കറിവയ്ക്കാം, ഈ പൂക്കളെയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 14, 2018, 05:18 PM | 0 min read


പച്ചക്കറികളുടെയും ഇലക്കറികളുടെയും ഇലയും കായും കറിവച്ചു കൂട്ടുന്ന ശീലമാണ് നാം പാരമ്പര്യമായി തുടരുന്നത്. എന്നാൽ ഇത്തരം ചില ഇനങ്ങളുടെ പൂവും കറിവച്ച് സ്വാദിഷ്ട വിഭവമായി കഴിക്കാം. പോഷക‐ഔഷധ ഗുണത്തിലും ഇത്തരം ഇനങ്ങൾ മുന്നിലുണ്ട്. ഇവ ഏതൊക്കെയെന്നു നോക്കാം.

അഗത്തിച്ചീര (അഗസ്ത്യച്ചീര)
ചെറുമരമായി വളരുന്ന അഗത്തിച്ചീരയുടെ ഇല എന്ന പോലെ പൂക്കളും കറിക്ക് ഉപയോഗിക്കാം. ആയുർവേദസിദ്ധ ചികിത്സയിൽ അഗത്തിച്ചീര (അഗസ്ത്യച്ചീര)യുടെ ഔഷധമേന്മ പ്രതിപാദിക്കുന്നുണ്ട്. ചുവന്ന പൂക്കളും, വെളുത്ത പൂക്കളും ഉള്ള അഗത്തിയുണ്ട്. ഇവയുടെ വിരിയാത്ത പൂവാണ് കറിക്ക് ഉത്തമം. തോരനു പറ്റിയപൂവാണിത്.

മുരിങ്ങപ്പൂവ്
മുരിങ്ങപ്പൂവ്ഇലയും കായും എന്നപോലെ കറിവയ്ക്കാൻ പറ്റിയതാണ് പൂവ്. ജനുവരിമുതൽ ഏപ്രിൽവരെയുള്ള പൂക്കാലത്തിൽ ഒരുഭാഗം പൂവായി കറിക്ക്ഉപയോഗിക്കാം. കൊഴിഞ്ഞുവീഴുന്ന പൂക്കൾ കഴുകിയെടുത്തും ഉപയോഗിക്കാം. തോരനും, പരിപ്പുകറിയിൽ ചേരുവയായും ചേർക്കാം. മുരിങ്ങാപ്പൂവ് തോരൻ രക്തസമ്മർദം കുറയ്ക്കാൻപറ്റിയ ഔഷധംകൂടിയാണ്.

മത്തൻ ,  കുമ്പളം പൂവ്
നമ്മുടെ പച്ചക്കറികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മത്തനും, കുമ്പളവും. ഇവയുടെ കായ് കളും ഇലകളുമെന്നപോലെ  പൂക്കളും കറിവയ്ക്കാം. സന്ധിവാതത്തിനെതിരെ കുമ്പളപ്പൂവ് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. മത്തൻപൂവ് പോഷകഔഷധ പ്രാധാന്യമുള്ളതാണ്. മൂത്രാശയരോഗം തടയാൻ മത്തൻപൂവിന് പ്രത്യേക കഴിവുണ്ട്. സ്വാദിഷ്ടമായ തോരനും കറിക്കും കുമ്പളം‐മത്തൻ പൂവുകൾ ഉപയോഗിക്കാം.

പപ്പായപ്പൂവ്
പപ്പായയുടെ (കപ്പളങ്ങ, കർമൂസ്) കായയാണല്ലൊ നാം പച്ചയായും പഴുത്തും ഉപയോഗിക്കുന്നത്. ഒട്ടേറെ പോഷക‐ഔഷധ ഗുണം ഇവയിൽ ഉണ്ട്. പൂവിൽ കൂടിയതോതിലാണുള്ളത്. കറ കളഞ്ഞെടുത്ത പപ്പായപ്പൂവ് തേങ്ങയും, ഉള്ളിയും ചേർത്ത് സ്വാദിഷ്ടമായ തോരൻ ഉണ്ടാക്കാം. വടക്കുകിഴക്കൻ സംസ്ഥാനക്കാരാണ് ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.

നാടൻ ചെമ്പരത്തിപ്പൂവ്
ചുവന്ന നാടൻ ചെമ്പരത്തിയുടെ പൂവ് ഭക്ഷ്യയോഗ്യമാണ്. തേനുംമറ്റ് ചേരുവകളും ചേർത്ത് ജ്യൂസായി കഴിക്കാം. മറ്റ് ചേരുവകൾ ചേർത്ത് ചമ്മന്തിയായും ഉപയോഗിക്കാം. കേക്കിനും, പുഡ്ഡിങ്ങിനും ചേർത്ത് ബേക്ക് ചെയ്യുന്ന പതിവും പലയിടങ്ങളിലുമുണ്ട്. പ്രകൃതിചികിത്സയിൽ ചെമ്പരത്തിപ്പൂ ഉപയോഗിക്കുന്നു. 

പിച്ചകപ്പൂവ് (പിച്ചി)
സുഗന്ധംപരത്തുന്ന പിച്ചകപ്പൂവ് ഉപയോഗിച്ച് രുചികരമായ പുഡ്ഡിങ് ഉണ്ടാക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ പ്രധാനമാണിത്. കേക്കുണ്ടാക്കാനും ഉപയോഗിക്കുന്നു. ചർമരോഗങ്ങൾ തടയാൻ പിച്ചകപ്പൂ ഉത്തമമാണ്. മറ്റ് ചേരുവകൾ ചേർത്ത് പിച്ചിപ്പൂവും ആഹാരത്തിന് ഉപയോഗിക്കാം.

പവിഴമല്ലിപ്പൂവ്
പുരാണഗ്രന്ഥങ്ങളിൽ ഈ ചെടിയെപ്പറ്റി പരാമർശിക്കുന്നുണ്ട്. പാൽപ്പായസം രുചികരമാക്കാൻ ചിലർ ഉപയോഗിക്കുന്നു. ജ്യൂസ് രുചി വർധിക്കാനും അൽപ്പം പവിഴമല്ലി ഉപയോഗിക്കാം. കരൾരോഗം തടയാൻ ഈ പൂവ് ഉത്തമമാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home