മേടക്കപ്പ ഇപ്പോൾ നടാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 02, 2018, 06:15 PM | 0 min read


വലിയ അധ്വാനമില്ലാതെ ലാഭംതരുന്ന വിളയാണ് മരച്ചീനി. രണ്ടു സീസണിലെയും മഴ പ്രയോജനപ്പെടുമെന്നതിനാൽ ഏപ്രിൽ, മെയ് മാസത്തിൽ നടുന്ന മേടക്കപ്പയിലാണ് കൂടിയ വിളവ്.

മണ്ണിന്റെ തരമനുസരിച്ച് രണ്ടോ മൂന്നോ തവണ നന്നായി പൂട്ടിയോ ഒരടി താഴ്ചയിൽ കിളയ്ക്കുകയോ ചെയ്ത് മണ്ണ് പരുവപ്പെടുത്തി മാത്രമേ കപ്പ നടാവൂ. വരമ്പുകൾ കോരിയോ കൂനകൂട്ടിയോ മണ്ണൊരുക്കണം. കൂനകൾ തമ്മിൽ മൂന്നടി അകലം നൽകാം. വെള്ളായണി ഹ്രസ്വ, ശ്രീജയ ശ്രീസഹ്യ, ശ്രീപ്രകാശ് എന്നിവ അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങളാണ്.

തണ്ടുകളാണ് മരച്ചീനിയുടെ നടീൽവസ്തു. വിളവെടുപ്പ് കഴിഞ്ഞശേഷം ആരോഗ്യമുള്ളതും രോഗവിമുക്തവുമായ തണ്ടുകൾ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിനിർത്തണം. ചുവട്ടിൽനിന്ന് 10 സെന്റീമീറ്ററും തലപ്പുഭാഗത്തെ 30 സെ.മിയും നടാൻ യോഗ്യമല്ല. കമ്പുകൾ 20 സെ.മി നീളത്തിൽ മുറിച്ചെടുത്ത് നടാൻ ഉപയോഗിക്കാം. മരച്ചീനിയിൽ ഉൽപ്പാദന വർധനവിൽ കൃത്യമായ പങ്കുവഹിക്കുന്ന മിത്രകുമിളാണ് വാം. കൂനയിൽ ചെറിയ കുഴിയെടുത്ത് അതിൽ വാം ചേർത്തോ അല്ലെങ്കിൽ കമ്പ് വാമിൽ മുക്കിയോ നടുകയാണെങ്കിൽ ഉൽപ്പാദനം 25 ശതമാനം കൂട്ടാമെന്നത് പഠനങ്ങൾ വ്യക്തമാക്കുന്നു. മണ്ണിൽനിന്ന് ഫോസ്ഫറസ് ഉൾപ്പെടെയുള്ള മൂലകങ്ങൾ വലിച്ചെടുത്തു കൊടുക്കാൻ വാമിന് പ്രത്യേക കഴിവുണ്ട്. ഒപ്പം വരൾച്ചയെ ചെറുക്കാനും പ്രത്യുപകാരമായി കാർബോഹൈഡ്രേറ്റ് വേരുകളിലേക്ക് മാറ്റുന്നതാണ് വാമിന്റെ രീതി.

വാം ചേർത്ത് ഒരുമാസത്തിനുശേഷം രാസവളങ്ങൾ ചേർക്കാം. സെന്റൊന്നിന് രണ്ടു കി.ഗ്രാം മസൂറിഫോസ്, ഒരുകിലോഗ്രാം പൊട്ടാഷുമാണ് നൽകേണ്ടത്. നിലമൊരുക്കുമ്പോഴും നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും മൂന്ന് തുല്യഗഡുക്കളായി വളം ചേർക്കണം.

സമയാസമയങ്ങളിൽ കള നീക്കംചെയ്യേണ്ടതാണ്. നട്ട് ഒരുമാസം കഴിഞ്ഞ് മേൽവളം ചേർക്കുമ്പോൾ ചുവട്ടിലുള്ള കളകളും മറ്റും പിഴുത് ചുവട്ടിൽ കൂട്ടി മണ്ണിട്ടുമൂടിയാൽ മതി. രണ്ടു മൂന്ന് തവണയെങ്കിലും ഇടയിളക്കാം. ശാഖകൾ രണ്ടെണ്ണം മാത്രം നിർത്തി ശേഷിക്കുന്നവ നീക്കംചെയ്യണം. 90 ദിവസം കഴിഞ്ഞ് ചുവട്ടിൽ മണ്ണ് കൂട്ടിക്കഴിഞ്ഞാൽ ശീമക്കൊന്നയില വെട്ടിയിടാം. കിഴങ്ങ് രൂപപ്പെട്ടുവരുമ്പോൾ എത്തുന്ന എലികളെ തുരത്താനുള്ള എളുപ്പ വിദ്യയാണ് ശീമക്കൊന്ന പ്രയോഗം.

വേനൽക്കാലത്ത് നനച്ചാൽ വിളവു കൂടുമെന്നതാണ് മരച്ചീനിയുടെ പ്രത്യേക നയം. മരച്ചീനിയുടെ പ്രധാന പ്രശ്നമാണ് മൊസൈക്ക് രോഗം. വൈറസ്രോഗകാരിയായ മൊസൈക്ക് പരത്തുന്നത് വെള്ളീച്ചകളാണ്. സെന്റൊന്നിന് ഒരുകിലോഗ്രാം കുമ്മായം ചേർത്ത് മണ്ണൊരുക്കുന്നതും രോഗവിമുക്ത കമ്പുകൾ നടാൻ ഉപയോഗിക്കേണ്ടതുമാണ് മൊസൈക്കിനുള്ള പരിഹാരക്രിയ.



deshabhimani section

Related News

View More
0 comments
Sort by

Home