‘പിറന്നാൾ കഥ’ പോലെ ജീവിതവും ; എം ടിക്ക് ഇന്ന‌് പിറന്നാൾ

കോഴിക്കോട‌്
‘നാളെ എന്റെ പിറന്നാളാണ‌്. എനിക്കത‌് ഓർമയുണ്ടായിരുന്നില്ല. അവളുടെ കത്തിൽനിന്നാണത‌് മനസ്സിലായത‌്’. ഒരു പിറന്നാളിന്റെ ഓർമ എന്ന എം ടി വാസുദേവൻനായരുടെ കഥ തുടങ്ങുന്നത‌് ഇങ്ങനെയാണ‌്. കർക്കടകത്തിലെ ഉത്രട്ടാതിയാണ‌് കഥയുടെ പെരുന്തച്ചൻ എം ടിയുടെ പിറന്നാൾ ദിനം. വ്യാഴാഴ‌്ച എം ടി 85ന്റെ പടിവാതിലിലെത്തുമ്പോൾ കഥയിൽ പറഞ്ഞതുപോലെ തന്നെയാണ‌് അദ്ദേഹത്തിന്റെ പിറന്നാൾ ദിനവും. ആഘോഷങ്ങളോ അലങ്കാരങ്ങളോ ഇല്ല. എല്ലാം സാധാരണപോലെ. മകൾ അശ്വതിയും അടുത്ത ബന്ധുക്കളും മാത്രം. ചെറിയൊരു ഊണും കഴിഞ്ഞാൽ എന്നത്തെയും പോലെ ഈ ദിനവും കഥാകാരനെ കടന്നുപോകും.
പഞ്ഞമാസമായ കർക്കടകത്തിലാണ‌് പിറന്നാൾ എന്നത‌് ആരും അറിയരുതെന്നായിരുന്നു കഥയിലെ കുട്ടിയുടെ പ്രാർഥന. കാരണം മറ്റു കുട്ടികളെപ്പോലെ സദ്യയോ പായസമോ ഒന്നുമില്ലാത്ത ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലത്തെയായിരുന്നു ആ കഥയിലൂടെ ആവിഷ‌്കരിച്ചത‌്. സഹപാഠിയായ മണി സമൃദ്ധമായി പിറന്നാളോഘോഷിക്കുന്നതും അസൂയയോടെ അവൻ ഓർക്കുന്നു.
മരുമക്കത്തായം നിലനിന്ന കാലത്ത‌് അമ്മാവനിൽനിന്ന‌് നെല്ലളന്നു വാങ്ങുമ്പോൾ ഉണ്ണിയുടെ പിറന്നാളിന‌് നാലെടങ്ങഴി അധികം വേണമെന്ന‌് അമ്മ പറയുന്നു. അമ്മാവനിൽ നിന്ന‌് അമ്മയ‌്ക്കു തല്ലുകൊള്ളുന്നതും കണ്ണീരും ചോരയുമായി അമ്മ തിരികെ വരുന്നതും കഥയിലുണ്ട‌്. കർക്കടകം എന്ന കഥയിലും അപ്രതീക്ഷിതമായി അതിഥിയെത്തുമ്പോൾ പട്ടിണി കിടക്കേണ്ടി വന്ന ഒരു ബാല്യത്തെക്കുറിച്ച‌് പറയുന്നുണ്ട‌്.
പിറന്നാളിനു ചുറ്റും വേദനയൂറുന്ന ഓർമകൾ നിരവധിയുള്ളതിനാലായിരിക്കാം ജീവിതത്തിൽ പിറന്നാളുകളൊന്നും എം ടി ആഘോഷിച്ചിരുന്നില്ല. ഇംഗ്ലീഷ‌് മാസം ജൂലൈ 15നായിരുന്നു എം ടിയുടെ പിറന്നാൾ. പതിവിൽ കവിഞ്ഞതൊന്നും ഇല്ലാതെയാണ‌് കാലത്തിന്റെ കഥാകാരനെ കടന്നുപോയത‌്.
കൂടല്ലൂരിൽ ടി നാരായണൻനായരുടെയും അമ്മാളു അമ്മയുടെയും മകനായി 1933ൽ ആയിരുന്നു ജനനം. നിളയും കൂടല്ലൂരിലെ സാധാരണക്കാരുമാണ‌് തന്നിലെ കഥാകാരനെ സൃഷ്ടിച്ചതെന്ന‌് എം ടി പറയാറുണ്ട‌്. അദ്ദേഹമിപ്പോൾ ‘രണ്ടാമൂഴം’ സിനിമയാക്കുന്നതിന്റെ അവസാന ഘട്ട ചർച്ചയിലാണ‌്.









0 comments