അടുക്കള വേസ്റ്റ് അമൂല്യ ജൈവവളമാക്കാം

നമ്മുടെ അടുക്കളയില്‍ ഭക്ഷണാവശ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിച്ചശേഷം പാഴാക്കിക്കളയുന്ന നിരവധി ജൈവവസ്തുക്കളുണ്ട്. ഇവയെ വിവിധതരത്തില്‍ സംസ്കരിച്ചും, ചിലത് നേരിട്ട് പ്രയോഗിച്ചും പച്ചക്കറികള്‍ക്ക് വളമായും കീടരോഗനിവാരണത്തിനായും പ്രയോജനപ്പെടുത്താം.
കഞ്ഞിവെള്ളം: കഞ്ഞിവെള്ളത്തിലും, അരികഴുകിയ കാടിവെള്ളത്തിലും ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. സസ്യകോശങ്ങളുടെ വളര്‍ച്ചയ്ക്ക് ഇത് നല്ലതാണ്. കഞ്ഞിവെള്ളവും അരിക്കാടിവെള്ളവും പച്ചക്കറികളുടെ തടത്തില്‍ ഒഴിച്ചുകൊടുക്കാം. അമരയുടെയും കോവയുടെയും തടത്തില്‍ പണ്ടുകാലംമുതല്‍ ഈ പ്രയോഗം നടത്തിവരാറുള്ളത് ഈ ഗുണമുള്ളതിനാലാണ്. കൊഴുത്ത വെള്ളമാണെങ്കില്‍ വെള്ളമൊഴിച്ച് നേര്‍പ്പിച്ച് പ്രയോഗിക്കണം. കൊഴുത്ത കഞ്ഞിവെള്ളം പയറിലും വെള്ളരിവര്‍ഗങ്ങളിലും ഇലയില്‍ കാണുന്ന ചിത്രകീടങ്ങളെ അകറ്റാനും തളിച്ചുകൊടുക്കാവുന്നതാണ്.
തേങ്ങവെള്ളം: തേങ്ങവെള്ളം പച്ചക്കറി പൂക്കുന്ന സമയത്ത് ഇലയിലും തണ്ടിലും തളിച്ചുകൊടുക്കുന്നത് കൂടുതല്‍ പൂക്കളുണ്ടാകാന്‍ ഇടനല്‍കും. തേങ്ങവെള്ളവും മോരും സമമായി എടുത്ത് മണ്‍കലത്തില്‍ ഒഴിച്ച് ഒരാഴ്ച പുളിപ്പിച്ചശേഷം നാലഞ്ചുമടങ്ങ് വെള്ളം ചേര്‍ത്ത് തളിക്കുന്നതും പൂക്കളും കായ്കളും കൂടാന്‍ ഇട നല്‍കും.
മത്സ്യ-മാംസങ്ങള്‍ കഴുകിയ വെള്ളം: മത്സ്യങ്ങളും മാംസങ്ങളും കഴുകിയശേഷമുള്ള വെള്ളം പാഴാക്കാതെ പച്ചക്കറിക്ക് ഒഴിച്ചുകൊടുക്കാം. വാഴയ്ക്കും ഇത് അത്യുത്തമമാണ്. നൈട്രജനും ഫോസ്ഫറസും സൂക്ഷ്മജീവിവളര്‍ച്ചയ്ക്കും ഇത് നല്ലതാണ്.
കോഴിമുട്ടയും, തോടും: കോഴിമുട്ടത്തോട് പൊടിച്ച് ജൈവവളവുമായി ചേര്‍ത്ത് പച്ചക്കറിക്ക് ചേര്‍ക്കാം. കാത്സ്യത്തിന്റെ സാന്നിധ്യം ലഭ്യമാകും. കോഴിമുട്ട അഞ്ചെണ്ണം എടുത്ത് ഒരു ചെറിയ ഭരണിയില്‍ വയ്ക്കുക. ഇത് മുങ്ങിക്കിടക്കത്തക്കവിധം ചെറുനാരങ്ങാ നീര് പിഴിഞ്ഞെടുത്ത് ഇതില്‍ 10 ദിവസം മുട്ട മുക്കിവയ്ക്കുക. പിന്നീട് ഇളക്കിയ ലായനി നേര്‍പ്പിച്ച് ചെടികളില്‍ ഒഴിച്ചാല്‍ പുഷ്പിക്കാനും കായ്ക്കാനും ഏറെ സഹായകമാവും.
ചാരം (വെണ്ണീര്‍): വിറകും, ഇലയുമെല്ലാം കത്തിച്ച ചാരം പച്ചക്കറി നടുന്ന സമയം മണ്ണില്‍ ചേര്‍ക്കണം. കൂടിയ അളവില്‍ പൊട്ടാസ്യം ലഭിക്കും.
തേയില-കാപ്പി: തേയിലയും കാപ്പിയും ഉപയോഗിച്ചശേഷമുണ്ടാകുന്ന ഇവയുടെ അവശിഷ്ടം പച്ചക്കറിയുടെ വേരുപടലങ്ങള്‍ക്ക് ലഭിക്കുമാറ് മണ്ണില്‍ ചേര്‍ത്തുകൊടുത്താല്‍ നന്ന്. ഉണക്കിയശേഷം വേണം ചേര്‍ക്കാന്‍.
ചിരട്ടക്കരി: ചിരട്ട കത്തിച്ചശേഷമുള്ള കരിച്ചാന്ത് മയത്തില്‍ ലായനിയാക്കി ഉപയോഗിക്കാം. തണ്ടുകള്‍ മുറിച്ചുനട്ട് കൃഷിചെയ്യുന്ന വിളകളുടെ വേരോട്ടത്തിന് ഫലപ്രദമാണ്. മുറിഭാഗം ചാന്തില്‍മുക്കി അല്‍പ്പസമയം ഉണങ്ങാന്‍ അനുവദിച്ചശേഷം മണ്ണില്‍ നടാം. കോവല്‍, മുരിങ്ങ, മരച്ചീനി തുടങ്ങിയവയെല്ലാം നടുമ്പോള്‍ ഇങ്ങനെ ചെയ്യാം.
മറ്റ് ജൈവവസ്തുക്കള്‍: പച്ചക്കറികളും, കിഴങ്ങുവര്‍ഗങ്ങളും, ഇലക്കറികളുമെല്ലാം ഉപയോഗിച്ചശേഷമുള്ള അവശിഷ്ടങ്ങള്‍ വിവിധ കമ്പോസ്റ്റുകളിലൂടെ വളമായി മാറ്റാം. കിച്ചണ്‍ ബിന്‍, പൈപ്പ് കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ്, കുഴിക്കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവയിലെല്ലാം ഇത് നിക്ഷേപിച്ച് ജൈവവളം ഉണ്ടാക്കി ഉപയോഗിക്കാം.









0 comments