തടവറയല്ല,തളിരിടുന്നിടം

തിരുവനന്തപുരം
ജയിലുകൾ ഇനി പീഡനകേന്ദ്രങ്ങളല്ല, തടവറയിൽ തളിരിടുന്നത് അറിവിൻ ഹരിത സമൃദ്ധി. ജയിലുകളിലെത്തുന്ന തടവുകാർ പുറത്തിറങ്ങുമ്പോൾ കൂടുതൽ കുറ്റവാളികളാകാതെ സമൂഹവുമായി ചേർന്ന് ജീവിക്കാനുള്ള പദ്ധതികളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. സാക്ഷരതാ ക്ലാസ് മുതൽ തൊഴിൽ പരിശീലനംവരെ പ്രത്യാശയുടെ വെട്ടം പരത്തുന്നു. ജൈവ പച്ചക്കറികൃഷിയും മൽസ്യകൃഷിയും ജല സംരക്ഷണ പ്രവർത്തനങ്ങളും ജയിലുകളുടെ അന്തരീക്ഷം പാടേ മാറ്റുന്നു. ഭക്ഷ്യോൽപാദന രംഗത്തും ജയിലുകൾ വിപ്ലവം സൃഷ്ടിക്കുകയാണ്. പാട്ടുപാടിയും അഭിനയിച്ചും കളിച്ചും തടവുകാർ പുതിയ ജീവിതം സ്വപ്നം കാണുകയാണ്.
നൈപുണ്യ പരിശീലനം
തെറ്റുതിരുത്തൽ പ്രക്രിയക്കായി വിദ്യാഭ്യാസ പ്രവർത്തനത്തെയാണ് ഉപയോഗിക്കുന്നത്. ഇതോടെ ജയിലുകളിലെ പരമ്പരാഗത തൊഴിൽ പരിശീലനം ന്യൂജെൻ കോഴ്സുകൾക്ക് വഴിമാറി. നേരത്തെ കാർപെന്ററി, പെയിന്റിംഗ്, ടെയ്ലറിംഗ്, ബൈന്റിംഗ് എന്നിവയിലായിരുന്നു പരിശീലനം. ഇതിനായി മാനുഫാക്ചറിംഗ് യൂണിറ്റുകൾ മൂന്ന് സെൻട്രൽ ജയിലുകളിലും ഉണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ കോഴ്സുകളുടെ രൂപവും ഭാവവും മാറി. നൈപുണ്യ വികസനത്തിന് ഊന്നൽനൽകിയുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ എല്ലാ ജയിലുകളിലും തുടങ്ങി. കമ്യൂണിറ്റി പോളിടെക്നിക്കുമായി ബന്ധപ്പെടുത്തിയാണ് കോഴ്സുകൾ.കമ്പ്യൂട്ടർ, ഡിടിപി, ഹാർഡ്വെയറിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യൻ, വെൽഡിംഗ് തുടങ്ങിയ കോഴ്സാണ് നടത്തുന്നത്. കൂടാതെ ഡ്രൈവിംഗ് കോഴ്സുമുണ്ട്. 30 തടവുകാരാണ് പരിശീലനം നേടി ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കിയത്.
സർവകലാശാല കേന്ദ്രം
പത്താംതരവും പ്ലസ്ടുവും കഴിഞ്ഞ തടവുകാർക്ക് ഹ്രസ്വ, ദീർഘകാല സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കാൻ ജയിൽവകുപ്പും കേരള സർവകലാശാലയുടെ അഡൾട്ട് കണ്ട്യൂനീയിംഗയ് എജുക്കേഷൻ സെന്ററും സംയുക്തമായി പദ്ധതി തയ്യാറാക്കി. പൂജപ്പുര സെൻട്രൽ ജയിലിലാണ് ഈ കോഴ്സ്. ഇന്റർവ്യൂ നടത്തി യോഗ്യരായ തടവുകാരെ കണ്ടെത്തി. ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായി. അടുത്ത ദിവസംതന്നെ കണ്ടിന്യൂയിംഗ് എജുക്കേഷൻ സെന്ററിന്റെ പ്രത്യേക കേന്ദ്രം ആരംഭിക്കും. ലൈബ്രറി സയൻസ്, ഹോട്ടൽ ആന്റ് മാനേജ്മെന്റ്, ഹെൽത്ത് ആന്റ് സാനിറ്റേഷൻ, യോഗ ആന്റ് മെഡിറ്റേഷൻ, ട്രാവൽ ആന്റ് ടൂറിസം തുടങ്ങിയ കോഴ്സുകളാണ് ആരംഭിക്കുന്നത്. ഇവരുടെ സർട്ടിഫിക്കറ്റിൽ തടവുകാർ എന്ന് രേഖപ്പെടുത്തില്ല. അതിനാൽ ജയിലിൽനിന്ന് പുറത്തിറങ്ങിയാൽ ജോലി ലഭിക്കുന്നതിന് തടസ്സമുണ്ടാകില്ല.
സാക്ഷരത
തടവുകാരിൽ അക്ഷരാഭ്യാസമില്ലാത്തവരും ഇടയ്ക്ക് പഠനം നിർത്തിയവരുമുണ്ട്. ഇവരെ അക്ഷര വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നതിനാണ് ജയിൽ വകുപ്പും കേരള സാക്ഷരതാ സമിതിയും 'ജയിൽ ജ്യോതി' ആരംഭിച്ചത്. 288 തടവുകാർ ഇതുവഴി സാക്ഷരതാ ക്ലാസിലെത്തി പരീക്ഷ എഴുതി. 60 തടവുകാരാണ് നാലാംതരം തുല്യത പരീക്ഷ എഴുതിയത്. പുറത്തുനിന്നുള്ളവരും തടവുകാരുമാണ് പ്രേരക്മാർ.
ജയിലുകളിൽ വായനക്കായി ബൃഹത്തായ ലൈബ്രറികളുമുണ്ട്. പൂജപ്പുര സെൻട്രൽ ജയിൽ ലൈബ്രറിയിൽമാത്രം 15,800 പുസ്തകമുണ്ട്. ബാർകോഡ് വഴിയാണ് പുസ്തകം നൽകുന്നത്. ഡിജിറ്റൽ വായനക്കും ഇവിടെ സൗകര്യമുണ്ട്.
വിഷരഹിത പച്ചക്കറി
ജയിലുകളിൽ ഒഴിഞ്ഞ സ്ഥലമിപ്പോൾ ഒട്ടും കാണില്ല. എല്ലായിടവും ഹരിതമയം. ജൈവ പച്ചക്കറി കൃഷിയിലൂടെ നല്ല ആരോഗ്യം മാത്രമല്ല, സാമ്പത്തികമായും വൻ ലാഭമാണുണ്ടാക്കുന്നത്. സെൻട്രൽ ജയിലുകൾ, ഓപ്പൺ ജയിലുകൾ, സ്പെഷ്യൽ ജയിലുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും കൃഷി. ഇവിടടെ വിളയിക്കുന്ന പച്ചക്കറികൾ വിൽക്കുന്നതിന് പ്രത്യേക കൗണ്ടറുകളും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്പെഷ്യൽ ജയിലിൽ മൽസ്യ കൃഷിയും ആരംഭിച്ചിട്ടുണ്ട്. മട്ടുപ്പാവ് കൃഷിയും നഴ്സറിയുമുണ്ട്.
നെട്ടുകാൽത്തേരി തുറന്ന ജയിലിൽമാത്രം 400 ഏക്കറോളം സ്ഥലത്ത് റബ്ബർ കൃഷിയാണ്. ഇതിന് പുറമെ 40 ഏക്കറിൽ വാഴയും പച്ചക്കറിയുമുണ്ട്. സലാഡ് കുക്കുമ്പർ കൃഷിയാണ് ഇതിൽ പ്രധാനം. കഴിഞ്ഞ വർഷംമാത്രം 19 ലക്ഷംരൂപയുടെ വിറ്റുവരവാണ് പച്ചക്കറിയിൽനിന്ന് മാത്രം ലഭിച്ചത്. റബ്ബറിൽ രണ്ടു കോടിരൂപയാണ് കഴിഞ്ഞ വർഷത്തെ വരവ്.
മണ്ണിന്റെ നനവ് സംരക്ഷിക്കാനുള്ള പ്രവർത്തനവും ജയിലുകളിൽ നടക്കുന്നുണ്ട്. ഇതിൽ പ്രധാനമാണ് മഴക്കുഴി നിർമാണം.പൂജപ്പുര സെൻട്രൽ ജയിലിലേക്ക് ആവശ്യമായ വെള്ളം കരുതാൻ വലിയ ജലാശയംതന്നെയുണ്ടാക്കിയിട്ടുണ്ട്. ഇതോടൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കാൻ പേപ്പർ ബാഗ് നിർമാണവുമുണ്ട്.









0 comments