ഗ്രോബാഗിലും ഇഞ്ചി നടാം

നമ്മുടെ പുരയിടങ്ങളിൽ സാധാരണ കൃഷിചെയ്യുന്ന ഇടവിളയാണ് ഇഞ്ചി. ഇപ്പോൾ നട്ടാൽ ഡിസംബർ‐ജനുവരിയോടെ വിളവെടുക്കാം.
ചെറുകിട അടുക്കളക്കൃഷിക്കാർക്കായി മറ്റു പച്ചക്കറി തൈകൾപോലെ പ്രോട്രേ ഇഞ്ചിതൈകളും ഇന്ന് ലഭ്യമാണ്. 45 ദിവസം പ്രായമായ ഈ ഇഞ്ചിതൈകൾ എക്കാലത്തും നടാം എന്ന മേന്മകൂടിയുണ്ട്. ഈ രീതിയിൽ തയ്യാറാക്കിയ തൈകൾക്ക് ആദ്യകാലങ്ങളിൽ ഭൂകാണ്ഡം കുറവായതിനാൽ അൽപ്പം പരിചരണം കൂടുതൽ കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പരിമിതമായ അളവിൽ നാലുരൂപ നിരക്കിൽ ഇഞ്ചിതൈകൾ കാർഷിക സർവകലാശാലാ വിൽപ്പനകേന്ദ്രങ്ങളിൽ ലഭ്യമാകാറുമുണ്ട്.
സ്ഥലപരിമിതിയുള്ളവർക്കും, മട്ടുപ്പാവിൽ കൃഷിചെയ്യുന്നവർക്കും ഫ്ളാറ്റ് നിവാസികൾക്കും ഏറെ യോജിച്ചതാണ് ഗ്രോബാഗ് കൃഷി. ഒരടി വ്യാസമുള്ള ഗ്രോബാഗുകളിലോ ചട്ടികളിലോ മറ്റ് വെള്ളം കെട്ടിനിൽക്കാത്ത സംഭരണികളോ നടാനായി ഉപയോഗിക്കാം. വെള്ളം വാർന്നുപോകുന്നതിനായി ബാഗിനുതാഴെ ദ്വാരങ്ങൾ ഇട്ടുകൊടുക്കാം. കൂടാതെ ഈ ബാഗുകൾ നേരിട്ട് മണ്ണിൽ അല്ലെങ്കിൽ നിലത്തു വയ്ക്കാതെ ചകിരിപ്പോളകളോ ഇഷ്ടികകളോ കൂട്ടി അതിനുമുകളിൽ കയറ്റിവയ്ക്കുന്നത് ശരിയായ നീർവാർച്ച ഉറപ്പാക്കാൻ നല്ലതുതന്നെ.
ഒരടി വ്യാസവും താഴ്ചയുമുള്ള ബാഗിൽ ഏറ്റവും ആദ്യം ഇഷ്ടികകഷണങ്ങളോ, ഓട്ടുകഷണങ്ങളോ, കരിയിലയോ നിരത്താം. അതിനുമുകളിൽ മേൽമണ്ണ്, ചാണകപ്പൊടി, ചകരിച്ചോർ കമ്പോസ്റ്റ് മിശ്രിതം 3:1:1 എന്ന അനുപാതത്തിൽ നിറയ്ക്കാം. മേൽത്തട്ടിൽ എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർന്ന മിശ്രിതം ഇട്ട് നടാനായി ബാഗുകൾ ഒരുക്കാം. ഗ്രോബാഗുകളുടെ മുക്കാൽഭാഗം മാത്രം നിറച്ച് ബാക്കി പിന്നീട് നിറയ്ക്കാൻപറ്റുന്ന രീതിയിൽ നിർത്തണം.
ഇങ്ങനെ മുക്കാൽഭാഗം നിറച്ച് ഒരടി വ്യാസമുള്ള ബാഗുകളിൽ രണ്ട് തൈവീതം നടാം. വിത്തിഞ്ചിയാണെങ്കിലും രണ്ടു കടവീതം നടാം. നടുന്ന ചെറുകുഴിയിൽ ട്രൈക്കോഡർമ സമ്പുഷ്ടകാലിവളം ഇട്ടുകൊടുക്കുന്നത് ഗുണംചെയ്യും. ഇഞ്ചിക്കൃഷിയിൽ ഒഴിവാക്കാൻ പറ്റാത്ത ജൈവ കുമിൾമിശ്രിതമാണ് ട്രൈക്കോഡർമ. നട്ടശേഷം ശീമക്കൊന്നയുടെ ഇല ഇട്ട് മേൽമണ്ണു മൂടി പൊത നൽകാൻ ശ്രദ്ധിക്കണം
(ഇഞ്ചി കൃഷി പരിപാലനവും വളപ്രയോഗവും അടുത്തലക്കം)









0 comments