സുരക്ഷാകവചം ശക്തമാക്കി ആപ്പിൾ

ആപ്പിൾ ഫോണുകളുടെ സുരക്ഷാ കവചങ്ങൾ എല്ലാം മറികടന്ന് അമേരിക്കയിലെ നിയമപാലകർ കുറ്റവാളികളുടെ ഫോണിൽനിന്നും വിവരമെടുക്കുന്നത് പലപ്പോഴും വാർത്തയാണ്. കുറ്റാരോപിതർക്കും സ്വകാര്യതയുണ്ടെന്ന വാദം ഒരുവശം. നിയമം അനുശാസിച്ചാൽ എന്ത് സ്വകാര്യത എന്ന് മറ്റൊരു ഭാഷ്യം. എന്തായാലും ആപ്പിൾ യുഎസ്‌ബി റെസ്ട്രിക്ടഡ് മോഡ് എന്നൊരു ഫീച്ചർ ഇക്കഴിഞ്ഞ ദിവസം ലഭ്യമാക്കിയിട്ടുണ്ട്.
ഒരുമണിക്കൂറിലധികം ഫോൺ ഉപയോഗിക്കാതെ വച്ചാൽ ഫോണിലെ ലൈറ്റനിങ് പോർട്ട് താനേ ഓഫ് ആകും. അപ്പോൾ പിന്നെ ഫോണുമായി കേബിൾവഴി ബന്ധിപ്പിച്ച് അതിലെ സുരക്ഷാമതിലുകൾ ചാടാനുള്ള വഴി ഇല്ലാതാകും എന്നാണു കമ്പനിയുടെ വാദം. ഗ്രേ കീ, സെല്ലി ബ്രൈറ്റ് എന്നിവ അടക്കമുള്ള നുഴഞ്ഞുകയറ്റ ടൂളുകൾ ഉപയോഗിച്ച് ലൈറ്റനിങ് പോർട്ടിലൂടെയാണ് നിയമ പാലകർ അമേരിക്കയിൽ ഇത് വരെ കുറ്റവാളികളുടെ ഫോണിൽ 'കയറിയിരുന്നത്'. അത് ഇതോടെ അവസാനിച്ചു എന്നുവേണം കരുതാൻ. നിയമപാലകരെ ചൊടിപ്പിക്കുന്നതിൽ താൽപ്പര്യമില്ലാത്ത ആപ്പിൾ ഈ പുതിയ ഫീച്ചറിനെക്കുറിച്ച് അധികമൊന്നും പറയാതെയാണ് ഇറക്കിയിരിക്കുന്നത്.
സന്തോഷിക്കാൻ വരട്ടെ. ഗ്രെ ഇതിനെ മറികടക്കാനുള്ള വഴി ഇപ്പോൾ ന്നെ തയ്യാറാക്കി എന്നാണു അവർ അവകാശപ്പെടുന്നത്. ഇതാണ് ഡിജിറ്റൽ സുരക്ഷയുടെ പ്രശ്നം. ഇതൊരു മത്സരമാണെന്നു തോന്നിപ്പോകും.









0 comments