ഗ്രോബാഗ് ഇഞ്ചിക്കു വളം

മണ്ണിൽനിന്ന് ധാരാളം വളം സ്വയം വലിച്ചെടുക്കാൻ പ്രാപ്തിയുള്ള വിളയാണ് ഇഞ്ചി. അതുകൊണ്ടുതന്നെ സമൃദ്ധിയായി ജൈവവളവും മറ്റ് പോഷകങ്ങളും നൽകിയാൽ അത്യുൽപ്പാദനം ഉറപ്പാക്കാം. കൂടാതെ ഒരേ ജൈവവളംതന്നെ തുടർച്ചയായി നൽകാതെ പലവിധം ജൈവവളങ്ങൾ കൂട്ടിക്കലർത്തി ഇടവിട്ട് ഇട്ടുകൊടുക്കുന്നത് പോഷകക്കുറവ് ഒഴിവാക്കാൻ ഒരുപരിധിവരെ സഹായിക്കും. കൃഷിസാഹചര്യവും ഇനവും കണക്കിലെടുത്ത് രാസവളങ്ങൾ ആവശ്യമെങ്കിൽ നൽകാം.
ഇഞ്ചി പ്രോട്രേ തൈകളിൽ ഭൂകാണ്ഡം കുറവായതിനാൽ 10‐15 ദിവസം ഇടവിട്ട് പോഷകലായിനികൾ ഒഴിച്ചുകൊടുക്കുന്നത് വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കും. ഇഞ്ചിയുടെ വളർച്ചാകാലം മഴക്കാലമാണ്. ഈ സമയത്ത് പരമാവധി വളർച്ച ത്വരിതപ്പെടുത്തിയാൽ ഉയർന്ന ഉൽപ്പാദനം പ്രതീക്ഷിക്കാം.
മൂടുചീയൽ അഥവാ കാണ്ഡം ചീയൽ ഇഞ്ചിക്കൃഷിയിലെ പ്രധാന പ്രശ്നംതന്നെയാണ്. മതിയായ നീർവാർച്ച ഉറപ്പാക്കിയും കടഭാഗത്ത് ട്രൈക്കോഡർമ അല്ലെങ്കിൽ സ്യൂഡോമോണസ് വിതറിക്കൊടുത്ത് ഒരുപരിധിവരെ ഈ രോഗം തടയാം. ഒരിക്കൽ ഇഞ്ചിനട്ട ബാഗിൽ അടുത്ത വിളയായി ഇഞ്ചി നടുന്നത് ഒഴിവാക്കണം.
തണ്ടുതുരപ്പൻ ആണ് പ്രധാന കീടം. നടുനാമ്പ് മഞ്ഞളിച്ച് പെട്ടെന്ന് ഊരിവരുന്ന രീതിയിൽ കാണുന്നതാണ് ലക്ഷണം. ധാരാളം ചിനപ്പുകളുള്ള ആഗസ്ത്‐സെപ്തംബറോടെ ഈ കീടബാധ രൂക്ഷമാകും. ബ്യൂവേറിയ ബാസിയാന എന്ന ജൈവകുമിൾനാശിനി 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ കലക്കി തുടക്കത്തിലേ തളിച്ചുകൊടുത്താൽ ഈ കീടം നിയന്ത്രണവിധേയമാക്കാം.
നടാൻ ഉപയോഗിച്ച ഇനത്തിന്റെ മൂപ്പനുസരിച്ച് 6‐8 മാസം ആകുനത്തോടെ വിളവെടുപ്പിനു പാകമാകും. വിളവെടുപ്പ് അടുക്കുംതോറും ഇലയും തണ്ടും ഉണങ്ങിവരുന്നതാണ്. ഒരു ഗ്രോബാഗിൽനിന്ന് ശരാശരി 500 ഗ്രാംമുതൽ ഒരുകിലോവരെ പച്ചഇഞ്ചി ലഭിക്കാം.).









0 comments