സെല്‍ഫി ഏതു ചിത്രവുമായി താരതമ്യം ചെയ്യാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 24, 2018, 05:02 PM | 0 min read

കലയും സംസ്കാരവും നിങ്ങളുടെ ഇഷ്ട വിഷയങ്ങളാണോ? മ്യൂസിയങ്ങള്‍ നിങ്ങളുടെ ഇഷ്ട ഇടങ്ങളാണോ? എങ്കില്‍ ഗൂഗിളിന്റെ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എന്ന ആപ്പ് നിങ്ങളുടെ കലാസ്വാദന നിമിഷങ്ങളെ വേറൊരു തലത്തിലേക്ക് എത്തിക്കും. 

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം മ്യൂസിയങ്ങളും ഗ്യാലറികളും മറ്റു സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടെ സൂക്ഷിച്ചിട്ടുള്ള ചിത്രങ്ങളും മറ്റും ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുന്ന ആപ്പാണ് ഇത്. പല ഇടങ്ങളില്‍ നിന്നുള്ള മ്യൂസിയങ്ങളിലേക്ക് മാത്രമല്ല ഈ ആപ്പ് നിങ്ങളെ കൊണ്ടുപോകുന്നത്, കലാകാരന്മാരെക്കുറിച്ചും കലാ പ്രസ്ഥാനങ്ങളെക്കുറിച്ചും, കലയുടെ ചരിതത്തെക്കുറിച്ചും അങ്ങനെ പല വഴി നിങ്ങളെ കൊണ്ടുപോകുന്ന ഒരു ഡിജിറ്റല്‍ ലൈബ്രറിയാണ് ഈ ആപ്പ്. കലയെക്കുറിച്ച് വലിയ അറിവൊന്നുമില്ലെങ്കില്‍ ഈ ആപ്പില്‍ ഒരു മണിക്കൂര്‍ ചെലവാക്കിയാല്‍ തന്നെ നിങ്ങള്‍ പലതും പഠിക്കും. ഇത് കൂടാതെ കലയും സംസ്കാരവും ജീവിതവും ഒക്കെ ഇടകലര്‍ന്നുള്ള നിരവധി ലേഖനങ്ങള്‍ നിങ്ങളെ ഈ ആപ്പില്‍ കാത്തിരിക്കുന്നു. ഇനി വെര്‍ച്വല്‍ ടൂര്‍ തന്നെ പോകണമോ? ഒരു ഓഗ്മെന്റഡ് റിയാലിറ്റി കണ്ണട ഉപയോഗിച്ച് ഈ ആപ്പിലുള്ള ഇത്തരം ടൂര്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം. നേരിട്ട് മ്യൂസിയത്തില്‍ പോയത് പോലെയുള്ള വെര്‍ച്വല്‍ അനുഭവം. (ഇത്തരം കണ്ണടകള്‍ ആമസണ്‍പോലെയുള്ള വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഇനി നിങ്ങള്‍ക്ക് അടുത്തുള്ള മ്യൂസിയങ്ങള്‍ അന്വേഷിക്കണം എന്നുണ്ടോ? അതും ഞൊടിയിടയില്‍ ഈ ആപ്പിലൂടെ കണ്ടുപിടിക്കാം.

ഇനി നിങ്ങളുടെ മുഖം ലോകത്തിന്റെ ഏതെങ്കിലും മ്യൂസിയത്തിലെ ചിത്രവുമായി സാമ്യം ഉണ്ടോ? നിങ്ങളെ കാള്‍ റെംബ്രാന്റിന്റെയോ, മൈക്കലാഞ്ചെലോയുടെയോ മറ്റോ ചിത്രങ്ങളെ പോലെയുണ്ടോ? അത് നോക്കാനും ഇതില്‍ സംവിധാനമുണ്ട്. സെല്‍ഫി എടുത്ത് അതിനോട് ചോദിച്ചാല്‍, നിമിഷ നേരം കൊണ്ട് ആയിരക്കണക്കിനു മ്യൂസിയങ്ങളില്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് നിങ്ങളുടെ അപരനെ നിങ്ങളുടെ മുന്നില്‍ എത്തിച്ച് തരും. ഗൂഗിളിന്റെ കംപ്യൂട്ടര്‍ വിഷന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ഫീച്ചര്‍ പുറത്ത് ഇറങ്ങിയ ഉടന്‍ തന്നെ വന്‍ ഹിറ്റ് ആയിരിക്കുകയാണ്. 2016ല്‍ പുറത്തിറങ്ങിയ ഈ ആപ്പ്, ഇതുവരെ ബുദ്ധിജീവി ആപ്പ് എന്ന നിലയില്‍ വലിയ പ്രചാരം ലഭിക്കാതെ പോയിരിക്കുകയായിരുന്നു. ഈ സെല്‍ഫി പരിപാടി തുടങ്ങിയതോടുകൂടി ഇതിനു വന്‍ പ്രചാരമാണ് ലഭിക്കുന്നത്.

ഇന്ന് തന്നെ നിങ്ങളെ കാണാന്‍ മൊണാലിസയെപ്പോലെയുണ്ടോ, അല്ല ഹേഗിലെ പവിഴ കമ്മലിട്ട പെണ്‍കുട്ടിയെപ്പോലെയുണ്ടോ?  Google Arts & Culture  എന്ന് പ്ളേ/ആപ്പ് സ്റ്റോറില്‍ തെരഞ്ഞു  ഉത്തരം കണ്ടെത്താമല്ലോ.
 



deshabhimani section

Related News

View More
0 comments
Sort by

Home