വീണ്ടും ഉറുഗ്വേയുടെ കുളമ്പടി; രജതനക്ഷത്രം മണ്ണിലിറങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 11, 2018, 04:02 PM | 0 min read

ഫുട്ബോളിന്റെ ജന്മനാടായ ഇംഗ്ലണ്ടിന്റെ വരവും ഒപ്പം അവിശ്വസനീയ പതനവും. രണ്ടാം ലോകയുദ്ധത്തിനുശേഷം 1950ൽ ബ്രസീലിൽ പുനരാരംഭിച്ച ലോകകപ്പ് ഫുട്ബോളിന്റെ സവിശേഷതയാണത്. എന്നിട്ടും യുദ്ധാനന്തര പ്രത്യാഘാതങ്ങൾ കാരണം 13 രാജ്യങ്ങളേ പങ്കെടുക്കുകയുണ്ടായുള്ളു. യുദ്ധക്കുറ്റവാളി എന്ന നിലയിൽ ജർമനിക്ക് അന്ന് പ്രവേശനം നൽകിയില്ല. മറ്റൊന്ന് ഉറുഗ്വേ പ്രഥമ ചാമ്പ്യൻഷിപ്പിൽ അവരുടെ മണ്ണിൽ കിരീടം ചൂടിയശേഷം ലോകകപ്പിനെത്തി.

 പെലെ ‐1958 ലോകകപ്പ്‌ചരിത്രം കണ്ട എക്കാലത്തെയും ആവേശകരമായ കലാശക്കളി 1950ലേതായിരുന്നു. ജൂലൈ 16ന് മാറക്കാന സ്റ്റേഡിയത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലും ഉറുഗ്വേയും നേർക്കുനേർ. കളി തുടങ്ങുംമുമ്പുതന്നെ കപ്പ് നേടിയ മട്ടിലായിരുന്നു ബ്രസീലുകാരുടെ വാചകമടിയും പെരുമാറ്റവുമെല്ലാം.

ബ്രസീലല്ലാതെ ആരും മറ്റൊരു ജേതാവിനെ കണക്കുകൂട്ടിയിരുന്നില്ല. െെഫനൽറൗണ്ട് ലീഗിൽ സ്വന്തം മണ്ണിലെ അവസാന കളിയിൽ ഒറ്റപ്പോയിന്റ്നേടിയാൽ മഞ്ഞപ്പട ചാമ്പ്യൻമാരാകുമായിരുന്നു. എന്നാൽ ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതം സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. അഡമിർ, സീസിന്യോ, ജയർ കൂട്ടുകെട്ടിന്റെ ഒത്താശയോടെ ഫ്രായിക്ക ബ്രസീലിനെ മുന്നിലെത്തിച്ചു. 20 മിനിറ്റിനകം ക്യാപ്റ്റർ വരേലയുടെ പിന്തുണയോടെ ഷിയോഫിനോ ഉറുഗ്വേയെ സമനിലയിലെത്തിച്ചു. മാറക്കാന സ്റ്റേഡിയത്തിൽ സൂചി വീണാൽ കേൾക്കാവുന്നവിധമുള്ള ശാന്തത. ലീഗ് രീതിയിലുള്ള ചാമ്പ്യൻഷിപ്പിൽ ഈ നിലയിൽ തുടർന്നാൽ ബ്രസീലിനുതന്നെയാകും കപ്പ് എന്ന ചിന്ത ഉറുഗ്വേക്കാരെ ചൂടുപിടിപ്പിച്ചു.

പിന്നെ കണ്ടത്ഇഞ്ചിനിഞ്ചു പോരാട്ടം. സ്റ്റേഡിയത്തിൽ പന്തടിക്കുന്ന ശബ്ദം മാത്രം പ്രതിധ്വനിച്ചുകൊണ്ടിരുന്നു. മധ്യനിരക്കാരൻ പെരസിന്റെ കാലിൽനിന്ന് ഉയർന്നുവന്ന പന്ത് ചാടിപ്പിടിച്ച് ഘിഗ്ഗിയ ഒരു വോളിയോടെ ലക്ഷ്യംവച്ചപ്പോൾ അത് തടയാനുള്ള ശ്രമത്തിൽ ഗോളി ബാർബോസ നിലത്തുകിടന്നുരുളുന്നത് മാത്രമേ ബ്രസീലുകാർ കണ്ടുള്ളു (2‐1). രണ്ടാം തവണയും ഉറുഗ്വേലോകചാമ്പ്യൻമാർ. ബ്രസീലിനുമേൽ അവരുടെ തട്ടകത്ത് നേടിയ ഈ വിജയത്തിന് ഒന്നാം ലോകകപ്പ് നേട്ടത്തെക്കാൾ നൂറിരട്ടി മാറ്റ് ഉറുഗ്വേക്കാർ കൽപ്പിച്ചിരുന്നു.

1954ൽ സ്വിറ്റ്സർലൻഡിൽ നടന്ന ലോകകപ്പ് അന്നത്തെ ഹംഗറിക്ക് നേരിട്ട പരാജയംകൊണ്ടും 'ബേണിലെ യുദ്ധം'കൊണ്ടും സുപ്രസിദ്ധമായി. രണ്ടിലും അന്നത്തെ ഏറ്റവും പ്രബലമായ ഫുട്ബോൾ ടീമായ ഹംഗറി ഉൾപ്പെട്ടിരുന്നുവെന്നതും യാദൃച്ഛികമാകാം. 'മാന്ത്രിക മാഗ്യാറുകൾ' എന്നറിയപ്പെട്ട ഹംഗറിയുടെ ലോകകപ്പായിരുന്നു അത്. അതുകൊണ്ടുതന്നെ ഫൈനലിൽ മുന്നിട്ടുനിന്നശേഷം ജർമനിയുടെ പ്രത്യാക്രമണത്തിനു മുന്നിൽ തകർന്ന് ഫ്രെങ്ക് ഷുഷ്കാസിന്റെ ഹംഗറി അത്യുന്നതങ്ങളിൽനിന്നു പതിച്ചപ്പോൾ, അതിന്റെ പ്രകമ്പനങ്ങൾ ഒരു ഭൂകമ്പത്തിലെന്നപോലെ ലോക ഫുട്ബോൾരംഗത്തെ മുഴുവൻ പിടിച്ചുകുലുക്കി. രണ്ടാംലോകയുദ്ധത്തിനുശേഷം ജർമനി ലോകകപ്പിൽ പങ്കെടുക്കുന്നതും ആദ്യമായിരുന്നുവെന്ന് ഇവിടെ ഓർക്കേണ്ടതുണ്ട്.

ഈ ചാമ്പ്യൻഷിപ്പിൽ ജർമനി ജേതാക്കളാകുമെന്നു പ്രതീക്ഷിച്ചിരുന്നവർ ചുരുക്കം. ഗ്രൂപ്പ് മത്സരത്തിൽ മൂന്നിനെതിരെ എട്ട് ഗോളിന് ജർമനിയെ തരിപ്പണമാക്കിയ ഹംഗറി ലോകം കീഴടക്കുമെന്ന പ്രവചനവും കാറ്റിൽപറന്നു. സ്കോർ: ജർമനി‐ 3, ഹംഗറി‐ 2. ഹംഗറിയും ബ്രസീലും തമ്മിൽ നടന്നത് അക്ഷരാർഥത്തിൽ യുദ്ധമായിരുന്നു. 'ബേണിലെ യുദ്ധം' എന്നറിയപ്പെടുന്ന ഈ മത്സരം ഇംഗ്ലീഷ് റഫറി ആർതർ എല്ലിസ് നിയന്ത്രിച്ചത് രണ്ടു ബ്രസീലുകാരെയും ഒരു ഹംഗറിക്കാരനെയും പുറത്താക്കിയാണ്. 4‐2ന് ഹംഗറി ജയിച്ചശേഷം ഡ്രസിങ്റൂമിലുും ഇരുപക്ഷത്തെയും കളിക്കാർ തമ്മിൽ അടിയുടെ പൂരമായിരുന്നു.

1958ലാണ് ഫുട്ബോളിലെ രജതനക്ഷത്രം മണ്ണിലിറങ്ങിയത്. പൂർണപ്രഭ ചൊരിഞ്ഞ ബ്രസീലിന്റെ സാംബ മാജിക്കാണ് സ്വീഡനിൽ കണ്ടത്. ബ്രസീൽ ഇവിടെ ആദ്യമായി ലോകകപ്പ് നേടിയെന്നു മാത്രമല്ല, ഫുട്ബോൾപ്രേമികൾ പിന്നീട് അവരുടെ മനസ്സുകളിൽ സിംഹാസനം നൽകിയ ഒരു താരോദയത്തിനും സാക്ഷ്യംവഹിച്ചു. അങ്ങനെ പതിനേഴുകാരനായ പെലെ ലോകത്തിന് കറുത്തമുത്തായി.

കൗമാരക്കാരനായ പെലെയുടെ മാസ്മരിക പ്രകടനത്തിന് സ്വീഡൻ വേദിയായെങ്കിലും ടോപ് സ്കോററായത്ഫ്രാൻസിന്റെ ജസ്റ്റ് ഫൊണ്ടെയ്നാണ്‐ 13 ഗോൾ. സെമിയിൽ മൂന്നും ഫൈനലിൽ രണ്ടും ഉൾപ്പെടെ പെലെ അഞ്ച് ഗോൾ നേടി. സ്വീഡനെ തകർത്ത് ബ്രസീൽ ലോകകപ്പ് ഉയർത്തിയപ്പോൾ അത്തീർത്തും അർഹതപ്പെട്ട വിജയമായി (5‐2).



deshabhimani section

Related News

View More
0 comments
Sort by

Home