റഷ്യയുടെ നഷ്ടങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 12, 2018, 06:00 PM | 0 min read

നഷ്ടങ്ങളുടെയും ലോകകപ്പാണിത്. ലോകകപ്പ് സ്വപ്നം പൊലിഞ്ഞ ഒരുപിടി കളിക്കാരുണ്ട്. ചിലരുടെ സ്വപ്നം പരിക്കിൽ നഷ്ടമാകുമ്പോൾ മറ്റു ചിലർ ടീം യോഗ്യത നേടാത്തതിനാൽ പുറത്തിരിക്കുന്നു. റഷ്യൻ ലോകകപ്പിന്റെ നഷ്ടമുഖങ്ങൾ ഏറെയുണ്ട്. ഇറ്റലിക്കും നെതർലൻഡ്സിനും യോഗ്യത നേടാനായില്ല. ജിയാൻല്യൂജി ബുഫണും കില്ലെനിയും വിർജിൽ വാൻ ഡിക്കുമൊക്കെ കാഴ്ചക്കാർ മാത്രമായൊതുങ്ങി. മൗറോ ഇകാർഡി, ലിറോയ് സാനെ, മരിയോ ഗോട്സെ, അൽവാരോ മൊറോട്ട എന്നിവർക്കും റഷ്യയിൽ പന്ത് തട്ടാനാകില്ല. പരിശീലകർ ഇവരെ പരിഗണിച്ചില്ല. ദിമിത്രി പായെയ്ക്കും മാനുവൽ ലാൻസീനിക്കും ഡാനി ആൽവേസിനും സെർജിയോ റൊമേറോയ്ക്കും പരിക്ക് വില്ലനായി. യോഗ്യത നേടാത്തവരും ഒഴിവാക്കപ്പെട്ടവരും പരിക്കേറ്റവരും ചേർന്നാൽ മികച്ചൊരു ടീമാകും അഭാവത്തിന്റെ സംഘം.

ഗോൾവലയ്ക്കു മുന്നിൽ ജിയാൻലുജി ബുഫൺ ഇല്ല. പ്ലേഓഫിൽ സ്വീഡനോടു തോറ്റതോടെ ഇറ്റലി പുറത്തായി. ഗോൾ കീപ്പർമാരിൽ രണ്ടാമൻ സ്ലൊവേനിയയുടെ യാൻ ഒബ്ലാക്കുമില്ല. ഇംഗ്ലണ്ടിന്റെ ഗ്രൂപ്പിൽ നാലാമതായി സ്ലൊവേനിയ. അത്ലറ്റികോ മാഡ്രിഡിന്റെ കാവൽക്കാരനാണ് ഒബ്ലാക്ക്. ലാ ലിഗയിലെ 21 കളിയിൽ ഒബ്ലാക്ക് വഴങ്ങിയില്ല.

പ്രതിരോധത്തിന്റെ വലതുവിങ്ങിൽ അന്റോണിയോ വലെൻസിയ ഇല്ല. ലാറ്റിനമേരിക്കൻ മേഖലയിൽ ഇക്വഡോർ എട്ടാമതായി.  സെന്റർ ബാക്ക് സ്ഥാനത്ത് ശക്തിയാണ് നെതർലൻഡ്സിന്റെ വിർജിൽ വാൻ ഡിക്ക്. കഴിഞ്ഞതവണ മൂന്നാംസ്ഥാനക്കാരായ നെതർലൻഡ്സ് ഇത്തവണ യോഗ്യത നേടിയില്ല. പ്രതിരോധത്തിന്റെ മറ്റൊരു പേരാണ് ജോർജിയോ കില്ലേനി. തടുക്കുന്നത് ഒരു ലഹരിപോലെ പടർന്നുകയറും ഈ ഇറ്റലിക്കാരനിൽ. പക്ഷെ ഇറ്റലിക്കൊപ്പം കില്ലേനിയും പുറത്ത്.

ഇടതുബാക്കിൽ ഡേവിഡ് അലാബ ഇല്ല. ഈ സ്ഥാനത്ത് ലോകത്തെ അഞ്ച് പ്രമുഖരിൽ ഒരാളാണ് ഓസ്ട്രിയയുടെ അലാബ. ഇറ്റലിയുടെ ലോകകപ്പ് താരമാകാൻ മാർകോ വെറാറ്റിക്ക് ഇനിയും നാലുവർഷം കാത്തിരിക്കണം. ആന്ദ്രെ പീർലോയ്ക്കു ശേഷം ഇറ്റലി കണ്ടെത്തിയ മധ്യനിരയിലെ ബുദ്ധികേന്ദ്രമാണ് വെറാറ്റി.
സ്ലൊവാക്യയിൽനിന്ന് മാരെക് ഹാംസെക്കില്ല. 2010 ലോകകപ്പിലും 2016 യൂറോകപ്പിലും ഹാംസെക്ക് കളിച്ചു. ഇറ്റാലിയൻ ലീഗിൽ നാപോളിക്കുവേണ്ടി മിന്നുന്ന പ്രകടനമാണ് ഹാംസെക്ക് മധ്യനിരയിൽ കാഴ്ചവച്ചത്. നാപോളിയുടെ രണ്ടാം മാറഡോണ എന്ന വിശേഷണവും ഹാംസെക്കിന് കിട്ടി.

ചിലി പുറത്തായപ്പോൾ മധ്യനിരയിലെ ഒരു കരുത്തൻകൂടി പ്രേക്ഷകരുടെ റോളിലേക്കു മാറി. അർതുേറാ വിദാൽ. 2015ലും 2016ലും കോപ അമേരിക്ക ചിലി നേടുമ്പോൾ പ്രധാന താരമായിരുന്നു വിദാൽ.

മുന്നേറ്റത്തിൽ ഗാരെത് ബെയ്ലിന്റെ അഭാവം റഷ്യയിൽ പ്രകടമാകും. യൂറോകപ്പിൽ വെയ്ൽസിനെ സെമിവരെ എത്തിച്ചത് ബെയ്ലിന്റെ കാലുകളാണ്. വലതുവിങ്ങിൽ ബെയ്ലില്ലാത്തതുപോലെ ഇടതുവിങ്ങിൽനിന്ന് ഗോളടിക്കാൻ അലെക്സി സാഞ്ചെസുമില്ല. ചിലിയുടെ അഭാവത്തിൽ റഷ്യക്ക് നഷ്ടമാകുന്ന മറ്റൊരു ലോകതാരം.

സ്ട്രൈക്കർ പിയെറി എമെറിക്ക് ഒബമെയാങ്ങ് എന്നെങ്കിലും ലോകകപ്പ് കളിക്കും എന്നതിന് ഉറപ്പില്ല. ഗാബോണിന്റെ കളിക്കാരനാണ് ഒബമെയാങ്ങ്. ഗാബോൺ ഇതുവരെ ലോകകപ്പിന് അർഹത നേടിയിട്ടില്ല. പ്രീമിയർ ലീഗിൽ അഴ്സണലിന്റെ ഗോളടിക്കാരനാണ് ഒബമെയാങ്.

 



deshabhimani section

Related News

View More
0 comments
Sort by

Home