തീരത്ത‌് നിർമിക്കുന്നു 25000 സുരക്ഷിത ഭവനം

തിരുവനന്തപുരം > കടലിന്റെ മക്കൾക്കായി കേരളതീരത്ത‌് തയ്യാറാകുന്നത‌് 25,000 സുരക്ഷിത ഭവനങ്ങൾ. കടലാക്രമണംമൂലം വീടും ഭൂമിയും സർവസവും നഷ്ടപ്പെടുന്ന പതിവുകാഴ‌്ച ഇനി വേണ്ടെന്ന എൽഡിഎഫ‌് സർക്കാരിന്റെ ദൃഢനിശ്ചയത്തിന്റെ ഭാഗമായാണ‌് സമഗ്ര ഭവനപദ്ധതിക്ക‌് രൂപംനൽകിയത‌്. കടൽക്ഷോഭത്തിന‌് ഇരയാകുന്ന മത്സ്യത്തൊഴിലാളികൾക്ക‌് ശാശ്വതമായി സുരക്ഷ ഉറപ്പാക്കുകയാണ‌് പദ്ധതിയുടെ ലക്ഷ്യം.
ഫിഷറീസ‌് വകുപ്പ‌് നടത്തിയ കണക്കെടുപ്പിൽ തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ തീരത്തുനിന്ന‌് മാറ്റിപ്പാർപ്പിക്കേണ്ട ഇരുപത്തയ്യായിരത്തിൽപ്പരം കുടുംബങ്ങളുണ്ടെന്നാണ‌് കണ്ടെത്തൽ. ഇതിൽ മത്സ്യത്തൊഴിലാളികുടുംബങ്ങൾ 20,000 കവിയും. എല്ലാ കുടുംബങ്ങൾക്കും തീരത്തുനിന്ന‌് അകലെയല്ലാതെ സുരക്ഷിതവും സൗകര്യപ്രദവുമായ വീട‌് ഉറപ്പാക്കുകയാണ‌് ഫിഷറീസ‌് വകുപ്പ‌് ലക്ഷ്യമിടുന്നത‌്. ഇതിനായി ലൈഫ‌് മിഷൻ പദ്ധതിയെയും ഉപയോഗിക്കും.
ആദ്യഘട്ടത്തിൽ തീരത്തുനിന്ന‌് 50 മീറ്റർ പരിധിയിൽ ഒന്നാംനിരയിൽ കഴിയുന്ന കുടുംബങ്ങൾക്കാണ‌് പരിഗണന നൽകിയത‌്. ഒപ്പം രണ്ടാംനിരയിലുള്ളവരെയും പരിഗണിച്ചു.
ഭൂരഹിത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക‌് ഭൂമിയും വീടും ഉറപ്പാക്കാൻ ചരിത്രത്തിൽ ആദ്യമായി പത്തുലക്ഷം രൂപവീതം നൽകുന്ന പദ്ധതി ആവിഷ‌്കരിച്ചു. ആറുലക്ഷം രൂപ ഭൂമി വാങ്ങാനും നാലുലക്ഷം രൂപ വീടുനിർമാണത്തിനും വിനിയോഗിക്കാം. ഈ പദ്ധതിയിൽ ഇതുവരെ 750 കുടുംബങ്ങൾക്ക‌് വീട‌് ഉറപ്പാക്കി. ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവർക്ക‌് വീടുനിർമാണത്തിനുള്ള പദ്ധതിയിൽ 1200 പേർക്കാണ‌് നാലുലക്ഷം രൂപവീതം സഹായം ലഭിച്ചത‌്. ഭൂമിയില്ലാത്തവർക്ക‌് സ്ഥലം ലഭ്യമല്ലാത്ത മത്സ്യഗ്രാമങ്ങളിൽ ഫ‌്ളാറ്റ‌് സമുച്ചയമെന്ന നൂതന ആശയം രൂപീകരിച്ചു. ആദ്യ ഫ‌്ളാറ്റ‌് സമുച്ചയം തിരുവനന്തപുരത്ത‌് മുട്ടത്തറയിൽ മൂന്നര ഏക്കറിൽ പൂർത്തിയാക്കി. 192 കുടുംബങ്ങൾക്കാണ‌് വീട‌് ലഭിക്കുക.
തിരുവനന്തപുരം ജില്ലയിൽ കാരോട്ടും അടിമലത്തുറയിലും 180 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഫ‌്ളാറ്റ‌് നിർമാണത്തിനുള്ള നടപടി മുന്നേറുന്നു. കൊല്ലത്ത‌് ക്യുഎസ‌്എസ‌് കോളനിക്കായും ഫ‌്ളാറ്റ‌് നിർമാണനടപടി പുരോഗമിക്കുന്നു. പദ്ധതിയിൽ ഗുണഭോക്താക്കളെ നിർണയിക്കുന്നതിൽ ജില്ലാതലത്തിൽ ഉന്നതോദ്യോഗസ്ഥസമിതിയെ ചുമതലപ്പെടുത്തി. അർഹർക്കുതന്നെ വീട‌് ഉറപ്പാക്കാനാണിത‌്.
കലക്ടർ, ഫിഷറീസ‌് ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ പ്ലാനിങ‌് ഓഫീസർ എന്നിവർ സമിതിയിലുണ്ട‌്. സ്ഥലം വാങ്ങി വീടുവയ‌്ക്കുന്ന പദ്ധതിയിൽ വസ‌്തുവിന്റെ ന്യായവിലയും വിപണിവിലയും തമ്മിലുള്ള അന്തരം ഉണ്ടാക്കുന്ന പ്രശ‌്നങ്ങൾ പരിഹരിക്കുന്നതിനും ജില്ലാതലത്തിൽ സംവിധാനമുണ്ടാക്കി. കലക്ടർ, ഫിനാൻസ‌് ഓഫീസർ, ജില്ലാ പ്ലാനിങ‌് ഓഫീസർ, ഫിഷറീസ‌് ഡെപ്യൂട്ടി ഡയറക്ടർ, ഭൂമി ഏറ്റെടുക്കൽ ഡെപ്യൂട്ടി കലക്ടർ എന്നിവരടങ്ങിയ സമിതിയായിരിക്കും ഭൂമിവില നിശ്ചയിക്കുക.









0 comments