പൊതുവിദ്യാഭ്യാസം സമ്പൂര്‍ണ ഡിജിറ്റല്‍

ദൃശ്യ, ശ്രാവ്യ പഠനാനുഭവങ്ങളാല്‍ സമ്പുഷ്ടമാക്കപ്പെട്ട ക്ലാസ്‌മുറികള്‍, രാജ്യാന്തര നിലവാരത്തിലുള്ള പഠനസന്ദര്‍ഭം കേരളത്തിലെ പൊതുവിദ്യാലയത്തിലെ ഓരോ കുട്ടിക്കും സമ്മാനിക്കുന്ന തരത്തിലാണ് ‘ഹൈടെക് ക്ലാസ്‌മുറികള്‍' വിഭാവനംചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി മുഴുവന്‍ സര്‍ക്കാർ‐എയ്‌ഡഡ് സ്കൂളുകളിലും എട്ടുമുതല്‍ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ്‌മുറികളാണ് ആദ്യം ഹൈടെക് ആക്കുന്നത്.
ഓരോ ക്ലാസ്‌മുറികളിലും ലാപ്‌ടോപ്, മള്‍ട്ടിമീഡിയാ പ്രൊജക്ടര്‍, മൗണ്ടിങ് കിറ്റ്, യുഎസ്‌ബി സ്പീക്കര്‍, അതിവേഗ ഇന്റര്‍നെറ്റ് തുടങ്ങിയവ ലഭ്യമാക്കിവരുന്നു. സ്കൂളുകളില്‍ ലാബുകള്‍ക്ക് പുറമെ മള്‍ട്ടി ഫങ്‌ഷന്‍ പ്രിന്റര്‍, എച്ച്‌ഡി ക്യാമറ, വെബ് ക്യാം, ടെലിവിഷന്‍ തുടങ്ങിയവയും ലഭ്യമാക്കിവരുന്ന പ്രവര്‍ത്തനം 85%വും പൂര്‍ത്തിയായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ ഒന്നരപ്പതിറ്റാണ്ടായി ദേശീയ‐അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായിരുന്ന ഐടി@സ്കൂള്‍ പ്രോജക്ടിനെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) എന്ന പേരില്‍ പ്രത്യേക സര്‍ക്കാര്‍ കമ്പനിയായി ്‍ മാറ്റുകയുണ്ടായി.
മാതൃകയായ ഹൈടെക് വിദ്യാലയങ്ങള്‍
ഹൈടെക് വിദ്യാലയങ്ങള്‍ എന്ന സങ്കല്പത്തിന്റെ ഒരു ഭാഗം മാത്രമാണ് ഭൗതിക ഡിജിറ്റല്‍ പശ്ചാത്തലമൊരുക്കല്‍. നിലവിലുള്ള പഠന‐പഠിപ്പിക്കല്‍ പ്രക്രിയകളെ സാങ്കേതിക സംവിധാനങ്ങള്‍ പരിപോഷിപ്പിക്കാനുള്ള സമഗ്രമായ ഇടപെടലാണിത്. ഇതില്‍ അധ്യാപക‐ വിദ്യാർഥി പരിശീലനം, ഡിജിറ്റല്‍ ഉള്ളടക്ക വികസനവും വിദ്യാഭ്യാസവും, ഇ‐ ഗവേണന്‍സും മോണിറ്ററിങ്ങും എല്ലാം ഉള്‍പ്പെടുന്നു. പല ഇടങ്ങളിലും കമ്പോളം നിശ്ചയിക്കുന്ന ഉപകരണവും ഉള്ളടക്കവും ഐടി പഠനം എന്ന നിലയില്‍ ഉപയോഗിച്ചു വരുന്ന പരിസ്ഥിതിയിലാണ് കേരളത്തിന്റെ സവിശേഷമായ ഈ ബദല്‍ പ്രസക്തമാകുന്നത്.
ബ്രോഡ്ബാന്‍ഡ്
സംസ്ഥാനത്തെ 13786 സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. വളരെ വിദൂരമായ പ്രൈമറി‐അപ്പര്‍ പ്രൈമറി സ്കൂളുകളിലുള്‍പ്പെടെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യം ബിഎസ്എന്‍എലിന്റെ സഹായത്തോടെ കൈറ്റ് (ഐടി@സ്കൂള്‍) ഏറ്റെടുത്തത് 2016 നവംബറിലായിരുന്നു. ഹൈസ്കൂള്‍, ഹയർ സെക്കൻഡി മേഖലയ്ക്ക് പുറമെ സാധ്യമായ സ്ഥലങ്ങളിലെല്ലാം (9045 എണ്ണം) പൂര്‍ത്തീകരിക്കാനായി. നിലവില്‍ ഒരുവിധ കണക്ടിവിറ്റിയും സാധ്യമാകാത്ത രണ്ടു സ്ഥലങ്ങളില്‍ പ്രത്യേക കണക്ടിവിറ്റി സമ്പ്രദായം ഏര്‍പ്പെടുത്താന്‍ ശ്രമം തുടങ്ങി.
e@വിദ്യ
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലേക്ക് വിവിധ വിഷയങ്ങളുടെ ഐസിടി സാധ്യതകള്‍ സംഗ്രഹിച്ച് തയ്യാറാക്കിയ ‘e@വിദ്യ' എന്ന പേരിലുള്ള പാഠപുസ്തകങ്ങളും മുഴുവന്‍ കുട്ടികള്‍ക്കും കഴിഞ്ഞവര്‍ഷംമുതല്‍ ലഭ്യമാണ്. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് ‘കളിപ്പെട്ടി' എന്ന പേരിലാണ് ഡിജിറ്റല്‍വിഭവങ്ങളും പാഠപുസ്തകങ്ങളും നല്‍കിയിട്ടുള്ളത്. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ തയ്യാറാക്കിയിട്ടുള്ള ഓപ്പറേറ്റിങ് സിസ്റ്റവും ഡിജിറ്റല്‍ ഉള്ളടക്കവും ഇവിടെയൊക്കെ ലഭ്യമാക്കിക്കഴിഞ്ഞു.
ക്ലാസ്‌മുറികൾക്ക് നെറ്റ്‌വർക്ക്
ക്ലാസ് മുറികള്‍ നെറ്റ്‌വര്‍ക്ക് ചെയ്യുന്നതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 74,000 അധ്യാപകർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം ഈ അവധിക്കാലത്ത് നൽകി. പഠനംമുതൽ സിനിമയും വാർത്തയും വരെ ഡിജിറ്റൽ രൂപത്തില്‍ പാഠാസൂത്രണം നടത്താനും വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന 'സമഗ്ര' റിസോഴ്സ് പോര്‍ട്ടല്‍ ഈ പരിശീലനത്തിലൂടെ മുഴുവന്‍ അധ്യാപകരും പരിചയപ്പെട്ടുവരുന്നുണ്ട്. ‘സമഗ്ര' വെബ് പോർട്ടൽ (www.samagra.itschool.gov.in) എന്ന നിലയിൽ മാത്രമല്ല മൊബൈൽ ആപ്പിന്റെ രൂപത്തിലും ലഭ്യമാണ് . 1,10,000 പേർ സമഗ്രയിൽ അംഗത്വമെടുത്തു.
‘സമഗ്ര' റിസോഴ്സ് പോര്‍ട്ടലില്‍ പഠനവിഭവങ്ങളും കൈറ്റ് വിക്ടേഴ്സ് ചാനലിലും സ്കൂള്‍ ടിവികളിലും ഡോക്യുമെന്ററികളും ചലച്ചിത്രങ്ങളും സ്കൂളുകള്‍ക്ക് സ്വയം നിർമിച്ച് അപ്‍ലോഡ്‌ചെയ്യാന്‍ കഴിയുന്ന തരത്തില്‍ എല്ലാ സ്കൂളുകളെയും പൂര്‍ണമായും ഡിജിറ്റലി സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഹാൻഡിക്യാമുകള്‍ ഉപയോഗിച്ച് കുട്ടികളും അധ്യാപകരും ഷൂട്ട്‌ചെയ്യുന്ന വിഭവങ്ങള്‍ എഡിറ്റിങ്, ഓഡിയോ‐വീഡിയോ മിക്സിങ്, അനിമേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍ എല്ലാ സ്കൂളുകളിലേക്കും ലഭ്യമാക്കിക്കഴിഞ്ഞു.
സ്ക്രിപ്റ്റ്മുതല്‍ ഒരു പരിപൂര്‍ണ ചലച്ചിത്ര നിര്‍മിതിവരെയും അവ നെറ്റ്‌വര്‍ക്കിലൂടെ സ്കൂള്‍ചാനലുകളില്‍ സംപ്രേഷണം ചെയ്യാനും ഇതുവഴി ഓരോ സ്കൂളുകളിനും അവസരം ലഭിക്കും. ഓരോ സ്കൂളിലും കുട്ടി റിപ്പോര്‍ട്ടര്‍മാരുടെ ഒരുനിര തന്നെ സജ്ജമാകും.
‘ലിറ്റില്‍ കൈറ്റ്സ് ' ക്ലബ്ബുകള്‍
ഐസിടി സങ്കേതങ്ങള്‍ കുട്ടികള്‍ക്ക് ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുക., കൂട്ടായ പഠനത്തിന്റെയും സഹവര്‍ത്തിത പഠനത്തിന്റെയും അനുഭവങ്ങള്‍ കുട്ടികള്‍ക്കു പ്രദാനംചെയ്യുക, വിദ്യാലയത്തിലെ ഐസിടി അധിഷ്ഠിത പഠനത്തിന്റെ മികവ് കൂട്ടാനും, സാങ്കേതികപ്രശ്നങ്ങള്‍ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളില്‍ നേതൃത്വപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്‌തരാക്കുകയും ചെയ്യുക, വിവിധ ഭാഷാ കംപ്യൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുക, പഠന പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുള്ള താല്‍പ്പര്യം വളര്‍ത്തിയെടുക്കുക തുടങ്ങിയവ ലക്ഷ്യമിട്ടുള്ള ‘ലിറ്റില്‍ കൈറ്റ്സ് ' ക്ലബ്ബുകള്‍ കേരളത്തിലെ 1990 സ്കൂളുകളില്‍ രൂപീകൃതമായിക്കഴിഞ്ഞു. ഒരുലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ ഐടി ശൃംഖലയായി ഇത് വളര്‍ന്നുകഴിഞ്ഞു.
സ്കൂള്‍ വിക്കിയും സമ്പൂർണ സിസ്‌റ്റവും
അഡ്മിനിസ്ട്രേറ്റീവ് മോണിറ്ററിങ്ങിനുള്ള ‘സമ്പൂര്‍ണ’ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റം, 15000 സ്കൂളുകളെ കോര്‍ത്തിണക്കി പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണവും വിദ്യാഭ്യാസവും സാധ്യമാക്കിയ സ്കൂള്‍ വിക്കി തുടങ്ങിയവ തയ്യാറായിക്കഴിഞ്ഞു. അതോടൊപ്പം ഹാർഡ്‌വെയര്‍ ക്ലിനിക്കുകള്‍, ഇ മാലിന്യ നിർമാർജന പദ്ധതി എന്നിവയും ഹൈടെക് പദ്ധതിയുടെ മുന്നോടിയായി നടപ്പാക്കി. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തുന്നതുകൊണ്ട് ഓരോ ലാപ്ടോപ്പിലും ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ ശരാശരി 1.5 ലക്ഷം രൂപ നല്‍കേണ്ടിവരുന്ന സോഫ്റ്റ്‌വെയര്‍ സഞ്ചയം പ്രീലോഡ് ചെയ്ത് നല്‍കിയതിനാല്‍ 60,000 ലാപ്‌ടോപ്പുകള്‍ വിന്യസിക്കുന്നതില്‍ 900 കോടി രൂപയുടെ ലാഭം ഖജനാവിനുണ്ടായി.
വരുന്നു ഹൈടെക് ലാബ്
സെക്കൻഡറിതലത്തില്‍ നടപ്പാക്കുന്ന ഹൈടെക് സ്കൂള്‍ സ്കീമിന്റെ തുടര്‍ച്ചയായി ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലുള്ള 11000 ലധികം പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ ഹൈടെക് ലാബ് സംവിധാനം ഒരുക്കാനായി 300 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും. അങ്ങനെ ഒന്നുമുതല്‍ 12 വരെയുള്ള മുഴുവന്‍ ക്ലാസുകളും ഹൈടെക്കാക്കി മാറ്റി, വിദ്യാഭ്യാസരംഗത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഈ വര്‍ഷം കേരളം മാറാന്‍ പോകുകയാണ്. www.kite.kerala.gov.in ല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.
(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) വൈസ് ചെയര്‍മാന്‍ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)









0 comments