ആത്മവിശ്വാസം കൂട്ടുന്നു: പി രാമൻ

നമ്മൾ എഴുതുന്നത‌് മറ്റുള്ളവർ ശ്രദ്ധിക്കുന്നുവെന്ന‌് തോന്നുമ്പോൾ ഏറെ അഭിമാനം തോന്നുന്നുവെന്നും ഈ അംഗീകാരം തനിക്ക‌് ആത്മവിശ്വാസം കൂട്ടുന്നതാണെന്നും പി രാമൻ. കവിതയ‌്ക്കുള്ള ദേശാഭിമാനി പുരസ‌്കാരം ലഭിച്ചതിനോട‌് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ എഴുത്ത‌് മറ്റൊരാളെ സ‌്പർശിക്കുന്നത‌് കാണാൻ വഴികളില്ല. കവിത മോശമെന്ന‌് പറഞ്ഞാൽ അത‌് കവിയെ വേദനിപ്പിക്കും. നന്നായാൽ ആരും അത‌് പറയുകയുമില്ല. ഇതുവരെ എഴുതിയ കവിതകൾ വേണ്ടരീതിയിൽ സംവദിക്കപ്പെട്ടില്ല എന്നാണ‌് തോന്നുന്നത‌്. എഴുത്തിന‌് ഇതുവരെ അംഗീകാരം കിട്ടാത്തയാളാണ‌് ഞാൻ. ഏറ്റവും കൂടുതൽ വിശ്വാസമുള്ള പ്രസ്ഥാനത്തിൽനിന്ന‌് ഇപ്പോൾ അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട‌്‐ രാമൻ പറഞ്ഞു.
പട്ടാമ്പി നടുവട്ടം ജനത ഹയർ സെക്കൻഡറി സ‌്കൂളിൽ മലയാളം അധ്യാപകനായ രാമന്‍ പട്ടാമ്പി ഗവ. സംസ‌്കൃത കോളേജിലാണ‌് പഠനം പൂർത്തിയാക്കിയത‌്. ‘കനം’എന്ന ആദ്യ പുസ‌്തകത്തിന‌് 2000ൽ കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ‌് ലഭിച്ചു. ലഭിച്ച ഏക അവാർഡും ഇതാണ‌്. ഭാര്യ സന്ധ്യയും എഴുത്തുകാരിയാണ‌്. യുവ കവിക്കുള്ള സാഹിത്യ അക്കാദമിയുടെ കനകശ്രീ അവാർഡ‌് സന്ധ്യക്കും മൂന്ന‌് വർഷം മുമ്പ‌് ലഭിച്ചിരുന്നു. പരുതൂർ പള്ളിപ്പുറം ഹൈസ‌്കൂളിലെ എട്ടാം ക്ലാസ‌് വിദ്യാർഥി ഹൃദയ‌്, കീഴായൂർ ജിയുപി സ‌്കൂളിലെ അഞ്ചാം ക്ലാസ‌് വിദ്യാർഥിനി പാർവതി എന്നിവർ മക്കൾ.









0 comments