പരീക്ഷയ്ക്കു പഠിച്ചുതുടങ്ങാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 24, 2018, 04:50 PM | 0 min read

പരീക്ഷക്കാലം അടുത്തുവരികയാണ്. അതോടൊപ്പം വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷത്തിന്റെയും ഉല്‍ക്കണ്ഠയും വര്‍ധിച്ചുവരുന്നു. അമിതമായ ഉല്‍ക്കണ്ഠ പരീക്ഷയെഴുത്തിനെ പ്രതികൂലമായി ബാധിക്കും. പരീക്ഷയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയും പഠനഭാരവും ചേര്‍ന്ന് വിദ്യാര്‍ഥികളെ മാനസിക സമ്മര്‍ദത്തിലാഴ്ത്തുകയും യഥാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടതുതന്നെ മുഴുവനും ഫലപ്രദമായി എഴുതാന്‍കഴിയാത്ത സ്ഥിതിയില്‍ എത്തുകയും ചെയ്യുന്നു. പരീക്ഷാപ്പേടിയെന്ന് പൊതുവേ വിളിക്കുന്ന ഈയൊരവസ്ഥ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ മുന്‍കൂട്ടിയുള്ള ഫലപ്രദമായ തയ്യാറെടുപ്പിലൂടെ ലളിതമായി മറികടക്കാവുന്ന പ്രശ്നമാണ് പരീക്ഷാപ്പേടി.
    പരീക്ഷ പേടിക്കാനുള്ളതല്ല, ഇഷ്ടപ്പെടാനുള്ളതാണെന്ന് ആദ്യം മനസ്സിലാക്കുക. മാര്‍ച്ചിലെ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ ആരംഭിക്കണം. അവസാനഘട്ടത്തിലെ തിരിക്കുപിടിച്ചുള്ള തയ്യാറെടുപ്പുകളാണ് മാനസികസമ്മര്‍ദം കൂട്ടുകയും ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യുന്നത്. പലരും പരീക്ഷ അടുക്കുമ്പോഴാണ് തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നത്. പരീക്ഷയ്ക്ക് സമയമുണ്ടല്ലോ എന്നു ചിന്തിച്ച് വിലപ്പെട്ട സമയം കളയുന്നവരാണവര്‍. ഒരുവര്‍ഷംകൊണ്ട് നടത്താന്‍കഴിയാത്ത തയ്യാറെടുപ്പുകള്‍ ഒന്നോ രണ്ടോ ആഴ്ചകൊണ്ട് നടത്താമെന്നു കരുതുന്നത് വിഡ്ഢിത്തമാണ്. അതിനാല്‍ മുന്‍കൂട്ടിത്തന്നെ പരീക്ഷയ്ക്ക് തയ്യാറെടുക്കുക. ഇതുവരെയുള്ള പഠനത്തില്‍ എന്തെങ്കിലും വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍പ്പോലും ഇനിയുള്ള സമയംകൊണ്ടുതന്നെ അത് പൂര്‍ണമായും പരിഹരിക്കാനാവുന്നതേയുള്ളു. സമയത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള ചില പ്രായോഗികമാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു.

പ്രവര്‍ത്തന കലണ്ടര്‍ തയ്യാറാക്കുക
നിങ്ങളുടെ പഠനത്തിന് ഏറ്റവും അനിവാര്യമായ ഒന്നാണ് പ്രവര്‍ത്തന കലണ്ടര്‍. അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ ചെയ്തുതീര്‍ക്കേണ്ട ജോലികള്‍ എന്തെല്ലാമെന്ന് എഴുതിത്തയ്യാറാക്കുക. ഓരോന്നിലും എത്രസമയം വേണമെന്ന് തീരുമാനിക്കുക. നിശ്ചിതസമയത്തിനുള്ളില്‍ തീരുമാനിച്ച കാര്യം പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

പഠനത്തിന് മുന്‍ഗണനാക്രമം നിശ്ചയിക്കുക

 എല്ലാംകൂടി ഒരു ക്രമവുമില്ലാതെ പഠിക്കുന്നത് നല്ല ശീലമല്ല. പഠനത്തിന് ഒരു ക്രമം ചിട്ടപ്പെടുത്തണം. എപ്പോഴും കൂടുതല്‍ ബുദ്ധിമുട്ടുള്ളത് ആദ്യം പഠിക്കുക. ക്ഷീണിച്ചിരിക്കുന്ന സമയത്ത് സങ്കീര്‍ണമായ കാര്യങ്ങള്‍ പഠിക്കുന്നത് ഒഴിവാക്കുക.

പഠനലിസ്റ്റ് തയ്യാറാക്കുക
പരീക്ഷാ തയ്യാറെടുപ്പില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണിത്. സമയക്ളിപ്തത പാലിച്ചുവേണം ഇതു തയ്യാറാക്കാന്‍. ഓരോ ദിവസവും രാത്രിയില്‍ അടുത്തദിവസം പഠിച്ചുതീര്‍ക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. പഠിച്ചുതീര്‍ക്കേണ്ട വിഷയങ്ങള്‍, അസൈന്‍മെന്റുകള്‍, ഹോംവര്‍ക്കുകള്‍, സ്കൂള്‍സമയം, ട്യൂഷന്‍, കളികള്‍, ടിവി, പത്രവായന എന്നിവയ്ക്കെല്ലാം സമയം നിശ്ചയിക്കണം. തീരുമാനിക്കുന്ന ജോലികള്‍ അന്നുതന്നെ ചെയ്തുതീര്‍ക്കുന്നത് ശീലമാക്കുക.

നീട്ടിവയ്ക്കല്‍ ഒഴിവാക്കുക:
പഠനത്തെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന ശീലമാണ് പിന്നത്തേക്ക് മാറ്റിവയ്ക്കല്‍. ഇനിയും സമയമുണ്ടല്ലോ എന്ന ചിന്തയാണ് പിന്നത്തേക്ക് മാറ്റിവയ്ക്കാന്‍ പ്രേരിപ്പിക്കുന്നത്. ഒടുവില്‍ പരീക്ഷയടുക്കുമ്പോഴാണ് മാറ്റിവച്ചതെല്ലാംകൂടി പഠനത്തിന്റെ താളംതന്നെ തെറ്റിക്കുന്നത്. പിന്നീട് എന്ന ചിന്ത കഴിവതും ഒഴിവാക്കുക. അവസാനസമയം പഠിക്കാമെന്നു കരുതി ഒരു കാര്യവും മാറ്റിവയ്ക്കരുത്.

വര്‍ത്തമാനകാലത്തില്‍ ജീവിക്കുക
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചോര്‍ത്ത് സമയംകളയാതിരികുകക. അതുപോലെതന്നെ ഭാവിയെക്കുറിച്ചോര്‍ത്ത് ഉല്‍ക്കണ്ഠപ്പെടേണ്ട. ഇപ്പോള്‍ പഠിക്കാനുള്ള കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുക.

മുന്‍ഗണനാക്രമം പാലിക്കുക
ഏറ്റവും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട വിഷയങ്ങള്‍ ആദ്യം പഠിക്കുക. എളുപ്പമുള്ളത് ആദ്യം പഠിച്ചുതീര്‍ക്കാമെന്നു കരുതുന്നവരുണ്ട്. ഒടുവില്‍ പരീക്ഷയടുക്കുമ്പോഴേക്കും ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങളെല്ലാം ചേര്‍ന്ന് പഠനം ദുസ്സഹമാക്കിമാറ്റും. അതോടെ ടെന്‍ഷനും ആശങ്കകളും ആരംഭിക്കും.

പഠനോപകരണങ്ങള്‍ കൃത്യമായി ക്രമീകരിക്കുക
പഠനസ്ഥലത്തിന്റെ ശരിയായ ക്രമീകരണം സമയനഷ്ടം ഒഴിവാക്കാന്‍ സഹായിക്കും. പഠനത്തിനാവശ്യമായ കാര്യങ്ങളെല്ലാം കൃത്യസ്ഥാനത്ത് സ്ഥിരമായിത്തന്നെ വയ്ക്കുക. പലതും തെരഞ്ഞുനടന്ന് സമയംകളയുന്നത് ഇതുമൂലം ഒഴിവാക്കാനാകും.

ടി വി കാണല്‍ നിയന്ത്രിക്കുക
ടെലിവിഷന്‍ നമുക്ക് ധാരാളം വിജ്ഞാനം തരുമ്പോള്‍തന്നെ സമയത്തെ അപഹരിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. പഠനത്തിന് സഹായകരമാകുന്ന പരിപാടികളേതെന്ന് മുന്‍കൂട്ടി മനസ്സിലാക്കി നിശ്ചിതസമയം അതിനുവേണ്ടി മാറ്റിവയ്ക്കുക.

കംപ്യൂട്ടര്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക

ഇന്റര്‍നെറ്റും കംപ്യൂട്ടറും മൊബൈല്‍ഫോണും നാം അറിയാതെ സമയത്തെ അപഹരിക്കുന്നവയാണ്. ഇവ ഏറ്റവും അത്യാവശ്യത്തിനുമാത്രം ഉപയോഗിക്കുക.

നേരത്തെ എഴുന്നേല്‍ക്കുക
രാത്രിയില്‍ പഠിക്കുമ്പോള്‍ ഉള്‍ക്കൊള്ളാവുന്നതിനെക്കാള്‍ 40 ശതമാനത്തോളം അധികം കാര്യങ്ങള്‍ അതിരാവിലെ ശാന്തമായ സമയത്ത് പഠിക്കുന്നതിലൂടെ ഉള്‍ക്കൊള്ളാന്‍കഴിയും. രാത്രിയില്‍ നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് പഠിക്കുന്നതിലൂടെ കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ സ്വാംശീകരിക്കാന്‍കഴിയും.

ഓര്‍ക്കുക; സമയത്തെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയില്ല. സമയത്തിനനുസരിച്ച് നാം നമ്മെ ക്രമീകരിക്കുകയാണ് വേണ്ടത്.  സമയത്തിന്റെ വില മനസ്സിലാക്കി ജീവിതം ക്രമപ്പെടുത്തിയവരാണ് ജിവിതത്തില്‍ വിജയിക്കുന്നത്.  ഒരുമിനിറ്റ്പോലും പാഴാക്കാതെ വരാന്‍പോകുന്ന പരീക്ഷയ്ക്കുവേണ്ടി തയ്യാറാവുക. മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പ് നിര്‍ഭയം പരീക്ഷയെ നേരിടാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സഹായിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home