിർത്തുന്നു. തന്മൂലം കാറ്റ് കുത്തനെ മേൽപോട്ടുയർന്ന് കേരളത്തിന്റെ ആകാശാതിർത്തിയിലുള്ള വായുവിനെ തണുപ്പിച്ച് കിലോമീറ്ററുകളോളം വ്യാപ്തിയുള്ള മേഘങ്ങളെ ഉണ്ടാക്കുന്നു.  ഇവ സാന്ദ്രീകരിച്ചാണ് മഴയായും പേമാരിയായും താഴേക്ക് പതിച്ചത്. 
അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദ പാത്തിയാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ഇത് സാധാരണഗതിയിൽ തെക്ക് നിന്ന് വടക്കോട്ട് മാറുന്നതിനനുസരിച്ച് ഇവിടെ മഴ കുറയാറുണ്ട്. പക്ഷേ ഇത്തവണ അത് തെക്ക് ഭാഗത്തുതന്നെ ശക്തിയായി നിൽക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ, കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ പ്രവചിച്ചതിനേക്കാൾ മൂന്നിരട്ടി മഴയാണ് കേരളത്തിൽ ലഭിച്ചത്. ഇടുക്കിയിൽ 93.4%വും പാലക്കാട്ട് 73.7%ഉം കൊല്ലത്ത് 53.3%ഉം മഴയാണ് അധികമായി ലഭിച്ചു. കണ്ണൂരും കാസർകോടും മാത്രമാണ് അധികമഴയിൽ കുറവുള്ള ജില്ലകൾ. 
ഈ കാലയളവിൽ യഥാർഥത്തിൽ ലഭിക്കേണ്ട മഴ 1688.2മി. മീ. മാത്രമാണെങ്കിലും നമുക്ക് ലഭ്യമായത് 2387.81 മി. മീ. ആയിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിലെ ഭൂരിഭാഗവും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളായി. അതിവൃഷ്ടി ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ദിവസങ്ങളോളം അതിരൂക്ഷമായ പ്രളയമാണ് ഉണ്ടാക്കിയത്. 
പ്രളയ നഷ്ടങ്ങൾ
ഭീകര നഷ്ടങ്ങളാണ് പ്രളയകാലം കേരളത്തിന് ഉണ്ടാക്കിയത്. 483പേരുടെ ജീവൻ പൊലിഞ്ഞു. ലക്ഷക്കണക്കിനാളുകളുടെ ജീവിതം ദുരിതത്തിലായി. മൃഗസംരക്ഷണമേഖലയിൽ മാത്രം174കോടി രൂപയുടെ നഷ്ടമുണ്ടായി. രണ്ടുലക്ഷം കോഴികളും 46,000കന്നുകാലികളും ചത്തൊടുങ്ങി. 650ഓളം വിദ്യാലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.  കടകൾ ഉൾെപ്പടെ ആയിരക്കണക്കിന് കെട്ടിടങ്ങൾ തകരാറിലായി. ധാരാളം റോഡുകൾ കുത്തിയൊലിച്ചുപോയി. നിരവധി പാലങ്ങളും തകർന്നു. 
പുഴകൾ വഴിമാറി ഒഴുകുകയും ആയിരക്കണക്കിന് മരങ്ങൾ കടപുഴകി വീഴുകയുംചെയ്തു. ആയിരക്കണക്കിനാളുകൾ ക്യാമ്പുകളിലെത്താതെ ബന്ധുവീടുകളിലും സുഹൃത്‌വീടുകളിലും അഭയം പ്രാപിച്ചു. പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 40,000കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. 
99ലെ വെള്ളപ്പൊക്കം
കൊല്ലവർഷം 1099ൽ സംഭവിച്ചതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്നത്. ക്രിസ്തുവർഷം 1924 ജൂലൈ ‐ആഗസ്ത് മാസങ്ങളിലാണ് ഇത് സംഭവിച്ചത്. അക്കാലത്ത് 27 ദിവസം തുടർച്ചയായി കേരളം വെള്ളത്തിനടിയിലായിരുന്നുവെന്ന് പഴമക്കാർ ഓർത്തെടുക്കുന്നു.
 ഈ പ്രളയക്കെടുതിയിൽ നൂറുകണക്കിന് ജീവനുകൾ നഷ്ടമായി. ആയിരക്കണക്കിന് വീടുകൾ തകർക്കപ്പെട്ടു. ആനയും പുലിയും കടുവയുമുൾപ്പെടെ ധാരാളം മൃഗങ്ങളും പക്ഷികളും ചത്തുമലച്ചു. ഹെക്ടർ കണക്കിന് കൃഷിയിടങ്ങൾ നശിച്ചു. 
ഉരുൾപൊട്ടൽ എന്ന ഭീകരൻ
മലയോര മേഖലകളിൽ തുടർച്ചയായി കനത്ത മഴ പെയ്യുമ്പോൾ സംഭവിക്കുന്ന പ്രകൃതിക്ഷോഭമാണിത്. മണ്ണിനും പാറകൾക്കുമെല്ലാം ആഗിരണംചെയ്യാൻ കഴിയുന്ന ജലത്തിന്റെ അളവിന് ഒരു പരിധിയുണ്ട്. ഉൾക്കൊള്ളാൻ കഴിയുന്നതിലധികം വെള്ളം ഇറങ്ങുന്നത് മലമ്പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന് വഴിവെക്കുന്നു. പ്രത്യേകിച്ചും ചെങ്കുത്തായ മലനിരകളിൽ. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 535 ഉരുൾപൊട്ടലുകളാണ് ഉണ്ടായിട്ടുള്ളത്. മലമ്പ്രദേശങ്ങളിൽ നടത്തുന്ന അശാസ്ത്രീയമായ രീതിയിലുള്ള ഖനനം, നിർമാണ പ്രവർത്തനങ്ങൾ, വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കൽ, ജലസംഭരണമാർഗങ്ങളുടെ നിർമാണം മുതലായവയെല്ലാം ഉരുൾപൊട്ടലിന്റെ ഗതിവേഗം കൂട്ടുന്ന ഘടകങ്ങളാണ്. 
മനുഷ്യന്റെ ഇടപെടൽമൂലം മലഞ്ചെരിവുകളിലെ ജൈവപ്രകൃതിക്കുണ്ടാകുന്ന അസന്തുലിതാവസ്ഥ നിയന്ത്രിക്കപ്പെടേണ്ടതാണ്. നിരവധി ജീവൻ നഷ്ടപ്പെടാനും വീടുകൾ കുത്തി ഒലിച്ചുപോകുന്നതിനും കൃഷിയിടങ്ങൾ നശിച്ചുപോകുന്നതിനും ഉരുൾപൊട്ടലുകൾ കാരണമായിട്ടുണ്ട്. 
കേരളത്തിന്റെ പ്രത്യേകത
കേരളത്തിന്റെ സവിശേഷസാഹചര്യങ്ങളിലേക്ക് വന്നാൽ, കിഴക്കുനിന്ന് പടിഞ്ഞാറേക്ക് ചരിഞ്ഞുകിടക്കുന്ന നൂറുകിലോമീറ്ററിൽതാഴെമാത്രം വിസ്തൃതിയുള്ള ഒരു ചെറിയ പ്രദേശമാണിത്. മലയോരങ്ങളിൽ പേമാരിയുണ്ടായാൽ നാലോ അഞ്ചോ മണിക്കൂറുകൾകൊണ്ട് അത് അറബിക്കടലിൽ ഒഴുകിയെത്തും. 
അസാധാരണമായ വനനശീകരണം, അടിക്കാടുകളുടെ ശോഷണം, മണ്ണൊലിപ്പ്, നദികളുടെ സ്വാഭാവിക പ്രയാണത്തിനുണ്ടായ പ്രതിബന്ധങ്ങളും കൈയേറ്റവും വയൽ‐തണ്ണീർത്തടങ്ങളുടെ വിസ്തൃതിയിലുണ്ടായ കുറവ്, നഗരാസൂത്രണത്തിലെ പാളിച്ച, അപ്രതീക്ഷിതമായുണ്ടാകുന്ന പേമാരി എന്നിവയാണ് പ്രളയത്തിന് പ്രധാന കാരണങ്ങൾ.
പ്രകൃതിയെ
സംരക്ഷിക്കാം
മനുഷ്യൻ പ്രകൃതിക്കുമേൽ ശക്തമായ ആഘാതം ഏൽപ്പിക്കുമ്പോഴുള്ള തിരിച്ചടികളാണ് പലപ്പോഴും പ്രകൃതിക്ഷോഭത്തിന്റെ രൂപത്തിൽ ഉണ്ടാകാറുള്ളത്. കാലാവസ്ഥാ വ്യതിയാനവും ഇതിൽ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. വികസനവും പരിസ്ഥിതിസംരക്ഷണവും സമന്വയിപ്പിച്ചുകൊണ്ടുപോകുന്ന സന്തുലിത വികസനമാണ് നമുക്കാവശ്യം. 
കരുതലോടെയുള്ള പ്രകൃതിവിഭവങ്ങളുടെ ഉപയോഗം, ശാസ്ത്രീയ രീതിയിൽഭൂമിയുടെയും മണ്ണിന്റെയും വിനിയോഗം  മുതലായവയെല്ലാം പരിഗണിച്ചേ മതിയാവൂ. പശ്ചിമഘട്ട സംരക്ഷണം വളരെ പ്രാധാന്യത്തോടെ  ഏറ്റെടുക്കണം. കുന്നുകൾ ഇടിച്ചു നിരത്തപ്പെടാതിരിക്കാനും വയലുകളും തണ്ണീർത്തടങ്ങളും കായലുകളും കുളങ്ങളും നികത്തപ്പെടാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്. കാടുകളും നദീതീരവുമെല്ലാം കൈയേറുന്നത്‌ അവസാനിപ്പിക്കാൻ തയ്യാറാവണം.
 പ്രകൃതി സൗഹൃദപരമായി ജീവിക്കാൻ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയും.


deshabhimani section

Related News

0 comments
Sort by

Home