'എസ‌്എഫ‌്ഐ പകർന്നത‌് ആത്മവിശ്വാസം'

കൊല്ലം
'കൂട്ടുകാർ കൂടെ നടക്കാൻ പോലും മടിച്ചിരുന്ന കാലമുണ്ടായിരുന്നു. ഏവിടെനിന്നും അവഹേളനം മാത്രം. ഇന്ന് സമൂഹത്തിൽനിന്നു കിട്ടുന്ന അംഗീകാരം ജീവിതംതന്നെ മാറ്റിയെഴുതി'‐ എസ്എഫ്ഐ സംസ്ഥാന സമ്മേളന പ്രതിനിധിയായ ട്രാൻസ്ജെൻഡർ കെ വി നന്ദനയുടെ വാക്കുകൾക്ക് ആത്മവിശ്വാസത്തിന്റെ ദൃഢത.
എസ്എഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗമായ നന്ദന ഉൾപ്പെടുന്ന പ്രസീഡിയമാണ് സമ്മേളന നടപടി നിയന്ത്രിക്കുന്നത്. ആദ്യമായാണ് നന്ദന എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇരിങ്ങാലക്കുട കോക്കാട്ട് വേലായുധന്റെയും കല്യാണിയുടെയും മകളായ നന്ദന കഴിഞ്ഞ തൃശൂർ ജില്ലാ സമ്മേളനത്തിലാണ് ജില്ലാ കമ്മിറ്റി അംഗമായത്. ഡ്രൈവറായ അച്ഛൻ വേലായുധൻ സിപിഐ എം പ്രവർത്തകനാണ്. അവിട്ടത്തൂർ എൽബിഎം എച്ച്എസ്എസിലാണ് അഞ്ചു മുതൽ പ്ലസ്ടു വരെ പഠിച്ചത്. പ്ലസ് ടു 69 ശതമാനം മാർക്കോടെ പാസായി. ഒരു വർഷമായി എസ്എഫ്ഐയുടെ സജീവ പ്രവർത്തകയാണ്.
സ്കൂളിൽ പഠിക്കുമ്പോൾ ട്രാൻസ്ജെൻഡറായതുകൊണ്ട് മറ്റു കുട്ടികളിൽനിന്നും നാട്ടുകാരിൽനിന്നും വലിയ അവഗണനയാണ് നേരിടേണ്ടിവന്നതെന്ന് നന്ദന പറഞ്ഞു. എവിടെച്ചെന്നാലും മറ്റുള്ളവർ ഒറ്റപ്പെടുത്തും. അധ്യാപകരുടെ സ്നേഹവും പ്രോത്സാഹനവുമായിരുന്നു ഏക ആശ്വാസം. എസ്എഫ്ഐ പ്രവർത്തകയായതോടെ ജീവിതമാകെ മാറി. ഇപ്പോൾ എവിടെയും അംഗീകാരം കിട്ടുന്നു. എസ്എഫ്ഐ ഒപ്പമുണ്ടെന്ന ചിന്ത നൽകുന്ന ധൈര്യവും ആത്മവിശ്വാസവും ചെറുതല്ല. ട്രാൻസ്ജെൻഡറുകൾക്കുള്ള അംഗീകാരമാണിത്. പൊളിറ്റിക്സ് ഐച്ഛികമായി ബിരുദ പഠനത്തിന് ചേരണമെന്നാണ് കെ വി നന്ദനയുടെ ആഗ്രഹം.









0 comments